ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ തോമാശ്ലീഹാ താമസിച്ച വീട്; മൊസൂളിലെ അദ്ഭുതകരമായ ഒരു ദൈവാലയത്തിന്റെ ചരിത്രം

ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ തോമാശ്ലീഹാ താമസിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന ഒരു വീട് ഇറാഖിലുണ്ട്. ആ വീട് ഇന്നൊരു ദൈവാലയമാണ്. വിവിധ നൂറ്റാണ്ടുകളിൽ വിവിധ മാറ്റങ്ങൾക്ക് ഈ ദൈവാലയം വിധേയമായിട്ടുണ്ട്. 2014-17 കാലഘട്ടങ്ങളിൽ ഐഎസ് തീവ്രവാദികൾ ഈ വിശുദ്ധ ദൈവാലയത്തെ ഒരു തടവറയായിട്ടാണ് ഉപയോഗിച്ചിരുന്നത്. തോമാശ്ലീഹായുടെ നാമത്തിലുള്ള ആ ദൈവാലയത്തെക്കുറിച്ച് കൂടുതൽ അറിയാം…

ജൂലൈ മൂന്ന്; ദുഖ്‌റാന. ‘നമുക്കും അവനോടു കൂടെ പോയി മരിക്കാം’ എന്നുപറഞ്ഞ്  ക്രിസ്തുവിനോടൊപ്പം ഇറങ്ങിത്തിരിച്ച ആ ധീരവ്യക്തിത്വത്തിന്റെ തിരുനാൾ ദിനം. ഈ ദിവസം വി. തോമാശ്ലീഹായുടെ നാമത്തിലുള്ള അതിപുരാതനമായ ഒരു ദൈവാലയത്തെക്കുറിച്ച് അറിയാം.

ഇറാഖിലെ മൊസൂളിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഒരു സുറിയാനി ഓർത്തഡോക്സ് ദൈവാലയമാണ് സെന്റ് തോമസ് ചർച്ച്. ഇന്ത്യയിലേക്ക് സുവിശേഷ തീക്ഷ്ണതയുമായി ഇറങ്ങിപ്പുറപ്പെട്ട തോമാശ്ലീഹാ യാത്രാമധ്യേ ഇറാഖിൽ എത്തുകയും അവിടെ താമസിക്കുകയും ചെയ്തു എന്ന് കരുതപ്പെടുന്ന ഇടത്താണ് ഈ ദൈവാലയം സ്ഥിതിചെയ്യുന്നത്.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്രവും സാംസ്കാരിക പ്രാധാന്യവുമുള്ള ഈ ദൈവാലയം, നിരവധി അതിക്രമങ്ങളെ അതിജീവിച്ച ഒന്നാണ്. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ തോമാശ്ലീഹായ്ക്ക് അഭയം നൽകിയ വീട് നിന്നിരുന്ന സ്ഥലത്താണ് ഈ ദൈവാലയം നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നാണ് പരമ്പരാഗത വിശ്വാസം. എട്ടാം നൂറ്റാണ്ടിൽത്തന്നെ ഈ പള്ളി നിലവിലിരുന്നതായും പറയപ്പെടുന്നു.

തുടർന്നുള്ള പല ഘട്ടങ്ങളിലായി പത്തൊൻപതാം നൂറ്റാണ്ട് വരെയുള്ള കാലയളവുകളിലായാണ് ഈ ദൈവാലയത്തിന്റെ നിർമ്മാണം പൂർത്തിയായത്. ഇതിന്റെ ചില വാസ്തുവിദ്യാശൈലികൾ പതിമൂന്നാം നൂറ്റാണ്ടിലെ അതബെഗ് (Atabeg) കാലഘട്ടത്തിന്റെ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ്. മൊസൂൾ നഗരം പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ട പേർഷ്യൻ ഭരണാധികാരി നാദിർഷായുടെ പതനത്തിന് ഒരു വർഷത്തിനു ശേഷം, ഓട്ടോമൻ ജലീലിയുടെ കാലഘട്ടത്തിൽ 1744 ലാണ് പള്ളിയുടെ ഒരു ഭാഗം നിർമ്മിക്കപ്പെട്ടത്.

പുനരുദ്ധാരണ പ്രവർത്തനങ്ങളും തിരുശേഷിപ്പ് കണ്ടെത്തലും

നാളിതുവരെ പല കാലഘട്ടങ്ങളിലായി ഈ ദൈവാലയത്തിൽ നിരവധി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 1964 ൽ നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടയിൽ മാർ തോമാശ്ലീഹായുടെ തിരുശേഷിപ്പുകൾ (കൈവിരലുകളുടെ അസ്ഥികൾ) ഇവിടെ നിന്നും കണ്ടെടുത്തതായി രേഖകളിൽ കാണുന്നു. 1743-1746 കാലഘട്ടത്തിലെ ഓട്ടോമൻ-പേർഷ്യൻ യുദ്ധത്തിനിടയിൽ നാദിർഷായുടെ സൈന്യം മൊസൂൾ ഉപരോധിച്ചപ്പോൾ പള്ളിക്ക് കാര്യമായ കേടുപാടുകൾ പറ്റി. തുടർന്ന് ഒട്ടോമൻ സുൽത്താൻ മഹ്മൂദ് ഒന്നാമന്റെ അനുമതിയോടെ ഹത്താഖിലെ മെട്രോപൊളിറ്റൻ ബിഷപ്പായിരുന്ന കിറിലോസ് ജോർജ് 1744 ൽ പള്ളി പുനരുദ്ധരിച്ചു. പിന്നീട് 1848 ലും പള്ളിയിൽ വീണ്ടും നവീകരണ പ്രവർത്തനങ്ങൾ നടന്നു.

ഭീകരാക്രമണങ്ങളെ അതിജീവിച്ച ദൈവാലയം

2009 ഡിസംബർ 23 നുണ്ടായ ബോംബാക്രമണത്തിൽ പള്ളിക്ക് കേടുപാടുകൾ സംഭവിക്കുകയും രണ്ടുപേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മൊസൂൾ നഗരം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൈക്കലാക്കിയതോടെ പള്ളിക്ക് കടുത്ത ഭീഷണി നേരിട്ടു. എന്നാൽ ഭീകരർ എത്തുന്നതിന് തൊട്ടുമുൻപ്, 2014 ജൂൺ 17 ന് മൊസൂളിലെ സുറിയാനി ഓർത്തഡോക്സ് ആർച്ച്ബിഷപ്പ് നിപ്പോദിമോസ് ദാവൂദ് ഷറഫ് പള്ളിയിലെ തിരുശേഷിപ്പുകൾ സുരക്ഷിതമായി സെന്റ് മാത്യൂസ് ആശ്രമത്തിലേക്ക് മാറ്റി.

2017 ൽ മൊസൂൾ നഗരം ഭീകരരിൽ നിന്ന് മോചിപ്പിക്കപ്പെടുന്നതുവരെ ഐഎസ് തീവ്രവാദികൾ ഈ വിശുദ്ധ ദൈവാലയത്തെ ഒരു തടവറയായിട്ടാണ് ഉപയോഗിച്ചിരുന്നത്. നൂറ്റാണ്ടുകളായി വിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി തലയുയർത്തി നിൽക്കുകയാണ് മൊസൂളിലെ വി. തോമാശ്ലീഹായുടെ നാമത്തിലുള്ള ഈ ദൈവാലയം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.