ഫിലിപ്പീൻസിലെ കലപ്പാൻ അപ്പസ്തോലിക വികാരിയത്തിനെ പൂർണ്ണ രൂപതയായി ഉയർത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനവും പ്രഥമ മെത്രാനായി മോസ്റ്റ് റവ. മോയ്‌സസ് എം. ക്യൂയ്വാസിന്റെ സ്ഥാനാരോഹണവും നടന്നു. ഇതോടെ മിഷനറിമാരുടെ കീഴിലായിരുന്ന ഈ വിശ്വാസ സമൂഹം സ്വയംഭരണാധികാരമുള്ള ഒരു പ്രാദേശിക സഭയായി മാറി.
കലപ്പാൻ സിറ്റിയിലെ സെന്റ് ബെനഡിക്ട് കത്തീഡ്രലിൽ നടന്ന ചടങ്ങുകൾക്ക് ഫിലിപ്പീൻസിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ചാൾസ് ജോൺ ബ്രൗൺ മുഖ്യകാർമ്മികത്വം വഹിച്ചു. കനത്ത മഴയ്ക്കും ചടങ്ങിനിടെ അനുഭവപ്പെട്ട 5.8 തീവ്രതയുള്ള ഭൂചലനത്തിനുമിടയിലും നൂറുകണക്കിന് വിശ്വാസികൾ ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒത്തുചേർന്നു.
1936 ൽ സൊസൈറ്റി ഓഫ് ഡിവൈൻ വേർഡ് (SVD) മിഷനറിമാരുടെ കീഴിൽ ആരംഭിച്ച സുവിശേഷപ്രവർത്തനങ്ങളുടെ ഫലമാണ് പുതിയ രൂപതയുടെ രൂപീകരണം. രൂപതാ പദവി എന്നത് വെറുമൊരു ഭരണപരമായ മാറ്റമല്ലെന്നും, മറിച്ച് സുവിശേഷം കൂടുതൽ ആഴത്തിൽ പ്രചരിപ്പിക്കാനും ദരിദ്രരെയും തദ്ദേശീയരായ ‘മാംഗ്യാൻ’ ജനവിഭാഗത്തെയും സേവിക്കാനുമുള്ള വിളിയാണെന്നും ബിഷപ്പ് ക്യൂയ്വാസ് തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹികനീതിക്കും സഭ മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കലപ്പാൻ രൂപതയുടെ സ്ഥാപനത്തോടെ ഫിലിപ്പീൻസിലെ കത്തോലിക്കാ സഭയിൽ രൂപതകളുടെ എണ്ണം 60 ആയി ഉയർന്നു.



