കുഞ്ഞുങ്ങളായിരുന്നപ്പോൾ ഉണ്ടായിരുന്ന ലാളിത്യം നഷ്ടപ്പെടാതെ വളരണം: ഫ്രാൻസിസ് പാപ്പ

കുഞ്ഞുങ്ങളായിരുന്നപ്പോൾ ഉണ്ടായിരുന്ന ലാളിത്യം നഷ്ടപ്പെടാതെ വളരണമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ. കുട്ടികൾക്കായുള്ള ആഗോളദിനത്തിന്റെ ഔദ്യോഗിക വാർത്താ കാര്യാലയത്തിന്റെ തലവൻ റോബെർത്തൊ പച്ചിലിയോ, ഫ്രാൻസിസ് പാപ്പയുമായി നടത്തിയ അഭിമുഖത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

റോബെർത്തൊ പച്ചിലിയോയുമായി നടത്തിയ അഭിമുഖത്തിൽ, വിദ്യാഭ്യാസം നൽകുകയെന്നാൽ കുട്ടികളെ, അവർ സ്വയം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാകുംവരെ പിൻചെല്ലുക എന്നാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. ബന്ധങ്ങളെ അനുദിനം പരിപാലിക്കുകയും അപരന്റെ സമീപത്ത് അവൻ അവനായിത്തന്നെ നിലനിൽക്കാൻ സഹായിക്കുകയുമാണ് വേണ്ടതെന്ന് പാപ്പ പറഞ്ഞു.

റോമിൽ വച്ച് ലോകം മുഴുവനിൽ നിന്നും വന്ന 7000-ഓളം വരുന്ന കുട്ടികളുമായി നടന്ന കൂടിക്കാഴ്ചയുടെ പ്രതീകാത്മകമായ മൂല്യം വളരെ വലുതാണെന്ന് പാപ്പ അഭിമുഖത്തിൽ അറിയിച്ചു. കുട്ടികൾ കാത്തുസൂക്ഷിക്കുന്ന നിഷ്കളങ്കതയുടെ സൗന്ദര്യം അവരെ നിരീക്ഷിക്കുകയും ശ്രവിക്കുകയും ചെയ്താൽ മുതിർന്നവരായ നമ്മെ ബോധവൽക്കരിക്കാൻ കുഞ്ഞുങ്ങൾക്കു കഴിയും. ഈ കൈമാറ്റം പ്രത്യാശ പകരുന്ന ഒരു മാറ്റത്തിന് എല്ലാവരെയും പ്രോത്സാഹിപ്പിക്കുമെന്ന് പാപ്പ എടുത്തുപറഞ്ഞു.

വളരുമ്പോൾ കുഞ്ഞുങ്ങളായിരുന്നപ്പോൾ ഉണ്ടായിരുന്ന ലാളിത്യം നഷ്ടപ്പെടാതെ വളരണം. ഓരോ പ്രായത്തിനനുസരിച്ചും ആ ലാളിത്യമുണ്ടാവണം. എങ്കിലേ സമാധാനത്തെക്കുറിച്ചും പ്രകൃതിയാകുന്ന അമ്മയെക്കുറിച്ചുമൊക്കെ ബുദ്ധിമുട്ടില്ലാതെ സംസാരിക്കാൻ കഴിയൂ എന്ന് പാപ്പ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.