ബെനഡിക്ട് പാപ്പായെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് മാത്തർ എക്ലേസിയ ആശ്രമത്തിൽ ഉണ്ടായിരുന്ന മൂന്ന് സന്യാസിനിമാർ

ബെനഡിക്ട് പതിനാറാമൻ പാപ്പാ ധ്യാനാത്മക ജീവിതത്തോട് വളരെയേറെ താത്പര്യമുള്ള വ്യക്തിയായിരുന്നു. വാസ്തവത്തിൽ, അദ്ദേഹം തന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങൾ ധ്യാനാത്മകമായ ജീവിതത്തിനായി സമർപ്പിച്ചു എന്നു തന്നെ പറയാം. ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവചിന്തകളാൽ നിറച്ചു. ഓരോ ശ്വാസവും ദൈവചിന്തയുടെ, ദൈവസ്നേഹത്തിന്റെ അനുഭവങ്ങളാക്കി മാറ്റാൻ അദ്ദേഹം ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ആ പുണ്യാത്മാവ് പകർന്നുതന്ന പ്രചോദനങ്ങളും അദ്ദേഹത്തിന്റെ ഓർമ്മകളും പങ്കുവയ്ക്കുകയാണ് മാത്തർ എക്ലേസിയ ആശ്രമത്തിലുണ്ടായിരുന്ന മൂന്ന് സന്യാസിനിമാർ.

അദ്ദേഹം ലിറ്റർജിയെ ‘ദൈവത്തിന്റെ പ്രവൃത്തി’ ആയി കണക്കാക്കി

സ്പെയിനിലെ ലിയോണിലുള്ള സാന്താ മരിയ ഡി കാർബജലിലെ ബെനഡിക്റ്റൈൻ സന്യാസിനികളുടെ മഠാധിപതിയായ മദർ ഏണസ്റ്റിന, ധ്യാനാത്മക ജീവിതത്തിന് ബെനഡിക്ട് പതിനാറാമൻ പാപ്പാ നൽകിയ പ്രാധാന്യത്തെ ഓർക്കുന്നു. “ഒരു സന്യാസിനി എന്ന നിലയിൽ ആരാധനാക്രമത്തെ ദൈവത്തിന്റെ ഒരു പ്രവർത്തിയായി കാണാനുള്ള ആത്മീയതയിലേക്ക് എന്നെ എത്തിച്ചത് ബെനഡിക്ട് പാപ്പാ ആണ്. വിശുദ്ധ ഗ്രന്ഥത്തിലെ പ്രാർത്ഥനയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മഹത്തായ പഠനങ്ങൾ എന്നിൽ വളരെയേറെ സ്വാധീനം ചെലുത്തിയിരുന്നു. ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം എപ്പോഴും എനിക്ക് കൈമാറിയിരുന്നത് അദ്ദേഹത്തിന്റെ ചിന്താപരമായ തലത്തിന്റെ ഒരു പ്രത്യേക വശമായിരുന്നു. അദ്ദേഹം യാഥാർത്ഥ്യത്തിനും കാര്യങ്ങളുടെ അർത്ഥത്തിനും ആഴത്തിലുള്ള ശ്രദ്ധ നൽകി” – മദർ ഏണസ്റ്റിന പറയുന്നു.

‘അദ്ദേഹം എന്റെ ജീവിതം മാറ്റി’

ബെനഡിക്ട് മാർപാപ്പ തന്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ചതായി അഗസ്റ്റീനിയൻ സന്യാസിനികളുടെ സമൂഹത്തിലെ സിസ്റ്റർ ജെമ്മ പറയുന്നു. ഈ സന്യാസിനി ഇപ്പോൾ സ്‌പെയിനിലെ ബെനിഗനിമിലുള്ള കോൺവെന്റിലാണ്.

“ബെനഡിക്ട് മാർപാപ്പ എന്റെ മാർപാപ്പയാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. ഞാൻ ഫ്രാൻസിസ് പാപ്പായെ സ്നേഹിക്കുന്നില്ല എന്നല്ല അർത്ഥമാക്കുന്നത്. എന്റെ സമർപ്പിതജീവിതത്തിൽ ഒരു പരിവർത്തനത്തിനുള്ള ദൈവത്തിന്റെ വലിയ ഉപകരണമായിരുന്നു അദ്ദേഹം” – സി. ജെമ്മ പറയുന്നു.

1985 -ൽ മഠത്തിൽ പ്രവേശിച്ച ഈ സന്യാസിനിക്ക് 2011 -ൽ ബെനഡിക്ട് പാപ്പായുടെ ‘നസ്രത്തിലെ യേശു’ എന്ന പുസ്തകത്തിന്റെ ആദ്യ വാല്യം വായിച്ചതു മുതൽ ദൈവത്തിന്റെ സ്പർശനം അനുഭവിക്കാൻ സാധിച്ചു. ആ പുസ്തകത്തിലൂടെ ദൈവം തന്റെ കണ്ണുകൾ തുറക്കുകയായിരുന്നു എന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.

“ആ വാക്കുകൾ എന്റെ ഹൃദയത്തെ സ്പർശിച്ച അനുഭൂതിയുണ്ടായി. അത് എന്താണെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല. യഥാർത്ഥത്തിൽ, അത് കൃപയാണെന്ന് എനിക്കറിയാം. എന്നെ സംബന്ധിച്ചിടത്തോളം ഈ വായനയിലൂടെ എന്റെ ലോകം തന്നെ മാറി, എന്റെ വിശ്വാസത്തിന്റെ ലോകം പല വർണ്ണങ്ങളാൽ നിറഞ്ഞു. അതുവരെ മഠത്തിലെ എന്റെ ജീവിതത്തെക്കുറിച്ച് എനിക്ക് വളരെ ബോധ്യമുണ്ടായിരുന്നു. എന്റെ വിശ്വാസം എനിക്ക് മതിയായതായിരുന്നു. എന്നാൽ മറ്റുള്ളവരെ വിശ്വാസത്തിൽ പ്രോത്സാഹിപ്പിക്കാനോ, എന്റെ വിശ്വാസം ബോധ്യപ്പെടുത്തുന്ന രീതിയിൽ കൈമാറാനോ എനിക്ക് കഴിഞ്ഞിരുന്നില്ല. ബെനഡിക്ട് പാപ്പായുടെ പുസ്തകം രണ്ടാം പ്രാവശ്യം വായിച്ചതിലൂടെ ഒരു കൃപയായിരുന്നു എനിക്ക് സമ്മാനിച്ചത്. അത് സ്ഥിരോത്സാഹമായിരുന്നു പ്രദാനം ചെയ്തത്” – സിസ്റ്റർ വ്യക്തമാക്കി.

‘പിതാവിനെപ്പോലെ സംലഭ്യമാക്കിയ സാമിപ്യം’

ബെനിഗാനിമിലെ കോൺവെന്റിലെ സന്യാസിനിയായ സിസ്റ്റർ ഫാബിയാനയ്ക്ക് ബെനഡിക്ട് മാർപാപ്പയെ നേരിട്ട് കാണാൻ കഴിഞ്ഞിരുന്നു. അഗസ്റ്റീനിയൻ ധ്യാനജീവിതം സ്വീകരിക്കുന്നതിനു മുമ്പ് ബ്രസീലിൽ സ്ഥാപിതമായ ഹോളി സ്പിരിറ്റ് കർമ്മലീറ്റ് മെസഞ്ചേഴ്‌സിന്റെ സഭയിൽ അംഗമായിരുന്നു ഈ സന്യാസിനി. അവിടെ വച്ചാണ് മാർപാപ്പയായിരുന്ന ബെനഡിക്ട് പതിനാറാമാനുമായി കണ്ടുമുട്ടുന്നത്.

“2007 ജൂൺ 17 -ന്, മാർപാപ്പ അസീസി (ഇറ്റലി) നഗരം സന്ദർശിച്ചു. അപ്പോൾ ഞാൻ രൂപതയുടെ ആർച്ചുബിഷപ്പ് ഡൊമെനിക്കോ സോറന്റിനോയെ സേവിക്കുന്ന സമൂഹത്തിന്റെ ഭാഗമായിരുന്നു. പരിശുദ്ധ പിതാവിന് ഒരു പിതൃതുല്യമായ സ്നേഹവും കരുതലുമായിരുന്നു ഉണ്ടായിരുന്നത്” -സിസ്റ്റർ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.