കടുത്ത പോഷകാഹാരക്കുറവിനെ അതിജീവിച്ച് ഗാസയിലെ കുഞ്ഞുങ്ങൾ: ആശങ്ക തുടരുന്നുവെന്ന് ഡോക്ടർമാർ

“നിങ്ങൾ ഭക്ഷണം എത്തിച്ചാൽ അവർ വളരും. അല്ലാതെ ആ റിപ്പോർട്ട് എത്രകാലം നീളും എന്ന് ഞങ്ങൾക്ക് അറിയില്ല”- അന്താരാഷ്ട്ര ജീവകാരുണ്യ മെഡിക്കൽ സംഘടനയായ ‘മെഡ്ഗ്ലോബൽ’ സംഘടനയുടെ സഹസ്ഥാപകനും ഗാസയിൽ സേവനം ചെയ്യുന്ന ഡോക്ടറുമായ ഡോ. ജോൺ കാഹ്‌ലർ പറയുന്നു. യുദ്ധക്കെടുതിയും കടുത്ത പട്ടിണിയും മൂലം വലഞ്ഞ ഗാസയിലെ കുട്ടികളുടെ ആരോഗ്യനിലയിൽ ആശ്വാസകരമായ മാറ്റങ്ങൾ വരുന്നതായുള്ള റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മെഡ്ഗ്ലോബൽ ഒക്ടോബർ 13-ന് പുറത്തുവിട്ട ‘സഹായം അവരിലേക്ക് എത്തി; അവർ സുഖം പ്രാപിച്ചു’ (Aid Reached Them. They Recovered) എന്ന റിപ്പോർട്ടിലാണ് ആശ്വാസകരമായ കണക്കുകൾ ഉള്ളത്.

സംഘടന നടത്തിയ കണ്ടെത്തലിൽ ഗാസയിലെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ തീവ്രമായ പോഷകാഹാരക്കുറവ് പകുതിയായി കുറഞ്ഞിട്ടുണ്ട്. എന്നാൽ, നിലവിലെ ഈ ആശ്വാസം ശാശ്വതമല്ലെന്നും ഏത് നിമിഷവും സ്ഥിതിഗതികൾ വീണ്ടും വഷളാകാമെന്നുമാണ് ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും ആശങ്കപ്പെടുന്നത്.

വെടിനിർത്തൽ കരാറിനെ തുടർന്ന് കൂടുതൽ സഹായങ്ങൾ എത്തിക്കാൻ സാധിച്ചതാണ് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ പുരോഗതി ഉണ്ടാകാൻ കാരണമായത്. 2025 ജൂലൈയിൽ 16.8 ശതമാനമായിരുന്ന തീവ്രമല്ലാത്ത പോഷകാഹാരക്കുറവ് 2026 ജൂലൈ ആയപ്പോൾ 8.4 ശതമാനമായി കുറഞ്ഞു. ഗുരുതരമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ നിരക്കാകട്ടെ 6.8 ശതമാനത്തിൽ നിന്ന് 2.1 ശതമാനമായും കുറഞ്ഞിട്ടുണ്ട്. ഗാസയിലെ വിവിധ ക്യാമ്പുകളിലും ക്ലിനിക്കുകളിലും എത്തിയ ആയിരക്കണക്കിന് കുട്ടികളുടെ കണക്കുകൾ വിലയിരുത്തിയാണ് ഈ പഠനം അവർ തയ്യാറാക്കിയത്.

പോഷകാഹാരക്കുറവ് പരിഹരിക്കപ്പെട്ടെങ്കിലും നവജാത ശിശുക്കളുടെയും ഗർഭിണികളുടെയും ആരോഗ്യസുരക്ഷ ഇനിയും ഉറപ്പാക്കപ്പെട്ടിട്ടില്ല. കൂടാതെ, അടിയന്തര ചികിത്സ ആവശ്യമുള്ള പരിക്കേറ്റവരും മറ്റ് ഗുരുതര രോഗബാധിതരുമായ നിരവധി പേർ ഗാസയ്ക്ക് പുറത്തുപോലും ചികിത്സ കിട്ടാതെ കഷ്ടപ്പെടുന്നുണ്ട് എന്നതാണ് വാസ്തവം.

നാല് പതിറ്റാണ്ടിലേറെയായി ശിശുരോഗ വിദഗ്ദ്ധനായി സേവനമനുഷ്ഠിച്ച കാഹ്‌ലർ, സിറിയയിലെ അലെപ്പോയിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ശേഷമാണ് സഹ്ലൂളുമായി ചേർന്ന് ‘മെഡ്ഗ്ലോബൽ’ സ്ഥാപിച്ചത്. 18 വർഷത്തോളം കത്തോലിക്കാ സ്കൂളുകളിൽ വിദ്യാഭ്യാസം നേടിയ ഈ കത്തോലിക്കാ വിശ്വാസി, ജീവകാരുണ്യ പ്രവർത്തനങ്ങളോടുള്ള തന്റെ പ്രതിബദ്ധതയ്ക്ക് കാരണം ചെറുപ്പകാലത്ത് പഠിച്ച സാമൂഹിക നീതിയെക്കുറിച്ചുള്ള പ്രബോധനങ്ങൾ ആണെന്ന് ചൂണ്ടിക്കാണിക്കുന്നു. “ഇവിടെ പുരോഗതിയുണ്ട്. പക്ഷേ വലിയ തോതിലുള്ള കുറവുകളും ഉണ്ട്. പലപ്പോഴും ആളുകൾ ചികിത്സയ്ക്കായി കാത്തിരുന്നു മരിക്കുകയാണ്”- മെഡ്ഗ്ലോബലിന്റെ പ്രസിഡന്റും സഹസ്ഥാപകനുമായ ഡോ. സഹ്ലൂൾ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.