
യേശുവിന് ജനത്തോട് അനുകമ്പ തോന്നി എന്നാണ് തിരുവചനം (9:36). യഥാര്‍ഥത്തില്‍ അവന്റെ പ്രവര്‍ത്തനങ്ങളുടെയും പഠനത്തിന്റെയും അടിസ്ഥാനഘടകം ഈ കരുണയാണ്; ഇതാണ് എല്ലാ ബലിയേക്കാളും പ്രധാനപ്പെട്ടതെന്നും അവന്‍ പഠിപ്പിക്കുന്നുണ്ട് (9:13). അന്ധര്‍ക്ക് കാഴ്ച നല്‍കുന്നതും ഊമന് സംസാരശക്തി നൽകുന്നതുമെല്ലാം അവിടുത്തെ കരുണയുടെ അടയാളങ്ങളാണ്. ജനത്തോട് കരുണ തോന്നിയ യേശു ശിഷ്യന്മാരോട് പറയുന്നത്, വിളഭൂമിയിലേക്ക് വേലക്കാരെ അയയ്ക്കാന്‍ വിളവിന്റെ നാഥനോട് പ്രാര്‍ഥിക്കുവിന്‍ എന്നാണ്.
ഇന്നത്തെ ശിഷ്യരായ നമ്മോടും യേശു ആവശ്യപ്പെടുന്നത് ഇതു തന്നെയാണ്. വിളവെടുപ്പ് എന്നത്തെയുംപോലെ വലുതാണ്. സാങ്കേതികമായി, ലോകത്തിന് വലിയ കുതിച്ചുചാട്ടമുണ്ടായിട്ടും ആളുകൾ അസ്വസ്ഥരും വേദന നിറഞ്ഞവരുമായി തുടരുന്നു. വിളഭൂമിയിലേക്ക് വേലക്കാരെ ഇപ്പോഴും ആവശ്യമാണ്. മാമ്മോദീസ സ്വീകരിച്ച എല്ലാവരും ഏതെങ്കിലും വിധത്തിൽ വിളവെടുപ്പുകാരാകാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ്. ദൈവം യേശുവിലൂടെ നൽകുന്ന സത്യവും സ്നേഹവും കണ്ടെത്താനും അനുഭവിക്കാനും ആളുകളെ സഹായിക്കാൻ ഓരോ ക്രിസ്ത്യാനിക്കും കടപ്പാടുണ്ട്. എന്നുവച്ചാൽ, ദൈവരാജ്യപ്രഘോഷണത്തിൽ നാം ഓരോരുത്തരും നമ്മളാലാവും വിധത്തിൽ പങ്കുകാരാകണം എന്നർഥം.
ഫാ. ജി. കടൂപ്പാറയിൽ MCBS




