
ജോർദാന്റെ ചരിത്രത്തോടും സംസ്കാരത്തോടും ഇഴുകിച്ചേർന്നു നിൽക്കുന്നവരാണ് ഇവിടത്തെ ക്രൈസ്തവർ. കഴിഞ്ഞ ദിവസം ദൈവാലയത്തിലുണ്ടായ ആക്രമണത്തിൽ അവരിൽ ഒൻപതുപേർ കൊല്ലപ്പെടുകയും 40 – ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ മൂന്ന് ഡോക്ടർമാരും ഉൾപ്പെടുന്നു. തുടർന്നു വായിക്കുക.
മധ്യപൂർവദേശത്ത് താരതമ്യേന സമാധാനപരവും സുരക്ഷിതവുമായ രാജ്യമായി വിലയിരുത്തപ്പെടുന്ന ജോർദാനിൽ, ക്രിസ്തീയ ദേവാലയത്തിനുനേരെയുണ്ടായ അപ്രതീക്ഷിത ഭീകരാക്രമണം അവിടത്തെ ആഴത്തിൽ വേരോട്ടമുള്ള ക്രൈസ്തവ സമൂഹത്തെയും രാജ്യത്തെ മൊത്തത്തിലുള്ള സുരക്ഷാ അന്തരീക്ഷത്തെയും നടുക്കിയിരിക്കുകയാണ്. ഹമൂദ് ഗ്രാമത്തിലെ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഒരു ശവസംസ്കാര ചടങ്ങിനിടയിലുണ്ടായ വെടിവെയ്പ്പ് ജോർദാനിൽ 1950-കളുടെ മധ്യത്തിനുശേഷമുണ്ടായ ഏറ്റവും വലിയ ക്രൈസ്തവവിരുദ്ധ ആക്രമണമായാണ് കണക്കാക്കപ്പെടുന്നത്. ഈ ആക്രമണത്തിൽ ഒൻപതുപേർ കൊല്ലപ്പെടുകയും 40 – ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
1 കോടി 10 ലക്ഷത്തോളം വരുന്ന ജോർദാൻ ജനസംഖ്യയിൽ ഏകദേശം 2,50,000 പേർ ക്രിസ്തീയ വിശ്വാസികളാണ്. ഇതിൽ ഭൂരിഭാഗവും ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ടവരാണ്. രാജ്യത്തിന്റെ ചരിത്രത്തോടും സംസ്കാരത്തോടും ഇഴുകിച്ചേർന്നുനിൽക്കുന്നവരാണ് ഇവിടത്തെ ക്രിസ്തീയ സമൂഹം. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഏറെയും രാജ്യത്തെ പ്രമുഖ ക്രൈസ്തവ കുടുംബങ്ങളിലൊന്നായ ‘ഹലാസ’ കുടുംബത്തിൽപ്പെട്ടവരാണ്. ഹമൂദ് ഗ്രാമം ഇവരുടെ പരമ്പരാഗത വേരുകളുള്ള പ്രദേശമാണ്. കൊല്ലപ്പെട്ടവരിൽ മൂന്ന് ഡോക്ടർമാർ ഉൾപ്പെടുന്നു എന്നത് ഈ സമൂഹത്തിന് ഏറ്റ വലിയൊരു ആഘാതമായി മാറി.
മധ്യപൂർവദേശത്തെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും സ്ഥിരതയുടെ തുരുത്തായി നിലകൊള്ളുന്ന രാജ്യമാണ് ജോർദാൻ. എന്നാൽ കഴിഞ്ഞ 15 വർഷമായി തുടരുന്ന സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും രാജ്യത്ത് ആഭ്യന്തര വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്.
സംഭവത്തെ തുടർന്ന് ജോർദാൻ ഭരണാധികാരിയായ അബ്ദുല്ല രണ്ടാമൻ രാജാവ് ആക്രമണത്തെ ശക്തമായി അപലപിക്കുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കർശന നിർദ്ദേശം നൽകുകയും ചെയ്തു. തീവ്രവാദ ആശയങ്ങളുടെ വേരറുക്കാൻ ദേശീയ തലത്തിലുള്ള നയങ്ങൾ സമഗ്രമായി പുനഃപരിശോധിക്കാൻ അദ്ദേഹം സുരക്ഷാ വിഭാഗത്തിന് ഉത്തരവിട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും, രാജ്യത്തെ ചില ഇസ്ലാമിക തീവ്രവാദ പ്രവണതകൾക്കും വിഭാഗീയതയ്ക്കും എതിരെയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും ശക്തമായിട്ടുണ്ട്.
ക്രിസ്തീയ സമൂഹം ജോർദാന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നും രാജ്യത്തിന്റെ ദേശീയ ഐക്യത്തെ തകർക്കാൻ ഇത്തരം ആക്രമണങ്ങൾക്ക് സാധിക്കില്ലെന്നും ജറുസലേമിലെ ആർച്ചുബിഷപ്പ് ക്രിസ്റ്റോഫോറോസ് വ്യക്തമാക്കി.
രാജ്യത്തിന്റെ ദേശീയ ഐക്യവും സാമുദായിക സൗഹാർദ്ദവും നിലനിർത്താൻ ഭരണകൂടവും മതനേതൃത്വവും ഒരുപോലെ രംഗത്തുവന്നിട്ടുണ്ടെങ്കിലും, ഈ സംഭവം ജോർദാനിലെ ന്യൂനപക്ഷ സുരക്ഷയെക്കുറിച്ചുള്ള ഗൗരവമേറിയ ചിന്തകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.




