സീറോ മലബാർ കൈത്താക്കാലം രണ്ടാം വ്യാഴം ജൂലൈ 23 മത്തായി 21: 18-22 അത്തിമരത്തിന് ശാപം

മൂന്ന് സന്ദേശങ്ങളാണ് പ്രധാനമായും ഈ വചനഭാഗത്ത് നാം കാണുന്നത്. ഒന്ന്, ബാഹ്യമായി എല്ലാം ഉണ്ടെന്നു നടിക്കുകയും എന്നാൽ ആന്തരികമായി ഫലം പുറപ്പെടുവിക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തികൾ വിധിക്കു വിധേയരാകുമെന്ന സന്ദേശം. അന്നത്തെ ജറുസലേം ദൈവാലയം, യഹൂദ മതനേതൃത്വം ഇവയെ ഒക്കെയാണ് അത്തിമരം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ അത് എന്നിലേക്കും നിന്നിലേക്കും വിരൽ ചൂണ്ടിയേക്കാം. രണ്ടാമത്തെ സന്ദേശം, ദൈവവചനത്തിന്റെ കൃത്യമായ അർഥം നമ്മൾ മനസ്സിലാക്കണം എന്നതാണ്. യേശു പറഞ്ഞതിന്റെ – ചെയ്തതിന്റെ യഥാർഥ അർഥം മനസിലാക്കാതെ, എങ്ങനെയാണ് അത്തിമരം ഉണങ്ങിയത് എന്നു ചോദിക്കുന്ന ശിഷ്യന്മാരെ നമ്മൾ കാണുന്നു.

ദൈവവചനത്തിന്റെയും ജീവിതാനുഭവങ്ങളുടെയും യഥാർഥ സന്ദേശം മനസ്സിലാക്കാൻ കഴിയാത്തവരാണോ നമ്മൾ എന്ന് ചിന്തിച്ചുനോക്കേണ്ടതാണ്. മൂന്നാമത്തേത്, വിശ്വാസത്തോടെ തുടർച്ചയായി പ്രാർഥിക്കണമെന്ന സന്ദേശമാണ്. അസാധ്യമായത് സാധ്യമാക്കാൻ അതുവഴിയേ സാധിക്കൂ. അനുഗ്രഹം അവകാശികളാക്കിയവരാണ് നമ്മളെന്ന് ഓർമ്മിച്ച്, അതിനനുസരിച്ചുള്ള ജീവിതം നയിക്കുക.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.