ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: സെപ്റ്റംബർ 10

വസ്ത്രനിർമാണത്തിൽ വിപ്ലവം സൃഷ്ടിച്ച തയ്യൽ മെഷീന്റെ കണ്ടെത്തലിന് ഏലിയാസ് ഹോവേയ്ക്ക് പേറ്റന്റ് ലഭിച്ചത് 1846 സെപ്റ്റംബർ 10നായിരുന്നു. അമേരിക്കക്കാരനായിരുന്നു ഹോവെ. ഒരു മിനിറ്റിൽ 250 സ്റ്റിച്ചുകളിടാൻ കഴിയുന്ന മെഷീനാണ് അദ്ദേഹം കണ്ടെത്തിയത്. ആദ്യകാലത്ത് അമേരിക്കയിൽ ഈ മെഷീൻ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതുകൊണ്ട് അദ്ദേഹം തന്റെ പേറ്റന്റ് അവകാശങ്ങൾ 250 യൂറോയ്ക്ക് ഇംഗ്ലണ്ടിന് വിറ്റു. തുടർന്ന് ഇംഗ്ലണ്ടിലെത്തിയ അദ്ദേഹം മെഷീൻ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള കണ്ടെത്തലുകൾ നടത്തി. സാമ്പത്തിക സ്ഥിതി മോശമായതിനാൽ തിരികെ നാട്ടിലെത്തിയ അദ്ദേഹം തന്റെ പേറ്റന്റ് അവകാശങ്ങൾ ലംഘിച്ച് നിരവധി തയ്യൽ മെഷീനുകൾ അമേരിക്കയിൽ നിർമിച്ച് വിൽക്കുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ നിയമപരമായ പോരാട്ടങ്ങളിലൂടെ1854ൽ പേറ്റന്റ് അവകാശങ്ങൾ നേടിയെടുത്തു.

1977 സെപ്റ്റംബർ 10നാണ് ഫ്രാൻസിൽ ഗില്ലറ്റിൻ ഉപയോഗിച്ചുള്ള അവസാന വധശിക്ഷ നടപ്പാക്കിയത്. രാജ്യത്ത് വധശിക്ഷ നടപ്പാക്കാനുള്ള നിയമപരമായ രീതിയായിരുന്നു ഗില്ലറ്റിന്റെ ഉപയോഗം. ലൂയി പതിനാറാമന്റെ കാലത്താണ് ഈ ശിക്ഷാരീതി ആരംഭിച്ചത്. തന്റെ പെൺസുഹൃത്തിനെ മാരകമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത ഹമിദ ജാൻദൗബി എന്നയാളാണ് ഇൗ രീതിയിൽ അവസാനമായി വധശിക്ഷയ്ക്ക് വിധേയമായത്. മാർസെയിൽസിൽ ജീവിച്ചിരുന്ന ടുണീഷ്യൻ അഭയാർത്ഥിയായിരുന്നു അയാൾ. 1981ൽ ഫ്രാൻസ് വധശിക്ഷ നിയമപരമായി നിരോധിച്ചു.

പ്രപഞ്ചത്തിന്റെ സൃഷ്ടിയിലേക്ക് വഴിതെളിച്ച കാരണങ്ങൾ കണ്ടെത്താൻ ശാസ്ത്രലോകം നടത്തിയ ശ്രമങ്ങളിൽ ഏറ്റവും സുപ്രധാനമായ കണികാ പരീക്ഷണത്തിലെ ആദ്യ ടെസ്റ്റ് നടന്നത് 2008 സെപ്റ്റംബർ 10നായിരുന്നു. ഭൂമിക്കടിയിൽ സാഥാപിച്ച ലാർജ് ഹാഡ്രൺ കൊളൈഡർ എന്ന ഭീമൻ പരീക്ഷണശാലയിലാണ് പരീക്ഷണം നടന്നത്. ജനീവയിൽ സ്വിറ്റ്സർലൻഡ്-ഫ്രാൻസ് അതിർത്തിയിൽ ഭൂമിക്കടിയിൽ 27 കിലോമീറ്റർ ചുറ്റളവിലും നൂറടി ഉയരത്തിലും നിർമിച്ചിരിക്കുന്നതാണ് കൊളൈഡർ. സേൺ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന യൂറോപ്യൻ ആണവ ഗവേഷണ സ്ഥാപനത്തിന്റെ നേതത്വത്തിലാണ് പരീക്ഷണം നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.