മാതൃത്വത്തെക്കുറിച്ച് വിശുദ്ധ മദർ തെരേസയുടെ വാക്കുകൾ

മേയ് ഏഴ് ലോക മാതൃ ദിനമാണ്. ഭൂമിയിൽ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും ആദ്യം പഠിക്കുന്ന വാക്ക് ‘അമ്മ’ എന്നതാണ്. മാതൃത്വം എന്നത് സ്ത്രീകൾക്ക് മാത്രം ദൈവം നൽകിയിട്ടുള്ള, പ്രത്യേക വിളിയും വരദാനവുമാണ്. അമ്മയാകുന്നതിലൂടെ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിലാണ് ഓരോ സ്ത്രീയും പങ്കുചേരുന്നത്. മാതൃത്വത്തെക്കുറിച്ച് വി.മദർ തെരേസ പറയുന്ന വാക്കുകൾ ഈ കാലഘട്ടത്തിൽ കൂടുതൽ ശ്രദ്ധേയമാണ്.

ദൈവം മനുഷ്യരെ തന്റെ ഛായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്നേഹമാകുന്ന ദൈവം പല രീതിയിലൂടെ അവിടുത്തെ സ്നേഹം നമ്മിലേക്ക് ചൊരിഞ്ഞിട്ടുണ്ട്. എന്നാൽ ഒരു കുഞ്ഞിന് ജന്മം നൽകുക, അമ്മയാവുക, എന്നത് ഏറ്റവും മഹത്തായ ദൈവ സ്നേഹത്തിന്റെ അടയാളമാണ്; ദൈവത്തിന്റെ പ്രത്യേക സമ്മാനമാണ്.

സ്ത്രീകളും പുരുഷന്മാരും ദൈവസ്നേഹത്തിന്റെ വ്യത്യസ്‌ത മാനങ്ങൾ എങ്ങനെ നൽകുന്നുവെന്ന് ഒരിക്കൽ വി. മദർ തെരേസ എഴുതിയത് ഇപ്രകാരമായിരുന്നു:

“ദൈവം നമ്മെ ഓരോരുത്തരെയും സൃഷ്ടിച്ചിരിക്കുന്നത് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമാണ്. എന്നാൽ എന്തുകൊണ്ടാണ് ദൈവം നമ്മെ പുരുഷന്മാരും സ്ത്രീകളുമായി സൃഷ്ടിച്ചിരിക്കുന്നത്? കാരണം, ഒരു സ്ത്രീയുടെ സ്നേഹം ദൈവസ്നേഹത്തിന്റെ പ്രതിച്ഛായയായിരിക്കുന്നതുപോലെ, ഒരു പുരുഷന്റെ സ്നേഹവും ദൈവസ്നേഹത്തിന്റെ മറ്റൊരു പ്രതിച്ഛായയാണ്. എന്നാൽ ഓരോന്നും വ്യത്യസ്തമായ രീതിയിലാണ് പ്രകടമാകുന്നതെന്ന് മാത്രം. സ്ത്രീയുടെയും പുരുഷന്റെയും വ്യത്യസ്ത മാനങ്ങളിലുള്ള സ്നേഹം ഒരുമിച്ച് ചേരുമ്പോഴാണ് ദൈവസ്‌നേഹം അതിന്റെ പൂർണതയിൽ പ്രകടമാകുന്നത്”.

സ്ത്രീയ്ക്കും പുരുഷനും വ്യത്യസ്ത സമ്മാനങ്ങളാണ് ദൈവത്തിൽ നിന്ന് ലഭിച്ചത്. ഒന്ന് മറ്റൊന്നിനേക്കാൾ മെച്ചമെന്ന് പറയാനാകില്ല. ഇരുവരും ദൈവസ്നേഹം ലോകത്തിലേക്ക് പകരുന്നത് വ്യത്യസ്ത രീതികളിലാണ്. എന്നിരുന്നാലും, മാതൃത്വം ഒരു പ്രത്യേക വിളിയും ദൈവസ്നേഹ പ്രകടനവുമാണെന്നാണ് വി. മദർ തെരേസ പറയുന്നത്.

“ഒരു സ്‌ത്രീയുടെ സ്‌നേഹത്തിന്റെ ശക്തി അവൾ അമ്മയാകുമ്പോഴാണ് ഏറ്റവും വ്യക്തമായി പ്രകടമാകുന്നത്. മാതൃത്വം സ്ത്രീകൾക്ക് ദൈവം നൽകിയ വരദാനമാണ്. ലോകം മുഴുവൻ സന്തോഷം നൽകുന്ന ഈ അത്ഭുതകരമായ സമ്മാനത്തിന് നാം ദൈവത്തോട് എന്നും നന്ദിയുള്ളവരായിരിക്കണം”- വി. മദർ തെരേസ പറയുന്നു. മാതൃത്വം ഒരിക്കലും ഒരു വെല്ലുവിളിയോ ശാപവുമല്ല. മറിച്ച്, ദൈവസ്നേഹത്തിന്റെ മറ്റൊരു മുഖമാണ് മാതൃത്വം.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.