“പരീക്ഷണങ്ങളിൽ ദൈവത്തോടുള്ള വിശ്വസ്തതയാണ് തന്നെ നിലനിർത്തിയത്”: ആദ്യ മൗറീഷ്യസ് കർമ്മലീത്ത സന്ന്യാസിനി മനസ്സ് തുറക്കുന്നു

“കർത്താവിന്റെ വിശ്വസ്തതയാണ് എന്റെ ശക്തി, അതാണ് ഇന്ന് എന്റെ സമൂഹത്തോടും കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ഈ ജൂബിലി ആഘോഷിക്കാൻ എന്നെ പ്രാപ്തയാക്കുന്നത്. കർത്താവിന്റെ വിശ്വസ്തത എത്ര മനോഹരമാണ്!”- സിസ്റ്റർ ജാക്വിലിൻ സാലസ് എന്ന കർമ്മലീത്ത സന്ന്യാസിനിയുടെ വാക്കുകളാണ് ഇത്‌. തന്റെ സമർപ്പണ ജീവിതത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്ന ഈ സന്ന്യാസിനിയാണ് ഡിസ്കാൽസ്ഡ് കാർമലൈറ്റ് (OCD) സന്ന്യാസ സഭയിൽ വ്രതവാഗ്ദാനം ചെയ്ത ആദ്യ മൗറീഷ്യസ് സ്വദേശി.

സിസ്റ്റർ ജാക്വിലിൻ സാലസിന്റെ സുവർണ്ണ ജൂബിലി ചടങ്ങുകൾ ഇന്ന് നടത്തപ്പെടും. 1975-ൽ ബോൺ-ടെറെയിലെ കാർമൽ മഠം ഉദ്ഘാടനം ചെയ്യപ്പെട്ട് കൃത്യം ഒരു വർഷത്തിന് ശേഷം, അതായത് 1976-ൽ, അവിടെ വ്രതവാഗ്ദാനം ചെയ്ത ആദ്യത്തെ മൗറീഷ്യസ് കാർമലൈറ്റ് സന്ന്യാസിനിയാണ് ഇവർ. ആഘോഷങ്ങൾക്ക് മുന്നോടിയായി ജൂലൈ 16-ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, തന്റെ ജൂബിലി അഗാധമായ കൃതജ്ഞതയുടെ നിമിഷമാണെന്ന് സിസ്റ്റർ ജാക്വിലിൻ വിവരിച്ചു. തന്റെ യാത്ര പ്രതിസന്ധികൾ നിറഞ്ഞതായിരുന്നുവെങ്കിലും ദൈവത്തിലുള്ള ആത്മവിശ്വാസം തനിക്ക് ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ലെന്ന് അവർ പറഞ്ഞു.

“കുരിശിലെ ക്രിസ്തുവിന്റെ കഷ്ടപ്പാടുകളെക്കുറിച്ച് ചിന്തിക്കുമ്പോൾ, എന്റേത് വളരെ ചെറുതായി തോന്നുന്നു. ഞാൻ കടന്നുപോയ പരീക്ഷണങ്ങളെല്ലാം ദൈവഹിതത്തിൽ അതിന്റെ സ്ഥാനം കണ്ടെത്തിയതായി ഞാൻ വിശ്വസിക്കുന്നു,” അവർ പറഞ്ഞു. തന്റെ സന്ന്യാസ നാമമായ ‘ജാക്വിലിൻ ഓഫ് ദി ക്രോസ്’ സന്തോഷത്തിലും കഷ്ടപ്പാടിലും ഒരുപോലെ തന്റെ ദൈവവിളി ജീവിക്കാൻ നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ജൂബിലിയെക്കുറിച്ച് ചിന്തിക്കുമ്പോൾ, 1976-ൽ താൻ ചെയ്ത വ്രതത്തോട് വിശ്വസ്തത പുലർത്താൻ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്ന് ഈ സന്ന്യാസിനി വെളിപ്പെടുത്തുന്നു. കാനഡയിൽ നിന്നുള്ള ആറ് കാർമലൈറ്റ് സിസ്റ്റർമാർ ചേർന്ന് 1972-ലാണ് മൗറീഷ്യസിൽ കാർമൽ മഠം സ്ഥാപിച്ചത്. മഠത്തിന്റെ നിർമ്മാണം നടക്കുന്ന സമയത്ത്, താൽക്കാലികമായി ഒരു വീട്ടിലേക്ക് മാറുന്നതിന് മുൻപ് ഇവർ റോസ് ഹില്ലിലെ ‘സിസ്റ്റേഴ്സ് ഓഫ് മേരി റിപ്പരാട്രിസ്’ സന്ന്യാസിനികൾക്കൊപ്പമാണ് താമസിച്ചിരുന്നത്.

“ബോൺ-ടെറെയിലെ കാർമൽ മഠത്തിൽ ഞാൻ എന്റെ ആദ്യ വ്രതവാഗ്ദാനം ചെയ്യുമ്പോൾ, അത്തരമൊരു പ്രതിജ്ഞയെടുക്കുന്ന ആദ്യത്തെ മൗറീഷ്യസ് സ്വദേശിനി ഞാൻ തന്നെയായിരുന്നു. എന്നാൽ നമ്മൾ വിനയമുള്ളവരായിരിക്കണം, കാരണം ദൈവം ഇത് ഈ രീതിയിൽ ആഗ്രഹിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ഞാൻ എപ്പോഴും എന്നെത്തന്നെ ഒരു വേരായിട്ടാണ് കരുതിയിട്ടുള്ളത്… പിന്നീട്, മറ്റ് നിരവധി മൗറീഷ്യൻ യുവതികളുടെ കടന്നുവരവോടെ ആ മരം വളർന്നു പന്തലിച്ചു,” അവർ അനുസ്മരിച്ചു.

സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, കുടുംബ സംഗമങ്ങളും നൃത്തവും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രകളും ആസ്വദിച്ചിരുന്ന സന്തോഷവതിയുമായ ഒരു യുവതിയായിരുന്നു താനെന്ന് സിസ്റ്റർ ജാക്വിലിൻ ചെറു ചിരിയോടെ പറയുന്നു. ഈ സന്തോഷങ്ങൾക്കൊപ്പം തന്നെ അവർ ക്വയർ, ലീജിയൻ ഓഫ് മേരി, മറ്റ് അപ്പോസ്തോലിക് കൂട്ടായ്മകൾ എന്നിവയിലൂടെ ഇടവക ജീവിതത്തിലും സജീവമായിരുന്നു.

ഫാദർ സുഷോൺ ഉൾപ്പെടെയുള്ള വൈദികരുമൊത്തുള്ള ആത്മീയ വിവേചനത്തിന്റെ നാളുകൾക്കും, പോർട്ട്-ലൂയിസ് രൂപതയുടെ മുൻ ബിഷപ്പായിരുന്ന അന്തരിച്ച ജീൻ കാർഡിനൽ മാർഗെയോട്ടുമായുള്ള സംഭാഷണങ്ങൾക്കും ശേഷമാണ് തന്റെ ദൈവവിളി കൂടുതൽ വ്യക്തമായതെന്ന് അവർ പറഞ്ഞു. അക്കാലത്ത് മൗറീഷ്യസിൽ കാർമലൈറ്റ് മഠങ്ങൾ ഒന്നും തന്നെയില്ലാതിരുന്നതിനാൽ, വിദേശത്തുള്ള ഏതെങ്കിലും മഠത്തിൽ ചേരുന്നതിനെക്കുറിച്ചാണ് സിസ്റ്റർ ആലോചിച്ചിരുന്നത്.

“ഞാൻ ഇക്കാര്യം കർദിനാൾ മാർഗെയോട്ടിനോട് പറഞ്ഞപ്പോൾ, ‘നീ പോകില്ല. കർമ്മലീത്തക്കാർ മൗറീഷ്യസിലേക്ക് വരും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മോൺട്രിയലിൽ നിന്നുള്ള കാർമലൈറ്റ് സിസ്റ്റർമാരുടെ വരവോടെ കൃത്യമായി അതുതന്നെയാണ് സംഭവിച്ചത്,” അവർ ഓർത്തെടുത്തു.

ഏകാന്തമായ സന്ന്യാസ ജീവിതം തടവറയിലേത് പോലെയല്ല

മഠത്തിൽ ഞങ്ങളുടെ ഒന്നാമത്തെ ദൗത്യം എന്നത് നിശബ്ദതയിലുള്ള പ്രാർഥനയും ദൈവവുമായുള്ള നിരന്തരമായ ഐക്യവുമാണ് എന്ന് സിസ്റ്റർ വെളിപ്പെടുത്തുന്നു. പലപ്പോഴും മിണ്ടാമഠങ്ങളെ കുറിച്ച് തെറ്റിധാരണകൾ ഉണ്ട്. എന്നാൽ മഠത്തിനുള്ളിലെ ജീവിതം ഒരു തടവറയല്ലെന്ന് സിസ്റ്റർ ജാക്വിലിൻ ഉറപ്പിച്ചു പറഞ്ഞു. “ചില മുൻവിധികൾക്ക് വിപരീതമായി, നമ്മൾ ഒരു തടവറയിലല്ല കഴിയുന്നത്. നമ്മൾ ഈ ലോകത്തിന്റെ ഭാഗമായതുകൊണ്ട് തന്നെ ലോകത്തിൽ നിന്ന് ഒറ്റപ്പെട്ടിട്ടുമില്ല,” സിസ്റ്റർ കൂട്ടിച്ചേർത്തു. കാർമലൈറ്റ് സിസ്റ്റർമാർക്ക് കുടുംബാംഗങ്ങളുടെ സന്ദർശനം ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും സമൂഹത്തിലെ ചലനങ്ങളെക്കുറിച്ച് അവർ എപ്പോഴും ശ്രദ്ധാലുക്കളാണെന്നും അവർ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി കാർമലൈറ്റ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ഈ സന്ന്യാസിനി പറയുന്നു.

മെഴുകുതിരികൾ, തിരുക്കർമ്മങ്ങൾക്കുള്ള വസ്ത്രങ്ങൾ, ആശംസാ കാർഡുകൾ, കേക്കുകൾ, ബ്രെഡ്, എംബ്രോയ്ഡറി, പെയിന്റിംഗുകൾ എന്നിവ നിർമ്മിച്ച് സിസ്റ്റർമാർ ഒരുകാലത്ത് മഠത്തെ എങ്ങനെ പിന്തുണച്ചിരുന്നുവെന്നും അവർ അനുസ്മരിച്ചു. 1989-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ മൗറീഷ്യസിൽ വിശുദ്ധ കുർബാന അർപ്പിച്ചപ്പോൾ ധരിച്ചിരുന്ന തിരുക്കർമ്മ വസ്ത്രങ്ങൾ നിർമ്മിച്ചത് കാർമൽ മഠത്തിലെ സിസ്റ്റർമാരായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.