മനക്കരുത്തിന്റെ മാരത്തൺ: പ്രതിസന്ധികളെ ഓടിത്തോൽപിച്ച വയനാട്ടുകാരുടെ ‘സൂപ്പർ ഹീറോ’

സുനിഷ വി.എഫ്

65-ാം വയസ്സിലും പ്രായത്തെയും പ്രതിസന്ധികളെയും നിശ്ചയദാർഢ്യം കൊണ്ട് കീഴടക്കി ഹിമാലയൻ മാരത്തണിൽ പുതിയ റെക്കോർഡോടെ സ്വർണ്ണമെഡൽ നേടിയ വയനാട് സ്വദേശി തോമസ് പി. സി. എന്ന ‘അദ്ഭുത ഓട്ടക്കാരൻ’! കുടുംബം പുലർത്താനായി അമ്പതാം വയസ്സിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയിൽ ആരോഗ്യസംരക്ഷണത്തിനായി തുടങ്ങിയ നടത്തം പിന്നീട് നൂറിലധികം മെഡലുകൾ സമ്മാനിച്ച മാരത്തൺ ആവേശമായി മാറുകയായിരുന്നു. കടുത്ത സാമ്പത്തിക പരിമിതികൾക്കിടയിലും കഴുത്തിലണിഞ്ഞ ജപമാലയും താൻ ഡ്രൈവറായി ജോലി ചെയ്യുന്ന സ്പെഷ്യൽ സ്കൂളിലെ കുരുന്നുകളുടെ നിഷ്കളങ്കമായ പ്രാർഥനയുമാണ് ഇദ്ദേഹത്തിന് ആത്മീയ കരുത്ത് പകരുന്നത്. തോമസ് ഓടിക്കയറുന്നത് പ്രതീക്ഷയോടെ സ്വപ്‌നം കാണുവാൻ ആഗ്രഹിക്കുന്ന അനേകരുടെ ഹൃദയങ്ങളിലേക്കാണ്. തുടർന്ന് വായിക്കുക.

ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസും (ITBP) ഉത്തരാഖണ്ഡ് സർക്കാരും സംയുക്തമായി സംഘടിപ്പിച്ച ഹിമാലയൻ മാരത്തണിൽ ചരിത്രനേട്ടം കുറിച്ച് മലയാളി തിളക്കം! സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിലുള്ള, ഹിമാലയത്തിന്റെ ചെങ്കുത്തായ താഴ്വരയിലൂടെ 42 കിലോമീറ്റർ ഓടിയെത്തുക എന്നത് ഏതൊരു കായികതാരത്തിനും വലിയൊരു വെല്ലുവിളിയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തോളം പേർ പങ്കെടുത്ത ഈ കഠിനമായ മത്സരത്തിൽ, കേരളത്തിൽ നിന്ന് പങ്കെടുത്തത് മൂന്ന് മലയാളികൾ മാത്രമായിരുന്നു.

എന്നാൽ, ആ വെല്ലുവിളികളെ കാറ്റിൽപ്പറത്തിക്കൊണ്ട് ഇത്തവണത്തെ മാരത്തണിൽ ഒരു പുതിയ റെക്കോർഡ് പിറന്നു. ഹിമാലയത്തിൽ 42 കിലോ മീറ്റർ ഫുൾ മാരത്തണിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യ മലയാളി എന്ന ചരിത്ര നേട്ടമാണ് വയനാട് സ്വദേശി സ്വന്തമാക്കിയത്. മാനന്തവാടി രൂപതയിലെ ദ്വാരക പള്ളിത്താഴത്ത് തോമസ് പി. സി. ആണ് ഹിമാലയൻ മണ്ണിൽ കേരളത്തിന്റെ പെരുമ ഉയർത്തിയത്. ജീവിതത്തിന്റെ പോരാട്ടത്തിനിടയിൽ നിന്ന് മാരത്തണിന്റെ ട്രാക്കിലേക്ക് ഓടിക്കയറിയ തോമസ് തന്റെ അപൂർവ നേട്ടത്തെക്കുറിച്ചും കഠിനാധ്വാനത്തെക്കുറിച്ചും ലൈഫ് ഡേയോട് മനസ്സ് തുറക്കുന്നു.

ട്രക്കിൽ നിന്നും ട്രാക്കിലേക്ക്

കൃഷി, എൽ ഐ സി ഏജന്റ്, ബസ് കണ്ടക്ടർ തുടങ്ങി ജീവിക്കാൻ വേണ്ടി പല ജോലികളും ചെയ്തിട്ടുണ്ട് തോമസ്. എന്നാൽ മക്കൾ വലുതായപ്പോൾ അവരെ പഠിപ്പിക്കാൻ വേണ്ടി ചെയ്ത ഒരു തൊഴിലാണ് അദ്ദേഹത്തെ ട്രാക്കിലേക്ക് എത്തിച്ചത്.

“വീട്ടിലെ ബുദ്ധിമുട്ടുകൊണ്ട് മുംബൈയിൽ ഒരു ട്രാൻസ്‌പോർട്ടിങ് കമ്പനിയിൽ ട്രക്ക് ഡ്രൈവർ ആയി ജോലി ചെയ്യാൻ ആരംഭിച്ചു. അന്നെനിക്ക് 50 വയസ്സായിരുന്നു പ്രായം. ഇന്ത്യയിൽ എല്ലായിടത്തും ഞാൻ യാത്ര ചെയ്തു. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജോലി ചെയ്തു. എന്നാൽ ഒരിക്കൽ വണ്ടിയുടെ ടയർ മാറ്റേണ്ടതായി വന്നു. ഒരു ടയർ എടുത്തു മാറ്റി ഇട്ടപ്പോഴേയ്ക്കും ഞാൻ വല്ലാതെ തളർന്നു പോയി. വ്യായാമം ഒന്നും ചെയ്യാത്തതിന്റെതാണ് അതെന്ന് എനിക്ക് മനസ്സിലായി. അങ്ങനെയാണ് ഞാൻ നടക്കാൻ ആരംഭിച്ചത്. എവിടെയാണോ ട്രക്ക് എത്തിച്ചേരുന്നത്, അവിടെ തന്നെ നടക്കാനും ആരംഭിച്ചു. അതൊരു ശീലമായി. നടത്തം പിന്നെ ഓട്ടത്തിലേയ്ക്ക് വഴിമാറി. ഒരു മാസമായപ്പോഴേയ്ക്കും ആറു കിലോമീറ്റർ വരെ ഓടാൻ തുടങ്ങി,” തോമസ് തന്റെ ഓട്ടത്തിന്റെ കഥ പറയുകയാണ്. അങ്ങനെ കേവലമൊരു ആരോഗ്യ സംരക്ഷണത്തിനായി തുടങ്ങിയ ഓട്ടം ഒരു ആവേശമായി മാറ്റാനിടയായത് ഒരു പത്ര പരസ്യമാണ്.

‘ഹൗ ഓൾഡ് ആർ യു?’

ഓട്ടം അല്പം സീരിയസ് ആയി തുടങ്ങിയപ്പോഴാണ് പത്രത്തിൽ ‘ഹൌ ഓൾഡ് ആർ യു?’ എന്ന ചിത്രത്തിന് വേണ്ടി സിനിമാ താരം മഞ്ചു വാര്യർ കൊച്ചിയിൽ ഒരു മാരത്തണിൽ പങ്കെടുക്കുന്നുണ്ടെന്നു കണ്ടത്. ട്രക്കിൽ ആണെങ്കിലും ദിവസവും പത്രം വായിക്കുന്ന ശീലമുണ്ട്. അങ്ങനെ പല ദിവസങ്ങളിൽ പല പത്രങ്ങളിൽ ഈ വാർത്ത കണ്ടപ്പോൾ അതിലൊന്ന് പങ്കെടുക്കണം എന്ന് തോന്നി. അങ്ങനെ പേരൊക്കെ കൊടുത്തെങ്കിലും എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല. എന്നാൽ പിറ്റേ വർഷവും, അതായത് 2014 -ൽ, ഇതേ മാരത്തൺ ഉണ്ടായിരുന്നു. അന്ന് മോഹൻ ലാൽ ആയിരുന്നു പങ്കെടുത്തത്. അതിൽ ഞാൻ പോയി. ആകെ പത്തു കിലോമീറ്റർ മാത്രമായിരുന്നെങ്കിലും ഞാൻ ഫിനിഷിങ് പോയിന്റിൽ എത്തിയത് 40 -ആം സ്ഥാനത്തായിരുന്നു,” തന്റെ ആദ്യ മാരത്തണിനെകുറിച്ചുള്ള ഓർമ്മകൾ തോമസ് പങ്കുവയ്ക്കുന്നു.

എന്നാൽ രണ്ടു വർഷത്തിന് ശേഷം ബാംഗ്ലൂരിൽ ശ്രീ റാം പ്രോപ്പർടീസ് നടത്തിയ മാരത്തണിൽ 21 കിലോമീറ്ററിൽ മൂന്നാമതായി തോമസ് ഓടിയെത്തി. സ്‌കൂളിൽ പോലും സ്പോർട്സുമായി ബന്ധമില്ലാതിരുന്നൊരാളുടെ ആദ്യ നേട്ടം. മാരത്തണിന്റെ ഭാഷയിൽ പറഞ്ഞാൽ ‘സീറോ റ്റു ഹീറോ റൺ’ ആയിരുന്നു അത്. പിന്നീട് കൊച്ചിയിൽ സ്‌പൈസ് കോസ്റ്റിന്റെ മാരത്തണിൽ സച്ചിൻ ടെണ്ടുൽക്കറിൽ നിന്നും ഗോൾഡ് മെഡൽ വാങ്ങിയ തോമസിന് പിന്നീട് ട്രാക്കിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഏതാണ്ട് നൂറിലധികം മാരത്തൺ മെഡലുകൾ സ്വന്തമാക്കിയ തോമസിന്റെ പേരിൽ ഒരു മീറ്റ് റെക്കോർഡും ഉണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ മാരത്തൺ ആയ ടാറ്റ മുംബൈ മാരത്തണിൽ 60 വയസ്സിനു മുകളിൽ ഉള്ളവരുടെ വിഭാഗത്തിൽ തോമസിന്റെ റെക്കോർഡ് ഇതുവരെ ആരും മറികടന്നിട്ടില്ല.

ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ അരുണാചൽ പ്രദേശിൽ വച്ച് നടന്ന തവാങ് മാരത്തണിൽ 60 വയസിനു മുകളിൽ ഉള്ളവരുടെ മത്സരത്തിൽ 65 കാരനായ തോമസിന് രണ്ടാം സ്ഥാനം ലഭിച്ചതും അത്ര ചെറിയ നേട്ടമല്ല.

കഴുത്തിലെ ജപമാലയും ഞായറാഴ്ചത്തെ മാരത്തണുകളും

ഓടുമ്പോൾ ശരീരത്തിൽ ഏറ്റവും കുറവ് ഉപകരണങ്ങൾ ഉണ്ടാകുന്നതാണ് നല്ലത്. എല്ലാ മത്സരങ്ങളിലും തോമസിന്റെ ഓട്ടത്തിൽ കൗതുകമുണർത്തുന്ന ഒരു കാഴ്ചയുണ്ട്. വലിയൊരു ജപമാല കഴുത്തിലണിഞ്ഞാണ് ഓട്ടം. “ആ ജപമാല ഞാൻ പ്രത്യേകമായി വാങ്ങിച്ചതാണ്. കാരണം എനിക്ക് അത് വലിയൊരു ശക്തിയാണ്. മിക്കവാറും ഞായറാഴ്ചകളിലായിരിക്കും എല്ലാ മരത്തണുകളും നടക്കുന്നത്. ഇടവക പള്ളിയിലെ വിശുദ്ധ കുർബാനയായിരിക്കും ആ സമയത്ത് മനസ്സിൽ. ഓട്ടത്തിൽ പതിയെ കാലൊന്നു വഴുതിയാൽ തീരാവുന്നതേ ഉള്ളൂ നമ്മുടെ എല്ലാം. രാവിലെ മത്സരത്തിന് മുൻപ് കരുണക്കൊന്ത ചൊല്ലും. ഇതൊന്നും കാലുകളുടെ ശക്തിയല്ല. ദൈവത്തിന്റെ അനുഗ്രഹമാണ്,” തോമസ് തന്റെ നേട്ടങ്ങളെല്ലാം ദൈവത്തിനു സമർപ്പിക്കുകയാണ്.

“സത്യം പറഞ്ഞാൽ മിക്കവാറും മാരത്തൺ ഓട്ടക്കാരെല്ലാം പ്രൊഫഷണൽ ആളുകളാണ്. ഇതിനായി ഫ്ളൈറ്റിലൊക്കെ പോയി വലിയ ഹോട്ടലുകളിലൊക്കെ താമസിച്ച് ആണ് ഓടാറ്. എന്നാൽ ഞാൻ സെക്കന്റ് ക്ലാസ് ട്രെയിൻ ടിക്കറ്റെടുത്ത് ഏറ്റവും കുറഞ്ഞ നിരക്കുള്ള ലോഡ്ജുകളിലാണ് താമസിക്കാറ്. അതിനുള്ള സാമ്പത്തിക സ്ഥിതിയെ ഉള്ളൂ. ഓടിക്കിട്ടുന്ന സമ്മാന തുക തന്നെയാണ് ഇതിനായി ചിലവഴിക്കുന്നത്. ബാക്കി തുക അടുത്ത മത്സരത്തിലേക്ക് കരുതി വയ്ക്കുന്നു,” തോമസ് പറയുന്നു.

ഹൃദയത്തിൽ നിന്നുള്ള പ്രോത്സാഹനം

നരച്ച താടിയും മുടിയുമുള്ള ഒരു വയോധികൻ ഓടി മുന്നേറുന്നത് കാണുമ്പോൾ കാണികൾക്ക് സ്വാഭാവികമായും ഒരു ആവേശം ഉണ്ടാകും. പല മത്സരങ്ങളിലും ഇത് നേരിട്ട് കണ്ടനുഭവിച്ച ആളാണ് തോമസ്. വലിയ വലിയ മത്സരങ്ങളിൽ പലപ്പോഴും പൊലീസുകാരും പട്ടാളക്കാരുമൊക്കെയായിരിക്കും കുടിവെള്ളവുമായി നിൽക്കുക. അവരൊക്കെയും ചിലപ്പോൾ തോമസിനെ ബഹുമാനം കൊണ്ട് സല്യൂട്ട് ചെയ്യാറുണ്ട്. അതൊക്കെയും ഹൃദ്യമായ അനുഭവങ്ങൾ ആണെങ്കിലും ഇക്കഴിഞ്ഞ ഹിമാലയൻ മാരത്തണിൽ തോമസിനെപോലും അദ്ഭുതപ്പെടുത്തിയ ഒരു സംഭവമുണ്ടായി.

“നിറ്റി ഗ്രാമത്തിലെ ഒരു വീട്ടിലാണ് മാരത്തണിനു മുന്നോടിയായുള്ള ദിവസങ്ങളിൽ താമസിച്ചത്. കേരളത്തിൽ ഒരു 50 വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന സാഹചര്യമാണ് ഇപ്പോൾ അവിടെയുള്ളത്. കിലോമീറ്ററുകളോളം ചെങ്കുത്തായ മലകളിലും താഴ്വരകളിലൂടെയും കാൽനടയായി സഞ്ചരിച്ചാൽ മാത്രമേ അവർക്ക് പൊതു ഇടങ്ങളിലേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. വർഷത്തിൽ ആറു മാസം മഞ്ഞിൽ കുളിച്ചു കിടക്കുന്ന താഴ്ചവരകളിൽ താമസിക്കുന്ന ഒരുകൂട്ടം പാവപ്പെട്ട മനുഷ്യർ. അങ്ങനെ ഉള്ള ഒരു വീട്ടിലെ 75 വയസ്സ് പ്രായമുള്ള ഒരമ്മ കിലോമീറ്ററുകളോളം നടന്നു എന്റെ ഓട്ടം കാണാൻ പോയിന്റിൽ എത്തി എന്നത് ഹൃദയം നിറച്ച അനുഭവമായിരുന്നു. വെറും മൂന്നു ദിവസം മാത്രമായിരുന്നു ഞാൻ അവിടെ താമസിച്ചത്. ആ കുടുംബത്തിലെ ഒരു അംഗത്തെ പോലെ അവർ എന്നോട് പെരുമാറി. പിന്നീട് നാട്ടിലേയ്ക്ക് വണ്ടി കയറിയിട്ടും ‘എത്താറായോ’, ‘സുഖമായിരിക്കുന്നോ’ എന്നൊക്കെ ചോദിച്ചു അവിടെ നിന്ന് കുറെ ആളുകൾ വിളിച്ചു. ഇതൊക്കെയാണ് മെഡലുകളെക്കാൾ കൂടുതൽ വിലമതിക്കുന്ന നിമിഷങ്ങൾ,” തോമസ് വളരെ സന്തോഷത്തോടെ പറയുന്നു.

മടക്കയാത്രയിലെ ഒരു ചെറിയ ‘ട്വിസ്റ്റ്’

ഹിമാലയത്തിൽ നിന്നും റെക്കോർഡ് ഇട്ട് തിരികെ നാട്ടിലേയ്ക്ക് ട്രെയിൻ കയറിയ തോമസിന്റെ യാത്രയിൽ ഒരു ചെറിയ ‘ട്വിസ്റ്റ്’ ഉണ്ടായി. മടക്കയാത്രയിലാണ് പൂനെയിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ‘വൃക്ഷത്തോൺ മാരത്തൺ പൂനെ 2026’ നടക്കുന്നത് അറിയുന്നത്. അങ്ങനെ അതിൽ പങ്കെടുക്കാൻ തീരുമാനിച്ചു. മുംബൈയിൽ ട്രെയിൻ ഇറങ്ങി സുഹൃത്തിന്റെ വീട്ടിൽ ഒരു ദിവസം താമസിച്ചതിനു ശേഷം നേരെ പൂനെയിലേയ്ക് യാത്രയായി. അങ്ങനെ ജൂൺ ഏഴിന് നടന്ന ആ ഹാഫ് മാരത്തണിലും തോമസ് വിജയിച്ചു. കേവലം നാല് സെക്കന്റുകളുടെ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനക്കാരൻ ആയത്. ഒക്കെയും ദൈവത്തിന്റെ അനുഗ്രഹമായാണ് തോമസ് കരുതുന്നത്.

തോമസിനായി കാത്തിരിക്കുന്നവർ

തോമസ് തിരികെ വന്നാൽ ഉടനെ ഇനി പോകേണ്ടത് സ്‌കൂളിലേക്കാണ്. അവിടെ കുറച്ചു കുഞ്ഞുങ്ങളും ബ്രദറുമാരും തോമസിനെ കാത്തിരിക്കുന്നു. തോണിച്ചാൽ ‘എമ്മാവൂസ് വില്ല’ സ്പെഷ്യൽ സ്‌കൂളിന്റെ സ്‌കൂൾ വാൻ ഡ്രൈവർ ആണ് ഇപ്പോൾ തോമസ്. മലബാർ മിഷനറി ബ്രദേഴ്സ് നടത്തുന്ന സ്പെഷ്യൽ സ്‌കൂൾ ആണിത്.

“അവിടുത്തെ ബ്രദറുമാരും കുഞ്ഞുങ്ങളും തരുന്ന പിന്തുണ വളരെ വലുതാണ്. സ്‌കൂൾ തുറന്ന് ഇത്രയും ദിവസമായി. പകരക്കാരനെ നിർത്തിയിട്ടാണ് ഞാൻ പോയത്. എനിക്ക് ഇനി എത്രയും പെട്ടന്ന് തന്നെ അവിടെ തിരികെ എത്തണം. അവർ എല്ലാ ദിവസവും എനിക്ക് വേണ്ടി പ്രാർഥിക്കുന്നുണ്ട്. ‘തോമസ് ചേട്ടന്റെ ഓട്ടത്തിന് വേണ്ടി’ എന്ന നിഷ്കളങ്കരായ ആ കുഞ്ഞുങ്ങളിടെ നിയോഗം എന്റെ മത്സരത്തിന് വലിയ ബലമാണ്. അതുപോലെ തന്നെ ബ്രദറുമാർ, അവർ എനിക്ക് തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്,” തോമസിന് വലിയ ആവേശമായിരുന്നു തന്റെ പ്രിയപ്പട്ടവരെക്കുറിച്ചു പറയാൻ.

എല്ലാത്തിനും പിന്തുണയായി ഭാര്യ ലില്ലിയും മക്കളായ അശ്വതിയും അനുവും അവരുടെ ഭർത്താക്കന്മാരുമുണ്ട്. അടുത്തിടെയാണ് തോമസ് ഒരു മുത്തച്ഛൻ ആയത്. ഓട്ടത്തിനൊപ്പം ഒരു എഴുത്തുകാരൻ കൂടിയാണ് തോമസ്. സ്വന്തം അനുഭവങ്ങൾ അടങ്ങിയ ‘ട്രക്കിലും ട്രാക്കിലും’ എന്നൊരു പുസ്തകവും എഴുതിയിട്ടുണ്ട്. 2025 ഡിസംബറിൽ ആയിരുന്നു പുസ്തകം പുറത്തിറങ്ങിയത്. മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം അവതാരിക എഴുതിയ പുസ്തകത്തിന്റെ ആദ്യ പതിപ്പ് മുഴുവനും വിറ്റഴിഞ്ഞു, രണ്ടാം പതിപ്പിറക്കാനായുള്ള തയാറെടുപ്പിലുമാണ്.

തന്റെ അറുപത്തിയഞ്ചാം വയസ്സിലും തോമസ് പി. സി. എന്ന വയനാട്ടുകാരൻ ഓടിത്തീർക്കുന്നത് കേവലം മാരത്തൺ ട്രാക്കുകൾ മാത്രമല്ല, മറിച്ച് പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് കീഴടക്കാമെന്ന വലിയൊരു ജീവിതസന്ദേശം കൂടിയാണ്. ട്രക്ക് ഡ്രൈവറുടെ സീറ്റിൽ നിന്ന് ഹിമാലയൻ മാരത്തണിന്റെ വിജയപീഠം വരെയും, മറ്റ് നേട്ടങ്ങളിലേക്കും അദ്ദേഹം ഓടിക്കയറിയത് കഠിനാധ്വാനത്തിന്റെയും ദൈവവിശ്വാസത്തിന്റെയും കരുത്തിലാണ്.

എളിമയാർന്ന ജീവിതസാഹചര്യങ്ങളിലും വലിയ സ്വപ്നങ്ങൾ കാണാനും അത് നേടിയെടുക്കാനും പ്രായം ഒരു തടസ്സമല്ലെന്ന് ഹിമാലയൻ മണ്ണിൽ റെക്കോർഡിട്ട വയനാട്ടുകാരുടെ ‘സൂപ്പർ ഹീറോ’ ആയ തോമസ് തെളിയിക്കുന്നു. തോമസിന്റെ ഈ വിജയയാത്ര, ജീവിതത്തിൽ തളർന്നുപോകുന്ന ഏവർക്കും മുന്നോട്ട് കുതിക്കാനുള്ള വലിയൊരു പ്രചോദനമാണ്. തോമസിന്ഇനിയും ഒരുപാട് ട്രാക്കുകളിൽ മലയാള പെരുമ ഉയർത്താൻ സാധിക്കട്ടെ.

സുനീഷാ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.