വിദേശ മൂലധനം കേരളത്തിന്റെ ആരോഗ്യരംഗത്തെ തകർക്കുമോ? ഡോ. ജോജോ വി ജോസഫ് എഴുതുന്നു

വികസനത്തെക്കുറിച്ച് ഇന്ന് ആര് സംസാരിച്ചാലും ആദ്യം പറയുന്നത് ‘വിദേശത്ത് നിന്നും മൂലധനം എത്തിയാൽ മാത്രമേ വികസനം ഉണ്ടാവൂ’ എന്നാണ്. അത് എത്രമാത്രം ശരിയാണ് എന്നത് ഒരു തർക്കവിഷയമാണ്. അടുത്തിടെ നമ്മുടെ കേരളത്തിലെ ആരോഗ്യമേഖലയിലും ഇത്തരം ചില വിദേശ മൂലധന നിക്ഷേപം നടക്കുകയുണ്ടായി. എത്രപേര്‍ അതിനെക്കുറിച്ച് അറിഞ്ഞു എന്ന് എനിക്കറിയില്ല. ഏതാണ്ട് 18 ലക്ഷം കോടി രൂപയുടെ വിദേശ മൂലധന നിക്ഷേപമാണ് ഈയിടെ നടന്നത്. തുടർന്നു വായിക്കുക.

എഫ് ഡി ഐ (FDI – Foreigen Direct Investment) എന്ന പേരിലാണ് കേരളത്തിലേക്ക് കോടികൾ ഒഴുകിയെത്തിയത്. വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകള്‍ (Venture Capitalists) എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മൂന്ന് അമേരിക്കൻ കമ്പനികൾ കേരളത്തിലെ പ്രമുഖ ആശുപത്രികളുടെ ഭൂരിഭാഗം ഓഹരികളും വാങ്ങിയ കഥയാണ് അത്. കെ കെ ആര്‍ (KKR: Kohlberg Kravis Roberts & Co) എന്ന് അറിയപ്പെടുന്ന കമ്പനി ഏതാണ്ട് 3000 കോടി മുടക്കി ബേബി മെമ്മോറിയൽ ആശുപത്രി, മെയിത്ര ആശുപത്രി തുടങ്ങിയവയുടെ ഓഹരികൾ വാങ്ങിയപ്പോൾ മറ്റൊരു അമേരിക്കൻ ഭീമൻ ബ്ലാക്ക്‌ സ്റ്റോണ്‍ (Black Stone) 3500 കോടി കിംസ് ആശുപത്രിയിൽ നിക്ഷേപിക്കുന്നു. ജെനറല്‍ അറ്റ്ലാന്റിക് (General Atlantic) മറ്റൊരു 1000 കോടി, റ്റി പി ജി (TPG) എന്ന ടെക്സസ് ആസ്ഥാനമായ കമ്പനി മറ്റൊരു 1000 കോടി. ഇതാണ് ഒരു ഏകദേശ കണക്ക്. ഇതുകൂടാതെ, അസ്റ്റർ ഗ്രൂപ്പില്‍, ബ്ലാക്ക് സ്റ്റോൺ എന്ന ഭീമന്റെ ക്വാളിറ്റി കെയർ എന്ന സബ്സിഡിയറി വഴി ഏതാണ്ട് 13,000 കോടി. ഇതാണ് ഇക്കൂട്ടത്തിലെ ഏറ്റവും വലുത്.

ഇന്ത്യ മൊത്തം നോക്കിയാൽ ഏതാണ്ട് 18 ലക്ഷം കോടി രൂപയുടെ എഫ് ഡി ഐ (FDI) ആണ് വിവിധ ആശുപത്രികളിൽ ഇതുവരെ എത്തിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിന്റെ കാര്യം മാത്രമാണ് ഇവിടെ നാം പരിശോധിക്കുന്നത്. ഈ ഒരു മൂലധന കുത്തൊഴുക്ക് കേരളത്തിന്റെ ആരോഗ്യമേഖലയിൽ ഉണ്ടാക്കുന്ന ദൂരവ്യാപകമായ പ്രതിഫലനങ്ങൾ എന്താണ് എന്ന് മലയാളികളെ ഒന്ന് അറിയിക്കുക എന്നതാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

ഇന്ത്യയിൽ ഏറ്റവും ചിലവ് കുറഞ്ഞ ക്വാളിറ്റി ചികിത്സ

കേരളത്തിൽ ഹോസ്പിറ്റൽ ചിലവ് കൂടുതലാണ് എന്ന് നാം എല്ലാവരും പറയുമെങ്കിലും ഇന്ത്യയിൽ ഏറ്റവും ചിലവ് കുറഞ്ഞ ക്വാളിറ്റി ചികിത്സ ഇപ്പോഴും ലഭിക്കുന്നത് കേരളത്തിലാണ് എന്നതാണ് സത്യം. കേരളത്തിൽ ഇത്ര അഫോർഡബിൾ ചികിത്സ ലഭിക്കുന്നതിനുള്ള പ്രധാന കാരണം കേരളത്തിലെ ചികിത്സാമേഖലയുടെ അടിസ്ഥാനം ചാരിറ്റബിൾ ആയി പ്രവർത്തിക്കുന്ന ചെറുതും വലുതുമായ കത്തോലിക്കാ സഭയുടെ ആശുപത്രികൾ, വിവിധ രാഷ്ട്രീയപാർട്ടികൾ നടത്തുന്ന സഹകരണ ആശുപത്രികൾ, വിവിധ മത-സാമുദായിക വിഭാഗങ്ങളുടെ ആശുപത്രികള്‍ പിന്നെ ഗ്രാമങ്ങളിൽ ഡോക്ടർമാർ നടത്തിയിരുന്ന ചെറിയ ക്ലിനിക്/ ചെറിയ ആശുപത്രികൾ, ശക്തമായ സർക്കാർ ആശുപത്രി സംവിധാനം എന്നിവയും അവിടെ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ സേവനവുമാണ്. ഇത്തരത്തിലുള്ള ഒരു സംവിധാനം ഇവിടെ നിലനിൽക്കുന്നതു കൊണ്ടാണ് ചികിത്സാ ചിലവുകൾ സാധാരണക്കാർക്കു പോലും ഇപ്പോള്‍ താങ്ങാന്‍ സാധിക്കുന്നത്‌.

എന്നാല്‍, കാലം മാറിയതോടെ ആരോഗ്യമേഖല എന്നത് വലിയ ലാഭം ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ബിസിനസ് മോഡൽ ആണ് എന്ന് ചിലർ തിരിച്ചറിഞ്ഞു. അതിന്റെ ആദ്യപടിയായിട്ടാണ് ആരോഗ്യമേഖലയിൽ രോഗി ഒരു ഉപഭോക്താവും ഡോക്ടർ ഒരു സർവീസ് ദാതാവുമായി മാറുന്നത്; അല്ലെങ്കില്‍ മാറ്റുന്നത്. ഏറ്റവും കൂടുതൽ ഉപഭോക്തൃ സംസ്കാരവും നിയമവുമുള്ള അമേരിക്കയിൽ പോലും ഒരു ട്രസ്റ്റി ആയിട്ടാണ് ഡോക്ടർ-പേഷ്യന്റ് റിലേഷൻ കരുതപ്പെടുന്നത് എന്നുകൂടി ഓർക്കുക.

കേരളത്തിൽ കോർപ്പറേറ്റ് ഹോസ്പിറ്റലുകൾ അഭിമുഖികരിച്ചിരുന്ന പ്രധാന പ്രശ്നം കേരളത്തിലെ മെഡിക്കൽ മേഖല അണ്ടർ വാല്യൂഡ് ആയിരുന്നു എന്നതാണ്. കാരണം ഇവിടെ ഇവിടുത്തെ ആരോഗ്യസ്ഥാപനങ്ങൾ പ്രധാനമായും സേവനം ലക്ഷ്യമാക്കിയായിരുന്നു പ്രവർത്തിച്ചിരുന്നത്. കേരളത്തിലെ ആരോഗ്യസ്ഥാപനങ്ങൾ നടത്തിയിരുന്നത് ആരായിരുന്നു എന്നു നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അത്തരം സ്ഥാപനങ്ങള്‍ ലാഭം എന്നത് വളരെ കുറച്ചു മാത്രമേ ഈടാക്കിയിരുന്നുള്ളൂ. അതിനാൽ കുറഞ്ഞ ചിലവിൽ ഉയർന്ന നിലവാരമുള്ള ചികിത്സ ആളുകള്‍ക്കു കൊടുക്കാൻ അവര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ചെറിയ ലാഭം എന്നത് ബിസ്സിനസ്സ് മോഡലിന് ഒരിക്കലും ആകർഷകമല്ല.

പഴയ തയ്യല്‍ കടകളുടെ ഉദാഹരണം

ഇനി ഒരു ചെറിയ ഉദാഹരണം പറയാം. നമ്മള്‍ എല്ലാവരും ഏകദേശം 25 വർഷം മുൻപുവരെ ഷർട്ട്‌ തയ്‌പ്പിക്കുകയായിരുന്നു പതിവ്. എന്നുവച്ചാല്‍, തുണിയെടുത്ത് അടുത്തുള്ള തയ്യൽക്കാരനെ കൊണ്ട് ഇഷ്ടമുള്ള ഫാഷനിൽ തയ്‌പ്പിച്ചിടുകയായിരുന്നു രീതി. വളരെ ചിലവ് കുറഞ്ഞ പരിപാടിയായിരുന്നു അത്. ഈ ചിലവ് കുറഞ്ഞ രീതിയിലെ വിപണിസാധ്യത മനസ്സിലാക്കിയാണ് ഇവിടേക്ക് റെഡിമെയ്ഡ് ഭീമന്മാർ രംഗത്തെത്തിയത്. ഇപ്പോൾ നോക്കുക, നല്ല ഒരു ബ്രാൻഡഡ് ഷർട്ടിന്റെ വില 3,500 രൂപയ്ക്ക് മുകളിലാണ് തുടങ്ങുന്നതു തന്നെ. അത് നോർമലാണ് എന്ന രീതിയിൽ നമ്മെക്കൊണ്ട് ചിന്തിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. ഒപ്പം നാട്ടിലെ ഭൂരിഭാഗം തയ്യൽക്കടകൾ അപ്രത്യക്ഷമാകുകയും ചെയ്തു. ഇതുതന്നെയാണ് ചികിത്സാരംഗത്ത് കോർപ്പറേറ്റ് ബിസിനസ് മോഡൽ എത്തുമ്പോഴും സംഭവിക്കുന്നത്.

ചികിത്സാരംഗത്ത് കോർപ്പറേറ്റ് ബിസിനസ് മോഡൽ എത്തുമ്പോള്‍

ബിസിനസ്‌ മോഡലിൽ നോക്കുമ്പോൾ കേരളത്തിലെ ‘ഹെൽത്ത്കെയർ ചാർജ്’ എന്നത് വളരെ കുറവാണ്. ചാരിറ്റബിൾ ആയി പ്രവർത്തിക്കുന്ന സേവനമേഖലയിലേക്ക് ബിസിനസ്‌ മോഡൽ കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന ഒരു സ്വാഭാവിക പ്രതിഭാസമാണ് ഈ അണ്ടർവാല്യൂഡ് സിറ്റുവേഷൻ മാറ്റുക എന്നത്. അതിന്റെ ആദ്യപടിയാണ് രോഗിയെ ഒരു ക്ലയന്റ് ആക്കി മാറ്റുന്നത്. അതായത്, രോഗി എന്നത് സാധനം വാങ്ങാൻ പോകുന്ന ‘പർച്ചെയ്‌സിങ് പവർ’ ഉള്ള വ്യക്തി മാത്രമാണ് എന്ന അവബോധം സമൂഹത്തിൽ ഉണ്ടാക്കിയെടുക്കുക. ഇന്ത്യൻ ഹെൽത്ത് കെയറിലേക്ക് ഈ ആശയം കൊണ്ടുവന്ന് രോഗിയെ വെറും ഉപഭോക്താവ് ആക്കുന്നതോടെ കാര്യങ്ങൾ എളുപ്പമാകുന്നു. ഉപഭോക്താവിന് ആധുനിക സൗകര്യങ്ങൾ നൽകി അത് താങ്ങാൻ കഴിവുള്ള ചെറിയ ഒരു വിഭാഗത്തിനെ അതിലേക്ക് ആകർഷിക്കുക. കുറേക്കാലം കഴിയുമ്പോൾ ഇതാണ് ‘സ്റ്റാൻഡേർഡ് ഓഫ് കെയർ’ എന്ന ബോധം സമൂഹത്തിലേക്ക് എത്തും.

ഇവിടെയാണ് യഥാർഥ പ്രശ്നം ആരംഭിക്കുന്നത്. ഞാൻ നേരത്തെ പറഞ്ഞ ഷർട്ടിന്റെ കഥ പോലെ കോർപ്പറേറ്റ് രീതിയിൽ അല്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവ സ്റ്റാൻഡേർഡ് കുറഞ്ഞവയാണ്, അവിടെ ചികിത്സ നല്ലതല്ല എന്ന് സമൂഹം വിചാരിച്ചുതുടങ്ങും. ഈ സാഹചര്യത്തിൽ മറ്റു സ്ഥാപനങ്ങൾ ഒന്നുകിൽ മാറ്റങ്ങൾ വരുത്തി കോർപ്പറേറ്റ് സ്ഥാപനം പോലെ പ്രവർത്തിക്കുക അല്ലെങ്കില്‍ പ്രവർത്തനം നിർത്തിപ്പോവുക എന്ന അവസ്ഥയിലെത്തും. ഈ അവസ്ഥയിൽ നിയമം വഴിയും എത്തിക്സ് വഴിയും ആശുപത്രികൾ പൂർണ്ണമായും ബിസിനസ്സ് മോഡൽ ആയിക്കഴിഞ്ഞിരിക്കും. അങ്ങനെ ആയാൽ പിന്നെ എല്ലാം ലാഭം-നഷ്ടം (Profit – loss) എന്ന രീതിയിലേക്കു മാറുക എന്നത് സ്വാഭാവികമാണ്. അതനുസരിച്ചുള്ള നിയമനിർമ്മാണങ്ങളും അവർ നടത്തിയെടുക്കും. രോഗികൾക്ക് കൂടുതൽ നല്ലതിനാണ്, രോഗികളുടെ സേഫ്റ്റി കൂട്ടാൻ ആണ് എന്ന ലേബൽ കൂടി അടിച്ചാൽ അതിന് പൊതുജനസ്വീകാര്യത കിട്ടുകയും ചെയ്യും.

വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകള്‍ ആശുപത്രികളിൽ ഇൻവെസ്റ്റ്‌ ചെയ്യുമ്പോൾ

ഇത്തരം വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകള്‍ (Venture Capitalist) ആശുപത്രികളിൽ ഇൻവെസ്റ്റ്‌ ചെയ്യുമ്പോൾ എന്താണ് സംഭവിക്കുക എന്ന് നോക്കാം. ഏറ്റവും പ്രധാനം ചിലവ് കൂടും എന്നതാണ്. ചെലവ് കൂടുന്നതിനനുസരിച്ച് ക്വാളിറ്റി കെയർ അഫോർഡ് ചെയ്യാൻ പറ്റുന്നവരുടെ എണ്ണം കുറയും. ഇത്തരം ഇൻവെസ്റ്റ്മെന്റ് ചെയ്യുന്നവർക്ക് ഒറ്റലക്ഷ്യം മാത്രമേ ഉള്ളൂ; മാക്സിമം ലാഭം കിട്ടുക. അതും അവർ ഉദ്ദേശിക്കുന്ന ചെറിയ കാലയളവില്‍ ലഭിക്കുക! കേരളത്തിൽ മിക്കവരും സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്താണ് ചികിത്സ നടത്തുന്നത്. അതിനാൽ ഇത്തരം ചികിത്സകൾ കുടുംബം തകർത്തുകളയും. കാരണം, ഉറ്റവരെ ചികിൽസിക്കാൻ ഏതറ്റം വരെയും പോകുന്നവരാണ് നമ്മള്‍.

മറ്റൊരു പ്രധാന പ്രശ്നം ഇത്തരം ആശുപത്രികൾ ഏറ്റവും മോഡേൺ സംവിധാനങ്ങൾ കൊണ്ടുവരുമ്പോൾ അതുമായി മത്സരിച്ചു പിടിച്ചുനിൽക്കാൻ മറ്റ് ചാരിറ്റബിൾ ആശുപത്രികളും, ഇടത്തരം നഗരങ്ങളിലെ ചെറിയ ആശുപത്രികളും ഇത്തരം ഉപകരണങ്ങൾ വാങ്ങിവയ്ക്കാൻ നിർബന്ധിതരാകും എന്നതാണ്. അപ്പോള്‍ അതനുസരിച്ച് ചികിത്സാചിലവിൽ വർധനവ് ഉണ്ടാകും. നേരത്തെ ഇത്തരം ഇടത്തരം ആശുപത്രികളാണ് സാധാരണക്കാർക്ക് താങ്ങായിനിന്നതെങ്കിൽ വരുംകാലങ്ങളിൽ അവരും കോർപ്പറേറ്റ് രീതിയിലേക്ക് പൂർണ്ണമായും മാറും. മാറാത്തവയെ കോർപ്പറേറ്റ് ആശുപത്രികള്‍ വിഴുങ്ങി അവരുടെ ഫീഡർ സെന്ററുകളാക്കി മാറ്റുകയും ചെയ്യും.

കേരളത്തിന്റെ ആരോഗ്യമേഖല ഇത്ര അധികം മികച്ചതായതിന്റെ ഒരു പ്രധാന കാരണം ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള ഒറ്റയാള്‍ ക്ലിനിക്കുകളും ചെറുകിട ആശുപത്രികളുമാണ് എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകള്‍ (Venture Capitalist) രംഗത്ത് വരുന്നതോടെ അവർ തുടങ്ങുന്ന ചെറിയ ഔട്ട്‌ റീച്ച് സെന്ററുകൾ അല്ലെങ്കിൽ ലാബുകൾ, ഫാർമസി എന്നിവയോടു പിടിച്ചുനിൽക്കാൻ പറ്റാതെ ചെറിയ സ്ഥാപനങ്ങൾ ക്രമേണ പൂർണ്ണമായും അപ്രത്യക്ഷമാകും. നാട്ടുകാർക്ക് ലഭിച്ചിരുന്ന അഫഫോർഡബിളായ, വ്യക്തികേന്ദ്രീകൃതമായ (Personalized) ചികിത്സ പൂർണ്ണമായും അപ്രത്യക്ഷമാകും. കൂടാതെ ഇടത്തരം ആശുപത്രികൾക്ക പ്രവർത്തിക്കാൻ പറ്റാത്ത രീതിയിലുള്ള നിയമകുരുക്കുകൾ ഇവർ ഉണ്ടാക്കുകയും ചെയ്യും.

സാധാരണ ജനങ്ങൾക്കു മാത്രമല്ല, ഇവിടെ ജോലിചെയ്യുന്നവർക്കും ഇത്തരം വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകള്‍ (Venture Capitalist) പ്രശ്നങ്ങൾ ഉണ്ടാക്കും. ലാഭം മാത്രം ലക്ഷ്യമാക്കി ഇവർ പ്രവർത്തിക്കുമ്പോൾ ജോലിക്കാർക്ക് വർക്ക്‌ പ്രഷർ കൂട്ടുകയും, ഈ പ്രൊഫഷൻ വെറുമൊരു ജോലി എന്ന നിലയിലേക്ക് താഴുകയും ചെയ്യും. അതവര്‍ക്ക് ജോലിയോടുള്ള ആത്മാർഥതയും രോഗികളോടുള്ള ശ്രദ്ധയും കുറയാൻ കാരണമാകും.

ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം ഇത്തരം പ്രൈവറ്റ് ഇ ക്യുറ്റി ഇൻവെസ്റ്റർസ് ആശുപത്രികളിൽ ഇൻവെസ്റ്റ്‌ ചെയ്യുമ്പോൾ പലപ്പോഴും ഇത് ചികിത്സയുടെ ക്വാളിറ്റി കുറയാനും അതുവഴി രോഗിയുടെ സേഫ്റ്റിയെ ബാധിക്കാനും ഇടയുണ്ട് എന്നതാണ്. ഇത് അമേരിക്കയിൽ തന്നെ നടത്തിയ പഠനങ്ങളിൽ വെളിവാക്കപ്പെട്ടിട്ടുള്ളതാണ് (JAMA Vol 330, No 24 S Kannnan et al dec 26, 2023). അതായത് ഇത്തരം ആശുപത്രികളിൽ സങ്കീര്‍ണ്ണതകള്‍ (Hospital Acquired Complications) കൂടുതലാണ്. കോസ്റ്റ് കട്ടിങ് നടത്തുമ്പോൾ അത് പലപ്പോഴും സേഫ്റ്റിയെ ബാധിക്കും. കോസ്റ്റ് കുറയ്ക്കാൻ എക്സ്പീരിയൻസ് കുറവുള്ള സ്റ്റാഫ്‌നെ നിയോഗിക്കുക എന്നതാണ് ഒരു വഴി. ഇതിനുവേണ്ടി ധാരാളം ജോലിക്കാരെ സൃഷ്ടിക്കുക എന്നത് ഇവരുടെ ഒരു ഹിഡൻ അജണ്ടയാണ്. ഉദാഹരണത്തിന് കേരളത്തിൽ ഇപ്പോൾ ഇഷ്ടംപോലെ മെഡിക്കൽ കോളേജുകളുണ്ട്. അതുവഴി ഇഷ്ടംപോലെ ഡോക്ടർമാര്‍ സൃഷ്ടിക്കപ്പെടും. നമ്മുടെ അയൽസംസ്ഥാനമായ തമിഴ്നാട്ടിൽ ജൂനിയർ ഡോക്ടർസ് പലരും ‘സോമറ്റോ സപ്ലൈ ബോയ്’ മാരായി ജോലിചെയ്താണ് രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത് എന്ന വാർത്ത നിങ്ങളും വായിച്ചിട്ടുണ്ടാവുമല്ലോ. അതേ രീതിയിലേക്ക് കേരളവും മാറാൻ അധികം താമസമില്ല.

മെഡിക്കൽ വിദ്യാഭ്യാസം നടത്താൻ, പേരിലെങ്കിലും നോൺ പ്രോഫിറ്റ് ഓർഗാണൈസേഷൻ ആയിരിക്കണം എന്നായിരുന്നു നമ്മുടെ നിയമം. ഇപ്പോൾ നാഷണൽ മെഡിക്കൽ കമ്മീഷൻ പറയുന്നത് മെഡിക്കൽ കോളേജ് പി പി പി (PPP: പ്രൈവറ്റ് – പബ്ലിക് – പാർട്ണർഷിപ്‌) വ്യവസ്ഥയിൽ ആർക്കും തുടങ്ങാം എന്നാണ്. അതായത്, മെഡിക്കൽ വിദ്യാഭ്യാസവും ഒരു ബിസ്സിനസ്സ് മോഡൽ ആക്കാം എന്ന്. ഇങ്ങനെ പഠനം പൂർത്തിയാക്കി വരുന്നവരോട് ജനസേവനത്തിനാണ് ഒരു ഡോക്ടർ പ്രാധാന്യം കൊടുക്കേണ്ടതെന്ന് ആർക്കെങ്കിലും പറയാനെങ്കിലും കഴിയുമോ? പറഞ്ഞാൽ തന്നെ അവരുടെ മറുപടി എന്തായിരിക്കും?

കേരളം ആരോഗ്യമേഖലയില്‍ ‘നമ്പർ വൺ’ ആണെന്നാണ് പറയുന്നത്. നമ്മുടെ കേരളസംസ്ഥാനം രൂപംകൊണ്ട കാലത്ത് അന്നത്തെ ഭരണാധികാരികൾ ഭാവിതലമുറയ്ക്കു വേണ്ടി പ്ലാൻ ചെയ്തു നടപ്പിലാക്കിയ നല്ല കാര്യങ്ങളുടെ ഗുണഫലങ്ങൾ കൊണ്ടു മാത്രമാണ് ഇപ്പോഴും ഇങ്ങനെയൊക്കെ പോകാന്‍ സാധിക്കുന്നത്‌. സത്യത്തില്‍, ഇത് ശരിക്കും ഒരു നമ്പർ വൺ അവസ്ഥയല്ല. കഷ്ടിച്ച് തട്ടിയും മുട്ടിയും പോകുന്നു എന്നുമാത്രം. മുൻകാലങ്ങളിൽ (എൺപതുകളിൽ) സർക്കാർ ചിലവിന്റെ 18% വരെ നമ്മുടെ ആരോഗ്യത്തിനായി ചിലവിട്ടിരുന്ന സ്ഥാനത്ത് ഇത് ഇപ്പോൾ കഷ്ടിച്ച് 1.7% മാത്രമാണ്. അതിനാൽത്തന്നെ നമ്മുടെ ആരോഗ്യപരിപാലനം സർക്കാർ ആശുപത്രി വഴി നടക്കുമോ എന്നതിന് നിങ്ങൾ തന്നെ ഉത്തരം കണ്ടെത്തുക.

ഇനിയും നമ്മുടെ സർക്കാരും അതിന്റെ പോളിസി നിർണ്ണയിക്കുന്നവരും ഉണർന്നുപ്രവർത്തിച്ചില്ലെങ്കിൽ സമീപഭാവിയിൽ തന്നെ സാധാരണക്കാർക്ക് അസുഖം വന്നാൽ പോകാന്‍ ഇടമില്ലാതെയാകും. പ്രാകൃതരീതിയിലുള്ള ചികിത്സാമാര്‍ഗങ്ങളിലേക്കു പോകുക മാത്രമാകും അവരുടെ മുന്‍പിലുള്ള ഏകവഴി. കാരണം, അപ്പോഴേക്കും ആശുപത്രിയിൽ പോയുള്ള ചികിത്സ ആർക്കും താങ്ങാന്‍ പറ്റാത്തത്ര ചിലവുള്ളതായി മാറിയിരിക്കും. മറ്റു ലോകരാഷ്ടങ്ങളിൽ സാധരണക്കാരെ ഇത് നേരിട്ട് ബാധിക്കാതെപോകുന്നത് അവിടെ നിലനിൽക്കുന്ന സോഷ്യൽ സെക്യൂരിറ്റി, ഇൻഷുറൻസ് സംവിധാനങ്ങൾ കൊണ്ടാണ്. കേരളത്തിൽ ഇത് തീരെ കുറവാണ് എന്നതു തന്നെയാണ് ഈ വിഷയം ഇത്രയും പ്രാധാന്യത്തോടെ ഇവിടെ അവതരിപ്പിക്കാൻ കാരണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.