നൂറു വർഷങ്ങൾ പൂർത്തിയാക്കുന്ന വിസിറ്റേഷൻ സഭ

ഇപ്പോൾ 480 സന്യാസിമാരാണ് വിസിറ്റേഷൻ സഭയിലുള്ളത്. വത്തിക്കാൻ, ഇറ്റലി, ജർമ്മനി, എത്യോപ്യ, ആഫ്രിക്ക, സുഡാൻ തുടങ്ങിയ വിദേശരാജ്യങ്ങളിലും, കേരളത്തിൽ കൊച്ചിയും കോഴിക്കോടും ഒഴികെ മറ്റെല്ലാ ലത്തീൻ രൂപതകളിലും, തമിഴ്‌നാട്ടിലെ ചെങ്കൽപ്പേട്ടിലും വടക്കേ ഇന്ത്യയിലും ക്രിസ്തുസ്നേഹത്തിന്റെ ആഴം വെളിപ്പെടുത്തി ഈ സന്യാസിനിമാർ വിവിധ മേഖലകളിൽ കർമ്മനിരതരാണ്‌.  

ഭാഗ്യസ്മരണാർഹനായ ചാൾസ്‌ ലവീഞ്ഞ്‌ എസ്‌.ജെ തിരുമേനിയാണ്‌ 1892 ജൂൺ 22-ന്‌ ‘വിസിറ്റേഷൻ സഹോദരികൾ’ എന്നപേരിൽ ഒരു സന്യാസ സഭ കോട്ടയത്തു സ്ഥാപിച്ചത്‌. അന്നത്തെ കാട്ടൂർ ഇടവകാംഗമായിരുന്ന സെബാസ്റ്റ്യൻ പ്രസന്റേഷൻ അച്ചന്റെ അഭ്യർഥനപ്രകാരം പ്രസ്തുതസഭയുടെ ഒരു ശാഖ ‘തിരുക്കുടുംബ കോൺവെന്റ്’‌ എന്നപേരിൽ അന്ന് കൊച്ചി രൂപതാമെത്രാനായിരുന്ന ജോസ്‌ ബെന്റോ മാർട്ടിൻ റിബെയ്‌രോ തിരുമേനിയുടെയും കോട്ടയം മെത്രാനായിരുന്ന മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ തിരുമേനിയുടെയും രേഖാമൂലമായ അനുമതിയോടുകൂടി 1924 ജനുവരി 20-ന്‌ കാട്ടൂർ ഇടവകയിൽ സ്ഥാപിതമായി.

സിസ്റ്റേഴ്സിന്റെ ആദ്യത്തെ സേവനരംഗം കാട്ടൂർ പ്രൈമറി സ്കൂൾ ആയിരുന്നു. സുവിശേഷ ഉപദേശങ്ങളെ വ്രതങ്ങളായി സ്വീകരിച്ചുകൊണ്ട്‌ തിരുസഭാജീവിതത്തിൽ പങ്കുചേർന്ന് ക്രിസ്തുവിനെ അനുധാവനംചെയ്ത്‌ വിശുദ്ധിപ്രാപിക്കണമെന്ന ലക്ഷ്യത്തോടെ ആദ്യമായി സഭയിലേക്കു കടന്നുവന്ന പതിനൊന്നു സന്യാസാർഥിനികൾക്ക്‌ കോട്ടയം വിസിറ്റേഷൻ കോൺവെന്റിലെ സന്യാസിനികൾ പരിശീലനം നൽകി സഭാവസ്ത്രവും നൽകി. പുതുതായി രൂപീകൃതമായ തിരുക്കുടുംബ മഠത്തിന്റെ ശ്രേഷ്ഠത്തിയായി സഭയിലെ ആദ്യ അംഗങ്ങളിലൊരാളായ സിസ്റ്റർ മേരി സാലസിനെ നിയമിച്ചു.

1931-ൽ കോട്ടയം മഠത്തിലെ സഹോദരികൾ അവരുടെ സേവനം നിർത്തലാക്കി കാട്ടൂരിൽനിന്ന് വിടപറഞ്ഞു. ആ സമയത്ത്‌ വ്രതവാഗ്ദാനംചെയ്ത ആറു സന്യാസിനികളും സന്യാസാർഥിനികളായ അഞ്ചുപേരും കാട്ടൂർ തിരുക്കുടുംബ മഠത്തിൽ ഉണ്ടായിരുന്നു.

1939 ജനുവരി മുതൽ അഭിവന്ദ്യ ജോസ്‌ വിയേറാ അൽവേർണസ്‌ തിരുമേനി കൊച്ചി രൂപതയുടെ മെത്രാനായി ഭരണമേറ്റപ്പോൾ അദ്ദേഹം ഈ സഭയെ ‘കൊച്ചി രൂപതയിലെ എത്രയും പരിശുദ്ധ കന്യാമറിയത്തിന്റെ വിസിറ്റേഷൻ സഹോദരികൾ’ എന്ന് നാമകരണം ചെയ്തു. അതോടെ രൂപതാധ്യക്ഷന്റെ അധികാരത്തിലുള്ള ഒരു സ്വതന്ത്ര സന്യാസ സഭയായി (Diocesan Congregation). 1949 ഫെബ്രുവരി 10-ന്‌ സഭാനിയമങ്ങൾക്ക്‌ കാനോനിക അംഗീകാരവും ലഭിച്ചു.

അൽവേർണസ്‌ തിരുമേനി സ്ഥലംമാറിയതോടെ കൊച്ചി രൂപത രണ്ടായി വിഭജിക്കപ്പെട്ടു. 1952 ജൂൺ 19-ന്‌ ആലപ്പുഴ രൂപത രൂപീകൃതമായി; അഭിവന്ദ്യ മൈക്കിൾ ആറാട്ടുകുളം തിരുമേനി ആലപ്പുഴ രൂപതയുടെ പ്രഥമ മെത്രാനായി. അന്നുവരെ കൊച്ചി രൂപതയിലെ, ‘എത്രയും പരിശുദ്ധ കന്യാമറിയത്തിന്റെ വിസിറ്റേഷൻ സഹോദരികൾ’ എന്നറിയപ്പെട്ടിരുന്ന സന്യാസ സഭ ‘ആലപ്പുഴ രൂപതയിലെ എത്രയും പരിശുദ്ധ കന്യാമറിയത്തിന്റെ വിസിറ്റേഷൻ സഹോദരികൾ’ എന്ന് അറിയപ്പെട്ടുതുടങ്ങി. സന്യാസ സഭയുടെ എല്ലാ ഭവനങ്ങളും ആലപ്പുഴ രൂപതയുടെ ചുമതലയിലുമായി. പിന്നീട്‌ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വെളിച്ചത്തിൽ സഭാനിയമങ്ങൾ വീണ്ടും പരിഷ്കരിച്ചപ്പോൾ ഈ സന്യാസ സഭ ‘പരിശുദ്ധ കന്യാമറിയത്തിന്റെ വിസിറ്റേഷൻ സഭ’ എന്ന് അറിയപ്പെട്ടുതുടങ്ങി – SVC (Sisters of Visitation Congregation).

2002-ൽ വിസിറ്റേഷൻ സന്യാസ സഭയ്ക്ക്‌ പൊന്തിഫിക്കൽ പദവി ലഭിച്ചു. സഭയ്ക്ക്‌ പൊന്തിഫിക്കൽ പദവി ലഭിക്കുന്നതിനുവേണ്ടി പുണ്യസ്മരണാർഹനായ അഭിവന്ദ്യ പീറ്റർ ചേനപ്പറമ്പിൽ പിതാവ്‌ ആത്മാർഥമായ സഹായസഹകരണങ്ങളും കത്തിടപാടുകളും നടത്തി സഭയുടെ ശുശ്രൂഷകൾ റോമിന്റെ ശ്രദ്ധയിൽപെടുത്തി. പുണ്യസ്മരണാർഹനായ അഭിവന്ദ്യ സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ പ്രോത്സാഹനങ്ങളും സഭയ്ക്ക്‌ ആവോളം ലഭിച്ചിരുന്നു. ആലപ്പുഴ രൂപതയുടെ മെത്രാൻ അഭിവന്ദ്യ ജയിംസ്‌ ആനാപറമ്പിൽ പിതാവ്‌, നൂറു വർഷങ്ങൾ പിന്നിടുന്ന സഭയ്ക്ക്‌ ആശംസകളർപ്പിച്ച്‌ കൃതജ്ഞതാബലി അർപ്പിച്ചു നന്ദിപറയുന്നു.

നിത്യവ്രതം ചെയ്തവരെക്കൂടാതെ, ആദ്യവ്രതങ്ങൾ എടുത്തവർ ഉൾപ്പെടെ 480 സന്യാസിനികളുള്ള വിസിറ്റേഷൻ സഭ ഇന്ന് ഇറ്റലി, റോം, വത്തിക്കാൻ, ജർമ്മനി, എത്യോപ്യ, ആഫ്രിക്ക, സുഡാൻ തുടങ്ങിയ വിദേശരാജ്യങ്ങളിലും, കേരളത്തിൽ കൊച്ചിയും കോഴിക്കോടും ഒഴികെ മറ്റെല്ലാ ലത്തീൻ രൂപതകളിലും, തമിഴ്‌നാട്ടിലെ ചെങ്കൽപ്പേട്ടിലും, വടക്കേ ഇന്ത്യയിലും ക്രിസ്തുസ്നേഹത്തിന്റെ ആഴം വെളിപ്പെടുത്തി ആതുരരംഗത്തും വിദ്യാഭ്യാസമേഖലയിലും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും യുവതീയുവാക്കളെ സ്വയംപര്യാപ്തരാക്കുന്ന മേഖലയിലുമെല്ലാം കർമ്മനിരതരാണ്‌.

ഇന്ന് നൂറു വർഷങ്ങൾ പൂർത്തിയാക്കുന്ന വിസിറ്റേഷൻ സഭയ്ക്ക്‌ ദൈവം നൽകിയ എല്ലാ നന്മകൾക്കും നന്ദിപറയുന്നു. വിസിറ്റേഷൻ സഭയിലൂടെ ലോകത്തിലെ ദൈവജനങ്ങൾക്കും, പ്രത്യേകിച്ച്‌ ആലപ്പുഴ രൂപതയ്ക്കും ലഭിച്ച എല്ലാ ശുശ്രൂഷകൾക്കും നന്ദിപറഞ്ഞുകൊണ്ട്‌ എല്ലാ സന്യസ്ഥർക്കും ദൈവാനുഗ്രങ്ങൾ പ്രാർഥിക്കുന്നു.

The Roman Catholic Diocese of Alleppey – യുടെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച ലേഖനം.

https://www.facebook.com/100069742958843/posts/pfbid0383dQqjLSWDWwTejF3Hvmvu8JLKee8eQGUWmUwSs4Xf76qjv8mJecTg7yH5BbJVR3l/

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.