പ്രതീക്ഷയുടെ യാത്ര 138: ചെന്നായയും ആട്ടിന്‍കുട്ടികളും

1812 ൽ ഗ്രിം സഹോദരന്മാർ തങ്ങളുടെ ലോകപ്രശസ്തമായ ബാലകഥാ സമാഹാരത്തിൽ ഉൾപ്പെടുത്തിയ ‘ചെന്നായയും ഏഴ് ആട്ടിന്‍കുട്ടികളും’ (The Wolf and the Seven Young Goats) കേവലം ഒരു കുട്ടിക്കഥയല്ല, മറിച്ച് നൂറ്റാണ്ടുകളായി മനുഷ്യരാശി കൈമാറിവരുന്ന, അമ്മമാരുടെ ജാഗ്രതയുടെയും മക്കൾക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെയും ഉജ്വലമായ പാഠമാണ്. ഒന്നാം നൂറ്റാണ്ട് മുതൽ മധ്യപൂർവേഷ്യയിലും യൂറോപ്പിലും പ്രചാരത്തിലുള്ള ഈ കഥ, കാലം എത്ര മാറിയാലും മാതൃസ്നേഹത്തിന്റെ കാതൽ ഒന്നുതന്നെയാണെന്ന് ഓർമ്മിപ്പിക്കുന്നു. യക്ഷിക്കഥ അല്ലെങ്കിൽ ഫെയറി ടെയിൽ വിഭാഗത്തിൽപ്പെട്ട ആ ചെറിയ കഥയുടെ സംഗ്രഹം ഇങ്ങനെയാണ്.

ഒരു അമ്മയാട് തന്റെ ഏഴ് കുഞ്ഞുങ്ങളോടൊപ്പം ഒരു വീട്ടിൽ താമസിച്ചിരുന്നു. ഒരിക്കൽ, ഭക്ഷണം തേടി കാട്ടിലേക്ക് പോകുന്നതിനു മുൻപ്, ചെന്നായയെ സൂക്ഷിക്കണമെന്ന് അവൾ മക്കൾക്ക് മുന്നറിയിപ്പ് നൽകി. “ചെന്നായ വന്ന് അമ്മയാണെന്നു പറഞ്ഞ് നിങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കും. എന്റെ മൃദുവായ ശബ്ദവും വെളുത്ത കാലുകളുമാണ് എന്റെ അടയാളങ്ങൾ, അത് ശ്രദ്ധിക്കണം” എന്ന് അവൾ പറഞ്ഞു. അമ്മ മക്കള്‍ക്കു നൽകുന്ന വിവേകത്തിന്റെയും കരുതലിന്റെയും ഉദാഹരണമാണ് ആ മുന്നറിയിപ്പ്.

അമ്മ പോയിക്കഴിഞ്ഞപ്പോൾ ചെന്നായ എത്തി. ചെന്നായയുടെ പരുക്കന്‍ ശബ്ദം കേട്ട് കുഞ്ഞുങ്ങൾ വാതിൽ തുറന്നില്ല. ചെന്നായ ശബ്ദം മധുര്യമുള്ളതാക്കി വീണ്ടും വന്നു. ഇത്തവണ ശബ്ദം കേട്ട് വാതിൽ തുറക്കാൻ ഒരുങ്ങിയെങ്കിലും, അവന്റെ കറുത്ത പാദങ്ങൾ കണ്ട് കുഞ്ഞുങ്ങൾ വീണ്ടും വാതിൽ അടച്ചു. ഒടുവിൽ, തന്റെ പാദങ്ങള്‍ വെളുപ്പിച്ചുകൊണ്ട് ചെന്നായ വീണ്ടും എത്തി. ഇത്തവണ കബളിക്കപ്പെട്ട കുഞ്ഞുങ്ങൾ വാതിൽ തുറന്നു. ചെന്നായ അകത്തുകയറി ആറു കുഞ്ഞുങ്ങളെയും വിഴുങ്ങി. ഒളിച്ചിരുന്ന ഏറ്റവും ചെറിയ കുട്ടി മാത്രം രക്ഷപെട്ടു. ഈ ഭാഗം നമ്മോടു പറയുന്നത്, തിന്മ പല വേഷങ്ങളിൽ വരാമെന്നും, അപ്പോഴൊക്കെ അമ്മ നൽകിയ അറിവും വിവേകവും കൈമുതലാക്കി അപകടങ്ങളെ അതിജീവിക്കണമെന്നുമാണ്.

തിരിച്ചെത്തിയ അമ്മയാട് നടന്നത് മനസ്സിലാക്കി, മരച്ചുവട്ടിൽ ഉറങ്ങിക്കിടക്കുന്ന ചെന്നായയെ അവള്‍ കണ്ടെത്തി. തകർന്നുപോയ ആ നിമിഷത്തിലും തളർന്നിരിക്കാൻ അവൾ തയ്യാറായില്ല. നഷ്ടപ്പെട്ടവയെ തിരിച്ചുപിടിക്കാനുള്ള ധീരമായ പോരാട്ടമാണ് അവൾ തുടര്‍ന്ന് കാഴ്ചവയ്ക്കുന്നത്. കത്രികയും നൂലുമായി വന്ന് അവൾ ചെന്നായയുടെ വയറ് കീറി കുഞ്ഞുങ്ങളെ ജീവനോടെ പുറത്തെടുത്തു. പകരം, ചെന്നായയുടെ വയറ്റിൽ കല്ലുകൾ നിറച്ച് അവൾ തുന്നിക്കെട്ടി. ഉറക്കം വിട്ട് എഴുന്നേറ്റ ചെന്നായ വെള്ളം കുടിക്കാൻ പുഴയ്ക്കരികിൽ പോയപ്പോൾ, വയറ്റിലെ ഭാരം താങ്ങാനാവാതെ പുഴയിൽ വീണ് ചത്തു. അമ്മയാടും കുഞ്ഞുങ്ങളും തുടർന്ന് സന്തോഷത്തോടെ ജീവിച്ചു. മക്കളെ രക്ഷിക്കാൻ മരണത്തെപ്പോലും വെല്ലുവിളിക്കുന്ന ഒരമ്മയുടെ കരുത്താണ് ഈ  കഥയില്‍ തെളിയുന്നത്.

ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നത് അമ്മയുടെ സ്നേഹം എന്നും ഒരു സംരക്ഷക കവചമാണ് എന്നാണ്. ജീവിതം പലപ്പോഴും അപകടങ്ങൾ നിറഞ്ഞതാണ്. ചെന്നായയെപ്പോലെ നമ്മെ കബളിപ്പിക്കാൻ പലരും പല വേഷങ്ങളിലെത്തും. അത്തരം സാഹചര്യങ്ങളിൽ തിരിച്ചറിയാനുള്ള വിവേകം നമുക്കൊക്കെ നമ്മുടെ അമ്മമാര്‍ നല്‍കിയിട്ടുണ്ട്. അമ്മമാര്‍ കൂടെയില്ലാത്തപ്പോൾ പോലും, അവരുടെ ഉപദേശങ്ങൾ നമ്മുടെ കൂടെയുണ്ടാകും. അതു തന്നെയാണ് ഏറ്റവും വലിയ സുരക്ഷ.

അമ്മയുടെ സ്നേഹം എന്നത് ഒരു അഭയസ്ഥാനമാണ്. ലോകം മുഴുവൻ എതിർത്താലും, ആരും സഹായിക്കാനില്ലെങ്കിലും, തന്റെ മക്കളെ കാക്കാൻ ഒരമ്മ എന്തുവഴിയും കണ്ടെത്തും. ഒരമ്മയ്ക്ക് തളർച്ചയില്ല, പരാജയ ഭീതിയില്ല. താൻ സ്നേഹിക്കുന്നവർക്കു വേണ്ടി മരണത്തെപ്പോലും തോൽപ്പിക്കാൻ മടിക്കാത്ത കരുത്താണ് അമ്മ.

ഇത് വെറുമൊരു ബാലകഥയല്ല, മറിച്ച് തലമുറകൾക്ക് കൈമാറേണ്ട ഒരു ജീവിതപാഠമാണ്. കുട്ടികൾ വളരുമ്പോൾ, അവർ നേരിടേണ്ടിവരുന്ന ചെന്നായകൾ പല രൂപത്തിലായിരിക്കാം. അത് തെറ്റായ കൂട്ടുകെട്ടുകളാകാം, ആകർഷകമായ ചതിക്കുഴികളാകാം. ആ സമയത്ത്, അമ്മമാരുടെ ശബ്ദവും കരുതലും അവരെ നയിക്കുന്ന വെളിച്ചമായി മാറണം. തിന്മയുടെ മുഖംമൂടികൾ വലിച്ചുകീറി സത്യത്തെ കണ്ടെത്താനും, തകർച്ചകളിൽ തളരാതെ വീണ്ടും ഉയർത്തെഴുന്നേൽക്കാനുമുള്ള ധൈര്യം പകരുന്ന ഒരു പാഠപുസ്തകമായി ഈ കഥ എക്കാലവും നമ്മുടെ ഓർമ്മകളിൽ ഉണ്ടായിരിക്കട്ടെ.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.