
2001 സെപ്റ്റംബർ 11-ന് വേൾഡ് ട്രേഡ് സെന്ററിലേക്ക് വിമാനം ഇടിച്ചുകയറുമ്പോൾ, സമീപത്തെ കെട്ടിടത്തിൽ ജോലി ചെയ്യുകയായിരുന്നു ജോസഫ് കോണർ. തീപിടിച്ച ടവറിൽ നിന്ന് മനുഷ്യർ താഴേക്ക് ചാടുന്നത് കണ്ടപ്പോൾ, അവിടെ ജോലി ചെയ്തിരുന്ന തന്റെ സഹോദരൻ സ്റ്റീവൻ ശ്ലാഗിനെക്കുറിച്ചുള്ള ഓർമ്മയിൽ അദ്ദേഹത്തിന്റെ ഉള്ളുപിടഞ്ഞു. “ദൈവമേ, നീ എന്തുകൊണ്ടാണ് ഇത് അനുവദിച്ചത്?” എന്ന് അന്ന് അദ്ദേഹം സ്വയം ചോദിച്ചു.
വർഷങ്ങൾക്ക് മുമ്പ് — 1975-ൽ — ന്യൂയോർക്കിലുണ്ടായ മറ്റൊരു ഭീകരാക്രമണത്തിൽ തന്റെ ഒൻപതാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ട ആളായിരുന്നു കോണർ. രണ്ടു വലിയ ദുരന്തങ്ങൾ നേരിടേണ്ടി വന്നിട്ടും ദൈവത്തിൽ നിന്ന് അകന്നുപോകാൻ അദ്ദേഹം തയ്യാറായില്ല. അമ്മയും മുത്തശ്ശിയും പകർന്നുനൽകിയ കത്തോലിക്കാ വിശ്വാസമാണ് തന്നെ താങ്ങിനിർത്തിയതെന്ന് അദ്ദേഹം പറയുന്നു. “വെറുപ്പോടെ വളരരുത് എന്ന് മുത്തശ്ശി എപ്പോഴും പഠിപ്പിച്ചിരുന്നു,” കോണർ ഓർക്കുന്നു.
ആക്രമണത്തിൽ കൊല്ലപ്പെട്ട സ്റ്റീവന്റെ സഹോദരി ജീൻ ശ്ലാഗ് നെബിയയും വിശ്വാസത്തിൽ ആശ്വാസം കണ്ടെത്തിയ വ്യക്തിയാണ്. “ഭീകരരുടെ തെറ്റായ തീരുമാനങ്ങളാണ് ഈ ദുരന്തത്തിന് കാരണമായത്, അതിന് ദൈവത്തെ കുറ്റപ്പെടുത്താനാവില്ല. മാസങ്ങളോളം ആക്രമണത്തിന്റെ വാർത്തകൾ കണ്ട് ഭയന്നു ജീവിച്ച തനിക്ക്, എല്ലാ ഉത്കണ്ഠകളും ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കുക എന്ന ചിന്തയാണ് മുന്നോട്ട് ജീവിക്കാൻ കരുത്ത് നൽകിയത്.” ജീൻ പറയുന്നു.
അതുപോലെ, നോർത്ത് ടവറിന്റെ 97-ാം നിലയിൽ ഉണ്ടായിരുന്ന ഭർത്താവ് പാട്രിക് മർഫിയെ നഷ്ടപ്പെട്ട വെരാ മർഫി ട്രെയ്‌നറും പ്രാർഥനയിലൂടെയാണ് ആഘാതത്തെ അതിജീവിച്ചത്. ഭർത്താവിന്റെ രക്ഷയ്ക്കായി ജപമാല ചൊല്ലി പ്രാർഥിച്ചെങ്കിലും അന്ന് ഉത്തരം ലഭിച്ചില്ല. എങ്കിലും ദൈവത്തിലുള്ള വിശ്വാസം ആ വേർപാടിനെ നേരിടാൻ അവരെ സഹായിച്ചു. പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും മധ്യസ്ഥത തേടിയാണ് അവർ കുടുംബത്തെ മുന്നോട്ട് നയിച്ചത്.
ദുരന്തം നടന്ന് വർഷങ്ങൾ പിന്നിടുമ്പോഴും, ആക്രമണം നടത്തിയവരോട് ക്ഷമിക്കുന്ന കാര്യത്തിൽ മനസ്സിൽ ചില പോരാട്ടങ്ങൾ നടക്കുന്നുണ്ടെന്ന് ജീൻ തുറന്നുപറയുന്നു. എങ്കിലും, ദൈവത്തിന്റെ വഴിയിൽ പ്രത്യാശ കണ്ടെത്തുകയാണ് ഇവർ. “സംഭവിച്ചതിന്റെ കാരണം പൂർണ്ണമായി മനസ്സിലായില്ലെങ്കിലും, ദൈവത്തിന് ഇതിലെല്ലാം ഒരു ലക്ഷ്യമുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു,” ജോസഫ് കോണർ പറയുന്നു.




