

ആമുഖം
ദൈവവചനം തന്റെ ജനത്തിന് വിശ്വസ്തതയോടെ വ്യാഖ്യാനിച്ചു നൽകിയതുവഴി സഭയിലെ വേദപാരംഗതരുടെ ഗണത്തിൽ ഇടം കണ്ടെത്തിയ അജപാലകനാണ് വി. പീറ്റർ ക്രിസൊളോഗസ്. ഹൃസ്വവും ലളിതവുമായ ശൈലിയിൽ തന്റെ അജഗണത്തിന് തിരുവെഴുത്തിന്റെ ആഴവും അർഥവും പകർന്നുനൽകിയ ഈ വിശുദ്ധൻ ഇന്ന് ‘സുവിശേഷപ്രഘോഷണത്തിന്റെ വേദപാരംഗതൻ’ (Doctor of Homilies) എന്ന പേരിലാണ് അറിയപ്പെടുന്നത്. പൗരസ്ത്യസഭയിലെ ‘സ്വർണ്ണനാവുകാര’നായി അറിയപ്പെടുന്ന ജോൺ ക്രിസോസ്റ്റത്തിനു സമാനമായി പാശ്ചാത്യസഭയിലെ ‘സുവർണ്ണ വാക്ക്’കാരനാണ് (ക്രിസൊളോഗസ്) വി. പീറ്റർ.
അപ്പസ്തോല വിശ്വാസപ്രമാണം പ്രസംഗത്തിലൂടെ വിവരിച്ചുകൊടുത്തുകൊണ്ട് ആര്യനിസത്തിന്റെയും ഏകസ്വഭാവവാദത്തിന്റെയും അവശേഷിക്കുന്ന അംശങ്ങളെ തന്റെ പ്രദേശങ്ങളിൽ നിന്നും പൂർണ്ണമായും ഇല്ലാതാക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചു. സ്ഥിരമായി വിശുദ്ധ കുർബാന യോഗ്യതയോടെ സ്വീകരിക്കുന്നത് വിശ്വാസിയെ വിശുദ്ധിയിൽ വളർത്തുമെന്നു പഠിപ്പിച്ച പുരാതന പിതാക്കന്മാരിലൊരാളാണ് വി. പീറ്റർ ക്രിസൊളോഗസ്. സഭയുടെ പരമ്പരാഗത വിശ്വാസങ്ങളുടെ ഭാഗമായ മറിയത്തിന്റെ കന്യാത്വം, വിശുദ്ധ കുർബാനയിലെ ക്രിസ്തുവിന്റെ സാന്നിധ്യം, വി. പത്രോസിന്റെ സര്‍വപ്രമുഖത, നോമ്പിൽ അനുഷ്ഠിക്കുന്ന അനുതാപത്തിന്റെ മാഹാത്മ്യം എന്നിവയെല്ലാം തന്റെ പ്രസംഗവിഷയങ്ങളായി അദ്ദേഹം തിരഞ്ഞെടുത്തു.
മഹാനായ ലിയോ മാർപാപ്പയുടെ (400-461) ഉപദേശകനെന്ന നിലയിലും മതപീഡനകാലത്തിനു ശേഷമുള്ള സഭയുടെ ദിശ നിർണ്ണയിക്കുന്നതിലും വി. പീറ്റർ ക്രിസൊളോഗസ് മുഖ്യപങ്ക് വഹിച്ചു. മിലാനിലെ വി. അംബ്രോസ്, ഹിപ്പോയിലെ വി. അഗസ്തീനോസ് എന്നീ പേരുകേട്ട അജപാലകരുടെ വാക്ചാതുര്യവും പാടവും അവരുടെയത്രയും പ്രസിദ്ധനല്ലാതിരുന്ന വി. പീറ്റർ ക്രിസൊളോഗസിനുമുണ്ടായിരുന്നു എന്ന് സഭാചരിത്രകാരന്മാർ പറയുന്നു. ഇദ്ദേഹത്തിന്റെ ജീവിതത്തെ അടുത്തറിയുന്നതുവഴി ദൈവവചനത്തെ ആഴത്തിൽ മനസ്സിലാക്കുന്നതിനും ശരിയായ രീതിയിൽ വ്യാഖ്യാനിക്കുന്നതിനും നമ്മെയും സഹായിക്കും.
ജനനം, ബാല്യം, വിദ്യാഭ്യാസം
എഡി 380 ൽ ഇറ്റലിയിലെ ഫോറം കൊർണെല്ലി (ഇന്നത്തെ ഇമോള) നഗരത്തിലാണ് വി. പീറ്റർ ക്രിസൊളോഗസ് ജനിച്ചത്. റോമൻ ജനറൽ ആയിരുന്ന ലൂസിയൂസ് കൊർണേലിയൂസ് സുള്ള ഫെലിക്സ് ബിസി 82 ൽ ഈ നഗരം സ്ഥാപിച്ച്, തന്റെ പേര് അതിനു നൽകി. റെവെന്ന നഗരത്തിൽ നിന്നും 35 കിലോമീറ്റർ ദൂരത്തിലുള്ള ഈ നഗരം മണ്‍പാത്ര നിര്‍മ്മാണത്തിലും കൃഷിക്കും കച്ചവടത്തിനുമൊക്കെ പുരാതനകാലം മുതലേ പ്രശസ്തമായിരുന്നു. ഏഴാം നൂറ്റാണ്ടിൽ ഇവിടെ ഭരിച്ച ലൊംബാർഡുകളാണ് ഇവിടെ നിർമ്മിച്ച കോട്ടയുടെ നാമമായ ഇമോള എന്നത് നഗരത്തിനും നൽകിയത്.
പീറ്റർ ക്രിസൊളോഗസിന്റെ ബാല്യകാല ജീവിതത്തെക്കുറിച്ച് ചരിത്രപരമായ വിവരങ്ങൾ കാര്യമായി ലഭ്യമല്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ വിരളമായി മാത്രം പരാമർശിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങളും മരിച്ചതിന് 400 വർഷങ്ങൾക്കു ശേഷം എഴുതപ്പെട്ട ഒരു ജീവചരിത്രവുമാണ് ഇക്കാലയളവിലേക്ക് വെളിച്ചം വീശുന്ന ചുരുക്കം ചില വസ്തുതകൾ ലഭ്യമാക്കുന്നത്. ആഞ്ഞല്ലൂസ് എന്ന ആബട്ട് റെവെന്നയിലെ ബിഷപ്പുമാരുടെ ജീവിതം വിവരിക്കുന്ന കൂട്ടത്തിൽ പറഞ്ഞിരിക്കുന്ന ഈ ചെറിയൊരു ജീവചരിത്ര വിവരണം അപൂർണ്ണമാണ്. ഇക്കാരണത്താൽ അദ്ദേഹത്തിന്റെ മാതാപിതാക്കളെക്കുറിച്ചോ, മറ്റ് കുടുംബാംഗങ്ങളെക്കുറിച്ചോ യാതൊരു വിവരങ്ങളും നമുക്ക് ലഭ്യമല്ല.
ക്ലാസിക്കല്‍ ലത്തീൻ ഭാഷയിൽ പീറ്റർ ക്രിസൊളോഗസ് പ്രസംഗിച്ചിരുന്നതിൽ നിന്നും ചെറുപ്പത്തിൽതന്നെ ഭാഷാപഠനത്തിലും പ്രഭാഷണകലയിലും അദ്ദേഹത്തിന് പരിശീലനം ലഭിച്ചിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു. പുരാതന സാഹിത്യകൃതികളെക്കുറിച്ചും അദ്ദേഹത്തിന് ആഴമായ അറിവുണ്ടായിരുന്നു. അഞ്ചാം നൂറ്റാണ്ടിൽ ലഭ്യമായിരുന്ന ക്രിസ്തീയ ആത്മീയ-പ്രാമാണിക അറിവുകൾ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലുടനീളം ഉപയോഗിച്ചിരിക്കുന്നതിൽ നിന്നും സഭാപിതാക്കന്മാരുടെ കൃതികളിൽ അദ്ദേഹത്തിന് പരിശീലനം ലഭിച്ചിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു. അക്കാലത്തെ ഒരു നിയമജ്ഞന്റെ അവധാനതയും പ്രതീകങ്ങളും പ്രസംഗങ്ങളിൽ ധാരാളമായി ഉപയോഗിച്ചിരിക്കുന്നു. ഇത് ബിഷപ്പായി നിയമിക്കപ്പെടുന്നതിനു മുൻപ് അദ്ദേഹം റെവെന്നയിൽ രാജ്യഭരണത്തിൽ സഹായിയായി ജോലി ചെയ്തിരുന്നു എന്നതിന്റെ തെളിവാണ്. അന്നത്തെ കാലത്ത് ബിഷപ്പുമാരാകുന്നതിനു മുൻപ് പലരും ഇത്തരത്തിലുള്ള ഉദ്യോഗം വഹിച്ചിരുന്നതായി ചരിത്രം സാക്ഷിക്കുന്നു. കൂടാതെ, ഇക്കാലയളവുകളിൽ ബിഷപ്പുമാർ പൊതുസമൂഹത്തിന്റെ ന്യായാധിപന്മാരും മറ്റുമായി സേവനം ചെയ്തിരുന്നതിനാൽ രാഷ്ട്രനിയമങ്ങളിൽ ശരിയായ അവഗാഹം അനിവാര്യമായിരുന്നു.
ഇമോള രൂപതയുടെ ബിഷപ്പായിരുന്ന കൊർണേലിയോസിന്റെ ശിക്ഷണത്തിലാണ് പീറ്റർ വളർന്നത്. അദ്ദേഹം തന്നെയാണ് പ്രായപൂർത്തിയായതിനു ശേഷം പീറ്ററിന് മാമോദീസ നൽകിയതും. പീറ്ററിന്റെ ഭാവിയിലെ വളർച്ചയ്ക്കുള്ള പ്രാഥമിക പരിശീലനവും ഉന്നതവിദ്യാഭ്യാസവുമെല്ലാം നൽകിയത് ബിഷപ്പ് കൊർണേലിയോസ് ആയിരുന്നു. ഡീക്കൻ പട്ടം നൽകി അദ്ദേഹത്തിന്റെ ആർച്ചുഡീക്കനായി സേവനം ചെയ്യുന്ന കാലയളവിലാണ് അവിചാരിതമായി റെവെന്ന രൂപതയുടെ അധ്യക്ഷനായുള്ള നിയമനം അദ്ദേഹത്തെ തേടിയെത്തുന്നത്. ഒരു പ്രസംഗത്തിൽ പീറ്റർ ക്രിസൊളോഗസ് തന്റെ ജീവിതത്തിൽ ബിഷപ്പ് കൊർണേലിയസിനുള്ള പ്രത്യേക സ്ഥാനത്തെക്കുറിച്ച് ഇപ്രകാരം വിവരിക്കുന്നു: “അദ്ദേഹം എനിക്ക് പിതൃതുല്യനാണ്. സുവിശേഷത്തിൽ ബിഷപ്പ് കൊർണേലിയോസ് എനിക്ക് ജന്മം നൽകി. ഭക്തനായ അദ്ദേഹം ദൈവഭക്തിയിൽ എന്നെ വളർത്തി; പരിശുദ്ധനായ അദ്ദേഹം വിശുദ്ധ സേവനങ്ങൾക്കായി എന്നെ പരിശീലിപ്പിച്ചു. ബിഷപ്പ് എന്ന നിലയിൽ പരിശുദ്ധ അൾത്താരയിലേക്ക് എന്നെ ആനയിക്കുകയും എന്നെ അഭിഷേചിക്കുകയും ചെയ്തു.”
റെവെന്നയിലെ ബിഷപ്പ്
എഡി 433 ൽ പീറ്റർ ക്രിസൊളോഗസ് റെവെന്നയിലെ ബിഷപ്പായി നിയമിക്കപ്പെട്ടു. ആബട്ട് ആഞ്ഞല്ലൂസ് എഴുതിയ ജീവചരിത്രത്തിൽ പീറ്റർ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ബിഷപ്പ് കൊർണേലിയൂസിന്റെ കൂടെ ജോലിചെയ്യുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്. ആർച്ചുഡീക്കൻ എന്ന നിലയിൽ ഇമോള രൂപതയുടെ ഭൗതീകവസ്‌തുവകകളുടെ നടത്തിപ്പായിരുന്നു പീറ്ററിനുണ്ടായിരുന്നത്. ഈ സമയത്ത് റെവെന്നയിലെ ബിഷപ്പായിരുന്ന ജോൺ കാലംചെയ്തു. അന്നത്തെ രീതിയനുസരിച്ച് അവിടത്തെ പുരോഹിതരും വിശ്വാസികളും ചേർന്ന് പുതിയൊരു ബിഷപ്പിനെ തിരഞ്ഞെടുക്കുകയും മാർപാപ്പയുടെ അംഗീകാരം കിട്ടുന്നതിനായി റോമിലേക്ക് ഒരു പ്രതിനിധിസംഘത്തെ അയയ്ക്കുകയും ചെയ്തു.
സിക്റ്റസ് മൂന്നാമൻ മാർപാപ്പയുടെ അരികിൽ ഈ സംഘം എത്തുന്നതിന്റെ തലേരാത്രിയിൽ അദ്ദേഹത്തിന് ഒരു ദർശനമുണ്ടായി. ഈ ദർശനത്തിൽ വി. പത്രോസും അദ്ദേഹത്തിന്റെ ശിഷ്യനും റെവെന്ന സഭയുടെ സ്ഥാപകനുമായ വി. അപ്പോളിനാരിയൂസും പ്രത്യക്ഷപ്പെട്ടു. മൂന്നാമതൊരാൾ ഇവരുടെ രണ്ടുപേരുടെയും മധ്യേ കാണപ്പെട്ടു. പത്രോസ് അപ്പസ്തോലൻ സിക്റ്റസ് മാർപാപ്പയോട് ഇപ്രകാരം പറഞ്ഞു: “ഞങ്ങളുടെ മധ്യേ നിൽക്കുന്ന ഇദ്ദേഹത്തെ ദൈവം തിരഞ്ഞെടുത്തിരിക്കുന്നു. അതിനാൽ ഇദ്ദേഹത്തെ അടുത്ത ബിഷപ്പായി അഭിഷേകം ചെയ്യുക”. അടുത്ത ദിവസം റെവെന്നയിലെ പ്രതിനിധിസംഘം തങ്ങളുടെ ബിഷപ്പ് സ്ഥാനാർഥിയെ കൊണ്ടുവന്നപ്പോൾ മാർപാപ്പ ദർശനത്തിൽ കണ്ട വ്യക്തി അക്കൂട്ടത്തിൽ ഇല്ലായിരുന്നു. ഇക്കാരണത്താൽ അവരുടെ കൂടെ റെവെന്നയിൽ നിന്നും വന്ന എല്ലാവരുമായി വീണ്ടും വരാൻ മാർപാപ്പ ആവശ്യപ്പെട്ടു. തങ്ങളുടെ സ്ഥാനാർഥിയെ മാർപാപ്പ അംഗീകരിക്കാതിരുന്നത് റെവെന്നയിൽ നിന്നും വന്ന പ്രതിനിധിസംഘത്തെ നിരാശരാക്കി.
സിക്റ്റസ് മാർപാപ്പയ്ക്ക് വീണ്ടും ഒരു ദർശനം ലഭിക്കുകയും റെവെന്നയിലെ അടുത്ത ബിഷപ്പിനെ വീണ്ടും ദൈവം കാണിച്ചുകൊടുക്കുകയും ചെയ്തു. അതിനാൽ മാർപാപ്പ കൊർണേലിയൂസ് ബിഷപ്പിനോട് അവരുടെ കൂടെവന്ന എല്ലാവരെയും ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഈ സംഘത്തിന്റെകൂടെ പീറ്റർ ക്രിസൊളോഗസിനെ കണ്ടമാത്രയിൽ മാർപാപ്പ മുൻപോട്ട് ചെന്ന് അദ്ദേഹത്തെ അഭിവാദനം ചെയ്യുകയും ഇദ്ദേഹത്തെയാണ് ദൈവം ബിഷപ്പായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് അറിയിക്കുകയും ചെയ്തു. ഇതിനെ അവിടെ കൂടിയവർ എതിർത്തപ്പോൾ ഈ തിരഞ്ഞെടുപ്പിന് കാരണമായ ദൈവീകദർശനത്തെക്കുറിച്ചു മാർപാപ്പ അവരോട് വിശദീകരിച്ചു. അങ്ങനെ പ്രതിനിധിസംഘം ഡീക്കനായിരുന്ന പീറ്ററിനെ തങ്ങളുടെ ബിഷപ്പായി സന്തോഷത്തോടെ സ്വീകരിച്ചു.
റെവന്നയുടെ ചരിത്ര പ്രാധാന്യം
സിറിയയിലെ റോമൻ പ്രോവിൻസിലെ അന്ത്യോഖ്യയിൽ നിന്നുള്ള വി. അപ്പൊളിനാരിയൂസിന്റെ സുവിശേഷപ്രഘോഷണം കൊണ്ട് ക്രിസ്തീയവിശ്വാസത്തിലേക്ക് വന്നവരാണ് റെവെന്നയിലും റേജിയോ-എമീലിയ പ്രദേശങ്ങളിലുമുള്ളവർ. യേശുവിന്റെ 72 ശിഷ്യന്മാരുടെ ഗണത്തിൽ ഉൾപ്പെട്ടിരുന്ന ആളായിരുന്നു ഇദ്ദേഹമെന്ന് ചില പാരമ്പര്യങ്ങൾ സാക്ഷിക്കുന്നു. പത്രോസ് ശ്ലീഹായുടെ ശിഷ്യനായിരുന്ന അപ്പൊളിനാരിയൂസിനെ റെവെന്നയിലെ ആദ്യത്തെ ബിഷപ്പായി പത്രോസ് അഭിഷേകം ചെയ്തു നിയോഗിച്ചു. സെപ്‌തിമിയൂസ് സേവേറൂസ് (145-211) ചക്രവർത്തിയുടെ ഭരണകാലയളവിൽ ക്രിസ്തീയ മതപീഡനത്തിന്റെ ഇരയായി അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.
എഡി 330 ൽ കോൺസ്റ്റന്റീൻ ചക്രവർത്തി സാമ്രാജ്യത്തിന്റെ ഭരണസിരാകേന്ദ്രം റോമിൽ നിന്നും കോൺസ്റ്റാന്റിനോപ്പിളിലേക്ക് മാറ്റിയതിനു ശേഷവും അവിടെ ആയിരുന്നുകൊണ്ട് അദ്ദേഹവും പിൻഗാമികളും പാശ്ചാത്യ റോമൻ സാമ്രാജ്യത്തെ ഭരിച്ചു. റോമിനു പകരം റെവെന്നയായിരുന്നു തലസ്ഥാനമായി അവർ തിരഞ്ഞെടുത്തത് (ചുരുക്കം ചില അവസരങ്ങളിൽ മിലാൻ തലസ്ഥാനമായിരുന്നു). എഡി 476 ൽ ഓസ്ത്രോഗോത്തിക്ക് രാജാക്കന്മാർ ഈ പ്രദേശം കീഴടിക്കിയെങ്കിലും അധികം താമസിയാതെ അവരെ പുറത്താക്കി എഡി 751 വരെ ബൈസന്റീൻ സാമ്രാജ്യത്തിന്റെ ആധിപത്യം ഇവിടെ തുടർന്നു. ചക്രവർത്തിയുടെ പ്രതിനിധി താമസിച്ചിരുന്ന നഗരമെന്ന നിലയിൽ ‘ഇറ്റലിയിലെ ബൈസാന്റിയം’ എന്നായിരുന്നു റെവെന്ന അറിയപ്പെട്ടിരുന്നത്.
വി. പീറ്റർ ക്രിസൊളോഗസ് റെവന്ന രൂപതയുടെ ഇരുപത്തിയൊന്നാമത്തെ ബിഷപ്പും ആദ്യത്തെ ആർച്ചുബിഷപ്പുമായിരുന്നു. ഇദ്ദേഹത്തിന്റെ രൂപതാ ഭരണകാലയളവിൽ മഹാനായ തെയഡോഷ്യസ് ചക്രവർത്തിയുടെ മകൾ ഗാല്ലാ പ്ലസീദിയ രാഞ്ജി ഇവിടെയായിരുന്നു വസിച്ചിരുന്നത്. രാഞ്ജിയുടെ മകൻ വാലന്റീനിയൻ മൂന്നാമൻ ചക്രവർത്തി ഇക്കാലയളവിൽ ഇവിടെയാണ് വളർന്നത്. വി. പീറ്റർ ക്രിസൊളോഗസിന്റെ പ്രസംഗങ്ങൾ രാഞ്ജിയെ വളരെയധികം സ്വാധീനിച്ചിരുന്നു. പീറ്റർ എന്ന് മാത്രം അറിയപ്പെട്ടിരുന്ന ബിഷപ്പിന് ‘ക്രിസൊളോഗസ്’ എന്ന പേര് നൽകിയത് ഗാല്ലാ പ്ലസീദിയ രാഞ്ജിയാണെന്നും പറയപ്പെടുന്നു. ക്രിസൊളോഗസ് എന്ന പേരിന് പല വിശദീകരണവും നൽകപ്പെട്ടിട്ടുണ്ട്. ‘സുവർണ്ണ വാക്കുകാരൻ’ എന്നും ‘സുവർണ്ണ വാഗ്മി’ എന്നൊക്കെയാണ് ഇത്. പൗരസ്ത്യസഭയിലെ ഏറ്റം വലിയ വാഗ്മിയും വേദപാരംഗതനുമായ ജോൺ ക്രിസോസ്റ്റോമിന് സമാനമായ രീതിയിൽ പാശ്ചാത്യസഭയിൽ ഉപയോഗിച്ചുതുടങ്ങിയതാണ്. വി. പീറ്ററിന് ഗ്രീക്ക് ഭാഷ അറിയാമായിരുന്നു എന്നതും ഈ പേരിന്റെ പിന്നിൽ പ്രചോദനമായി വർത്തിച്ചിട്ടുണ്ടാവാം.
റെവന്ന പ്രദേശങ്ങളിലെ പല ദൈവാലയങ്ങളും ഇക്കാലയളവിൽ രാജ്ഞിയുടെ സഹായത്തോടെ പീറ്റർ ക്രിസൊളോഗസ് നിർമ്മിക്കുകയും ചെയ്തു. അന്നുമുതൽ ഇവിടെ നിലനിൽക്കുന്ന ക്രിസ്തീയ ചിത്രകലയും ദൈവാലയങ്ങളും ഇന്നും ഈ നഗരത്തിന്റെ പുരാതനപ്രൗഢി പ്രഘോഷിക്കുന്നു. ഈ നഗരത്തിലാണ് പ്രശസ്ത ഇറ്റാലിയൻ സാഹിത്യകാരൻ ദാന്തെ അലിഗിയേരി തന്റെ അന്ത്യകാലം ചിലവച്ചതും ‘ഡിവൈൻ കോമഡി’ എന്ന കൃതി പൂർത്തിയാക്കിയതും. റെവന്നയിലെ സാൻ ഫ്രാഞ്ചെസ്‌കോ ദൈവാലയത്തിലാണ് ദാന്തെ അലിഗിയേരിയെ അടക്കിയിരിക്കുന്നത്.
വചനപ്രഘോഷണ വേദപാരംഗതൻ
സാധാരണ വിശ്വാസികളെ കൂടാതെ രാജ്ഞിയും ചക്രവർത്തിയും രാജസദസ്സിലെ പ്രമുഖരും വി. പീറ്റർ ക്രിസൊളോഗസിന്റെ നേതൃത്വത്തിൽ നടന്ന ശുശ്രൂഷയിൽ സംബന്ധിച്ചിരുന്നു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള എല്ലാവർക്കും ഗ്രഹിക്കാൻ കഴിയുന്ന വിധത്തിൽ വചനം പങ്കുവച്ച അജപാലകനാണ് വി. പീറ്റർ ക്രിസൊളോഗസ്. ക്രിസ്തുവിനോടുള്ള സ്നേഹത്താൽ പ്രചോദിതനായി പരിശുദ്ധാത്മ അഭിഷേകത്താൽ അദ്ദേഹം വചനം പ്രഘോഷിച്ചപ്പോൾ തന്റെ സമൂഹത്തെ അത് പരിവർത്തനപ്പെടുത്തുന്നതായി. ആളുകൾക്ക് മടുപ്പ് തോന്നാതിരിക്കാനായി ചുരുങ്ങിയ വാക്കുകളിൽ പ്രസംഗം പൂർത്തിയാക്കി കൂടുതൽ ചിന്തയ്ക്കായി അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രസംഗം നടത്തിയത്. തന്റെ ജനത്തിന്റെ അനുദിന ജീവിതാനുഭവങ്ങളിൽ നിന്നും പകർത്തിയ സങ്കൽപങ്ങളാൽ നിറയപ്പെട്ട പ്രസംഗങ്ങൾ ആളുകൾ ശ്രദ്ധയോടെ ശ്രവിച്ചു.
തന്റെ ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി വിശുദ്ധ ഗ്രന്ഥത്തെ രസകരമായി വ്യാഖ്യാനിക്കുന്നതിനും അദ്ദേഹം ഒരുമ്പെടാറുണ്ടായിരുന്നു. പിശാച് യേശുവിനെ പരസ്യജീവിതം തുടങ്ങുന്നതിനു മുൻപ് പരീക്ഷിക്കുന്ന വേദഭാഗം വിശദീകരിക്കുമ്പോൾ പീറ്റർ പിശാചിനെ ഇപ്രകാരം പരിഹസിക്കുന്നു: “നീ എത്ര ഗതികെട്ടവനായ സാധുവാണ്. നീ വിദ്വേഷമുളവാക്കുന്നവനാകാൻ ശ്രമിക്കുന്നെങ്കിലും അതിനുപോലും നിനക്ക് കഴിയുന്നില്ല. നീ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു; പക്ഷെ, അത് എങ്ങനെ ചെയ്യണമെന്ന് നിനക്കറിയില്ല. വിശക്കുന്ന ഈ മനുഷ്യന് കഴിക്കാൻ കഴിയാത്ത കല്ലിനു പകരം നീ രുചികരമായ ഭക്ഷണം കൊടുക്കണമായിരുന്നു. മോശമായ കാര്യങ്ങൾ കൊണ്ടല്ല നീ അവന്റെ വിശപ്പിനെ പരീക്ഷിക്കേണ്ടിയിരുന്നത്. അവന്റെ ആസക്തിയെ ശമിപ്പിക്കാൻ വെറുപ്പുളവാക്കുന്ന ഭക്ഷണത്തിന്നു പകരം സ്വാദിഷ്‌ഠമായ വിഭവങ്ങൾ വേണമായിരുന്നു. നിന്റെ ഈ പദ്ധതികകൾ മനുഷ്യമക്കളെ വശീകരിക്കുന്നതിനു പോലും മതിയാവില്ല, പിന്നെയല്ലേ ദൈവപുത്രനെ!” (Sermon 11).
വിശുദ്ധ കുർബാനയുടെ മധ്യേ നടത്തിയ ഈ വചനപ്രഘോഷണം ഒരു പ്രത്യേക സമയപരിധിക്കുള്ളിൽ നിർത്തണമെന്ന നിർബന്ധബുദ്ധി ഉണ്ടായിരുന്നതിനാൽ വിഷയം പൂർണ്ണമാകുന്നതിനു മുൻപേ അദ്ദേഹം പ്രസംഗം നിർത്തിയിരുന്നു. അതിനാൽ അടുത്ത പ്രാവശ്യം അവസാനിപ്പിച്ചിടത്തു നിന്നും വീണ്ടും പ്രസംഗം ആരംഭിച്ചിരുന്നു. അതുപോലെ തന്നെ ആളുകളെക്കുറിച്ച് കരുതലുള്ളതുകൊണ്ട് വേനൽക്കാലത്ത് ചൂട് കൂടുമ്പോൾ പ്രസംഗങ്ങൾ വേണ്ടെന്നുവയ്ക്കുകയും ചെയ്തിരുന്നതായി അദ്ദേഹത്തെക്കുറിച്ച് പഠിച്ചവർ നിരീക്ഷിച്ചിട്ടുണ്ട്.
ജനങ്ങളുടെ ആത്മീയപിതാവ്
വി. പീറ്റർ ക്രിസൊളോഗസ് ഒരു യഥാർഥ ഇടയനായിരുന്നു. തന്റെ ജനങ്ങളുടെ ദൃഷ്‌ടി ദൈവത്തിലേക്ക് കേന്ദ്രീകരിക്കാനും അവിടുത്തെ പരിപാലനയിൽ ആശ്രയിക്കാനും അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ദൈവം ഭരമേൽപിച്ച താലന്തുകൾ, പ്രത്യേകിച്ചും ദൈവവചന പ്രഘോഷണം, ഈ ലക്ഷ്യത്തിനായി അദ്ദേഹം ഉപയോഗിച്ചു. തന്റെ അജപാലനപരിധിയിലുള്ള ജനത്തെ സ്വർഗത്തിലേക്കു നയിക്കുക എന്നതുപോലെ തന്നെ ഈ ലോകജീവിതം അർഥപൂർണ്ണമായി മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുക എന്നതും അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ ലക്ഷ്യമായിരുന്നു. ഒരു പ്രസംഗത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “ക്രിസ്തുവിന്റ പേരിനോടു ചേർത്ത് നീ ക്രിസ്ത്യാനിയെന്ന് വിളിക്കപ്പെടുന്നതിനാൽ നിന്നിൽ ആ നാമം മഹത്വപ്പെടുന്നതിന് ആവശ്യമായതെല്ലാം ചെയ്യേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ നാമം അതിൽതന്നെ പരിശുദ്ധമായതിനാൽ ഒന്നുകിൽ നിന്റെ നന്മയുള്ള പ്രവൃത്തികളാൽ അതിനെ മഹത്വപ്പെടുത്തുന്നതിനോ അല്ലെങ്കിൽ നിന്റെ തിന്മകളാൽ പുറജാതികളുടെ ഇടയിൽ അത് ദുഷിക്കപ്പെടുന്നതിനോ ഇടയാകും” (Sermon 70).
ദൈവത്തെ സമീപിക്കുന്ന ബഹുമാനത്തോടെയാണ് അദ്ദേഹം മനുഷ്യനെയും സമീപിച്ചിരുന്നത്. തിന്മ ചെയ്യുന്നവരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഇപ്രകാരം പറയുന്നു: “അതിനാൽ സഹോദരങ്ങളേ, തിന്മയെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവർ സ്നേഹത്തിന്റെ ആയുധമാണ് ധരിക്കേണ്ടത്; കോപത്തിന്റെയല്ല. വിവേകിയായ ഒരു വിശ്വാസി വേദനകളെ സഹിഷ്ണുതയോടെ നേരിടുന്നത് കാണുമ്പോൾ അത് ക്രിസ്തീയജീവിതത്തിന്റെ ഉത്കൃഷ്ട മാതൃകയായി മാറുന്നു. അതിനാൽ തിന്മ ചെയ്യുന്നവനെ എതിർക്കുന്നതിനേക്കാൾ തിന്മയെ നന്മയാൽ ജയിക്കുന്നതും, തന്നെ അടിക്കുന്നവനെ തടയാതിരിക്കുന്നതും, ശപിക്കുന്നവനെ അനുഗ്രഹിക്കുന്നതും, തന്റെ പുറങ്കുപ്പായം കൈക്കലാക്കിയവന് തന്റെ ഉടുപ്പ് കൂടി നൽകുന്നതും, ഒരു മൈൽ നടക്കാൻ നിർബന്ധിക്കുന്നവന്റെ കൂടെ രണ്ടു മൈൽ നടക്കുന്നതും ശ്രേഷ്ഠമാണ്. ഈ ഉദാഹരണങ്ങൾ ക്രിസ്തുവിന്റെ പടയാളി എങ്ങനെയാണ് തന്റെ വേദനകളാൽ പുണ്യത്തിൽ പരിശീലിപ്പിക്കപ്പെട്ടു ശക്തി പ്രാപിക്കുന്നതെന്ന് നമ്മെ പഠിപ്പിക്കുന്നു” (Sermon 38).
എല്ലാം ക്രിസ്തുകേന്ദ്രീകൃതം
ക്രിസ്തുകേന്ദ്രീകൃത ജീവിതത്തിന് വലിയ പ്രാധാന്യം നൽകിയ വിശുദ്ധനായിരുന്നു വി. പീറ്റർ ക്രിസൊളോഗസ്. ദൈവത്തിന്റെ പുത്രന്മാരായി അവിടുന്ന് നമ്മെ ദത്തെടുത്തിരിക്കുന്നു. ഇതൊരു ശൂന്യവും നിഗൂഢവുമായ പ്രയോഗമായി അവശേഷിക്കാൻ അദ്ദേഹം ആഗ്രഹിച്ചില്ല. ഓരോ ക്രിസ്തുവിശ്വാസിയുടെയും അനുദിന ജീവിതത്തിൽ അനുഭവവേദ്യമാകേണ്ടുന്ന യാഥാര്‍ഥ് മായിരുന്നു പീറ്റർ ക്രിസൊളോഗസിനെ സംബന്ധിച്ച് ഈ ക്രിസ്‌തുബന്ധം. “ക്രിസ്തുവിൽ നാമെല്ലാവരും ദൈവമക്കളായി പുനർജനിച്ചിരിക്കുന്നു. ദൈവം തന്റെ പുത്രന്മാരായി നമ്മെ ദത്തെടുത്തിരിക്കുന്നു. അതിനാൽ നമ്മുടെ സൃഷ്ടാവിന്റെ പ്രതിരൂപം നമുക്ക് അതിന്റെ പൂർണ്ണതയിൽ പ്രതിബിംബിക്കാം. നമ്മിൽ വരേണ്ടുന്ന ഈ പ്രതിഫലനം അവിടുത്തെ മഹത്വത്തിന്റെ അല്ല, കാരണം അതിൽ അവിടുന്ന് അതുല്യനാണ്. പിന്നെയോ അവിടുത്തെ നിഷ്‌കളങ്കത, ലാളിത്യം, ശാന്തത, ക്ഷമ, കരുണ എന്നിവ നാമുമായി ഐക്യപ്പെടുന്നതിനായിട്ടുള്ളതാണ്. ക്രിസ്തുവിന്റെ ദാരിദ്ര്യം നാം വാഞ്‌ഛിക്കുമ്പോൾ സ്വർഗത്തിൽ നമുക്കായി നിക്ഷേപങ്ങൾ ഉണ്ടാകും. ശരീരത്തിലും മനസ്സിലും പൂർണ്ണമായും വിശുദ്ധരായിരുന്നുകൊണ്ട് നമ്മുടെ സൃഷ്ടാവിന്റെ സാദൃശ്യം നമുക്ക് പ്രതിഫലിപ്പിക്കാം” (Sermon 117).
നമ്മുടെ ജീവിതത്തിന്റെ യഥാര്‍ഥ വില നാം മനസ്സിലാക്കുന്നത് ക്രിസ്തുവുമായി ഐക്യത്തിലായിരിക്കുമ്പോഴാണ്. ഇത് എത്രമാമാത്രം തീവ്രമായിരിക്കുന്നുവോ അത്രമാത്രം അവിടുത്തെ ജീവിതം നമുക്ക് അനുഭവവേദ്യമാവുകയും അങ്ങനെ ദൈവത്തെ നാം മഹത്വപ്പെടുത്തുകയും ചെയ്യും. ഇങ്ങനെയൊരു ബന്ധത്തിന്റെ മാതൃകയായി അദ്ദേഹം അവതരിപ്പുക്കുന്നത് പരിശുദ്ധ മറിയത്തെയാണ്. മറിയത്തിന്റെ കന്യകാത്വത്തെക്കുറിച്ചു പ്രസംഗിക്കുമ്പോൾ അത് ക്രിസ്തുകേന്ദ്രീകൃതമായി മനസ്സിലാക്കാൻ പീറ്റർ ക്രിസൊളോഗസ് ശ്രമിക്കുന്നു. ഇവിടെ മാതാവുമായി ഒരു സാങ്കൽപിക സംഭാഷണത്തിൽ ഏർപ്പെട്ടുകൊണ്ട് അദ്ദേഹം ഇപ്രകാരം പറയുന്നു: “അല്ലയോ കന്യകയേ, അവനെ നിന്റെ മകനെന്ന് വിളിക്കാനുള്ള ധീരത നിനക്കുണ്ടോ. എന്നാൽ, അവൻ ജനിച്ചു കഴിഞ്ഞാലുടൻ നിന്റെ രക്ഷനായി അംഗീകരിക്കുക. നിന്റെ കന്യകാത്വം നിനക്കു വേണ്ടി മാത്രം ഒരു മകനെ വഹിക്കുന്നില്ല. എല്ലാത്തിന്റെയും അധികാരിയായിരിക്കുന്നവനാണ് നീ ജന്മം നൽകിയിരിക്കുന്നത്. നിന്റെ പൂർണ്ണത നിന്റെ മകനെയല്ല, രക്ഷകനെയാണ് സംവഹിച്ചത്. അതുകൊണ്ടാണ് മാലാഖ പറഞ്ഞത് ‘അവനു നീ യേശു എന്ന് പേരിടണം’ (ലൂക്കാ. 1:31). ഹീബ്രു ഭാഷയിൽ യേശുവെന്നാൽ രക്ഷകനെന്നാണ്” (Sermon 142).
സഭയിലെ അധികാരവും നമ്മുടെ അനുസരണയും
ക്രിസ്തുവുമായി നമ്മെ ബന്ധിപ്പിക്കുന്നതിനും നന്മയുടെ വഴിയിലൂടെ സഞ്ചരിക്കുന്നതിനും സഹായിക്കുന്ന ദൈവദത്തമായ അധികാരം സഭയിൽ നിലനിൽക്കുന്നു എന്ന് പീറ്റർ ക്രിസൊളോഗസ് പഠിപ്പിച്ചു. ഈ ബന്ധത്തിൽ നിന്നും അകന്നുപോകുന്നത് നമ്മുടെ ആത്മീയനാശത്തിന് ഇടയാക്കുമെന്നും അദ്ദേഹം തന്റെ വിശ്വാസി സമൂഹത്തെ ഉപദേശിച്ചു. സഭയിൽ നിലനിൽക്കുന്ന പ്രബോധനാധികാരത്തെക്കുറിച്ച് അദ്ദേഹം ഇപ്രകാരം പ്രസംഗിച്ചു: “ഭിഷഗ്വരന്മാർ അതീവശ്രദ്ധയോടെ മാരകരോഗങ്ങൾക്ക് മരുന്ന് സജ്ജമാക്കി നൽകുമ്പോൾ രോഗി ഡോക്ടറിന്റെ നിർദേശം വകവയ്ക്കാതെ അത് കഴിക്കുകയോ, അളവിൽ വ്യത്യാസം വരുത്തുകയോ, പറയുന്ന സമയത്ത് കഴിക്കാതിരിക്കുകയോ ചെയ്‌താൽ രോഗസൗഖ്യത്തിനു പകരം അനര്‍ഥമായിരിക്കും സംഭവിക്കുന്നത്. അതുപോലെ തന്നെ ദൈവവചനം സഭയുടെ അധികാരമില്ലാതെയും, സഭാപ്രബോധനത്തിന് വിരുദ്ധമായും, പ്രാമാണിക വിശ്വാസസത്യങ്ങളെ ലംഘിച്ചും ഉൾക്കൊള്ളാൻ ശ്രമിച്ചാൽ ഒരുവന്റെ ജീവന്റെ പരിപോഷണത്തിനു പകരം നാശമായിരിക്കും സംഭവിക്കുന്നത്. നാമോരുരുത്തരുടേയും ആത്മീയ ഉന്നമനത്തിനായി ദൈവീകമായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് നമ്മുടെ ആത്മനാശത്തിന് കാരണമായിത്തീരാതിരിക്കാൻ സഹോദരങ്ങളെ, നാം നല്ലതുപോലെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു” (Sermon 156).
സഭയിലെ ദൈവദത്തമായ അധികാരത്തെക്കുറിച്ച് ഇപ്രകാരം പ്രസംഗിക്കുന്നതിന് പീറ്റർ ക്രിസൊളോഗസിനെ പ്രേരിപ്പിച്ചത് എവുത്തിക്കസ് എന്ന സന്ന്യാസിയുടെ അനുസരണക്കേടായിരുന്നു. കോൺസ്റ്റാന്റിനോപ്പിളിലെ ആശ്രമാധിപനായിരുന്ന (archimandrite) എവുത്തിക്കസ് ക്രിസ്തുവിൽ മനുഷ്യസ്വഭാവും ദൈവസ്വഭാവവും ഏകീഭവിച്ച് ഒരു സ്വഭാവം മാത്രമേയുള്ളൂ എന്ന് വാദിച്ചു. കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് ഇതിനെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തുകയും ഈ വാദം പാഷണ്ഡതയായി പ്രഖ്യാപിക്കുകയും ചെയ്തു. തനിക്കെതിരെ സിനഡ് ഇപ്രകാരം ഒരു തീരുമാനം എടുത്തതിനെ പ്രതിരോധിക്കാനായി ക്രിസൊളോഗസിന്റെ പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് എവുത്തിക്കസ് ഒരു കത്തെഴുതി. ഈ കത്ത് നഷ്ടപ്പെട്ടുവെങ്കിലും, പീറ്റർ ക്രിസൊളോഗസ് എഴുതിയ മറുപടി പിൽക്കാല തലമുറയ്ക്ക് ലഭ്യമായിട്ടുണ്ട്.
കരുണയോടെ പെരുമാറുന്ന അവസരത്തിലും സഭയുടെ പ്രബോധനാധികാരത്തെ അടിവരയിട്ടു പറയുന്ന പീറ്റർ ക്രിസൊളോഗസ് ദൈവീക അനുസരണയുടെ ഉദാത്തമാതൃകയാകുന്നു: “താങ്കളുടെ എഴുത്തിലെ ഉള്ളടക്കത്തിന്റെ പ്രത്യേകതയാൽ വലിയ വ്യസനത്തോടെയാണ് ഞാൻ അത് വായിച്ചത്. സഭകൾ തമ്മിലുള്ള സൗഹാർദവും, പുരോഹിതരിലെ ഐക്യവും, വിശ്വാസികളുടെ പ്രശാന്തതയും നമ്മിൽ സ്വർഗീയസന്തോഷം ജനിപ്പിക്കുന്നതുപോലെ സഹോദരങ്ങൾ തമ്മിലുള്ള അനൈക്യം നമ്മിൽ നിരാശ ജനിപ്പിക്കും. പ്രത്യേകിച്ചും താങ്കൾ പറഞ്ഞതുപോലെയുള്ള കാര്യങ്ങളാകുമ്പോൾ. പ്രിയ സഹോദരാ, താങ്കളുടെ എഴുത്തിന് ഈ ചെറിയ മറുപടി ഞാൻ അയയ്ക്കുന്നു. എന്നാൽ, എല്ലാത്തിനെയും സംബന്ധിച്ച് ഈ ഉപദേശം ഞാൻ നൽകുന്നു. ഈ കാര്യങ്ങളിൽ ജാഗ്രത പാലിച്ചുകൊണ്ട് അനുഗൃഹീതനായ റോമിലെ മാർപാപ്പയെ അനുസരിക്കുക. എന്തെന്നാൽ അദ്ദേഹത്തിലൂടെ വി. പത്രോസ് വിശ്വാസസത്യം അന്വേഷിക്കുന്ന എല്ലാവർക്കും അത് പ്രദാനം ചെയ്യുന്നു. സമാധാനവും വിശ്വാസവും നാം അന്വേഷിക്കുമ്പോൾ റോമിലെ ബിഷപ്പുമായിട്ടുള്ള ഐക്യത്തിലൂടെയല്ലാതെ വിശ്വാസകാര്യങ്ങളിൽ നമുക്ക് തീരുമാനമെടുക്കാൻ സാധിക്കില്ല. പ്രിയപ്പെട്ടവനും ബഹുമാന്യനുമായ വത്സലപുത്രാ, നമ്മുടെ കർത്താവ് കനിഞ്ഞ് അനുഗ്രഹിച്ച് താങ്കളുടെ സ്നേഹം അപായരഹിതമായി സംരക്ഷിക്കട്ടെ”.
മരണം, വിശുദ്ധൻ, വേദപാരംഗതൻ
ജീവിതത്തിന്റെ അവസാന നാളുകൾ പീറ്റർ ക്രിസൊളോഗസ് തന്റെ ജന്മനഗരമായ ഇമോളയിലാണ് ചിലവഴിച്ചത്. ഇവിടെ വച്ച് എഡി 450 ജൂലൈ 31 ന് അദ്ദേഹം മരിക്കുകയും ഇമോളയിലെ വി. കാസ്സിയന്റെ നാമത്തിലുള്ള കത്തീഡ്രൽ ദൈവാലയത്തിൽ അടക്കപ്പെടുകയും ചെയ്തു. റെവെന്നയിലെ ആർച്ചുബിഷപ്പായിരിക്കുമ്പോൾ അദ്ദേഹം ഉപയോഗിച്ചിരുന്ന കാസയും പീലാസയും ഇന്നും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 1642 ൽ ഈ ദൈവാലയത്തിലെ വികാരി ആയിരുന്ന ഡൊമനിക് മിത്ത എന്ന വൈദികൻ എഴുതിയ പീറ്റർ ക്രിസൊളോഗസിന്റെ ജീവചരിത്രത്തിൽ ഈ കാസയും പീലാസയും പല അദ്ഭുതങ്ങൾക്കും കാരണമായിഭവിച്ചു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. പലവിധ രോഗങ്ങൾ ഉള്ളവർ ഇവിടെ നിരന്തരമായി വരികയും ഈ പാവനപാത്രങ്ങളിൽ നിന്നും വിശുദ്ധജലം സ്വീകരിച്ചതുവഴി സൗഖ്യം പ്രാപിക്കുകയും ചെയ്തു എന്ന് അദ്ദേഹം എഴുതിയിരിക്കുന്നു.
മരണത്തോടെ വിശ്വാസിഗണം പീറ്റർ ക്രിസൊളോഗസിനെ വിശുദ്ധനായിക്കണ്ട് അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ പ്രാർഥിക്കുന്ന പതിവ് ആരംഭിച്ചു. എഡി 1729 ൽ ബെനഡിക്റ്റ് പതിമൂന്നാമൻ മാർപാപ്പ അദ്ദേഹത്തെ സഭയിലെ വേദപാരംഗതനായി പ്രഖ്യാപിച്ചു. ജൂലൈ 30 ന് സഭ അദ്ദേഹത്തിന്റെ തിരുന്നാൾ കൊണ്ടാടുന്നു. ഈ അടുത്ത കാലത്താണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പലവിധ കാരണങ്ങളാൽ മറ്റ് പല വേദപാരംഗതന്മാർക്കും ലഭിച്ച അംഗീകാരവും പ്രാമുഖ്യവും പീറ്റർ ക്രിസൊളോഗസിനു ലഭിച്ചില്ല.
ക്രിസ്തീയസാഹിത്യ സംഭാവനകൾ
പിൽക്കാല തലമുറയ്ക്ക് ലഭ്യമായ പ്രസംഗങ്ങളാൽ സഭയിലെ വേദപാരംഗതരുടെ ഗണത്തിലേക്ക് കടന്നുവന്ന വിശുദ്ധനാണ് വി. പീറ്റർ. അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ പരിഭാഷ വിവിധ ഭാഷകളിൽ ലഭ്യമായതോടുകൂടി അനേകർ ഈ വിശുദ്ധനെ പഠിക്കുന്നതിന് ഇടയായി. ദൈവപുത്രന്റെ മനുഷ്യാവതാരം, പരിശുദ്ധ കന്യകാമറിയം, വി. യൗസേപ്പ് പിതാവ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം ആധികാരിക പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. കൂടാതെ ധാർമ്മികവും, ആത്മീയവുമായ വിഷയങ്ങളിൽ തന്റെ ജനത്തെ പ്രബോധിപ്പിച്ചുകൊണ്ട് അവരെ രക്ഷയുടെ മാർഗത്തിലൂടെ അദ്ദേഹം നയിച്ചു. ആരാധനാവർഷത്തിലെ വായനകളെ അടിസ്ഥാനമാക്കി തന്റെ ജനത്തെ ക്രിസ്തീയവിശ്വാസത്തിൽ വളർത്തുന്നതിനായി അദ്ദേഹം നടത്തിയ പ്രസംഗങ്ങളാണിത്. മിക്കവാറും പുതിയനിയമ ഗ്രന്ഥത്തിന്റെ വ്യാഖ്യാനങ്ങളാണ് അവയെല്ലാം. പഴയനിയമത്തെ അദ്ദേഹം ഉപയോഗപ്പെടുത്തിയിരിക്കുന്നത് പുതിയ നിയമം വ്യാഖ്യാനിക്കുന്നതിനു വേണ്ടി മാത്രമാണ്. അദ്ദേഹം പ്രസംഗിച്ചപ്പോൾ സഹായികൾ ഇത് പകർത്തുകയും പിന്നീട് അത് അദ്ദേഹം തന്നെ തിരുത്തലുകൾ വരുത്തി സൂക്ഷിക്കുകയും ചെയ്തവയാണ്.
വി. പീറ്റർ ക്രിസൊളോഗസ് എഴുതിയ പല ലേഖനങ്ങളും വ്യാഖ്യാനകൃതികളും പ്രസംഗങ്ങളും കാലാന്തരത്തിൽ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. എഡി 524 ൽ ഒസ്ത്രഗോത്സ് രാജാവായിരുന്ന തിയോഡെറിക് (454-526) ഇമോള നഗരത്തെ ഉപരോധിച്ച അവസരത്തിൽ പീറ്ററിന്റെ ഗ്രന്ഥങ്ങളടങ്ങിയ ലൈബ്രറി നശിപ്പിക്കപ്പെട്ടു. കൂടാതെ, എഡി 700 ൽ റെവന്ന ആർച്ചുബിഷപ്പിന്റെ ലൈബ്രറി തീപിടിച്ച് ധാരാളം പുസ്തകങ്ങൾ അവിടെയും ഇല്ലാതായി.
വി. പീറ്റർ ക്രിസൊളോഗസിന്റേതായി 183 പ്രസംഗങ്ങളാണ് പിൽക്കാല തലമുറയ്ക്ക് ലഭ്യമായിട്ടുള്ളത്. ഇതിന്റ ഇംഗ്ലീഷിലുള്ള പരിഭാഷ മുഴുവനായി അടുത്ത കാലത്താണ് പ്രസിദ്ധീകരിക്കപ്പെട്ടത്. രണ്ടു തരത്തിലുള്ള കൈയെഴുത്തുപ്രതികളാണ് നിലവിലുണ്ടായിരുന്നത്. ഒന്നാമത്തേത് സെവേറിയൻ പാരമ്പര്യത്തിൽപെടുന്നതാണ്. ആറാം നൂറ്റാണ്ട് മുതൽ ഗബാലയിലെ ബിഷപ്പായിരുന്ന സെവേറിയന്റെ (355-425) പ്രസംഗങ്ങളായി സംരക്ഷിക്കപ്പെട്ടവ. എന്നാൽ ഇത് സെവേറിയന്റേതല്ല, പിന്നെയോ ക്രിസൊളോഗസിന്റേതാണ് എന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടു. ഈ പ്രസംഗങ്ങൾ യാതൊരും കലർപ്പും കൂടാതെ സംരക്ഷിക്കപ്പെട്ടവയാണ്. ഇതിന്റെ പകർപ്പുകൾ മിലാനിലെയും വത്തിക്കാനിലെയും ലൈബ്രറികളിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. രണ്ടാമത്തേത് റെവെന്നായിലെ ആർച്ചുബിഷപ്പായിരുന്ന ഫെലിഷ്യന്റെ (708-724) ലൈബ്രറിയിൽ നിന്നും ലഭിച്ചവ. ഫെലിഷ്യൻ പ്രത്യേക താൽപര്യമെടുത്ത് തന്റെ മുൻഗാമിയുടെ പ്രസംഗങ്ങൾ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്തു. ഇതിന്റെ പകർപ്പുകൾ വത്തിക്കാൻ, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നിവിടങ്ങളിലെ വിവിധ ലൈബ്രറികളിലുണ്ട്.
പ്രസംഗങ്ങളിലെ ദൈവശാസ്ത്ര പ്രമേയങ്ങൾ
ആരാധനാവർഷത്തിൽ ഞായറാഴ്ചകളിലും മറ്റും ദൈവാലയത്തിൽ നടത്തിയ പ്രസംഗങ്ങളാണ് ഇവ. റെവെന്നായിലെ ആർച്ച്ബിഷപ്പ് എന്ന നിലയിൽ ഇത്തരം ധാരാളം പ്രസംഗങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ബൈബിളിന്റെ അക്ഷരാര്‍ഥത്തിലുള്ള വിശദീകരണത്തേക്കാൾ അതിന്റെ ലാക്ഷണികമായ അർഥം വിവരിച്ചുകൊണ്ട് പ്രായോഗിക ജീവിതത്തിന് ആവശ്യമായ ഉപദേശങ്ങൾ നൽകുന്നതിനായിരുന്നു അദ്ദേഹം ശ്രദ്ധിച്ചിരുന്നത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലുടനീളം കാണുന്ന ആശയങ്ങൾ നാല് വിഷയങ്ങളിലേക്ക് ചുരുക്കാവുന്നതാണ്. (താഴെ കൊടുത്തിരിക്കുന്ന ആശയങ്ങൾക്ക് പൂർണ്ണമായും ഈ ഗ്രന്ഥത്തോട് കടപ്പെട്ടിരിക്കുന്നു: David Vincent Meconi, Peter Chrysologus: The Early Church Fathers (New York: Routledge, Taylor & Francis Limited, 2023), pp. 23-35).
1. ദൈവീക പ്രതിച്ഛായയും സമാനതയും
സൃഷ്ടിയുടെ പുസ്തകത്തിൽ കാണുന്ന ‘ദൈവസാദൃശ്യം’ (imago Dei) നമ്മോട് പറയുന്നത് എല്ലാ മനുഷ്യാത്മാവിലും ദൈവം തന്റെ പ്രതിരൂപം പതിപ്പിച്ചിരുന്നു എന്നതാണ്. ദൈവത്തിന്റെ സൃഷ്ടി എപ്രകാരമായിരിക്കണമെന്ന് ദൈവം ആഗ്രഹിച്ചതിന്റെ ഫലമാണിത്. ദൈവ-മനുഷ്യ കണ്ടുമുട്ടൽ നടക്കുന്ന മേഖലയാണിത്. മനുഷ്യാവതാരത്തെ മനോഹരമാക്കുന്നത് ദൈവം തന്റെ സൃഷ്ടിയുടെ രൂപത്തിലും ഭാവത്തിലും ഇറങ്ങിവന്നു എന്നതുകൂടിയാണ്. വി. പീറ്റർ ക്രിസൊളോഗസ് ഇപ്രകാരം പ്രസംഗിച്ചു: “മർത്യരായ നമ്മൾ ദൈവത്തെ ദർശിക്കാനുള്ള ആഗ്രഹത്താൽ സഹിക്കുകയും വേദനിക്കുകയും ചെയ്യുന്നുവെന്ന് അവിടുത്തേക്ക് അറിയാവുന്നതിനാൽ തന്റെ രൂപത്തെ തന്നെ നമ്മിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. …അതിനാൽ ദൈവം മനുഷ്യരുടെ ഇടയിൽ മനുഷ്യനായി വന്ന് നമ്മുടെ പ്രകൃതത്തിലായിരുന്നുകൊണ്ട് എല്ലാവർക്കും വെളിവാക്കിയത് അവിടുത്തേക്ക് ദോഷമായി ഭവിച്ചു എന്ന് ആരും ധരിക്കരുത്” (Sermon 147). പൂർണ്ണനായ ദൈവം പങ്കിലമായ മനുഷ്യകുലത്തോട് സ്നേഹം കാരണം ഐക്യത്തിലാകുന്നു. മനുഷ്യവ്യക്തി സ്വർഗത്തിനും ഭൂമിയ്ക്കും മധ്യേ മർത്യശരീരവും മാലാഖമാരുടെ കാന്തിയും പേറി നിലനിൽക്കുന്നു. “ഭൂമിയിലുള്ള എല്ലാത്തിന്റെയും അധിപനായിരിക്കുന്നതിനാണ് ദൈവം നിന്നെ മണ്ണിൽ നിന്നും മെനഞ്ഞത് – സൃഷ്ടവസ്തുക്കളുമായി അവരുടെ സ്വഭാവം നീ പങ്കുവയ്ക്കുന്നു. അതേസമയം നീ സ്വർഗത്തിനു വേണ്ടിയുള്ളവനാണ്. കാരണം അവിടെയുള്ളവരെപ്പോലെ വിവേചനശക്തിയുള്ള ആത്മാവ് നിനക്കുമുണ്ട് (Sermon 158).
2. മറിയത്തിന്റെ ‘അനുവാദവും’ മനുഷ്യാവതാരവും
ക്രിസ്തീയജീവിതത്തിന്റ കേന്ദ്രമായിരിക്കുന്നത് ദൈവപുത്രന്റെ മനുഷ്യാവതാരമാണ്. ക്രിസ്തുവിന്റെ കന്യകയിലൂടെയുള്ള ഈ ലോകത്തിലേക്കുള്ള ഗമനം അനന്യമായ ഒരു അനുഭവമാണ്. മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാൻ പ്രയാസമുള്ള ഒരു ദൈവീക എളിമപ്പെടലിന്റെ അനന്തരഫലമായി സ്വർഗവും ഭൂമിയും, ദൈവീകതയും മനുഷത്വവും എന്നന്നേക്കുമായി സംയോജിച്ചു. മേരിയുടെ ‘അതെ’ എന്ന ഉത്തരം (Fiat) വഴി, അവളുടെ ഏകജതാനായ യേശുവിൽ, ദൈവവും മനുഷ്യനും പരിപൂർണ്ണ സംയോജനത്തിൽ എത്തുന്നതിന് ഇടയായിത്തീർന്നു. മറിയത്തിന്റെ ഉദരം ദൈവവും മനുഷ്യനും ഒന്നാകുന്നതിനുള്ള വേദിയായിത്തീർന്നു. “ഇതുവരെ കേട്ടുകേഴ്‌വിയില്ലാത്ത ഒരു കാര്യം നമ്മൾ കേട്ടിരിക്കുന്നു. എങ്ങനെ ദൈവവും മനുഷ്യനും ഒന്നായിരുന്നു എന്നത്. നമ്മുടെ ബലഹീനമായ മനുഷ്യപ്രകൃതി ഒരു മാലാഖയുടെ സന്ദേശത്താൽ ദൈവത്തിന്റെ പൂർണ്ണമഹത്വം വെളിവാക്കിയിരിക്കുന്നു” (Sermon 142).
3. മനുഷ്യവ്യക്തിയുടെ ദൈവീകവത്ക്കണം
ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ പരിണിതഫലമായി ഓരോ മനുഷ്യവ്യക്തിയും ദൈവീകവത്ക്കരിക്കപ്പെടുന്നു. ഒരു മനുഷ്യനും ദൈവത്തെ ‘പിതാവ്’ എന്ന് ആ വാക്കിന്റെ സഹജമായ അർഥത്തിൽ, വിളിക്കാൻ സാധിക്കില്ല. മർത്യരായ പിതാക്കന്മാർ ജന്മം നൽകിയ മനുഷ്യരാണ് നാം. എന്നാൽ ക്രിസ്തുവിന്റെ കുടുംബാംഗമെന്ന നിലയിൽ ത്രിത്വത്തിലെ ഒന്നാമാളായ ദൈവപിതാവിന്റെ മക്കളാണ് നാം. ഈ ഉന്നതി നമുക്ക് ലഭ്യമാക്കിയതും പുതുജന്മം നൽകിയതും ദൈവപുത്രന്റെ മനുഷ്യാവതാരമാണ്. ക്രിസ്തുവിന്റെ ‘ശൂന്യവത്കരണം’ നമ്മുടെ ‘ദൈവവത്ക്കരണം’ സാധിതമാക്കി. “ദൈവത്വം മനുഷ്യത്വം സ്വീകരിച്ചു. അതിനാൽ മനുഷ്യന് ദൈവത്വത്തിലേക്ക് വരുന്നതിനു സാധിച്ചു” (Sermon 30). ഇവിടെ ദൈവപുത്രനെ മനുഷ്യപുത്രനായും നാം മനസ്സിലാക്കുന്നു: “അവിടുന്ന് തന്റെ ദൈവത്വത്തെ മനുഷ്യസ്വഭാവത്തിലേക്ക് താഴ്ത്തിക്കൊണ്ടുവന്നതുവഴി നമ്മുടെ ശരീരത്തിന്റെ സ്വാഭാവത്തെ ദൈവീകമാക്കി പരിവർത്തനപ്പെടുത്തി. ഭൂമിയിലുള്ള ഭൗതീകതയിൽ പങ്കുചേർന്ന് യേശു തനിക്കുണ്ടായിരുന്ന സ്വർഗത്തിലുള്ള പൈതൃകത്തിൽ മനുഷ്യരെയും പങ്കുകാരാക്കി” (Sermon 70).
4. കൗദാശികവും വിശുദ്ധവുമായ സഭ
ദൈവം തന്റെ കൃപാവരങ്ങൾ ജനത്തിന് നൽകുന്നത് സഭയിലൂടെയാണ്. ദൈവത്തിന്റെ ഏകജാതനായ പുത്രൻ തന്റെ ജീവൻ മാമോദീസ സ്വീകരിക്കുന്ന സഹോദരീസഹോദരന്മാരിലേക്ക് അനർഗളമായി ചൊരിയുന്നു. മണവാളനായ ക്രിസ്തു തന്റെ അവിശ്വസ്തയായ പ്രണയിനിയായ സഭയെ നിത്യമായി ആലിംഗനം ചെയ്ത് അനുഗ്രഹങ്ങൾ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. സഭ ശക്തരുടെയും പരിശുദ്ധരുടെയും ഇടമെന്നതുപോലെ പതറുന്ന പാപികൾക്ക് ദൈവകരം പിടിക്കാനുള്ള അഭയസ്ഥാനം കൂടിയാണ്. മനുഷ്യനായ ദൈവത്തിന് വേദനിക്കുന്നവരോടും മുറിവേറ്റവരോടും പ്രത്യേക കരുണയും വാത്സല്യവും ഉണ്ടായിരുന്നു. അവിടുന്ന് ശരീരസൗഖ്യം മാത്രമല്ല, ആത്മീയസൗഖ്യവും നൽകിയവനാണ്. ഈ ദൗത്യം തുടരുകയാണ് സഭയുടെ ഉത്തരവാദിത്വം. പാവങ്ങൾക്ക് ഭക്ഷണം നൽകുന്നതും രോഗികളെ സുഖപ്പെടുത്തുന്നതും സഭ ക്രിസ്തുവുമായി യോഗിച്ചിരിക്കുന്നതിന്റെ ലക്ഷണങ്ങളാണ്. സഭയ്ക്ക് ക്രിസ്തുവിനോട് ബന്ധപ്പെട്ടിരിക്കുമ്പോഴാണ് ദൈവീകജീവനുള്ളത്. “അതിനാൽ മണവാളനാകുന്ന ക്രിസ്തുവിൽ നിന്ന് മണവാട്ടിയായ സഭയ്ക്കോ, ശിരസ്സായ ക്രിസ്തുവിൽ നിന്ന് ശരീരഭാഗങ്ങളായ നമുക്കോ വേർപെട്ടിരിക്കുന്നതിന് സാധിക്കില്ല. ക്രിസ്തുവുമായുള്ള ഐക്യം വഴി നാം പരിശുദ്ധാത്മാവിൽ ഒന്നായി ദൈവം എല്ലാത്തിലും എല്ലാമാകുന്നു (1 കോരി. 15:28). തത്ഫലമായി, ദൈവത്തിൽ വിശ്വസിക്കുന്നവൻ പരിശുദ്ധ സഭയെ ഏറ്റുപറഞ്ഞ് ദൈവത്തിൽ ഒന്നാകുന്നു” (Sermon 57).
ഉപസംഹാരം
പ്രസംഗത്തിന്റെ ശൈലി മെച്ചമാക്കാൻ വേണ്ടിയോ, കൈയടി കിട്ടുന്നതിനു വേണ്ടിയോ തന്റെ ആശയങ്ങളിൽ ഒരിക്കലും വെള്ളം ചേർക്കാതെ വചനം ദൈവജനത്തിന് പകർന്നുനൽകിയ വിശുദ്ധനാണ് വി. പീറ്റർ ക്രിസൊളോഗസ്. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിശുദ്ധ കുർബാനയുടെ ഭാഗമായിരുന്നതിനാൽ ക്രിസ്തുവിന്റെ ശരീരവും രക്തവും തന്റെ ജനത്തിന് ഭാഗിച്ചുനൽകുന്ന ഗൗരവത്തോടെയാണ് വചനവും പകർന്നുനൽകിയത്. വി. പീറ്റർ ക്രിസൊളോഗസിന്റെ ആദ്യ ജീവചരിത്രകാരൻ ആബട്ട് ആഞ്ഞല്ലൂസ് വിശുദ്ധനായ ബിഷപ്പ് തന്റെ അന്ത്യകാലത് തന്റെ ജനത്തിന് തന്റെ പിൻഗാമിയായി നല്ല ഒരു അജപാലകനെ നൽകണമെന്ന് നിരന്തരമായി പ്രാർഥിച്ചിരുന്നു എന്ന് എഴുതുന്നു: “കർത്താവേ, എന്റെ ജനത്തിന് അവരെ നാശത്തിലേക്ക് നയിക്കാതെ, ആടുകളെ സഭയാകുന്ന ആലയിൽ ഒരുമിച്ചുകൂട്ടുന്ന ഒരു നല്ല ഇടയനെ നൽകണമേ. അവരെ പ്രഹരിക്കുന്ന ഇടയനെയല്ല, പിന്നെയോ പരിപോഷിപ്പിക്കുന്നവനെ. മുറിവേല്പിക്കുന്നവനെ അല്ല, പിന്നെയോ പ്രതിരോധിക്കുന്നവനെ. നിന്ദിക്കുന്നവനെ അല്ല, പിന്നെയോ തേടുന്നവനെ. കൊള്ളയടിക്കുന്നവനെ അല്ല, പിന്നെയോ അനുഗ്രഹങ്ങൾ ചൊരിയുന്നവനെ. അഹങ്കാരിയെ അല്ല, പിന്നെയോ എളിമയുള്ളവനെ. നിര്‍ദയനെ അല്ല, പിന്നെയോ സൗമ്യതയുള്ളവനെ. നിന്റെ കരവിരുതായ നിന്റെ ജനത്തെ അങ്ങുതന്നെ സംരക്ഷിക്കേണമേ. അവിടുന്ന് ഇപ്പോഴും അനുഗ്രഹീതനാണ്.”
വി. പീറ്റർ ക്രിസൊളോഗസിനോടുള്ള മധ്യസ്ഥപ്രാർഥന
വി. പീറ്റർ ക്രിസൊളോഗസ്, അങ്ങ് ക്രിസ്തു സ്വഭാവത്തിന്റെ സംരക്ഷകനും, ശക്തനായ പ്രസംഗകനും ആത്മാക്കളുടെ അജപാലകനുമായിരുന്നല്ലോ. ക്രിസ്തുവിനെ ആഴത്തിൽ അറിയുന്നതിനും ആ അറിവിൽ അവിടുത്തേക്കായി എന്നെ പൂർണ്ണമായും സമർപ്പിക്കുന്നതിനും അങ്ങ് എന്നെ സഹായിക്കുക. വി. പീറ്റർ ക്രിസൊളോഗസ്, എനിക്കു വേണ്ടി പ്രാർഥിക്കണമേ!
ഫാ. മാത്യു ചാർത്താക്കുഴിയിൽ




