
ഹിറ്റ്‌ലറിന്റെ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവന്ന രക്തസാക്ഷിയായ ഒരു സന്യാസിനിയാണ് വി. എഡിത്ത് സ്റ്റെയിന്‍. ‘കുരിശിന്റെ വിശുദ്ധ തെരേസ ബെനഡിക്ട’ എന്നപേരിലും അറിയപ്പെടുന്ന ഈ വിശുദ്ധയുടെ തിരുനാൾ ദിനമാണ് ആഗസ്റ്റ് ഒൻപത്.
ആധുനികലോകത്തിൽ അനുകരിക്കേണ്ട ഒരു പുണ്യജീവിതമാണ് ഈ വിശുദ്ധയുടേത്. അവൾ കത്തോലിക്കാവിശ്വാസം സ്വീകരിച്ചശേഷം കർമ്മലീത്ത മഠത്തിൽ ചേർന്നു. എന്നാൽ, മുൻപ് ജൂതയായിരുന്നതിനാൽ രണ്ടാം ലോകമഹായുദ്ധസമയത്ത് കൊടിയ പീഡനങ്ങളെ അവൾക്ക് നേരിടേണ്ടിവന്നു. ഔഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിൽവച്ച് രക്തസാക്ഷിയായി മാറിയവളാണ് ധൈര്യവതിയായ ഈ വിശുദ്ധ. ആ പുണ്യജീവിതം വായിച്ചറിയാം.
ആരായിരുന്നു വി. എഡിത്ത് സ്റ്റെയിൻ?
പതിനൊന്നു മക്കളിൽ ഏറ്റവും ഇളയ ആളാണ് എഡിത്ത് സ്റ്റെയിൻ. തത്വചിന്തക, മാനസാന്തരപ്പെട്ട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചവൾ, കർമ്മലീത്ത സന്യാസിനി, രക്തസാക്ഷി എന്നീ പ്രത്യേകതകൾ ഈ വിശുദ്ധയ്ക്കുണ്ട്. എഡിത്ത് സ്റ്റെയിൻ ബുദ്ധിമതിയും വിദ്യാഭ്യാസമുള്ളവളുമായിരുന്നു.
1891-ൽ ബ്രെസ്ലൗവിൽ (ഇപ്പോൾ പോളണ്ട്, മുമ്പ് ജർമ്മനി) ഒരു ജൂതകുടുംബത്തിൽ ജനിച്ചു. എന്നാൽ വളരെ ചെറുപ്പത്തിൽത്തന്നെ ജൂതവിശ്വാസം ഉപേക്ഷിച്ചു. നന്നായി പഠിക്കുമായിരുന്ന എഡിത്ത്, മനഃശാസ്ത്രവും പ്രതിഭാസികവിജ്ഞാനവും ബ്രെസ്ലാവ് ആൻഡ് ഗോട്ടിംഗൻ സർവകലാശാലയിൽ പഠിച്ചു. ഈ പഠനമേഖലകൾ പിന്നീട് വിശ്വാസത്തോടുള്ള താല്പര്യം വളരുന്നതിന് ഇടയാക്കി.
പടിഞ്ഞാറൻ യൂറോപ്പിലെ വിശ്വാസത്തെയും തത്വശാസ്ത്രത്തെയുംകുറിച്ച് സ്റ്റെയിൻ പഠിക്കുകയും എഴുതുകയും ചെയ്തു. പഠനങ്ങൾക്കുശേഷം അധ്യാപികയാകാൻ അവൾ അപേക്ഷിച്ചെങ്കിലും കടുത്ത വിവേചനം നേരിട്ടു. അതിനുള്ള പ്രധാനകാരണം, അവൾ ഒരു സ്ത്രീ ആയതിനാലും യഹൂദവംശംജ ആയതിനാലുമാണ്. ഈ പോരാട്ടങ്ങൾക്കിടയിലും സത്യം പിന്തുടരാനുള്ള അവളുടെ ദൃഡനിശ്ചയം ഒരു പ്രചോദനമാണ്. എഡിത്ത് സ്റ്റെയിന് 30 വയസായപ്പോഴാണ് അവളുടെ ജീവിതത്തിൽ ക്രൈസ്തവവിശ്വാസത്തെക്കുറിച്ച് കൂടുതൽ അറിയാനിടയായത്. ആവിലായിലെ അമ്മത്രേസ്യയുടെ കൃതികളാണ് അതിന് അവളെ സഹായിച്ചത്.
എഡിത്ത് സ്റ്റെയിനിന്റെ മാനസാന്തരം
ആവിലായിലെ അമ്മത്രേസ്യയുടെ നിരവധി കൃതികൾ അവൾ വായിച്ചു. വി. അമ്മത്രേസ്യയുടെ ആത്മീയയാത്രയിൽ, മനോഹരമായ ചിത്രശലഭമായി മാറുന്ന ഒരു പുഴുവിനോട് ആത്മാവിനെ താരതമ്യംചെയ്ത് എഴുതിയിട്ടുണ്ട്. എഡിത്തിന്റെ വ്യക്തിജീവിതത്തെ ഇത് സ്വാധീനിച്ചു. പിന്നീട് വിശ്വാസപരമായ കാര്യങ്ങളെക്കുറിച്ചു പഠിച്ചു, ചിന്തിച്ചു. അത് ആത്യന്തികമായി വിശ്വാസത്തെ സ്നേഹിക്കുന്നതിലേക്ക് അവളെ വളർത്തി.
വി. അമ്മത്രേസ്യയുടെ മാതൃക കണ്ടെത്തി ഒരു വർഷത്തിനുശേഷം, സ്റ്റെയിൻ കത്തോലിക്കാവിശ്വാസം സ്വീകരിച്ചു. 1933 -ൽ നാസികൾ ജർമ്മനിയുടെ നിയന്ത്രണം ഏറ്റെടുത്തു. ജൂതന്മാരെയും സ്റ്റെയിനിനെപ്പോലുള്ള ജൂതവംശജരെയും അധ്യാപനത്തിൽനിന്ന് വിലക്കുന്നതുവരെ അവൾ പ്രീ-കോളേജ് തലത്തിൽ പഠിപ്പിക്കുന്നതു തുടർന്നു.
എഡിത്ത് കാർമ്മലൈറ്റ് ഓർഡറിൽ സന്യാസിനിയാകാൻ തീരുമാനിച്ചു. ആവിലയിലെ വി. അമ്മത്രേസ്യായുടെ അതേ സമൂഹം. യഹൂദമതത്തിലെ വേരുകളിൽനിന്ന് കത്തോലിക്കാവിശ്വാസത്തിലേക്കുള്ള എഡിത്ത് സ്റ്റെയിനിന്റെ മാറ്റം അവളുടെ കുടുംബത്തിന് ബുദ്ധിമുട്ടായിരുന്നു. ഇക്കാലഘട്ടത്തിൽ തന്നെയാണ് നാസികളുടെ പീഡനങ്ങൾ ശക്തമാകാൻ തുടങ്ങിയതും. എന്നാൽ ഇതൊന്നും അവളുടെ വിശ്വാസത്തിന് ഒട്ടും കുറവ് വരുത്തിയില്ല. അവൾ കർമ്മലീത്ത സന്യാസിനിയായി രഹസ്യമായി തുടരാൻ തീരുമാനിച്ചു. സന്യാസിനി ആയശേഷം കുരിശിന്റെ തെരേസ ബെനഡിക്ട എന്ന പേര് സ്വീകരിച്ചു.
നെതർലാൻഡിലെ ആളൊഴിഞ്ഞ ഒരു കോൺവെന്റിൽ താമസിക്കുന്നതിനിടെ നാസികൾ എഡിത്തിനെ അറസ്റ്റ് ചെയ്തു. പിന്നീട് തടങ്കലിൽ കടുത്ത പീഡനങ്ങളാണ് അവൾക്ക് നേരിടേണ്ടിവന്നത്. 1942 ആഗസ്റ്റ് ഒൻപതിന് മറ്റ് തടവുകാർക്കൊപ്പം ഗ്യാസ് ചേമ്പറിൽവച്ചാണ് അവൾ കൊല്ലപ്പെട്ടത്.
വി. എഡിത്ത് സ്റ്റെയിൻ നൽകുന്ന മാതൃക
എഡിത്ത് സ്റ്റെയിൻ കത്തോലിക്കാവിശ്വാസം സ്വീകരിച്ചശേഷം ജീവിതത്തിലുടനീളം ദൈവത്തോട് വിശ്വസ്ത പുലർത്തി ജീവിച്ചു. അവളുടെമുമ്പിൽ നിരവധി തടസങ്ങളും പോരാട്ടങ്ങളും ഉണ്ടായിരുന്നിട്ടും അവൾ നിരന്തരം സത്യം പിന്തുടരുകയും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്തു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഇരുണ്ടസമയങ്ങളിൽപോലും അവൾ ഇളകാതെ ഉറച്ചുനിന്നു.
1998-ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ, ജോൺ പോൾ രണ്ടാമൻ പാപ്പ എഡിത്ത് സ്റ്റെയിനിനെ ‘സ്വാതന്ത്ര്യത്തിനും വിശ്വാസത്തിനുംവേണ്ടിയുള്ള ഒരു അന്വേഷക’ എന്നാണ് അഭിസംബോധന ചെയ്തത്. “കുരിശിലെ വിശുദ്ധ തെരേസ ബെനഡിക്ട’യുടെ ജീവിതത്തെ ജ്വലിപ്പിച്ച അഗ്നിയാണ് ക്രിസ്തുവിന്റെ സ്നേഹം. അവൾ ക്രിസ്തുവിനെ മനസിലാക്കുന്നതിനു വളരെ മുമ്പുതന്നെ ഈ തീയാൽ ആകർഷിക്കപ്പെട്ടു” – പാപ്പ പറഞ്ഞു.
വി. എഡിത്ത് സ്റ്റെയിനിന്റെ ജീവിതവും മാതൃകയും നമ്മുടെ വ്യക്തിജീവിതത്തിൽ ദൈവത്തെ കൂടുതൽ അന്വേഷിക്കുന്നവരാകാൻ പ്രചോദനമാണ്. അനുദിനവും നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കിടയിലും ദൈവമെന്ന സത്യത്തെ പിന്തുടരാനും അത് കണ്ടെത്തുമ്പോൾ നമ്മുടെ ജീവിതം ദൈവത്തിനായി പൂർണ്ണമായി നൽകാനുമുള്ള പ്രചോദനം ഈ വിശുദ്ധ നൽകുന്നു.
“എന്റെ ദൈവമേ, അങ്ങയെ സേവിക്കാനുള്ള പരിശുദ്ധമായ സന്തോഷവും ധൈര്യവും ശക്തിയുംകൊണ്ട് എന്റെ ആത്മാവിനെ നിറയ്ക്കുക. അങ്ങയുടെ സ്നേഹം എന്നിൽ ജ്വലിപ്പിക്കുക, എന്നിട്ട് എന്റെ മുമ്പിലുള്ള പാതയിലൂടെ എന്നോടൊപ്പം നടക്കുക” – വി. എഡിത്ത് സ്റ്റയിൻ എഴുതിയ പ്രാർഥനയിലെ വരികളാണിത്.
സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ




