‘സംതൃപ്തം ഈ ജീവിതം’: സന്യാസജീവിതത്തിന്റെ അനുഭവങ്ങളുമായി വിശുദ്ധനാട്ടിലെ രണ്ട് അമേരിക്കൻ സമ‌ർപ്പിതർ

സമർപ്പിതജീവിതത്തിലൂടെ ദൈവത്തെ അനുഗമിക്കാനായി ഇറങ്ങിത്തിരിച്ച രണ്ട് അമേരിക്കക്കാരാണ് ഹോളിലാന്റ് കസ്റ്റഡിയിൽ അംഗമായ ഫ്രാൻസിസ്കൻ സഹോദരനായ ഫാ. പീറ്റർ വാസ്കോയും, ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദി യൂക്കരിസ്റ്റ് സന്യാസിനിയായ സി. നവോമി സിമ്മെർമാനും. തങ്ങളെ ഏല്‍പിച്ചിരിക്കുന്ന ദൗത്യങ്ങൾ പൂ‌ർത്തിയാക്കിക്കൊണ്ട് ദൈവഹിതത്തിനു സ്വയം സമർപ്പിച്ച് ജറുസലേമിൽ ശുശ്രൂഷ ചെയ്തുവരുന്ന ഇവർ തങ്ങളുടെ സമർപ്പിതജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്.

“എനിക്കു വേണ്ടതെല്ലാമുണ്ടായിരുന്നു. ഗേൾ ഫ്രണ്ട്സ്, നല്ല ജോലി, പണം. ഞാൻ ലോകം ചുറ്റിസഞ്ചരിച്ചിരുന്നു. എന്നിട്ടും ജീവിതം വല്ലാതെ ശൂന്യമാണെന്ന് ഒരുദിവസം എനിക്കു തോന്നി” – തന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് ഫാ. പീറ്റർ വാസ്കോ പറയുന്നത് ഇപ്രകാരമാണ്. ജീവിതത്തിൽ വല്ലാത്ത ശൂന്യത അനുഭവപ്പെട്ടപ്പോൾ അദ്ദേഹം ഒരു ട്രാപ്പിസ്റ്റ് ആശ്രമത്തിൽ കുറച്ചുകാലം പ്രാർഥനയ്ക്കും വിചിന്തനത്തിനുമായി ചെലവഴിച്ചു.

“ഒരുദിവസം ഞാൻ പ്രാർഥിച്ചു: ദൈവമേ, ഞാൻ എന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്. പിന്നീട് ബൈബിൾ തുറന്നപ്പോൾ‍ അതിൽ, ഹോളിലാന്റ് കസ്റ്റഡിയുടെ പ്രതീകമായ അഞ്ച് ക്രൂസേഡേഴ്സ് കുരിശുകൾ ഇരിക്കുന്നതുകണ്ട് ഞാൻ പൊട്ടിക്കരഞ്ഞുപോയി. കാരണം, ദൈവം എന്താണ് എന്നിൽനിന്ന് ആഗ്രഹിക്കുന്നതെന്ന് ആ നിമിഷം എനിക്കു മനസ്സിലായി” – വോസ്കോ പങ്കുവച്ചു. അന്നുമുതൽ അദ്ദേഹത്തിന്റെ ജീവിതം പൂർണ്ണമായി മാറ്റത്തിനു വിധേയമായി.

“എനിക്കുണ്ടായിരുന്നതെല്ലാം വിറ്റ് ഞാൻ പാവപ്പെട്ടവർക്കു കൊടുത്തു. എനിക്ക് രണ്ടു വീടുകളും കാറും ധാരാളം വിലപിടിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളുമുണ്ടായിരുന്നു. ദൈവത്തോടൊപ്പമായിരിക്കാൻവേണ്ടി അവയെല്ലാം ഞാൻ ഉപേക്ഷിച്ചു. അങ്ങനെ  ഞാന്‍ ഒന്നും സ്വന്തമായി ഇല്ലാത്തവനായിത്തീർന്നു. ‍ഞാൻ പെർഫെക്ട് ആയ ഒരാളൊന്നുമല്ല. പക്ഷേ, ഓരോ ദിവസവും ഞാൻ ദൈവത്തെയും ചുറ്റുമുള്ളവരെയും പരമാവധി സ്നേഹിക്കാൻ പരിശ്രമിക്കുന്നു” – അദ്ദേഹം സമർപ്പിതജീവിതത്തിലേക്കു തിരിഞ്ഞ നിമിഷങ്ങളെ ഓർത്തെടുത്തു.

ദൈവഹിതം എന്തെന്ന് നന്നായി വിവേചിച്ചറിഞ്ഞശേഷം വാസ്കോ ഫ്രാൻസിസ്കൻ സഭയുടെ ഹോളിലാന്റ് കസ്റ്റഡിയിൽ ചേർന്ന് ജറുസലേമിൽ എത്തിച്ചേർന്നു. അടുത്തകാലത്ത് 80 വയസ്സു തികഞ്ഞ അദ്ദേഹം, നിരവധി അമേരിക്കൻ തീർത്ഥാടകരെ വിശുദ്ധനാട്ടിൽ ഗൈഡ് ചെയ്തിട്ടുണ്ട്. അതുപോലെ തദ്ദേശീയരായ ക്രൈസ്തവരെ സഹായിക്കുന്ന ഫ്രാൻസിസ്കൻ ഫൗണ്ടേഷൻ ഫോർ ദി ഹോളിലാന്റ് എന്ന സംഘടന സ്ഥാപിക്കുകയും ഇപ്പോഴും അത് നയിക്കുകയും ചെയ്യുന്നു. ജറുസലേമിലെ അമേരിക്കൻ എംബസിയിലുള്ള അമേരിക്കൻ മറൈനുകളുടെ ചാപ്ലിൻ ആയി 1987 മുതൽ ഫാ. വാസ്കോ സേവനംചെയ്യുന്നു. 2008-ൽ അദ്ദേഹത്തിന് മറൈനിൽ ഹോണററി അംഗത്വം നല്കുകയും അവാർഡ് നല്കുകയും ചെയ്തിരുന്നു.

പ്രായാധിക്യം വകവയ്ക്കാതെ ശുശ്രൂഷകൾ ചെയ്യുന്ന ഫാ. വാസ്കോ, എല്ലാ വർഷവും അമേരിക്കയിൽനിന്ന് എത്തുന്ന തീർത്ഥാടകരെ നയിക്കാറുണ്ട്. അതുപോലെതന്നെ അദ്ദേഹം തദ്ദേശീയരായ ക്രിസ്ത്യാനികളെ അവിടെത്തന്നെ തുടരുന്നതിനു ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുകയും അവരുടെ മാതൃദേശത്തുതന്നെ ഉറച്ചുനില്‍ക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഉന്നതവിദ്യാഭ്യാസം നൽകുന്നതിലൂടെയാണ് അദ്ദേഹം അതു ചെയ്യുന്നത്. ഫ്രാൻസിസ്കൻ ഫൗണ്ടേഷൻ ഫോർ ദ ഹോളിലാന്റ് (FFHL) വഴി കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ആവശ്യമായ സ്കോളർഷിപ്പുകൾ നല്കുന്നു.

“അമേരിക്കയിലെ കത്തോലിക്കർ വളരെ ഉദാരമായി നൽകുന്ന സംഭാവനകളാണ് സ്കോളർഷിപ്പിനായി ഉപയോഗിക്കുന്നത്. എല്ലാ വർഷവും 45-50 വരെ കോളേജ് സ്കോളർഷിപ്പുകളാണ് ഫ്രാൻസിസ്കൻ ഫൗണ്ടേഷൻ നൽകിവരുന്നു. സ്കോളർഷിപ്പ് ലഭിച്ച 95 ശതമാനത്തോളം കുട്ടികളും പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. അങ്ങനെ പ്രൊഫഷണൽ ജോലികൾ സ്വന്തമാക്കിയ യുവാക്കളാണ് ജറുസലേമിലെ ക്രൈസ്തവരുടെ ഭാവി” – ഫാ. വാസ്കോ പറയുന്നു.

കുട്ടികൾക്കുവേണ്ടി ഹോളിലാന്റ് കസ്റ്റഡി നടത്തുന്ന ബോയ്സ് ഹോമിനെയും മാഗ്നിഫികാത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മ്യൂസികിനെയും ഫ്രാൻസിസ്കൻ ഫൗണ്ടേഷൻ ഫോർ ദി ഹോളിലാന്റ് സഹായിക്കുന്നുണ്ട്. മാഗ്നിഫികാത്ത് മ്യൂസിക് ഇൻസ്റ്റിറ്റ്യുട്ടിൽ യഹൂദ, മുസ്ലീം, ക്രിസ്ത്യൻ കുട്ടികളും അധ്യാപകരും വളരെ ഐക്യത്തോടെയാണ് പ്രവർത്തിക്കുന്നത്.

37 വർഷത്തെ തന്റെ സന്യാസജീവിതത്തെ വളരെ സംതൃപ്തിയോടെയാണ് ഫാ. വാസ്കോ അനുസ്മരിക്കുന്നത്. “എന്റെ ജീവിതം വളരെ സവിശേഷവും വളരെ ഫലപ്രദവുമായിരുന്നു. ദൈവത്തിനുവേണ്ടി ഇതൊക്കെ ചെയ്യാനായി സമർപ്പിതജീവിതത്തിലേക്കുള്ള ഈ വലിയ വിളി നല്കിയ ദൈവത്തോടു ഞാൻ വളരെ നന്ദിയുള്ളവനാണ്. നിസ്സാരനായ ഞാൻ ഒരു ഉപകരണം മാത്രമായിരുന്നു; അവനാണ് എല്ലാം ചെയ്തിരുന്നത്.”

സി. നവോമി സിമ്മെർമെൻ

ജറുസലേമിൽ തന്റെ ദൈവവിളി ജീവിച്ച മറ്റൊരു സന്യാസിനിയാണ് സി. നവോമി സിമ്മെർമെൻ. കണക്ടികട്ടിൽ ജനിച്ച ഈ 58 വയസ്സുകാരി അവരുടെ കൗമാരക്കാലത്താണ് താരതമ്യേന പുതിയ സന്യാസ സമൂഹമായിരുന്ന ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദ യൂക്കരിസ്റ്റ് സിസ്റ്റേഴ്സിനെ കണ്ടുമുട്ടുന്നത്. കണക്ടികട്ടിലെ മെറിഡിയനിൽ മദർ ഹൗസുള്ള ഈ സമൂഹം സ്ഥാപിക്കപ്പെട്ടിട്ട് ഇപ്പോൾ 50 വർഷങ്ങൾ പിന്നിടുന്നു.

ആഴ്ചയുടെ അവസാന ദിനങ്ങളിൽ മഠത്തിലെ കാര്യങ്ങൾ ചെയ്യാൻ സഹായിക്കുന്ന സന്നദ്ധരായ യുവജനങ്ങൾക്കൊപ്പം ഈ മഠത്തിലെത്തിയ സി. സിമ്മെർമെൻ തന്റെ വിളി ആ സന്യാസ സമൂഹത്തിലേക്കാണ് എന്ന് തിരച്ചറിഞ്ഞു. സമർപ്പിതജീവിതത്തിന്റെ 30 വർഷങ്ങൾ പിന്നിടുകയാണ് അവരിപ്പോൾ. സന്യാസ സമൂഹത്തിന്റെ സ്ഥാപകരുടെ ആഗ്രഹപ്രകാരം വിശുദ്ധനാട്ടിൽ തങ്ങളുടെ ഒരു മഠം സ്ഥാപിച്ചപ്പോൾ സന്യാസപരിശീലനത്തിലായിരുന്നെങ്കിലും സി. സിമ്മെർമെൻ അങ്ങോട്ടേക്ക് അയയ്ക്കപ്പെട്ടു. അവിടെ സിസ്റ്റേഴ്സ് നടത്തുന്ന ഫാമിലി സെന്ററിൽ അധ്യാപികയായിട്ടായിരുന്നു സി. സിമ്മെർമെൻ വിശുദ്ധനാട്ടിലെ തന്റെ ശുശ്രൂഷ ആരംഭിച്ചത്.

വിശുദ്ധനാട്ടിലെത്തുന്ന തീർത്ഥാടകർക്കും ടൂറിസ്റ്റുകൾക്കും ക്രൈസ്തവ വിശ്വാസത്തെക്കുറിച്ചും വിശുദ്ധനാടിനെക്കുറിച്ചും വിവരങ്ങൾ നല്കുന്ന ജറുസലേമിലെ ക്രിസ്ത്യൻ ഇൻഫർമേഷൻ സെന്ററിൽ ആണ് സി. സിമ്മെർമെൻ ഇപ്പോൾ സേവനംചെയ്യുന്നത്. ഇവിടെയെത്തുന്നവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതോടൊപ്പം അവരുടെ പ്രശ്നങ്ങൾ കേൾക്കാനും ഈ സന്യാസിനി സമയം കണ്ടെത്തുന്നു.

“സമൂഹജീവിതത്തിന് ഞങ്ങൾ വളരെ പ്രാധാന്യം നൽകുന്നു. ഞങ്ങളുടെ അനുദിനജോലികളൊക്കെ പങ്കിട്ടുചെയ്യുന്നു. ഒരുമിച്ചു പ്രാർഥിക്കാനും അനുഭവങ്ങളും പ്രശ്നങ്ങളുമൊക്കെ പങ്കുവയ്ക്കുവാനും ഞങ്ങൾ എപ്പോഴും പരിശ്രമിക്കുന്നു. എപ്പോഴും അത്ര എളുപ്പമല്ല എങ്കിലും വളരെ മനോഹരമായ അനുഭവമാണത്” – സി. സിമ്മെർമെൻ പറയുന്നു.

ദൈവവിളി തിരിച്ചറിയാനും അതിന്റെ എല്ലാ തലങ്ങളിലും വളരാനും സ്ഥാപക സിസ്റ്റേഴ്സും മറ്റു സഹോദരങ്ങളും തന്നെ സഹായിച്ചത് വളരെ കൃതജ്ഞതയോടെയാണ് സിസ്റ്റർ അനുസ്മരിക്കുന്നത്. തുടർന്നും ദൈവേഷ്ടം നിറവേറ്റി സന്തോഷത്തോടെ സമർപ്പിതജീവിതം തുടരാനാണ് സിസ്റ്ററിന്റെ പരിശ്രമം.

ഫാ. റോണി കിഴക്കേടത്ത് കപ്പൂച്ചിൻ

വിവര്‍ത്തനം: ഫാ. റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.