ക്രിസ്തുവിനായി എല്ലാം ഉപേക്ഷിച്ച മകൾ; ഹൃദയപൂർവം വിട്ടുകൊടുത്ത് മാതാപിതാക്കൾ

ഞങ്ങളുടെ മകൾ പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ അവൾക്ക് സന്യാസ ജീവിതത്തിലേക്കുള്ള ദൈവവിളിയുണ്ടാകാം എന്ന് കൂട്ടുകാർ പറയാൻ തുടങ്ങിയിരുന്നു. ആദ്യമൊക്കെ ഞങ്ങൾ ഇത് അവഗണിച്ചെങ്കിലും, പിന്നീട് അതൊരു വലിയ പ്രശംസയാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. വളരെ ചെറുപ്പത്തിൽ തന്നെ പ്രായത്തിൽ കവിഞ്ഞ പക്വത അവൾക്കുണ്ടായിരുന്നു, ചുറ്റുമുള്ള ആർക്കും അത് എളുപ്പത്തിൽ തിരിച്ചറിയാമായിരുന്നു.

അവൾ എപ്പോഴും സ്വാഭാവികമായ നേതൃപാടവമുള്ളവളും, തത്ത്വങ്ങളിൽ ഉറച്ചുനിൽക്കുന്നവളും, കരുണയും സഹാനുഭൂതിയും ഉള്ളവളുമായിരുന്നു. ന്യൂയോർക്കിലെ 9/11 ആക്രമണം നടന്നതിന് ശേഷമുള്ള ദിവസങ്ങളിൽ, അവൾ തനിയെ മുറിയിലിരുന്ന് ചെറിയ ചുവപ്പും വെള്ളയും നീലയും റിബണുകൾ കൊണ്ടുള്ള ബാഡ്ജുകൾ ഉണ്ടാക്കിയത് ഞാൻ ഓർക്കുന്നു. പിന്നീട് അവൾ അയൽപക്കങ്ങളിൽ നടന്ന് അത് വിൽക്കുകയും, അതിൽ നിന്ന് കിട്ടിയ തുക റെഡ് ക്രോസിന് അയച്ചുകൊടുക്കുകയും ചെയ്തു.

എന്റെ അമ്മയുടെ പെട്ടെന്നുള്ള വേർപാടിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് അവൾ ജനിച്ചത്. അതൊരു ദുഃഖകരവും എന്നാൽ വിശുദ്ധവുമായ സമയമായിരുന്നു. എന്റെ അമ്മയുടെ ചില മികച്ച ഗുണങ്ങൾ ദൈവം ശാന്തമായി ഞങ്ങളുടെ മകളിലേക്ക് പകർന്നുനൽകിയതാണെന്ന് ഞാൻ കരുതുന്നു. പാവപ്പെട്ടവരോടുള്ള സ്നേഹം മകൾക്ക് ലഭിച്ച ഒരു പാരമ്പര്യസ്വത്തായിരുന്നു. പ്രാദേശികമായി ഒരു ഭവനരഹിതരുടെ അഭയകേന്ദ്രം സ്ഥാപിച്ചവരിൽ ഒരാളായിരുന്നു എന്റെ അമ്മ. രണ്ടുതവണ ഞങ്ങളുടെ മകൾ ഒരു തെരുവോര യാചകന് കൊടുക്കാൻ കൈയിൽ 20 ഡോളറുമായി പിന്നാലെ ഓടുന്നത് ഞാൻ കണ്ടിട്ടുണ്ട്; ആ പണം അവൻ എപ്പോഴെങ്കിലും തിരിച്ചുതരുമെന്ന് അവൾ ഉറച്ചു വിശ്വസിച്ചിരുന്നു.

മകൾ വളർന്നു, കോളേജിൽ ചേർന്നു, അത് അവളുടെ ജീവിതത്തിലെ ഒരു പുതിയ ഘട്ടമായിരുന്നു. ആ സമയത്താണ്, അവൾക്ക് ഒരു ദൈവവിളിയുടെ പ്രേരണ ശരിക്കും തോന്നിത്തുടങ്ങിയത്. കോളേജ് പഠനത്തിനിടയിലെ ആദ്യ ക്രിസ്മസിന് അവൾ വീട്ടിലെത്തിയപ്പോൾ, കോളേജിൽ പോകുന്നതിന് മുമ്പുള്ള ഞങ്ങളുടെ പതിവുപോലെ ക്രിസ്മസ് ട്രീ അലങ്കരിക്കാൻ തുടങ്ങിയിരുന്നു. ഞാൻ സോഫയിലിരുന്ന് നിർദ്ദേശങ്ങൾ നൽകുമ്പോൾ അവൾ അത് മനോഹരമായി അലങ്കരിച്ചു. ക്രിസ്മസ് ട്രീ അലങ്കരിക്കുന്ന ഈ ശീലം അവളുടെ ആശയമായിരുന്നു, ഞങ്ങൾ രണ്ടുപേരും അത് ഏറെ ഇഷ്ടപ്പെട്ടിരുന്നു.

അക്കൊല്ലമാണ് തനിക്ക് സന്യാസ ജീവിതത്തിലേക്ക് വിളി ലഭിച്ചിട്ടുണ്ടോ എന്ന് അവൾ ആദ്യമായി എന്നോട് ചോദിക്കുന്നത്. ആ സമയത്ത് അവൾ ഒരാളുമായി പ്രണയത്തിലായിരുന്നതിനാൽ ഈ ചോദ്യം അവളെ പ്രയാസപ്പെടുത്തിയിരുന്നു, അവൾ കരയാൻ തുടങ്ങി. ആ ചോദ്യം അവളെ അത്രമേൽ അസ്വസ്ഥയാക്കിയതുകൊണ്ട്, എനിക്കങ്ങനെ തോന്നുന്നില്ല എന്നാണ് ഞാൻ മറുപടി നൽകിയത്.

അടുത്ത രണ്ട് ക്രിസ്മസ് കാലങ്ങളും സമാനമായിരുന്നു. അവൾ ക്രിസ്മസ് മരം അലങ്കരിക്കുമ്പോൾ ഞങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ ഞങ്ങൾ പരസ്പരം പങ്കുവയ്ക്കുമായിരുന്നു. ദൈവവിളിയുടെ കാര്യത്തിൽ അവൾ ഒരു അന്തിമ തീരുമാനത്തിലെത്തിയിരുന്നില്ല, അതിനാൽ അത് സംഭവിച്ചാൽ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാകും എന്നതിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു.

തന്റെ കൂട്ടുകാരെ നഷ്ടപ്പെടുമോ എന്ന് അവൾ ഭയപ്പെട്ടിരുന്നു. ഒരിക്കലും വിവാഹം കഴിക്കാനോ സ്വന്തമായി ഒരു കുടുംബമുണ്ടാകാനോ കഴിയില്ലെന്ന് അവൾക്കറിയമായിരുന്നു. സ്വതന്ത്രമായ ജീവിതത്തെ അവൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു, അത് നഷ്ടപ്പെടുമോ എന്നും തന്റെ പേര് മാറ്റേണ്ടി വരുമോ എന്നും അവൾ വ്യാകുലപ്പെട്ടു.

ഏറ്റവും പ്രധാനമായി, തന്റെ ജീവിതം മുഴുവൻ യേശുവിനായി സമർപ്പിക്കുന്നത് എങ്ങനെയായിരിക്കും എന്ന് അവൾ ഉറക്കെ ചിന്തിച്ചു. അവിടുന്ന് അവളോട് എന്തായിരിക്കും ആവശ്യപ്പെടുക? അവിടുത്തെ വിളിക്ക് ഉത്തരം നൽകുമ്പോൾ അതിൽ വലിയൊരു ത്യാഗമുണ്ട്. ക്രിസ്തുവിന്റെ ശിഷ്യത്വം സ്വീകരിക്കുന്നതിലുള്ള ഒഴിവാക്കാനാവാത്ത, വ്യക്തിപരമായ ‘വില’ (cost of discipleship) ഇതാണ്. മറ്റെന്തിനേക്കാളും ഉപരിയായി യേശുവിന് മുൻഗണന നൽകാൻ അത് ആവശ്യപ്പെടുന്നു.

കോളേജ് പഠനത്തിന്റെ അവസാന വർഷത്തിൽ, ക്രിസ്മസ് സമ്മാനമായി സന്യാസിനിമാർ താമസിക്കുന്ന കോൺവെന്റ് സന്ദർശിക്കാനുള്ള ഒരു ടിക്കറ്റ് ഞങ്ങൾ അവൾക്ക് നൽകി. അവിടെപ്പോകാൻ അവൾക്ക് വല്ലാത്ത മടിയും ഭയവും ഉണ്ടായിരുന്നു. അവൾ കുറച്ചധികം കരയുകയും ചെയ്തു.

അടുത്ത നാല് ദിവസത്തേക്ക് ഞങ്ങൾ അവളെക്കുറിച്ച് ഒന്നും കേട്ടില്ല. പിന്നീട് അവൾ ഞങ്ങളെ ഫോണിൽ വിളിച്ച് തനിക്ക് ആ സ്ഥലം വളരെ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു. ഞങ്ങൾ അദ്ഭുതപ്പെട്ടുപോയി. കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകുന്ന സ്വഭാവമുള്ള ഞങ്ങളുടെ മകൾ, കോൺവെന്റിലേക്ക് പ്രവേശനാനുമതി തേടിയുള്ള കത്തെഴുതാൻ ധൃതിയിൽ വീട്ടിലേക്ക് ഓടിയെത്തി. ആ മാസാവസാനത്തോടെ അവൾക്ക് സ്വീകരണക്കത്തും ലഭിച്ചു.

അപ്പോഴാണ് എനിക്ക് ഒടുവിൽ ആ സത്യം മനസ്സിലായത്—ഈ ദൈവവിളി അവൾക്ക് മാത്രമല്ല, എനിക്കും എന്റെ ഭർത്താവിനും വലിയൊരു ത്യാഗമായിരിക്കും. ഞങ്ങൾക്ക് പൂർണ്ണമായി മനസ്സിലാകാത്ത ഒരു ലോകത്തിലേക്ക് ഞങ്ങൾ ഞങ്ങളുടെ മകളെ വിട്ടുകൊടുക്കുകയായിരുന്നു. അവൾ ഇനി വേറൊരാളെ “അമ്മേ” എന്ന് വിളിക്കുമെന്നോർത്തപ്പോൾ എനിക്ക് സങ്കടം തോന്നി. ഇനിമേൽ അവൾ ഞങ്ങളുടെ വീട്ടിലെ ക്രിസ്മസ് മരം അലങ്കരിക്കില്ല. ആ പട്ടിക നീളുന്നതായിരുന്നു, അത് ഞങ്ങളുടെ ഭാഗത്തുനിന്നും വലിയൊരു ത്യാഗം ആവശ്യപ്പെട്ടു.

ഈ അനുഭവത്തിൽ ഏറ്റവും എളിമ തോന്നിയ ഒരു നിമിഷം, വർഷങ്ങളായി ഞങ്ങൾ അവൾക്ക് നൽകിയതടക്കം തന്റെ എല്ലാ സമ്പാദ്യങ്ങളും അവൾ മറ്റുള്ളവർക്ക് വീതിച്ചുനൽകുന്നത് കണ്ടപ്പോഴാണ്. ഓരോ രാത്രിയിലും അവൾ തന്റെ വസ്തുവകകൾ ഓരോന്നായി എടുത്ത്, ഓരോന്നിലും മറ്റുള്ളവരുടെ പേരുകളെഴുതിയ കുറിപ്പുകൾ പതിക്കുമായിരുന്നു.

അവൾ തന്റെ ബേസ്ബോൾ തൊപ്പികളും, സിനിമ കാണാൻ പോയ ടിക്കറ്റ് അവശിഷ്ടങ്ങളും, ചെറുപ്പം മുതൽ ശേഖരിച്ചുവച്ച എല്ലാ ഓർമ്മമുദ്രകളും നൽകി. അവയെല്ലാം അവളുടെ പ്രിയപ്പെട്ട കൂട്ടുകാർക്ക് പോയി. അവൾക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തു അവൾ അവസാനത്തേക്ക് മാറ്റിവച്ചിരുന്നു—അവളുടെ നീല നെയിൽ പോളിഷ്.

ഒടുവിൽ, യാത്രപറഞ്ഞു പിരിയേണ്ട സമയം വന്നു. ഇത്തവണ കരയാനുള്ള ഊഴം എന്റേതായിരുന്നു, ഞാൻ പൊട്ടിക്കരഞ്ഞു. എന്റെ അമ്മയുടെ വേർപാടിന്റെ സങ്കടം മാറ്റാൻ ദൈവം ഞങ്ങൾക്ക് തന്ന ആ മനോഹരമായ പെൺകുഞ്ഞ്—ഇപ്പോൾ മനോഹരിയായ ഒരു യുവതി—’സിസ്റ്റർ മരിയ പാരിസ് ഓഫ് ദി റിലീജിയസ് സിസ്റ്റേഴ്സ് ഓഫ് മെഴ്സി’ ആയി ദൈവത്തിന്റെ മുന്തിരിത്തോട്ടത്തിൽ വേല ചെയ്യാൻ തിരികെ പോകുകയായിരുന്നു.

ഞാൻ മുൻപ് പറഞ്ഞതുപോലെ, ക്രിസ്തുശിഷ്യത്വത്തിന് വലിയൊരു വില നൽകേണ്ടതുണ്ട്.

പക്ഷേ, ഇതിലെ പാഠം ഇതാണെന്ന് ഞാൻ കരുതുന്നു. ഞാൻ ഈ എഴുതിയതിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഒരേയൊരു ചോദ്യം മാത്രമേ ശരിക്കും പ്രസക്തമാകുന്നുള്ളൂ: അവളുടെ ജീവിതത്തിലും ഞങ്ങളുടെ ജീവിതത്തിലും, ഞങ്ങൾ നൽകിയ ഈ വിലയ്ക്ക് തക്കതായ ഫലം ലഭിച്ചിട്ടുണ്ടോ? ആ വില നൽകി ജീവിക്കുമ്പോഴാണ് അതിന്റെ ഉത്തരവും അതിലൂടെ ലഭിക്കുന്ന ആനന്ദവും നമ്മൾ അറിയുന്നത്.

കടപ്പാട്: https://www.ncregister.com/

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.