സന്തോഷം മാത്രം ആഘോഷിക്കുന്ന ലോകത്ത് സങ്കടങ്ങളുടെ മാതാവിനെ അറിയുമ്പോൾ

സോഷ്യൽ മീഡിയയിലും ഇൻസ്റ്റാഗ്രാം ഫിൽട്ടറുകളിലും ഉപരിപ്ലവമായ പുഞ്ചിരികളിലും മാത്രം സന്തോഷം അളക്കുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ദുരന്തങ്ങളും സങ്കടങ്ങളും ജീവിതത്തിൽ നിഴൽ വീഴ്ത്തുമ്പോൾ, “എല്ലാം നല്ലതിന് വേണ്ടിയാണ്” എന്ന, മടുപ്പിക്കുന്ന ചില അർഥശൂന്യമായ ആശ്വാസവാക്കുകൾ പറഞ്ഞ് ആളുകൾ അതിനെ മറികടക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ, ആഴത്തിലുള്ള വേദനയിലൂടെ കടന്നുപോകുമ്പോൾ നമ്മൾ യഥാർഥത്തിൽ ആഗ്രഹിക്കുന്നത് ഉപദേശങ്ങളല്ല, പകരം നമ്മോടൊപ്പം ചേർന്നുനിൽക്കാൻ തയ്യാറുള്ള ഒരു മനസ്സാണ്. അത്തരമൊരു അവസ്ഥയിലാണ് ‘വ്യാകുലമാതാവ്’ എന്ന സങ്കൽപം ഏറെ പ്രസക്തമാകുന്നത്.

ഒരമ്മയുടെ അനുഭവം

സാറാ റോബ്‌സ്ഡോട്ടർ എന്ന എഴുത്തുകാരി തന്റെ അനുഭവത്തിലൂടെയാണ് വ്യാകുലമാതാവിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നത്. ഒരിക്കൽ സാറയുടെ മകന് ഒരു അനുഭവം ഉണ്ടായി. ആറ്റിലെ വെള്ളത്തിൽ മരച്ചില്ലയിൽ കുടുങ്ങിപ്പോയ 12 വയസ്സുകാരനായ മറ്റൊരു കുട്ടിയെ രക്ഷിക്കാൻ സാറയുടെ മകൻ കഠിനമായി പരിശ്രമിച്ചു. അപകടകരമായ സാഹചര്യത്തിലും അവൻ ആ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടർന്നെങ്കിലും പക്ഷെ, ആ കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇത് സാറയുടെ മകനിൽ മാനസികമായി വലിയ ഒരു ആഘാതമാണ് ഉണ്ടാക്കിയത്. തനിക്ക് ആ കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം മാസങ്ങളോളം മകന്റെ ഉറക്കം കെടുത്തുന്നത് സാറയ്ക്കു നിസ്സഹായയായി നോക്കിനിൽക്കേണ്ടി വന്നു.

ദുരന്തത്തിനു ശേഷമുള്ള രാത്രികളിൽ മകന്റെ വേദനയോർത്ത് കരയുമ്പോൾ, സാറയ്ക്ക് ആശ്വാസമായത് വ്യാകുലമാതാവിന്റെ സാന്നിധ്യമായിരുന്നു. ചുറ്റുമുള്ളവർ നല്ല ഉദ്ദേശ്യത്തോടെ പറഞ്ഞ, “എല്ലാ കാര്യങ്ങളും സംഭവിക്കുന്നത് ഒരു കാരണമുള്ളതുകൊണ്ടാണ്” എന്ന ഉപദേശങ്ങൾ സാറയുടെ ദുഃഖം വർധിപ്പിക്കുകയാണ് ചെയ്തത്. ഈ അവസരത്തിൽ വ്യാകുലമാതാവിലേക്കു നോക്കി ആ വേദന പങ്കുവയ്ക്കുമ്പോൾ തനിക്കു ലഭിച്ച ആശ്വാസത്തോളം വേറെ ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഇവർ വെളിപ്പെടുത്തുന്നു.

സങ്കടപ്പെടുന്നത് തെറ്റല്ല എന്ന് ഓർമിപ്പിക്കുന്ന പരിശുദ്ധ ‘അമ്മ

സങ്കടങ്ങളെ ഭയപ്പെടുന്ന ഒരു സംസ്കാരം ആണ് ഇന്നുള്ളത്. സങ്കടം വരുന്നത് സ്വാഭാവികമാണ്. അതിനെ അതേപടി അംഗീകരിക്കുകയാണ് വേണ്ടത്. “വിലപിക്കുന്നവർ ഭാഗ്യവാന്മാർ; എന്തെന്നാൽ അവർ ആശ്വസിക്കപ്പെടും” (മത്തായി 5:4) എന്നാണ് സുവിശേഷം പഠിപ്പിക്കുന്നത്. ഇവിടെ വ്യാകുല മാതാവിന്റെ തിരുനാൾ ആചരിക്കുമ്പോൾ സങ്കടപ്പെടാനല്ല പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നത്, മറിച്ച് ഏറ്റവും ഇരുണ്ട നിമിഷങ്ങളിലും പ്രത്യാശയോടെ ദൈവത്തിൽ ആശ്രയിക്കാനാണ്.

വേദന അനുഭവിക്കുന്ന നിമിഷങ്ങളിൽ, നമ്മെ ശാസിക്കാത്ത, വെറുതെ ഉപദേശങ്ങൾ തരാത്ത, എന്നാൽ നമ്മളോടൊപ്പം കുരിശിൻ ചുവട്ടിൽ നിശ്ശബ്ദയായി ഇരുന്ന് നമ്മെ ചേർത്തുപിടിക്കുന്ന ഒരു അമ്മയുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് വ്യാകുലമാതാവ് നമുക്ക് പകരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.