കത്തോലിക്കാ സഭയിൽ വിശ്വാസികളുടെ എണ്ണം കൂടുന്നു; ദൈവവിളി കുറയുന്നു

ഈ മാസം ആദ്യം പുറത്തിറക്കിയ, വത്തിക്കാനിലെ 2022 സ്റ്റാറ്റിസ്റ്റിക്കൽ ഇയർ ബുക്ക് ഓഫ് ചർച്ച് പ്രകാരം 2022-ൽ ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ എണ്ണം 14 ദശലക്ഷത്തോളം വർധിച്ചു. വത്തിക്കാൻ പത്രമായ എൽ ഒസെർവത്തോറെ റൊമാനോയുടെ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തലുള്ളത്. 2021 മുതൽ 2022 വരെയുള്ള കണക്കുകൾ പ്രകാരം വൈദികരുടെയും സെമിനാരിക്കാരുടെയും എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി.

പൗരോഹിത്യത്തിലേക്കും സമർപ്പണജീവിതത്തിലേക്കുമുള്ള ദൈവവിളികളുടെ എണ്ണം മൊത്തത്തിൽ കുറഞ്ഞുവെങ്കിലും ലോകത്തിന്റെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് ആഫ്രിക്കയിലും ഏഷ്യയിലും സഭ വളർച്ചയുടെ ലക്ഷണങ്ങൾ കാണിക്കുന്നു. മാമ്മോദീസ സ്വീകരിച്ച കത്തോലിക്കരുടെ എണ്ണം ഏകദേശം 1% ആയി വർധിച്ചു. 2021-നെ അപേക്ഷിച്ച് 2022-ൽ 1.376 ബില്യണിൽ നിന്ന് 2022-ൽ 1.390 ബില്യണായി ഉയർന്നു. മുൻവർഷങ്ങളിലെന്നപോലെ, ആഫ്രിക്കയിലെ കത്തോലിക്കാ സഭ വളർന്നുകൊണ്ടേയിരിക്കുന്നു. ആഫ്രിക്കയിൽ കത്തോലിക്കരുടെ ഏറ്റവും ഉയർന്ന വർധനവ് 3% ആണ്. അതേസമയം അമേരിക്കയിൽ 0.9% -ഉം ഏഷ്യയിൽ 0.6% ഉം വർധനവ് രേഖപ്പെടുത്തി.

യൂറോപ്പിലെ കത്തോലിക്കരുടെ എണ്ണം 2021 മുതൽ 2022 വരെ ഏകദേശം 286 ദശലക്ഷമായി തുടരുന്നു. സഭയിൽ വൈദികരുടെയും വൈദികർഥികളുടെയും എണ്ണം കുറവാണ്. ആഗോളതലത്തിൽ 2021 മുതൽ 2022 വരെ പുരോഹിതരുടെ എണ്ണം 142 ആയി കുറഞ്ഞു (407,872-ൽ നിന്ന് 407,730 ആയി). എന്നാൽ ആഫ്രിക്കയിലും ഏഷ്യയിലും പുരോഹിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. ആഫ്രിക്കയിലെയും ഏഷ്യയിലെയും പുരോഹിതരുടെ എണ്ണം യഥാക്രമം 3.2%, 1.6% വർധിച്ചു. അതേസമയം അമേരിക്കയിൽ ഈ എണ്ണം സ്ഥിരമായി തുടർന്നു. ഓഷ്യാനിയയിൽ പുരോഹിതരുടെ എണ്ണത്തിൽ 1.5% കുറവുണ്ടായപ്പോൾ യൂറോപ്പിൽ 1.7% കുറഞ്ഞു.

ലോകമെമ്പാടുമുള്ള വൈദികാർഥികളുടെ എണ്ണം കുറവാണ്. വത്തിക്കാൻ കണക്കുകൾപ്രകാരം 2021-നെ അപേക്ഷിച്ച് 2022-ൽ വൈദികാർഥികളുടെ എണ്ണം 1.3% കുറവാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.