
യു. എൻ. സുരക്ഷാ കൗൺസിലിൽ താൻ അനുഭവിച്ച അതിക്രൂരമായ പീഡനത്തിന്റെ അനുഭവം വെളിപ്പെടുത്തി, ഹമാസിന്റെ, 55 ദിവസത്തെ തടങ്കലിൽനിന്നും മോചിപ്പിക്കപ്പെട്ട മുൻബന്ദിയായ അമിത് സൂസാന. തെക്കൻ ഇസ്രായേലിലെ കിബ്ബട്ട്സ് ക്ഫാർ ആസയാണ് സൂസാനയുടെ സ്വദേശം. ഹമാസ് തടവിൽ തുടരുന്നവരെ മോചിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്നും അമിത് സൂസാന കൗൺസിലിനു മുൻപാകെ ആവശ്യപ്പെട്ടു.
“തടങ്കലിൽ, മറ്റു ബന്ദികളിൽനിന്നു മാറ്റി ഒറ്റയ്ക്കായിരുന്നു എന്നെ പാർപ്പിച്ചിരുന്നത്. കണങ്കാലിൽ ചങ്ങലകൊണ്ട് ബന്ധിച്ച് അനങ്ങാൻകഴിയാതെ കിടന്നിരുന്ന ഞാൻ ഓരോ തവണയും ബാത്ത്റൂം ഉപയോഗിക്കാൻ യാചിക്കണമായിരുന്നു. എന്നെ ഐസൊലേഷനിൽ പാർപ്പിച്ച അപ്പാർട്ട്മെന്റിൽ എനിക്ക് കാവൽനിന്ന ഹമാസ് ഭീകരൻ എന്നെ ലൈംഗികമായി പീഡിപ്പിച്ചു.”
ഒരു ദിവസം തോക്കിൻമുനയിൽ നിർത്തി അയാൾ എന്നെ ഷവറിൽ കയറ്റി. അയാളുടെ കനത്ത ശ്വാസോച്ഛ്വാസവും ഇരയെ കിട്ടിയതുപോലുള്ള നോട്ടവും ഭയപ്പെടുത്തുന്നതായിരുന്നു. അയാളുടെ ഉദ്ദേശ്യം എന്താണെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു. എന്നിട്ടും അത് തടയാൻ എനിക്ക് കഴിഞ്ഞില്ല; കാരണം, എനിക്ക് അതിനുള്ള ശക്തിയില്ലായിരുന്നു. ഒറ്റയ്ക്കു പാർപ്പിച്ചിരുന്ന എന്നെ ആശ്വസിപ്പിക്കാൻ ആരുമില്ലായിരുന്നു. ഇതിനെല്ലാംപുറമെ ഏറ്റവും ഭയാനകമായ രീതിയിൽ എന്നെ പീഡിപ്പിച്ച ആ മനുഷ്യനോട് ഞാൻ നന്നായി ‘പെരുമാറേണ്ടിയും’ വന്നു” – സൂസാന നെടുവീർപ്പോടെ വെളിപ്പെടുത്തി.
“കുറച്ചു ദിവസങ്ങൾക്കുശേഷം എന്നെ മറ്റു ഹമാസ് ഭീകരർ നിരീക്ഷിക്കുന്ന പുതിയ ഒരു സ്ഥലത്തേക്കു മാറ്റി. ഭയമുണ്ടായിരുന്നിട്ടും എന്നെ ആക്രമിച്ച തീവ്രവാദിയുടെ അടുത്തുനിന്നും മാറിയതിൽ ആശ്വാസം തോന്നി. ഇനിയും താമസിച്ചിരുന്നെങ്കിൽ അയാൾ അത് വീണ്ടും ചെയ്യുമായിരുന്നു. എന്നാൽ, പുതിയ സ്ഥലത്ത് ഞാൻ ശാരീരികമായി പീഡിപ്പിക്കപ്പെട്ടു. തലകീഴായി തൂക്കിയിട്ടു മർദിക്കുകയും അപമാനിക്കുകയും ചെയ്തു. ഓരോ നിമിഷവും എന്റെ ജീവനെക്കുറിച്ചോർത്ത് എനിക്ക് പേടിയായിരുന്നു.
ഇതിനുശേഷം ഞങ്ങൾ ബന്ദികൾ പരസ്പരം പ്രതിജ്ഞയെടുത്തു. ഞങ്ങളിൽ ഒരാളെ എപ്പോഴെങ്കിലും മോചിപ്പിച്ചാൽ മറ്റുള്ളവരുടെ മോചനത്തിനായി പോരാടുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലായെന്ന്. എന്റെ അനുഭവം പങ്കുവച്ചുകൊണ്ട് ആ വാഗ്ദാനം ഇന്ന് ഞാൻ നിറവേറ്റുകയാണ്. ഞാൻ അനുഭവിച്ച ക്രൂരതയെക്കുറിച്ച് എനിക്ക് മിണ്ടാതിരിക്കാൻ കഴിയില്ല. ഇത് ഞാൻ നൽകിയ വാഗ്ദാനത്തിന്റെ പേരിലല്ല, മറിച്ച് 384 ദിവസമായി ഗാസയിൽ ഇപ്പോഴും ക്രൂരതകൾ അനുഭവിക്കുന്ന ബന്ദികളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്കതിന് സാധിക്കില്ല” – ഇവർ പറയുന്നു
“ഇന്ന് ഈ യു. എൻ. സുരക്ഷാസമിതിക്കു മുന്നിൽനിന്ന്, നിങ്ങളുടെ കടമ നിറവേറ്റാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്. തടവിൽ കഴിയുന്നവരുടെ മോചനം ഉറപ്പാക്കാൻ ഉടനടി പ്രവർത്തിക്കുക. കടന്നുപോകുന്ന ഓരോ ദിവസവും അവരെ മാനസികമായി കൂടുതൽ ഉപദ്രവിക്കുകയും അവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യും. ഇനിയും വൈകുന്നതിനുമുമ്പ് അവരെ മോചിപ്പിക്കണം” – സൂസാന യാചനയോടെ പറഞ്ഞുനിർത്തി.




