വിശുദ്ധരാകാൻ പ്രത്യേകസിദ്ധികളൊന്നും ആവശ്യമില്ലെന്നു തെളിയിച്ച വിശുദ്ധൻ

വലിയ വലിയ കാര്യങ്ങൾ ചെയ്താലേ ഒരു വലിയ വിശുദ്ധനാകാൻ കഴിയൂ എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ അതൊരു തെറ്റിധാരണയാണ്. ചെറിയ കാര്യങ്ങളിലൂടെയും വിശുദ്ധനാകാൻ കഴിയുമെന്ന് ജീവിതംകൊണ്ടു തെളിയിച്ച ഒരു വിശുദ്ധനുണ്ട്. മ്യൂടിയൻ മേരി ആണ് ആ എളിയ സഹോദരൻ. നിസ്സാരകാര്യങ്ങൾ ചെയ്തുകൊണ്ട് വിശുദ്ധിയിലേക്കു നടന്നടുത്ത അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ നമുക്കും കടന്നുപോകാം, ആ ജീവിതം മാതൃകയാക്കാം.

1841 മാർച്ച് 20-ന് ബെൽജിയത്തിലെ മെല്ലെറ്റ് എന്ന പ്രദേശത്താണ് ലൂയിസ് ജോസഫ് വാക്സ് ജനിച്ചത്. അടിയുറച്ച കത്തോലിക്കാവിശ്വാസവും ദൈവസ്നേഹവുമുള്ളവരായിരുന്നു മെല്ലെറ്റിലുള്ളവർ. കൊല്ലപ്പണിയായിരുന്നു അദ്ദേഹത്തിന്റെ അപ്പന്റെ ജോലി. ആ നാട്ടിലെ ഒരേയൊരു ചായക്കട നടത്തിയിരുന്നത് അമ്മയായിരുന്നു. അങ്ങനെയായിരുന്നു അവർ തങ്ങളുടെ ആറുമക്കളെയും വളർത്തിയത്. എല്ലാദിവസവും പരിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്ന അവർ ഒഴിവുകിട്ടുമ്പോഴെല്ലാം ജപമാല ചൊല്ലി പ്രാർഥിച്ചിരുന്നു.

ദൈവവിളി

മാതാപിതാക്കളുടെ, പ്രാർഥനയിലും കൂദാശകളിലും വേരൂന്നിയ ഈ ജീവിതം ലൂയിസ് ജോസഫിന് ഒരിക്കലുമൊരു ഭാരമായി തോന്നിയിരുന്നില്ല, മറിച്ച് ആനന്ദത്തിന്റെ ഉറവിടമായിരുന്നു. ഈശോയുടെ തിരുഹൃദയത്തോടും മാതാവിനോടും പ്രത്യേകഭക്തിയുണ്ടായിരുന്ന കുഞ്ഞുലൂയിസിനെ സ്കൂളിലെ കൂട്ടുകാരൊക്കെ വി. അലോഷ്യസ് ഗോൺസാഗ എന്നായിരുന്നു വിളിച്ചിരുന്നത്.

തന്റെ ജ്യേഷ്ഠന്മാർ ഈശോസഭക്കാരുടെ ജൂനിയറേറ്റിൽ പഠിച്ചിരുന്നതുകൊണ്ടായിരിക്കാം ലൂയിസ് ജോസഫിന് ഇശോസഭയിൽ ചേരണമെന്ന് വലിയ ആഗ്രഹമുണ്ടായി. എന്നാൽ ആ സഭയുടെ പരിശീലനത്തിന്റെ കാഠിന്യത്തെ അതിജീവിക്കാൻ സാധ്യതയില്ലെന്നുതോന്നിയ അദ്ദേഹത്തിന്റെ വികാരിയച്ചൻ ലൂയിസിനെ അതിൽനിന്നും പിന്തിരിപ്പിച്ചു. വിദ്യാഭ്യാസരംഗത്തുതന്നെ പ്രവർത്തിക്കുന്ന അവന്റെ കഴിവിനുയോജിക്കുന്ന ബ്രദേഴ്സ് ഓഫ് ദ ക്രിസ്റ്റ്യൻ സ്കൂൾ എന്ന മറ്റൊരു സമൂഹത്തിൽ ചേരാനായി അവനെ നയിച്ചു.

കഴിവില്ലാത്ത സഹോദരൻ

1856-ൽ ചിമേയിലെ നോവിഷ്യേറ്റിൽ ലൂയിസ് ജോസഫ് പ്രവേശിച്ചു. തുടർന്ന് ബ്രസ്സൽസിലെ സെന്റ് ജോർജ് കോളേജിൽ പരിശീലനം തുടർന്നു. 1859 സെപ്റ്റംബ‍ർ 11-ന് മലോൺസിൽനിന്ന് സെന്റ് ബെ‍ത്തൂയിൻ എന്ന സ്ഥലത്തേക്ക് അയയ്ക്കപ്പെട്ടു. പിന്നീട് മരണംവരെ അദ്ദേഹം അവിടെയാണ് ജീവിച്ചത്. സെപ്റ്റംബർ 14-ാം തീയതി ബ്രദർ മ്യൂടിയൻ മേരി എന്ന പേരിൽ 17-ാമത്തെ വയസ്സിൽ അദ്ദേഹം പ്രഥമവ്രതവാഗ്ദാനം ചെയ്തു.

ബ്രദേഴ്സ് ഓഫ് ദ ക്രിസ്റ്റ്യൻ സ്കൂൾ സമൂഹാംഗങ്ങൾ എല്ലാവരും അധ്യാപനത്തിലാണ് ഏർപ്പെട്ടിരുന്നത്. തീരെ പാവപ്പെട്ട വിദ്യാർഥികളെയാണ് അവർ സഹായിച്ചിരുന്നത്. പ്രാഥമികവിദ്യാഭ്യാസം നല്കുന്ന സ്കൂളാണെങ്കിലും അവിടെയും പഠിപ്പിക്കാനുള്ള കഴിവ് ബ്രദർ മ്യൂടിയൻ മേരിക്കില്ലെന്ന് അധികാരികൾ മനസ്സിലാക്കി. അവരുടെ സമൂഹത്തിലെ അംഗങ്ങൾക്ക് അനിവാര്യമായ അടിസ്ഥാനകഴിവുകൾ പോലുമില്ലാത്ത ബ്രദർ മ്യൂടിയൻ മേരിയെ പറഞ്ഞുവിടാൻ അധികാരികൾ ചിന്തിച്ചു. എന്നാൽ ബ്രദറിന്റെ സങ്കടംകണ്ട് അലിവുതോന്നിയ അധ്യാപകരിലൊരാൾ അദ്ദേഹത്തെ തങ്ങളുടെ സമൂഹത്തിൽ തുടരാൻ അനുവദിക്കണമെന്നു വാദിച്ചു.

അവാച്യമായ സന്നദ്ധത

അക്കാദമിക് വിഷയങ്ങൾ പഠിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ആർട്ട് പഠിക്കാനുള്ള കഴിവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സംഗീതം പഠിക്കാൻ അധികാരികൾ അദ്ദേഹത്തോടു ആവശ്യപ്പെട്ടു. ആ ഒരു വെല്ലുവിളി ഏറ്റെടുത്ത ബ്രദർ മ്യൂടിയൻ മേരി, കഠിനാധ്വാനത്തിലൂടെ സംഗീതം സ്വായത്തമാക്കി. കൂടാതെ ഹാ‌ർമോണിയം, ഓർഗൻ, മറ്റു സംഗീതോപകരണങ്ങൾ എന്നിവ പഠിച്ചെടുത്ത അദ്ദേഹം സ്കൂളിലെ ഗായകസംഘത്തിന്റെ നേതൃത്വവും ഏറ്റെടുത്തു.

വേദപാഠം പഠിപ്പിക്കാനുള്ള അനുവാദവും അദ്ദേഹത്തിനു നല്കപ്പെട്ടു. അതിൽ വളരെയധികം പ്രഗത്ഭനായിരുന്ന അദ്ദേഹം ആഴ്ചയിൽ രണ്ടുദിവസം വേദപാഠക്ലാസ്സുകൾ എടുക്കാനായി ഗ്രാമങ്ങളിൽ പോയിരുന്നു. അതോടൊപ്പം നിർധനരായ കുട്ടികളെ തനിക്കറിയാവുന്ന രീതിയിൽ ട്യൂഷൻ പഠിപ്പിക്കുകയും ചെയ്തു.

എപ്പോഴും പ്രാർഥനാനിരതനായ സഹോദരൻ

തങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ചുള്ള ഒരാളായിരുന്നില്ല ബ്രദർ മ്യൂടിയൻ മേരി എങ്കിലും അധികാരികളോടും അവരുടെ നിർദേശങ്ങളോടുമുള്ള അദ്ദേഹത്തിന്റെ വിധേയത്വവും അനുസരണവും അവരെ അത്ഭുതപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ സഹപാഠികളിലൊരാൾ പറയുന്നത് ഇപ്രകാരമാണ്: “സഭയുടെ നിയമാവലിയെടുത്ത് ഇഴകീറി പരിശോധിച്ചാലും ബ്രദർ മ്യൂടിയൻ മേരി പാലിച്ചിട്ടില്ലാത്ത ഒരു നിയമംപോലും കണ്ടെത്താൻ കഴിയില്ല. അക്കാര്യം അതിൽത്തന്നെ എത്ര മഹനീയമാണ്.”

താൻ മറ്റുള്ളവരെപ്പോലെ സ്കൂളിലെ അധ്യാപനത്തിൽ ഏർപ്പെട്ടിട്ടില്ല എന്നതിനാൽ തനിക്ക് ഒഴിവുസമയം കൂടുതലുണ്ട് എന്നുപറഞ്ഞ് എപ്പോഴും പ്രാർഥനയിലായിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. അത് തിരച്ചറിഞ്ഞ കുട്ടികൾ ‘എപ്പോഴും പ്രാർഥിക്കുന്ന ബ്രദർ’ എന്ന് അദ്ദേഹത്തെ വിളിച്ചിരുന്നു.

ഭക്തനായ ഈ ബ്രദർ നിരവധി മണിക്കൂറുകൾ ദിവ്യകാരുണ്യസന്നിധിയിൽ ചെലവഴിച്ചിരുന്നു. എണ്ണമില്ലാത്തവിധം ജപമാലകൾ ചൊല്ലിയിരുന്നു. സ്നേഹംപൂർവം തങ്ങളുടെ ജോലികൾ ചെയ്യുകയും അവയോടൊപ്പം ഒരുമണിക്കൂർ സമയമെങ്കിലും തിരുഹൃദയത്തിനു സമർപ്പിക്കുകയും ചെയ്തിരുന്ന ഗാർഡ് ഓഫ് ഓണർ എന്ന സംഘടനയിലും അദ്ദേഹം അംഗമായിരുന്നു.

അദ്ദേഹത്തിന്റെ നിരന്തരമായ പ്രാർഥനയുടെ ഫലപ്രാപ്തി തിരച്ചറിഞ്ഞ് അനേകം ആളുകൾ തങ്ങളുടെ നിയോഗങ്ങളുമായി അദ്ദേഹത്തെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രാർഥനയ്ക്ക് ദൈവം വേഗം ഉത്തരം നല്കുമെന്ന വിശ്വാസം ജനങ്ങൾക്കിടയിലുണ്ടായി. തന്റെ അന്തിമനാളുകളിൽ അദ്ദേഹം പറയുമായിരുന്നു: “എപ്പോഴും മാതാവിന്റെ ചാരെ ആയിരിക്കാനായി, എന്റെ കൂടെ എപ്പോഴും ഉണ്ടാകണമേയെന്ന് മാതാവിനോടു ഞാൻ പ്രാർഥിക്കുമായിരുന്നു. മാതാവ് എന്റെ യാചന സാധിച്ചുതന്നു.” അനേകർക്ക് കൃപയുടെ ധാരാളം ഫലങ്ങൾ സമ്മാനിച്ച അദ്ദേഹത്തിന്റെ നിരന്തരമായ പ്രാർഥനയുടെ രഹസ്യം ഇതായിരുന്നു.

മഹത്വത്തിന്റെ കാലം

1912 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങി. എല്ലാ ചുമതലകളിൽനിന്നും അദ്ദേഹത്തെ സമൂഹം സ്വതന്ത്രമാക്കി. പ്രാർഥന മാത്രമായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. 1917 ആരംഭമായപ്പോഴേക്കും കഠിനമായ തണുപ്പ് ബ്രദർ മ്യൂടിയൻ മേരിയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചു. മരണദിവസം തന്റെ കുമ്പസാരക്കാരനോട് അദ്ദേഹം പറഞ്ഞു: “മാതാവിനോടുള്ള ഭക്തി നിരന്തരം കാത്തുസൂക്ഷിച്ച ഒരാൾക്ക്, മരണത്തിന്റെ മുഖത്തു നിൽക്കുമ്പോഴും അത് എത്രയധികം ആനന്ദം പകരുന്നു.” ജനുവരി 30-ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

വളരെ സാധാരണമായ രീതിയിലായിരുന്നു ബ്രദർ മ്യൂടിയൻ മേരിയുടെ മൃതസംസ്കാരശുശ്രൂഷകൾ നടന്നത്. എന്നാൽ അദ്ദേഹത്തിന്റെ കബറിടത്തിലേക്കുള്ള ഭക്തജനപ്രവാഹംമൂലം 1926 ആയപ്പോഴേക്കും കല്ലറ മാറ്റിപ്പണിയേണ്ടതായി വന്നു. രോഗശാന്തിയുടെയും അത്ഭുതങ്ങളുടെയും വാർത്തകൾ ധാരാളം കേട്ടുതുടങ്ങി. 1989 ബ്രദർ മ്യൂടിയൻ മേരിയെ വിശുദ്ധരുടെ ഗണത്തിലേക്ക് തിരുസഭയുയർത്തി.

വിശുദ്ധരാകാൻ അസാധാരണമായ കഴിവുകൾ വേണമെന്നും അസാധാരണമായ കാര്യങ്ങൾ ചെയ്യണമെന്നുമൊക്കെ ചിന്തിക്കുന്നവർക്കുള്ള ഒരു തിരുത്തുകൂടിയാണ് ഈ വിശുദ്ധൻ. തീരെ നിസ്സാരമായ കാര്യങ്ങൾ വിശ്വസ്തതയോടും സ്നേഹത്തോടും ചെയ്തുകൊണ്ട് നിരന്തരമായ പ്രാർഥനയിലൂടെ ദൈവത്തോടു ചേർന്നുജീവിച്ച ബ്രദർ മ്യൂടിയൻ മേരി ഈ കാലഘട്ടത്തിൽ നമുക്ക് അനുകരണീയമായ മാതൃകയാണ്.

ഫാ. റോണി കിഴക്കേടത്ത് കപ്പൂച്ചിൻ

ഫാ. റോണി കിഴക്കേടത്ത് കപ്പൂച്ചിൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.