

നാവിന്റെ വശത്തുള്ള ചെറിയൊരു മുറിവുമായിട്ടാണ് കുറച്ച് നാളുകൾക്കു മുൻപ് 45 വയസ്സുള്ള തോമസ് ഒപിയിൽ എത്തിയത്. രണ്ടുമൂന്ന് മാസമായി ആ മുറിവ് തുടങ്ങിയിട്ട്. ആദ്യമൊക്കെ ഹോമിയോ മരുന്നുകൾ കഴിച്ചെങ്കിലും ശരിയായില്ല. പിന്നീട് ഒരു ഇഎൻടി ഡോക്ടറെ കണ്ട് മരുന്നുകൾ കഴിച്ചു. എന്നാൽ, മുറിവ് ഉണങ്ങാതിരുന്നതിനെ തുടർന്നാണ് ദന്തഡോക്ടറായ എന്നെ കാണാനെത്തുന്നത്.
ഞാൻ പരിശോധിച്ചപ്പോൾ അവസ്ഥ അൽപം ഗുരുതരമായിരുന്നു. പല്ലിന്റെ കൂർത്ത അരികുകൾ നിരന്തരം തട്ടി ഉണ്ടായ ആ മുറിവ് വായിലെ കാൻസറായി (Oral Cancer) മാറിക്കഴിഞ്ഞിരുന്നു. മറ്റൊരു ദിവസം വന്ന രോഗിയുടെ വായ പരിശോധിച്ചപ്പോൾ നാക്കിന്റെയും അണ്ണാക്കിന്റെയും പ്രതലത്തിൽ വെളുത്തതും ചുവന്നതുമായ പാടുകളാണ് കണ്ടത്.
ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇന്ന് നമ്മുടെ സമൂഹത്തിൽ വളരെയധികം കണ്ടുവരുന്ന ഒന്നാണ് വായിലെ കാൻസർ. തുടക്കത്തിൽ തന്നെ ഒരു ദന്തഡോക്ടറെ കണ്ട് കൃത്യമായ പരിശോധന നടത്തിയാൽ ഈ രോഗത്തെ പ്രതിരോധിക്കാനും പൂർണ്ണമായി സുഖപ്പെടുത്താനും സാധിക്കും. ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ് എന്ന ചൊല്ല് വായിലെ കാൻസറിന്റെ കാര്യത്തിൽ നൂറു ശതമാനം ശരിയാണ്.
വായുടെ ഏതൊക്കെ ഭാഗങ്ങളിലാണ് സാധാരണയായി കാൻസർ കണ്ടുവരുന്നത്?
നാവ് (Tongue), ചുണ്ടുകൾ (Lips), കവിളുകളുടെ ഉൾഭാഗം (Buccal mucosa), വായുടെ മുകൾഭാഗം/ അണ്ണാക്ക് (Hard & Soft Palate), വായുടെ അടിഭാഗം (Floor of Mouth), അണ്ണാക്കിന്റെ പിൻഭാഗവും തൊണ്ടയും (Oropharynx) എന്നിവിടങ്ങളിലാണ് വായിലെ കാൻസർ പ്രധാനമായും കണ്ടുവരുന്നത്.
പ്രധാന ലക്ഷണങ്ങൾ
തുടക്കത്തിൽ വായിലെ കാൻസറിന് വലിയ രീതിയിലുള്ള വേദന ഉണ്ടാകണമെന്നില്ല എന്നത് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഉണങ്ങാത്ത മുറിവുകൾ: വായ്ക്കുള്ളിലോ, ചുണ്ടുകളിലോ വന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ഉണങ്ങാത്ത മുറിവുകളും വായ്പ്പുണ്ണുകളും.
നിറവ്യത്യാസങ്ങൾ (Pre-cancerous lesions): വായ്ക്കുള്ളിൽ കാണപ്പെടുന്ന വെളുത്ത പാടുകൾ (Leukoplakia) അല്ലെങ്കിൽ ചുവന്ന പാടുകൾ (Erythroplakia).
തടിപ്പുകളും മുഴകളും: വായ്ക്കുള്ളിലോ, കഴുത്തിലോ ഉണ്ടാകുന്ന വേദനയില്ലാത്ത തടിപ്പുകളും മുഴകളും.
ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്: ഭക്ഷണം ചവയ്ക്കാനോ ഇറക്കാനോ, നാക്ക് ചലിപ്പിക്കാനോ സംസാരിക്കാനോ സ്ഥിരമായി ഉണ്ടാകുന്ന പ്രയാസം.
അസാധാരണ രക്തസ്രാവം: വായ്ക്കുള്ളിൽ കാരണം കൂടാതെ ഉണ്ടാകുന്ന രക്തസ്രാവവും മരവിപ്പും.
പ്രധാന കാരണങ്ങളും അപകടസാധ്യതകളും
വായിലെ കാൻസറിന് വഴിവയ്ക്കുന്ന പ്രധാന ഘടകങ്ങൾ താഴെപ്പറയുന്നവയാണ്:
പുകയിലയുടെ ഉപയോഗം: 75% കേസുകൾക്കും കാരണം ഇതാണ്. സിഗരറ്റ്, ബീഡി, കൂൾ ലീപ് എന്നിവയും ഹാൻസ്, പാൻ മസാല, വെറ്റില-പാക്ക് മുറുക്ക് (Smokeless Tobacco/ Betel quid) എന്നിവ വായിൽ വയ്ക്കുന്നതും പ്രധാന കാരണമാണ്.
അമിതമായ മദ്യപാനം: മദ്യപാനവും പുകയില ഉപയോഗവും ഒന്നിച്ച് കൊണ്ടുപോകുന്നത് കാൻസർ സാധ്യത വർധിപ്പിക്കുന്നു.
എച്ച്.പി.വി. വൈറസ് (HPV – Human Papillomavirus): ചിലതരം എച്ച്.പി.വി. അണുബാധകൾ വായയിലെയും തൊണ്ടയിലെയും കാൻസറിന് കാരണമാകാറുണ്ട്.
കൂർത്ത പല്ലുകളും മോശം ഡെഞ്ചറുകളും: നിരന്തരം നാക്കിലോ, കവിളിലോ തട്ടി മുറിവുണ്ടാക്കുന്ന കൂർത്ത പല്ലുകൾ, കൃത്യമായ ഫിറ്റിംഗ് ഇല്ലാത്ത കൃത്രിമപ്പല്ലുകൾ (Ill-fitting dentures) എന്നിവ വിട്ടുമാറാത്ത മുറിവുകൾക്കും തുടർന്ന് കാൻസറിനും വഴിവയ്ക്കാം.
വായ ശുചിത്വമില്ലാത്ത അവസ്ഥയും പ്രതിരോധശേഷിക്കുറവും: വായ വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നതും ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതും രോഗസാധ്യത കൂട്ടുന്നു.
പോഷകാഹാരക്കുറവും പാരമ്പര്യവും: വിറ്റാമിനുകളുടെ കുറവും പാരമ്പര്യമായി കാൻസർ വരാനുള്ള സാധ്യതകളും മറ്റ് കാരണങ്ങളാണ്.
പ്രതിരോധ മാർഗങ്ങൾ
താഴെപ്പറയുന്ന മാർഗങ്ങളിലൂടെ കാൻസർ വരാതെ നമുക്ക് പ്രതിരോധിക്കാവുന്നതാണ്.
ലഹരിവസ്തുക്കൾ പൂർണ്ണമായും ഉപേക്ഷിക്കുക: പുകവലി, മുറുക്ക്, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.
ആറു മാസത്തിലൊരിക്കൽ ദന്തപരിശോധന നടത്തുക: ദന്തഡോക്ടറെ കണ്ട് പല്ലുകളുടെയും വായുടെയും ആരോഗ്യം ഉറപ്പുവരുത്തുക.
കൂർത്ത പല്ലുകൾ ശരിയാക്കുക: നാക്കിലോ, കവിളിലോ തട്ടുന്ന കൂർത്ത പല്ലുകൾ രാകി ശരിയാക്കുകയോ, കവറിങ് ഇടുകയോ, കേടുള്ളവ ഫില്ലിംഗ് ചെയ്യുകയോ ചെയ്യുക.
സ്വയം വായ പരിശോധിക്കുക: കണ്ണാടിക്കു മുന്നിൽ നിന്ന് വായുടെ ഉൾഭാഗത്ത് അസാധാരണമായ നിറവ്യത്യാസങ്ങളോ, മുറിവുകളോ ഉണ്ടോ എന്ന് മാസത്തിലൊരിക്കൽ സ്വയം പരിശോധിക്കുക.
പോഷകാഹാരം: ധാരാളം പഴവർഗങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ചികിത്സാരീതികൾ
രോഗം കണ്ടെത്തുന്ന ഘട്ടത്തെയും (Stage) സ്ഥാനത്തെയും ആശ്രയിച്ച് താഴെപ്പറയുന്ന രീതികളിലൂടെ വായിലെ കാൻസർ ചികിത്സിച്ചു ഭേദമാക്കാം.
സർജറി: കാൻസർ ബാധിച്ച ഭാഗം ശസ്ത്രക്രിയയിലൂടെ പൂർണ്ണമായി നീക്കം ചെയ്യലാണ് ഇവിടെ നടക്കുന്നത്.
റേഡിയേഷൻ തെറാപ്പി: ഉയർന്ന ഊർജമുള്ള രശ്മികൾ ഉപയോഗിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന രീതിയാണിത്.
കീമോതെറാപ്പി: കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന മരുന്നുകൾ നൽകുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്.
എന്തെങ്കിലും തരത്തിലുള്ള സംശയകരമായ ലക്ഷണങ്ങളോ, ഉണങ്ങാത്ത വായ്പ്പുണ്ണുകളോ കണ്ടാൽ ഒട്ടും വൈകാതെ തന്നെ ഒരു ദന്തഡോക്ടറെ കണ്ട് പരിശോധന നടത്തുക. ആദ്യഘട്ടങ്ങളിൽ തന്നെ തിരിച്ചറിഞ്ഞാൽ ലളിതമായ ചികിത്സകളിലൂടെ വായിലെ കാൻസറിനെ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കും.
ഡോ. സി. സംഗീത SVM, MDS




