വി. മരിയ ഗൊരേത്തിയുടെ ജീവിതത്തെക്കുറിച്ച് പത്ത് വസ്തുതകൾ

എല്ലാ വർഷവും ജൂലൈ ആറിനാണ് കത്തോലിക്കാ സഭ വി. മരിയ ഗൊരേത്തിയുടെ തിരുനാൾ ആഘോഷിക്കുന്നത്. തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച അക്രമിക്കു മുന്നിൽ സ്വന്തം വിശുദ്ധി കാത്തുസൂക്ഷിക്കാൻ പോരാടുകയും, മരണത്തോടു മല്ലിടുന്ന നിമിഷങ്ങളിൽപ്പോലും ആ അക്രമിക്ക് പൂർണ്ണഹൃദയത്തോടെ മാപ്പുനൽകുകയും ചെയ്ത 11 വയസ്സുകാരിയായ പെൺകുട്ടിയാണ് വി. മരിയ ഗൊരേത്തി.

പയസ് പന്ത്രണ്ടാമൻ മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച വി. മരിയ ഗൊരേത്തി, ‘വിശുദ്ധിയുടെ മധുരമുള്ള രക്തസാക്ഷി’ എന്നാണ് അറിയപ്പെടുന്നത്. കന്യകാത്വം കാത്തുസൂക്ഷിച്ചതിൽ മാത്രമല്ല, വിശുദ്ധ കുർബാനയോടുള്ള സ്നേഹത്തിലും പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയിലും അവൾ ഏറെ മുന്നിലായിരുന്നു. കുട്ടിക്കാലം മുതൽക്കേ വിശ്വാസത്തിൽ വളരാൻ വിശ്വാസികളെ പ്രചോദിപ്പിക്കുന്ന, ഈ ഇറ്റാലിയൻ വിശുദ്ധയുടെ ജീവിതത്തിൽ നിന്നുള്ള പത്ത് വസ്തുതകൾ ഇതാ.

1. ചെറുപ്രായത്തിൽ തന്നെ ജോലി ചെയ്ത വിശുദ്ധ

1890 ഒക്ടോബർ 16-ന് ഇറ്റലിയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് മരിയ ജനിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം അവരുടെ കുടുംബം അൻകോണ പ്രവിശ്യയിൽ നിന്ന് ലാസിയോയിലെ ഫെറിയർ ഡി കോങ്കയിലേക്ക് മാറുകയും, അവിടെ കൗണ്ട് മസ്സോലെനിയുടെ പാടങ്ങളിൽ ജോലി ചെയ്യുകയും ചെയ്തു. മുട്ട വിൽപന, കർഷകർക്ക് ഭക്ഷണം തയ്യാറാക്കൽ, തുന്നൽ, ഇളയ സഹോദരങ്ങളെ പരിപാലിക്കൽ എന്നിവയായിരുന്നു മരിയയുടെ ജോലികൾ.

2. മാതൃകാപരമായ ഒരു മകൾ

പിതാവ് ലൂയിജി ഗൊരേത്തിയുടെ മരണശേഷം, അമ്മ അസൂന്തയെ വീട്ടുജോലികളിലും അഞ്ച് സഹോദരങ്ങളെ വളർത്തുന്നതിലും മരിയ ഏറെ സഹായിച്ചുപോന്നു. മറ്റുള്ളവർക്ക് വയറുനിറയെ ഭക്ഷണം ലഭിക്കുന്നതിനായി, ബാക്കിവന്ന ഭക്ഷണം മാത്രം കഴിക്കാനാണ് മരിയ താല്പര്യപ്പെട്ടിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം സെറെനെല്ലി കുടുംബത്തിനൊപ്പമാണ് മരിയയുടെ കുടുംബത്തിന് താമസിക്കേണ്ടി വന്നത്. എന്നാൽ തങ്ങളോടുള്ള ആ കുടുംബത്തിന്റെ മോശം പെരുമാറ്റത്തിൽ സങ്കടപ്പെട്ടിരുന്ന അമ്മയ്ക്ക് ഈ കൊച്ചുപെൺകുട്ടി എപ്പോഴും പ്രത്യാശ നൽകിയിരുന്നു. “അമ്മേ ധൈര്യമായിരിക്കൂ, പേടിക്കേണ്ട, നമ്മൾ വളരുകയല്ലേ. ദൈവം നമുക്ക് ആരോഗ്യം തന്നാൽ മാത്രം മതി. ദൈവപരിപാലന നമ്മെ സഹായിക്കും. നമ്മൾ പോരാടുക തന്നെ ചെയ്യും!” എന്ന് അവൾ അമ്മയോട് പറയുമായിരുന്നു.

3. മോശം വാക്ക് പറയുന്നതിലും നല്ലത് മരണം

ഒരിക്കൽ ഒരു യുവാവും തന്റെ കൂടെയുള്ള ഒരു പെൺകുട്ടിയും പരസ്പരം അശ്ലീല വാക്കുകൾ പറയുന്നത് കേട്ടപ്പോൾ മരിയ ശക്തമായ അമർഷം രേഖപ്പെടുത്തി. “അത്തരം കാര്യങ്ങൾ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ കളയണം മോളേ. മറ്റുള്ളവർ ചെയ്യുന്നത് കണ്ട് നീ അദ്ഭുതപ്പെടുന്നതുപോലെ, നീ ചെയ്യുന്നത് കണ്ട് മറ്റുള്ളവരും അദ്ഭുതപ്പെട്ടേക്കാം” എന്ന് അമ്മ പറഞ്ഞപ്പോൾ, “എനിക്ക് എപ്പോഴെങ്കിലും അങ്ങനെ സംസാരിക്കേണ്ടി വന്നാൽ, ആ അവസ്ഥയിൽ ജീവിക്കുന്നതിനേക്കാൾ മരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്” എന്നാണ് മരിയ മറുപടി നൽകി

4. സ്കൂളിൽ പോയിട്ടില്ല

ദാരിദ്ര്യത്തിന്റെ ബുദ്ധിമുട്ടുകൾ മൂലം മരിയ ഗൊരേത്തിക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞില്ല എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തന്റെ ഒരു സന്ദേശത്തിൽ അനുസ്മരിച്ചിട്ടുണ്ട്. എന്നാൽ, അവളും സഹോദരങ്ങളും മാതാപിതാക്കളാൽ തങ്ങളോടും മറ്റുള്ളവരോടുമുള്ള ആദരവിലും, ദൈവസ്നേഹത്തെപ്രതിയുള്ള കടമാനിർവഹണ ബോധത്തിലുമാണ് വളർത്തപ്പെട്ടത്.

5. നാട്ടുകാരുടെ സഹായത്തോടെ ആദ്യകുർബാന സ്വീകരണം

ചെറുപ്രായത്തിൽ തന്നെ വിശുദ്ധ കുർബാന സ്വീകരിക്കാൻ മരിയ ഏറെ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം പറഞ്ഞപ്പോൾ, അവൾക്ക് വേദപാഠം അറിയില്ലെന്നും വായിക്കാൻ അറിയില്ലെന്നും അമ്മ അവളെ ഓർമ്മിപ്പിച്ചു. കൂടാതെ “നിനക്ക് വേണ്ട കുപ്പായവും ചെരിപ്പും വാങ്ങാൻ പണമില്ല, ഒരു നിമിഷം പോലും ഒഴിവുമില്ല” എന്നും അമ്മ പറഞ്ഞു. “അങ്ങനെയെങ്കിൽ എനിക്ക് ഒരിക്കലും വിശുദ്ധ കുർബാന സ്വീകരിക്കാൻ കഴിയില്ലേ അമ്മേ! യേശുവില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല!” എന്ന് ആ കൊച്ചുപെൺകുട്ടി സങ്കടപ്പെട്ടു.

ഇത് കണ്ട് അയൽക്കാർ അവളെ ആദ്യകുർബാനയ്ക്കായി ഒരുങ്ങാൻ സഹായിക്കുകയും വസ്ത്രങ്ങൾ വാങ്ങിനൽകുകയും ചെയ്തു. അങ്ങനെ 1902 മെയ് 29-ന്, തന്റെ 11-ാം വയസ്സിൽ (അക്കാലത്തെ പതിവിനേക്കാൾ ഒരു വർഷം മുമ്പ്) മരിയ ആദ്യകുർബാന സ്വീകരിച്ചു.

6. പ്രാർഥിക്കുകയും കഷ്ടപ്പാടുകൾ മാതാവിന് സമർപ്പിക്കുകയും ചെയ്തു

പിതാവിനെ നഷ്ടപ്പെട്ടപ്പോൾ പ്രാർഥനയിലൂടെയാണ്, പ്രത്യേകിച്ച് ജപമാലയിലൂടെയാണ് മരിയ ആശ്വാസം കണ്ടെത്തിയത് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച അലസ്സാൻഡ്രോ സെറെനെല്ലിയുടെ അനാശാസ്യമായ ആവശ്യങ്ങൾക്കും വധഭീഷണികൾക്കും മുന്നിൽ അവൾ മാതാവിനോട് നിരന്തരം പ്രാർഥിച്ചു. അക്രമത്തിന് ശേഷം മാരകമായി കുത്തിപ്പരിക്കേൽപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മരിയയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ, അവൾ ജീവനോടെയിരിക്കുന്നത് കണ്ട് ഡോക്ടർമാർ അദ്ഭുതപ്പെട്ടു. അവളുടെ മോശം ആരോഗ്യാവസ്ഥ മൂലം അനസ്തേഷ്യ നൽകാതെയാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. കഠിനമായ ആ വേദനയിലും പരാതി പറയാതെ അവൾ തന്റെ കഷ്ടപ്പാടുകൾ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചു.

7. പീഡനശ്രമത്തെ ശക്തമായി ചെറുത്തു

1902 ജൂലൈഅഞ്ചിന് മരിയ വീട്ടിൽ തനിച്ചായിരുന്ന സമയം നോക്കി അലസ്സാൻഡ്രോ സെറെനെല്ലി അവളെ പീഡിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അവൾ ശക്തമായി എതിർത്തു: “വേണ്ട! ഇതൊരു പാപമാണ്! ദൈവം ഇത് ആഗ്രഹിക്കുന്നില്ല!” എന്ന് ഉറക്കെ വിളിച്ചുപറയുകയും അവൻ നരകത്തിൽ പോകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ, കോപാകുലനായ അലസ്സാൻഡ്രോ 14 തവണ അവളെ കത്തികൊണ്ട് കുത്തി മാരകമായി പരിക്കേൽപ്പിച്ചു.

8. മരിക്കുന്നതിന് മുമ്പ് അക്രമിയോട് ക്ഷമിച്ചു

മരണത്തിന് തൊട്ടുമുമ്പ് വൈദികൻ അവളോട് ചോദിച്ചു: “മരിയ, നിന്നെ ഉപദ്രവിച്ചയാളോട് നീ പൂർണ്ണഹൃദയത്തോടെ ക്ഷമിക്കുന്നുണ്ടോ?” അതിന് അവൾ മറുപടി നൽകി, “അതേ, യേശുവിന്റെ സ്നേഹത്തെപ്രതി ഞാൻ അവനോട് ക്ഷമിക്കുന്നു. അവൻ എന്നോടൊപ്പം സ്വർഗത്തിൽ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവൻ എന്റെ അരികിൽ ഉണ്ടാകണം… ദൈവം അവനോട് ക്ഷമിക്കട്ടെ, കാരണം ഞാൻ ഇതിനകം അവനോട് ക്ഷമിച്ചുകഴിഞ്ഞു” എന്നാണ്.

“ക്ഷമയുടെ ആത്മാവ് ഗൊരേത്തി കുടുംബത്തിന്റെ ബന്ധങ്ങളിൽ ഉടനീളം ഉണ്ടായിരുന്നു, അതുകൊണ്ടാണ് ആ രക്തസാക്ഷിക്ക് ഇത്രയും സ്വാഭാവികമായി ക്ഷമിക്കാൻ കഴിഞ്ഞത്” എന്നാണ് ഇതേക്കുറിച്ച് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞത്.

9. കൊലപാതകിയുടെ മാനസാന്തരം

അലസ്സാൻഡ്രോ സെറെനെല്ലിക്ക് 30 വർഷത്തെ തടവുശിക്ഷ ലഭിച്ചെങ്കിലും തുടക്കത്തിൽ അദ്ദേഹത്തിന് യാതൊരു മനസ്താപവും ഉണ്ടായിരുന്നില്ല. എന്നാൽ നോട്ടോയിലെ ബിഷപ്പ് മോൺസിഞ്ഞോർ ജിയോവാനി ബ്ലാന്തിനി ജയിലിൽ സന്ദർശിച്ച ശേഷവും, വിശുദ്ധ മരിയ തനിക്ക് 14 ലില്ലിപ്പൂക്കൾ (അവൻ കുത്തിയ 14 തവണകളെ സൂചിപ്പിക്കുന്നത്) സമ്മാനിക്കുന്നതായി സ്വപ്നം കണ്ട ശേഷവും അലസ്സാൻഡ്രോ മാനസാന്തരപ്പെട്ടു. ജയിൽമോചിതനായ ശേഷം അദ്ദേഹം വിശുദ്ധയുടെ അമ്മയെ കണ്ട് മാപ്പപേക്ഷിക്കുകയും, മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ഫ്രാൻസിസ്കൻ മൂന്നാം സഭയിൽ (Third Order of Saint Francis) അംഗമായി ചേർന്നു.

10. ഒരു സഹോദരി സന്ന്യാസിനിയാണ്

കോറിനാൽഡോയിലെ തീർഥാടന കേന്ദ്രത്തിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നതനുസരിച്ച്, മരിയ ആക്രമിക്കപ്പെട്ട ദിവസം അവൾ തന്റെ രണ്ട് വയസ്സുള്ള സഹോദരി തെരേസ ഗൊരേത്തിയെ നോക്കുകയായിരുന്നു. മരിയയുടെ നിലവിളി കേട്ട് കുഞ്ഞ് ഉണരുകയും കരയാൻ തുടങ്ങുകയും ചെയ്തു. ഈ ശബ്ദം കേട്ടാണ് പാടത്തുനിന്നും അമ്മയും അലസ്സാൻഡ്രോയുടെ പിതാവും ഓടിയെത്തിയതും പരിക്കേറ്റ മരിയയെ കണ്ടെത്തിയതും.

പിന്നീട് തെരേസ 1920 ഒക്ടോബർ 23-ന് ഫ്രാൻസിസ്കൻ മിഷനറി സിസ്റ്റേഴ്സ് ഓഫ് മേരിയിൽ ചേർന്ന് സിസ്റ്റർ മരിയ ഓഫ് സെന്റ് ആൽഫ്രഡ് എന്ന പേര് സ്വീകരിച്ചു. 1969 സെപ്റ്റംബറിൽ അവർ വിശുദ്ധ പോൾ ആറാമൻ മാർപാപ്പയെയും, പത്ത് വർഷത്തിന് ശേഷം വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെയും നേരിട്ട് കണ്ടു. 1981 ഫെബ്രുവരി 25-ന് ഓർവിയറ്റോയിലെ കോൺവെന്റിൽ വെച്ചാണ് അവർ മരണമടഞ്ഞത്.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.