
വർഷങ്ങളായി കാത്തുസൂക്ഷിച്ച ഒരു ബന്ധത്തിൽ വിള്ളലുണ്ടാകാൻ ഒരു നിമിഷത്തെ ദേഷ്യം മതി. ദേഷ്യത്തിൽ പറയുന്ന ചില വാക്കുകൾ പിന്നീട് എത്ര ക്ഷമ ചോദിച്ചാലും മറ്റൊരാളുടെ മനസ്സിൽ മുറിവായി അവശേഷിച്ചേക്കാം. വീട്ടിലായാലും ജോലിസ്ഥലത്തായാലും സുഹൃത്തുക്കൾക്കിടയിലായാലും ദേഷ്യം പലപ്പോഴും പ്രശ്നങ്ങൾ വലുതാക്കുന്നു. ദേഷ്യം വരുന്നത് സ്വാഭാവികമാണ്. എന്നാൽ ആ ദേഷ്യം എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതാണ് പ്രധാനം. ദേഷ്യത്തെ നിയന്ത്രിക്കാനും പ്രിയപ്പെട്ടവരുമായുള്ള ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന ഏഴ് ലളിതമായ വഴികൾ ഇതാ.
1. പെട്ടെന്ന് പ്രതികരിക്കാതിരിക്കാം
ദേഷ്യം വരുമ്പോൾ ഉടൻ മറുപടി പറയാൻ തോന്നും. എന്നാൽ ആ സമയത്ത് പറയുന്ന വാക്കുകൾ പലപ്പോഴും പിന്നീട് നമ്മളെത്തന്നെ വിഷമിപ്പിക്കും. അതിനാൽ ദേഷ്യം തോന്നുമ്പോൾ അൽപ്പനേരം നിശ്ശബ്ദത പാലിക്കുക. ആഴത്തിൽ ശ്വാസമെടുക്കുക, പത്തുവരെ എണ്ണുക. മനസ്സ് ശാന്തമായശേഷം മാത്രം സംസാരിക്കുക. ഓർക്കുക, ചിലപ്പോൾ മൗനമാണ് ഏറ്റവും നല്ല മറുപടി.
2. കുറ്റപ്പെടുത്താതെ കാര്യം പറയാം
“നിനക്ക് എന്നെക്കുറിച്ച് ഒരു ചിന്തയുമില്ല” എന്നുപറയുന്നത് തർക്കം കൂട്ടാനേ സഹായിക്കൂ. പകരം, “അങ്ങനെ സംഭവിച്ചപ്പോൾ എനിക്ക് വിഷമമായി” എന്നു പറയാം. മറ്റുള്ളവരെ കുറ്റപ്പെടുത്താതെ സ്വന്തം വിഷമം തുറന്നുപറയുമ്പോൾ അവർക്ക് നമ്മളെ മനസ്സിലാക്കാൻ എളുപ്പമാകും. ദേഷ്യത്തോടെ സംസാരിക്കുന്നതിനുപകരം ശാന്തമായി സംസാരിക്കാൻ ശ്രമിക്കുക.
3. മറ്റുള്ളവരുടെ ഭാഗവും കേൾക്കാം
തർക്കത്തിനിടയിൽ സ്വന്തം ഭാഗം മാത്രം ശരിയാണെന്ന് തെളിയിക്കാനായിരിക്കും പലരുടെയും ശ്രമം. എന്നാൽ ബന്ധങ്ങളിൽ നമ്മുടെ വാക്കുകൾക്ക് മാത്രമല്ല, മറ്റുള്ളവരുടെ വാക്കുകൾക്കും വിലയുണ്ട്. അവർ പറയുന്നത് ശ്രദ്ധയോടെ കേൾക്കുക. അവരുടെ ഭാഗത്തും ചില വിഷമങ്ങളുണ്ടാകാം. എല്ലാത്തിനോടും യോജിക്കണമെന്നില്ലെങ്കിലും പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കാം. തർക്കത്തിൽ ജയിക്കുന്നതിനേക്കാൾ ബന്ധം കാത്തുസൂക്ഷിക്കുന്നതാണ് പ്രധാനം.
4. ദേഷ്യം കൂടുമ്പോൾ അൽപ്പനേരം മാറിനിൽക്കാം
സംസാരിച്ചാൽ തർക്കം കൂടുമെന്ന് തോന്നുന്നുണ്ടോ? എങ്കിൽ അൽപ്പനേരം മാറിനിൽക്കുക. കുറച്ചുനേരം നടക്കുകയോ ശാന്തമായ ഒരിടത്ത് ഇരിക്കുകയോ ചെയ്യാം. “എനിക്ക് ഇപ്പോൾ ദേഷ്യമുണ്ട്. കുറച്ചുകഴിഞ്ഞ് നമുക്ക് സംസാരിക്കാം” എന്ന് മറ്റുള്ളവരോട് പറയുക. മനസ്സ് ശാന്തമായശേഷം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുക. മാറിനിൽക്കുന്നത് പ്രശ്നത്തിൽനിന്ന് ഓടിയൊളിക്കാനല്ല, അത് നല്ല രീതിയിൽ പരിഹരിക്കാനാണ്.
5. സ്വന്തം മനസ്സിന്റെ സമ്മർദം കുറയ്ക്കാം
ക്ഷീണം, ഉറക്കക്കുറവ്, ജോലിഭാരം, മാനസിക സമ്മർദം എന്നിവ ചെറിയ കാര്യങ്ങൾക്കുപോലും ദേഷ്യം തോന്നാൻ കാരണമാകാം. അതിനാൽ സ്വന്തം ആരോഗ്യവും മനസ്സിന്റെ സമാധാനവും ശ്രദ്ധിക്കുക. ദിവസവും കുറച്ചുനേരം നടക്കുക, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക, ആവശ്യത്തിന് ഉറങ്ങുക. ഏതൊക്കെ സാഹചര്യങ്ങളിലാണ് കൂടുതൽ ദേഷ്യം വരുന്നതെന്ന് തിരിച്ചറിയുന്നതും നല്ലതാണ്. സ്വന്തം മനസ്സിനെ മനസ്സിലാക്കുമ്പോൾ ദേഷ്യം നിയന്ത്രിക്കാനും എളുപ്പമാകും.
6. തെറ്റുപറ്റിയാൽ ക്ഷമ ചോദിക്കാം
ദേഷ്യത്തിൽ പറഞ്ഞ വാക്കുകൾ മറ്റൊരാളെ വേദനിപ്പിച്ചാൽ അത് സമ്മതിക്കാൻ മടിക്കരുത്. “ഞാൻ പറഞ്ഞത് തെറ്റായിപ്പോയി, ക്ഷമിക്കണം” എന്നൊരു വാക്കിന് വലിയ വിലയുണ്ട്. ക്ഷമ ചോദിക്കുന്നത് തോൽവിയല്ല; ബന്ധത്തിന് പ്രാധാന്യം നൽകുന്നതാണ്. എന്നാൽ ക്ഷമ ചോദിക്കുന്നതോടൊപ്പം തെറ്റ് ആവർത്തിക്കാതിരിക്കാനും ശ്രമിക്കണം. ആത്മാർഥമായ ഒരു ക്ഷമാപണം അകന്നുപോയ മനസ്സുകളെ വീണ്ടും അടുപ്പിച്ചേക്കാം.
7. പഴയ തെറ്റുകൾ മനസ്സിൽ സൂക്ഷിക്കാതിരിക്കാം
ഒരാൾ മുൻപ് ചെയ്ത തെറ്റ് ഓരോ തർക്കത്തിലും ഓർമിപ്പിക്കുന്നത് ബന്ധങ്ങളിൽ അകൽച്ചയുണ്ടാക്കും. കഴിയുന്നിടത്തോളം പഴയ വിഷമങ്ങൾ വിട്ടുകളയാനും ക്ഷമിക്കാനും പഠിക്കുക. ക്ഷമിക്കുക എന്നത് തെറ്റുകളെ ന്യായീകരിക്കലല്ല; അവയുടെ പേരിൽ മനസ്സിൽ ദേഷ്യം വളർത്തിക്കൊണ്ടിരിക്കാതിരിക്കലാണ്. അതേസമയം, തുടർച്ചയായി വേദനിപ്പിക്കുന്ന പെരുമാറ്റം സഹിച്ചുകൊണ്ടിരിക്കേണ്ടതില്ല. പരസ്പര ബഹുമാനവും വ്യക്തമായ അതിരുകളും ബന്ധങ്ങളിൽ ആവശ്യമാണ്.
ദേഷ്യത്തെക്കാൾ വലുതാകട്ടെ സ്നേഹം
ദേഷ്യം വരുന്നത് സ്വാഭാവികമാണെങ്കിലും അത് വിവേകത്തോടെ കൈകാര്യം ചെയ്യാൻ പഠിക്കണം. ചിന്തിച്ചശേഷം സംസാരിക്കാനും മറ്റുള്ളവരെ മനസ്സിലാക്കാനും തെറ്റുപറ്റുമ്പോൾ ക്ഷമ ചോദിക്കാനും കഴിയുന്നത് ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കും. നമ്മുടെ വാക്കുകളും പ്രവൃത്തികളും മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിക്കുന്നതിനു പകരം സ്നേഹവും ആശ്വാസവും പകരുന്നവയാകട്ടെ.
ദേഷ്യം നിയന്ത്രിക്കാൻ തുടർച്ചയായ പരിശ്രമം ആവശ്യമാണ്. അത് ജീവിതത്തെയും ബന്ധങ്ങളെയും സാരമായി ബാധിക്കുന്നുണ്ടെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നതും നല്ലതാണ്. ഒരു നിമിഷത്തെ ദേഷ്യത്തേക്കാൾ വിലപ്പെട്ടതാണ് വർഷങ്ങളിലൂടെ വളർന്നുവന്ന സ്നേഹബന്ധങ്ങൾ. ആ സ്നേഹം കാത്തുസൂക്ഷിക്കാൻ ദേഷ്യത്തേക്കാൾ വലുതാകട്ടെ നമ്മുടെ ക്ഷമയും വിവേകവും സ്നേഹവും.
വിവർത്തനം: ഡിൻസി തോമസ്




