
ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുമാർഗം സ്വീകരിച്ചതിന്റെ പേരിൽ എത്യോപ്യയിൽ പതിനഞ്ചുകാരിയായ പെൺകുട്ടിക്ക് നേരെ കടുത്ത വധഭീഷണിയും ക്രൂരമായ പീഡനവും. സുഡാൻ അതിർത്തിയോട് ചേർന്നുള്ള ഹാറോജി വാഡോ സ്വദേശിനിയായ ഇൻദി മീഖായേൽ (Indii Mikaa’el) എന്ന പെൺകുട്ടിയാണ് സ്വന്തം കുടുംബത്തിൽ നിന്നും പ്രദേശവാസികളിൽ നിന്നും നിരന്തരമായ ഭീഷണികൾ നേരിടുന്നത്.
2025 ജൂണിലാണ് ഇൻദി ക്രിസ്തുവിശ്വാസം സ്വീകരിച്ചത്. ഇതറിഞ്ഞതോടെ കുടുംബവും ബന്ധുക്കളും അവൾക്കെതിരെ തിരിയുകയായിരുന്നു. തങ്ങൾക്കും സമൂഹത്തിനും അവൾ അപമാനമുണ്ടാക്കിയെന്ന് ആരോപിച്ച കുടുംബം, ഇസ്ലാം മതത്തിലേക്ക് മടങ്ങിവന്നില്ലെങ്കിൽ അവളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. നിലവിൽ ഡംബി ഡൊല്ലോ എന്ന സ്ഥലത്താണ് ഇൻദി താമസിക്കുന്നത്. പെൺകുട്ടിയെ വധിക്കുക എന്ന ലക്ഷ്യത്തോടെ വീടിന് സമീപത്തായി തോക്കുധാരികളായ ചിലരെ നിയോഗിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നിരന്തരമായ ഭീഷണികളെ തുടർന്ന് 2025 സെപ്റ്റംബറിൽ അവൾക്ക് സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് സുരക്ഷാ കാരണങ്ങളാൽ പഠനം നിർത്തേണ്ടി വന്നത്.
“ഞാൻ എല്ലാ ദിവസവും ഭയത്തോടെയാണ് ജീവിക്കുന്നത്. ആരെങ്കിലും എന്നെ ആക്രമിക്കുമോ എന്ന ചിന്ത കാരണം എനിക്ക് സമാധാനത്തോടെ ഉറങ്ങാൻ പോലും കഴിയുന്നില്ല. പഠനം തുടർന്ന് നല്ലൊരു ഭാവി കെട്ടിപ്പടുക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ ജീവന് ഭീഷണിയായതോടെ സ്കൂളിൽ പോകുന്നത് നിർത്തേണ്ടി വന്നു,” ഇൻദി തന്റെ അവസ്ഥ വിവരിക്കുന്നു. തന്റെ ജീവനും കുടുംബത്തിന്റെ പിന്തുണയും നഷ്ടപ്പെട്ടാലും യേശുവിനെ തള്ളിപ്പറയാൻ താൻ തയ്യാറല്ലെന്ന് ഇൻദി വ്യക്തമാക്കി. കടുത്ത ഒറ്റപ്പെടലും ദുരിതവും അനുഭവിക്കുമ്പോഴും ദൈവം തന്നോടൊപ്പമുണ്ടെന്ന വിശ്വാസത്തിലാണ് ഈ പതിനഞ്ചുകാരി.




