മണ്ണിനോടുള്ള സ്നേഹവും അതിജീവനത്തിന്റെ പ്രാർഥനകളും: ലെബനനിലെ ക്രൈസ്തവ ഗ്രാമങ്ങളിൽ നിന്നുള്ള വിശേഷങ്ങൾ

ഏതു സമയത്തും പൊട്ടിത്തെറിക്കാവുന്ന ബോംബുകൾ, ദിശയില്ലാതെ പായുന്ന റോക്കറ്റുകൾ, ഒഴിപ്പിച്ചുമാറ്റൽ മുന്നറിയിപ്പുകൾ… ദക്ഷിണ ലെബനനിലെ തെരുവുകളിൽ ഇന്നും ഭീതിയുടെ നിഴൽ പടർന്നുനിൽക്കുകയാണ്. എങ്കിലും തങ്ങളുടെ പൂർവികരുടെ മണ്ണും വീടും ഉപേക്ഷിച്ച് പലായനം ചെയ്യാൻ തയ്യാറാകാതെ, ജീവനും കയ്യിൽ പിടിച്ച് അതിജീവന പോരാട്ടം നടത്തുകയാണ് ഇവിടുത്തെ ക്രൈസ്തവ സമൂഹങ്ങൾ.

ഇസ്രായേൽ അതിർത്തിയോട് ചേർന്നുകിടക്കുന്ന അൽമ അൽ-ഷാബ്, റമൈഷ്, ഐൻ ഈബൽ, ദെബെൽ തുടങ്ങിയ ക്രൈസ്തവ ഗ്രാമങ്ങൾ എന്ന് മരണത്തിന്റെ നടുവിലാണ്. ഒരു വശത്ത് ഇസ്രായേലിന്റെ ആക്രമണങ്ങളും കരമാർഗമുള്ള അധിനിവേശ ഭീഷണിയും; മറുവശത്ത് തങ്ങളുടെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പോരാട്ടം നടത്താൻ ശ്രമിക്കുന്ന ഹിസ്ബുള്ള പോരാളികളും. 2024-ൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം പൂർണ്ണതോതിലുള്ള യുദ്ധമായി മാറിയതുമുതൽ, മരണത്തിനും വിനാശത്തിനും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള ഒറ്റപ്പെടലിനും ഇവിടുത്തെ നിവാസികൾ ഇരയായിക്കൊണ്ടിരിക്കുകയാണ്.

കാൽവരിയാത്രയായി മാറുന്ന സഞ്ചാരങ്ങൾ

ഇന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങുന്നത് പോലും കഠിനമായൊരു യാത്രയായി മാറിയിരിക്കുന്നു. പതിവ് റോഡുകൾ തകരുകയോ പ്രവേശിക്കാൻ കഴിയാത്തവിധം അടക്കുകയോ ചെയ്തതോടെ, സൈനിക ചെക്ക്‌പോസ്റ്റുകളിലൂടെയും ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിലൂടെയും സംഘങ്ങളായി (convoys) വേണം നിവാസികൾക്ക് യാത്ര ചെയ്യാൻ. ചില നിവാസികൾ ഇതിനെ ‘കാൽവരിയിലേക്കുള്ള പാത’ എന്നാണ് വിശേഷിപ്പിക്കുന്നത്.

കാരിത്താസിന്റെയും (Caritas) ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയുടെയും (UNIFIL) അകമ്പടിയോടെയാണ് ഇത്തരം വാഹനവ്യൂഹങ്ങൾ മിക്ക ദിവസങ്ങളിലും ഈ ഗ്രാമങ്ങളിലേക്ക് യാത്ര തിരിക്കുന്നത്. മാനുഷിക സഹായങ്ങളുമായി പോകുന്ന ഈ സംഘത്തിൽ സാധാരണയായി മുപ്പതോളം കാറുകളും ട്രക്കുകളും ഉണ്ടാകും. മുൻപ് ബെയ്‌റൂട്ടിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ മാത്രം എടുത്തിരുന്ന ഈ യാത്രയ്ക്ക് ഇപ്പോൾ 12 മണിക്കൂറോ അതിൽ കൂടുതലോ സമയമെടുക്കുന്നുണ്ട്.

പുലർച്ചെ അഞ്ചുമണിയോടെ ആരംഭിക്കുന്ന യാത്ര, വൈകുന്നേരം ആറുമണിക്ക് ശേഷമായിരിക്കും ഗ്രാമങ്ങളിലെത്തുക. ലെബനീസ് ആർമിയുടെ ചെക്ക്‌പോസ്റ്റാണ് യാത്രയിലെ ആദ്യ തടസ്സങ്ങളിലൊന്ന്; ഇവിടെ മണിക്കൂറുകളോളം യാത്രികർക്ക് വാഹനങ്ങൾക്കുള്ളിൽ തന്നെ കഴിയേണ്ടി വരുന്നു. അതേസമയം, ചുറ്റുമുള്ള കുന്നുകളിൽ പതിക്കുന്ന വ്യോമാക്രമണങ്ങളുടെ ശബ്ദവും ദൃശ്യങ്ങളും ഇവരുടെ ഭയവും പിരിമുറുക്കവും ഇരട്ടിയാക്കുന്നു.

തുടർന്ന്, പാതയുടെ ഇരുവശത്തും ഇസ്രായേലി പതാകകൾ ഉയർത്തിയിട്ടുള്ള ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിലൂടെ വാഹനവ്യൂഹം കടന്നുപോകുന്നു. നഖൂറയിൽ എത്തുമ്പോൾ, ഇനിയും പ്രവേശനാനുമതിയില്ലാത്ത മെഡിറ്ററേനിയൻ കടൽ നിവാസികൾക്ക് കാണാം. അതിനുശേഷമാണ് അടുത്ത കാത്തിരിപ്പ് തുടങ്ങുന്നത്. വേനൽച്ചൂടിൽ പോലും വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെ, മണിക്കൂറുകളോളം ഈ കാത്തിരിപ്പ് നീളാം.

ഈ യാത്ര നടത്തുന്നവരിൽ ഭൂരിഭാഗവും വയോധികരോ രോഗികളോ ആണ്; ചികിത്സയ്ക്കായി ബെയ്‌റൂട്ടിലേക്ക് പോകാൻ നിർബന്ധിതരായവരാണവർ. ദിവസങ്ങൾക്ക് മുൻപ് മാത്രം ശസ്ത്രക്രിയ കഴിഞ്ഞ ചിലർക്ക് പോലുമുള്ള യാത്രയാണിത്. കടുത്ത വെയിലിൽ, ആവശ്യത്തിന് വെള്ളമോ ശുചിമുറി സൗകര്യമോ ഇല്ലാതെ മണിക്കൂറുകളോളം വാഹനത്തിനുള്ളിൽ കഴിയേണ്ടി വരുന്നു. മറ്റു ചിലരാകട്ടെ, ജീവിതത്തിലെ ഏറ്റവും പ്രാഥമികമായ ആവശ്യങ്ങൾക്കായാണ് തലസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നത്. ഗർഭിണികളായ സ്ത്രീകൾ പ്രസവത്തിനായി ബെയ്‌റൂട്ടിലേക്ക് പോവുകയും, തുടർന്ന് നവജാതശിശുക്കളുമായി പ്രയാസകരമായ ഈ മടക്കയാത്ര നടത്തുകയും ചെയ്യുന്നു. മാതാപിതാക്കൾ തങ്ങളുടെ മക്കളെ സർവകലാശാലകളിൽ ചേർക്കുന്നതിനായാണ് യാത്ര ചെയ്യുന്നത്.

അതിജീവനത്തിന്റെ കഷ്ടപ്പാടുകൾക്കിടയിലും നെഞ്ചോട് ചേർത്തുപിടിക്കുന്ന വിശ്വാസം

ഈ യാത്ര യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും കടുത്ത യാഥാർഥ്യങ്ങൾ വെളിപ്പെടുത്തുമ്പോൾ തന്നെ, ഈ ഗ്രാമങ്ങളിൽ തുടരുന്ന മനുഷ്യരുടെ വിശ്വാസത്തെയും കരുത്തിനെയും അതിജീവനശേഷിയെയും കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്. സ്വന്തം മണ്ണിൽ ഉറച്ചുനിൽക്കാൻ ജനങ്ങളെ സഹായിക്കുന്നതിൽ സഭ കേന്ദ്രീകൃതമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് റമൈഷിലെ വൈദികനായ ഫാദർ നജീബ് അൽ-ആമിൽ വെളിപ്പെടുത്തുന്നു.

“ഞങ്ങളുടെ വചനപ്രഘോഷണങ്ങളിലൂടെ ഞങ്ങൾ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രാർഥനയിൽ അവരെ നയിക്കുകയും ചെയ്തു. എല്ലാ ദിവസവും ഞങ്ങൾ ജപമാല പ്രാർഥിക്കുകയും ദിവ്യകാരുണ്യ ആരാധന നടത്തുകയും ചെയ്തു”- അദ്ദേഹം പറഞ്ഞു. രോഗികളെ സന്ദർശിക്കാനും, കുടുംബങ്ങളുടെ ക്ഷേമം അന്വേഷിക്കാനും, പാവപ്പെട്ടവരെയും ആവശ്യമുള്ള മറ്റുള്ളവരെയും സഹായിക്കാനും ഇടവക കൂട്ടായ്മകളോട് സജീവമായി രംഗത്തുണ്ടാകാൻ വൈദികർ ആഹ്വാനം ചെയ്തു.

കുടുംബങ്ങൾക്ക് സ്വന്തം വീടുകളിൽ തുടരാൻ ആവശ്യമായ ഭൗതിക സഹായങ്ങൾ നൽകുന്ന കത്തോലിക്കാ സംഘടനകളുടെ പിന്തുണയും ഈ സമൂഹങ്ങളുടെ അതിജീവനത്തിന് കരുത്തേകുന്നു. ഈ ക്രൈസ്തവ ഗ്രാമങ്ങൾക്കൊപ്പം ഉറച്ചുനിൽക്കാനും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കാനും മാറോനൈറ്റ് സഭയും വിശാല കത്തോലിക്കാ സഭയും വ്യക്തമായ തീരുമാനമെടുത്തിട്ടുണ്ടെന്ന് കാരിത്താസ് ലെബനൻ (Caritas Lebanon) പ്രസിഡന്റ് ഫാദർ സമീർ ഗാവിയും വ്യക്തമാക്കി.

“യുദ്ധം ആരംഭിച്ചത് മുതൽ ഞങ്ങൾ അവരെ ഉപേക്ഷിച്ചിട്ടില്ല. സ്വന്തം വീട്ടിലും സ്വന്തം മണ്ണിലും തുടരാൻ ആഗ്രഹിക്കുന്ന ഓരോ ക്രൈസ്തവ കുടുംബത്തിനൊപ്പവും ഉറച്ചുനിൽക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. അവർക്ക് ആവശ്യമായതെല്ലാം നൽകാൻ ഞങ്ങൾ ശ്രമിക്കും,” ഫാദർ ഗാവി പറഞ്ഞു. “സ്വന്തം വീടുകളിലും കുടുംബങ്ങളോടൊപ്പവും അന്തസ്സോടെ ജീവിക്കാൻ അവർക്ക് അവകാശമുണ്ട്.” തങ്ങളുടെ സ്വന്തം അധ്വാനത്തിലൂടെ വീണ്ടും ജീവിക്കാൻ ഗ്രാമവാസികൾക്ക് ഒരു ദിവസം സാധിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

“എന്നാൽ യുദ്ധം നിലനിൽക്കുന്നിടത്തോളവും ആവശ്യങ്ങൾ ഉള്ളിടത്തോളവും, സഭയുടെ നാമത്തിൽ ഞങ്ങൾ കാരിത്താസ് അവർക്കൊപ്പം നിൽക്കും. പ്രതിസന്ധികൾ എന്തൊക്കെയായാലും, അവരിലേക്ക് എത്തിച്ചേരാനുള്ള വഴി ഞങ്ങൾ കണ്ടെത്തുക തന്നെ ചെയ്യും”- ഫാദർ സമീർ ഗാവി കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.