സത്യവിശ്വാസ സംരക്ഷകനായ അലക്സാൻഡ്രിയായിലെ വി. സിറിൾ

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ആമുഖം

സഭയുടെ ആദ്യകാല ചരിത്രത്തിൽ ക്രിസ്തീയ ദൈവശാസ്ത്രം രൂപപ്പെടുത്തുന്നതിൽ നിർണ്ണായകപങ്കു വഹിച്ചിട്ടുള്ള വിശുദ്ധനാണ് അലക്‌സാൻഡ്രിയായിലെ വി. സിറിൽ. റോമൻ സാമ്രാജ്യത്തിലെ രണ്ടാമത്തെ പ്രധാന നഗരത്തിന്റെ ആത്മീയ അധിപൻ എന്ന നിലയിൽ അദ്ദേഹം സ്വീകരിച്ച ധീരമായ നിലപാടുകൾ ക്രിസ്തീയ സഭാചരിത്രത്തിൽ വി. സിറിളിന് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തു. നാമിന്നു മനസ്സിലാക്കുന്ന രീതിയിൽ ക്രിസ്തുവിജ്ഞാനീയവും മരിയൻ ദൈവശാസ്ത്രവും രൂപപ്പെട്ടതിനുപിന്നിൽ വി. സിറിളിന്റെ അറിവും അധ്വാനവും സ്വാധീനവും ഉണ്ട്.

ദൃഢനിശ്ചയത്തിന്റെ പ്രതീകവും നലം തികഞ്ഞ ദൈവശാസ്ത്രജ്ഞനും ആയിരുന്ന അദ്ദേഹത്തിന് ചരിത്രം ചാലിച്ചുനൽകിയ വിശേഷണമാണ് ‘മനുഷ്യാവതാരത്തിന്റെ വേദപാരംഗതൻ’ എന്നത്. 32 വർഷത്തോളം (412-444) അലക്‌സാൻഡ്രിയായിലെ പാത്രിയർക്കീസ് സ്ഥാനം അലങ്കരിച്ച അദ്ദേഹം എഫേസൂസ് സൂനഹദോസിനു നേതൃത്വം നൽകിയ വിശുദ്ധനുമാണ്. ‘വിശ്വാത്തിന്റെ നെടുംതൂണെ’ന്നും, ‘പിതാക്കന്മാരുടെ മുദ്ര’ എന്നുമൊക്കെയാണ് സഭാചരിത്രകാരന്മാർ അദ്ദേഹത്തെ അഭിസംബോദന ചെയ്തിരിക്കുന്നത്. പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ വി. സിറിളിനെ വിശേഷിപ്പിച്ചിരിക്കുന്നത് ‘പൗരസ്ത്യസഭയുടെ അലങ്കാരം’ എന്നാണ്.

വി. സിറിളിന്റെ ജീവിതവും കൃതികളും സഭയുടെ ദൈവശാസ്ത്ര വളർച്ചയിൽ നിർണ്ണായകപങ്കു വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനരീതികളോട് വിജോയിപ്പ് പ്രകടിപ്പിച്ചവർപോലും സഭയുടെ നന്മയ്ക്കും വളർച്ചയ്ക്കുമായാണ് അദ്ദേഹം എല്ലാം ചെയ്തതെന്ന് അംഗീകരിച്ചിട്ടുണ്ട്. എന്നും സത്യവിശ്വാസത്തിന്റെ സംരക്ഷകനായി നിലകൊണ്ട സിറിൽ ക്രിസ്തുവിനെക്കുറിച്ചുള്ള ആഴമായ അറിവിലൂടെയും വ്യക്തിബന്ധത്തിലൂടെയും വിശ്വാസ സമരങ്ങൾക്ക് നേതൃത്വം കൊടുത്തയാളാണ്. സഭയുടെ ആരംഭദശകങ്ങളിലെ ദൈവശാസ്ത്ര ചിന്തകളെ അറിയുന്നതിന് വേദപാരംഗതനും അജപാലകനും സഭാപിതാവുമായ വി. സിറിളിനെക്കുറിച്ചുള്ള പഠനം നമ്മെയും സഹായിക്കും.

ജനനം, ബാല്യം, വിദ്യാഭ്യാസം

വി. സിറിളിന്റെ ബാല്യകാലത്തെക്കുറിച്ചു വളരെക്കുറച്ചു ചരിത്രവിവരങ്ങൾ മാത്രമേ നമുക്ക് ലഭ്യമായിട്ടുള്ളൂ. ഈജിപ്തിലെ തെയോഡീസിയു (ഇന്നത്തെ എൽ-മഹല്ല എൽ-കുബ്ര) എന്ന സ്ഥലത്ത് എ.ഡി. 376-ലാണ് അദ്ദേഹം ജനിച്ചത്. (ചില ചരിത്രഗ്രന്ഥങ്ങളിൽ ജനന വർഷം 378 എന്ന് രേഖപ്പെടുത്തിയിരിക്കുന്നു). അദ്ദേഹത്തിന്റെ അമ്മയുടെ ജന്മസ്ഥലം മെംഫിസ് നഗരമായിരുന്നു. സിറിളിന്റെ പിതാവിന്റെ കുടുംബത്തെക്കുറിച്ചു നമുക്ക് ചരിത്രപരമായ യാതൊരു വിവരങ്ങളും ലഭ്യമല്ല. എന്നാൽ അദ്ദേഹത്തിന്റെ മാതാവിന്റെ മാതാപിതാക്കൾ ക്രിസ്തീയവിശ്വാസം സ്വീകരിച്ചവരും തന്റെ മകളെ ആ വിശ്വാസത്തിൽ വളർത്തിയവരും ആയിരുന്നു.

സിറിളിന്റെ അമ്മാവൻ തെയോഫിലോസ് എ.ഡി. 385 മുതൽ അലക്‌സാൻഡ്രിയായിലെ പാത്രിയർക്കീസായി സേവനം അനുഷ്ഠിക്കുകയായിരുന്നു. സിറിളിന് ഏഴ് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ അദ്ദേഹത്തെ അമ്മാവന്റെ അരികിൽ കൊണ്ടാക്കുന്നു. ഇത് അക്കാലത്തെ ഏറ്റം മികച്ച വിദ്യാഭ്യാസ സാധ്യത തുറന്നുനൽകുകയും മറ്റു കുട്ടികളെക്കാൾ വേഗത്തിൽ സിറിൾ കാര്യങ്ങൾ പഠിക്കുകയും ചെയ്തു. എഴുത്തും വായനയ്ക്കും പുറമെ അദ്ദേഹം ഗണിതവും പഠിച്ചെടുത്തു. വളരെക്കുറച്ച് ആളുകൾക്കുമാത്രം ലഭ്യമായിരുന്ന വ്യാകരണ പഠനത്തിലും അദ്ദേഹം തന്റെ പ്രാവീണ്യം തെളിയിച്ചു. ഇത് ഭാഷാപരമായി വലിയ പാണ്ഡിത്യം സമ്പാദിക്കുന്നതിന് അദ്ദേഹത്തെ സഹായിച്ചു. പിന്നീട് സിറിളിന്റെ ദൈവശാസ്ത്ര രചനകൾക്ക് അസാധാരണമായ ആഴം പ്രദാനം ചെയ്യുന്നതിന് ഈ പഠനം കാരണമായി. എ.ഡി. 398 മുതൽ നാലു വർഷക്കാലം അദ്ദേഹം ദൈവശാസ്ത്രവും വിശുദ്ധ ഗ്രന്ഥവും പഠിച്ചു എന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

എ.ഡി. 403-ലാണ് കോൺസ്റ്റാന്റിനോപ്പിളിൽ ഓക് സിനഡ് എന്ന പേരിൽ ഒരു പ്രാദേശിക സൂനഹദോസ് നടക്കുന്നത്. ഈ സിനഡിൽ വച്ചാണ് ജോൺ ക്രിസോസ്റ്റത്തെ പാത്രിയർക്കീസ് സ്ഥാനത്തുനിന്നും പുറത്താക്കുന്നതും നാടുകടത്തുന്നതും. അതിന് നേതൃത്വം നൽകിയത് അലക്‌സാൻഡ്രിയായിലെ പാത്രിയർക്കീസ് തെയോഫിലോസ് ആയിരുന്നു. തന്റെ അമ്മാവന്റെ കൂടെ കോൺസ്റ്റാന്റിനോപ്പിളിലേക്കു യാത്രചെയ്യുകയും ഈ സംഭവങ്ങൾക്കൊക്കെ സിറിൾ സാക്ഷ്യം വഹിക്കുകയും ചെയ്തു. ഇത് സഭയിലെ അന്നത്തെ സാഹചര്യത്തിൽ വലിയ നയതന്ത്ര അറിവുകളും പ്രായോഗിക ജ്ഞാനവും പ്രദാനം ചെയ്തു എന്ന് പിന്നീട് അദ്ദേഹം നടത്തിയ ഇടപെടലുകളിലൂടെ തെളിയിക്കപ്പെട്ടു. കൂടാതെ, ജോൺ ക്രിസോസ്റ്റത്തോട് പാത്രിയർക്കീസ് ആയ ശേഷവും സിറിൾ അകൽച്ച പാലിക്കുന്നതിന് ഈ സംഭവങ്ങൾ ഇടയാക്കിയിട്ടുണ്ട്.

വൈദികനാകുന്നതിനു മുൻപ് അദ്ദേഹം ഒരു സന്യാസിയായി നിത്രിയൻ മരുഭൂമിയിൽ വസിച്ചു എന്ന് പറയപ്പെടുന്നു. എന്നാൽ അദ്ദേഹം മരുഭൂയിൽ സന്യാസിയായി ജീവിച്ചില്ല, പിന്നെയോ അവരിൽ പലരുമായും സ്ഥിരമായി ബന്ധം പുലർത്തുകയും സന്യാസിമാരെ സഹായിക്കുക മാത്രമാണ് ചെയ്തതെന്ന് വാദിക്കുന്നവരുമുണ്ട്. അക്കാലത്തെ അറിയപ്പെടുന്ന സന്യാസിയും ദൈവശാസ്ത്രജ്ഞനുമായിരുന്ന പെലൂസിയത്തിലെ ഇസിദോറുമായി സിറിൾ കത്തിടപാടുകൾ നടത്തുകയും ഈ ബന്ധം സിറിൾ പാത്രിയർക്കീസ് ആയതിന് ശേഷവും തുടരുകയും ചെയ്തു.

പഠനത്തിന് ശേഷം പാത്രിയർക്കീസ് തെയോഫിലോസിന്റെ കൂടെ അദ്ദേഹം സഹായി ആയി ജോലി ചെയ്തു. ഇക്കാലത്തു അദ്ദേഹം ദേവാലയത്തിൽ വായിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വരത്തിന്റെ മാധുര്യം കാരണം ആളുകൾ അദ്ദേഹത്തിന്റെ വായന നിർത്തരുതേ എന്ന് ആഗ്രഹിച്ചിരുന്നു എന്ന് ജീവചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.

അലക്‌സാൻഡ്രിയാ നഗരം

വി. സിറിളിന്റെ ജീവിതവും പ്രവർത്തനങ്ങളും വിലയിരുത്തുന്നതിന് അദ്ദേഹത്തിന്റെ പ്രവർത്തന മേഖല ആയിരുന്ന, പ്രാചീന റോമൻ സാമ്രാജ്യത്തിലെ ഏറ്റം പ്രധാനപ്പെട്ട വാണിജ്യനഗരമായിരുന്ന, അലക്‌സാൻഡ്രിയ നഗരത്തെക്കുറിച്ചുള്ള പ്രാഥമിക അറിവ് ആവശ്യമാണ്. മഹാനായ അലക്‌സാണ്ടർ ചക്രവർത്തിയുടെ നാമത്തിൽ നിന്നുമാണ് അലക്സാൻഡ്രിയ എന്ന നാമത്തിന്റെ ഉത്ഭവം. ബി.സി. 332-ലാണ് തന്റെ പടയോട്ടത്തിൽ അദ്ദേഹം ഈ പ്രദേശം കീഴടക്കി ഒരു നഗരം നിർമ്മിച്ചു തന്റെ പേരുതന്നെ നൽകുന്നത്. നൈൽ സമതലത്തോട് ചേർന്ന് മെഡിറ്ററേനിയൻ കടലിന്റെ തീരത്തായിട്ടാണ് ഈ നഗരം സ്ഥിതിചെയ്തിരുന്നത്. രണ്ടു സ്വാഭാവിക തുറമുഖങ്ങളും ഒരു മനുഷ്യനിർമ്മിത തുറമുഖവും ഇവിടെ ഉണ്ടായിരുന്നു. ബി.സി. 280-ൽ നിർമ്മിച്ച പ്രശസ്തമായ ഫറവോയുടെ വിളക്കുമാടം പുരാതന ലോകത്തെ ഏഴു ലോകാത്ഭുതങ്ങളിലൊന്നായിരുന്നു.

നാവികർക്ക് തുടർയാത്രക്കുള്ള വഴിവെളിച്ചം പ്രദാനം ചെയ്ത നഗരം വ്യാപാരികളുടെയും തീർത്ഥാടകരുടെയും ലോകത്തിന്റെ വിവിധ കോണിൽ നിന്നുള്ള വിജ്ഞാനികളുടെയും സംഗമസ്ഥാനം കൂടി ആയിരുന്നു. ബൗദ്ധികമായും, ധാർമികമായും, രാഷ്ട്രീയപരമായും, ഗ്രീക്ക്-റോമൻ സംസ്കാരത്തിന്റെ വൈവിധ്യം റോമിനേക്കാളും, കോൺസ്റ്റാന്റിനോപ്പിളിനേക്കാളും ഇവിടെ ദൃശ്യമായിരുന്നു. ഇവിടുത്തെ ക്രിസ്തീയ പരിശീലന പാഠശാലകളിൽ അവിശ്വാസികൾ പോലും സംബന്ധിക്കുകയും ചെയ്തിരുന്നു. വി. ഗ്രന്ഥപഠനത്തോടൊപ്പം ഗ്രീക്ക് ഭാഷയിൽ പ്രാവീണ്യം നേടുക എന്നത് അന്നത്തെ അലക്‌സാൻഡ്രിയൻ പഠന രീതി ആയിരുന്നു.

റോമൻ സാമ്രാജ്യത്തിന്റെ ധാന്യകലവറയായ ഈജിപ്തിനെ അറേബ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധിപ്പിച്ചിരുന്ന നിരവധി തുറമുഖങ്ങളും അലക്‌സാൻഡ്രിയായിൽ ഉണ്ടായിരുന്നു. ഭരണനിർവഹണ കേന്ദ്രമായിരുന്ന ഇവിടെ കപ്പൽ നിർമ്മാണവും, പാപ്പിറസ് ചുരുളുകളുടെ നിർമ്മാണവും വലിയ വ്യവസായമായി വളർന്നിരുന്നു. അഞ്ചുലക്ഷം പപ്പീറസ് ചുരുളുകളുടെ ബൃഹത്തായ ലൈബ്രറി ഈ നഗരത്തെ ലോകത്തിന്റെ തന്നെ വിജ്ഞാനതലസ്ഥാനമാക്കിയിരുന്നു. (എ.ഡി. 270-ലെ അഗ്നിബാധയിൽ ഇത് നശിച്ചുപോവുകയാണുണ്ടായത്).

ഈജിപ്തിലെ സഭയുടെ ആസ്ഥാനം കൂടിയായിരുന്നു അലക്സാണ്ഡ്രിയ. സുവിശേഷകനായ വി. മർക്കോസാണ് അലക്‌സാൻഡ്രിയൻ പ്രദേശത്തെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആനയിച്ചത്. നിഖ്യാ സുന്നഹദോസിന്റെ സമയത്ത് ഈജിപ്ത്, ലിബിയ, പെന്തപോലീസ് എന്നിവിടങ്ങളിലെ ബിഷപ്പുമാരെ നിയമിക്കുന്നതിനുള്ള അധികാരവും അലക്സാൻഡ്രിയായിലെ പാത്രിയർക്കീസിനായിരുന്നു. ഈ സഭയുടെ അദ്ധ്യക്ഷനെ അലക്‌സാൻഡ്രിയായിലെ മാർപാപ്പ എന്നും ആർച്ചുബിഷപ്പെന്നും വിളിക്കാറുണ്ടായിരുന്നു. ഇവിടുത്തെ മതപഠന കേന്ദ്രം ഒരിക്കൽ പ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ ഒറിജിന്റെ നേതൃത്വത്തിൽ ഉള്ളതായിരുന്നു. എ.ഡി. 641-ൽ അറബിൾ ഈ പ്രദേശങ്ങൾ കീഴടക്കിയതിനു ശേഷം ഇതിന്റെ പ്രാധാന്യം കുറഞ്ഞെങ്കിലും ചരിത്രപരവും സാംസ്കാരികവുമായ പാരമ്പര്യം നിത്യമായി നിലനിൽക്കും.

അലക്‌സാൻഡ്രിയായിലെ പാത്രിയർക്കീസ്

അലക്‌സാൻഡ്രിയൻ പാത്രിയർക്കീസ് തെയോഫിലോസ് എ.ഡി. 412 ഒക്ടോബർ 15-ന് കാലം ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം സിറിൾ അദ്ദേഹത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു. ആർച്ചുഡീക്കൻ തിമോത്തിയോസിന്റെ അനുയായികൾ അദ്ദേഹത്തെ അടുത്ത പാത്രിയർക്കീസായി തിരഞ്ഞെടുക്കുന്നതിനുവേണ്ടി കലാപം ഉണ്ടാക്കിയെങ്കിലും വിജയിച്ചില്ല. സഭാചരിത്രകാരനായ സൊക്രാട്ടസ് പറയുന്നത് അലക്‌സാൻഡ്രിയക്കാർ എല്ലാ കാര്യത്തിനും കലാപം ഉണ്ടാക്കിയിരുന്നുവെന്നാണ്. അതിന്റെ പ്രധാന കാരണമായി പറയപ്പെടുന്നത് ഇവിടെ വിജാതീയരും, ജൂതന്മാരും, ക്രിസ്ത്യാനികളും ഇടകലർന്നു ജീവിച്ചിരുന്നതാണ്. മതപരവും സാമൂഹികവുമായ ചെറിയ തർക്കങ്ങൾപോലും കലാപത്തിലാണ് ചെന്നെത്തിയിരുന്നത്.

തന്റെ അമ്മാവനായ തെയോഫിലോസിന്റെ നയങ്ങൾ തന്നെയാണ് സിറിളും അനുധാവനം ചെയ്തത്. ഒന്നാമതായി പുറജാതികൾ, യഹൂദർ, പാഷണ്ഡികൾ എന്നിവരോട് അകലം പാലിക്കുകയും അവരുടെ നയങ്ങളെ എതിർക്കുകയും ചെയ്തു. രണ്ടാമതായി റോമൻ സഭയുമായി ഐക്യത്തിലും സ്നേഹത്തിലും പോകുന്നതിനായി അദ്ദേഹം പരിശ്രമിച്ചു. മൂന്നാമതായി തന്റെ പ്രദേശങ്ങളിലേക്ക് അധികാരം വ്യാപിപ്പിക്കാൻ പരിശ്രമിച്ചിരുന്ന കോൺസ്റ്റാന്റിനോപ്പിളിലെ സഭയുടെ ശ്രമത്തെ അദ്ദേഹം നിരന്തരം ചെറുത്തിരുന്നു. നാലാമതായി ആശ്രമങ്ങളെയും സന്യാസ ജീവിത രീതിയെയും അകമഴിഞ്ഞു അദ്ദേഹം സഹായിച്ചിരുന്നു. കൂടാതെ സഭയുടെ നന്മക്കും വളർച്ചയ്ക്കുമായി എന്ത് ത്യാഗങ്ങൾ ഏറ്റെടുക്കുന്നതിനും അദ്ദേഹം തയ്യാറായിരുന്നു.

സിറിൾ അധികാരമേറ്റ കാലയളവിൽ നൊവേഷ്യൻ പാഷണ്ഡത ഈ പ്രദേശങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തെർത്തുല്യന്റെ പ്രബോധനസ്വാധീനത്തിൽ വന്ന നൊവേഷ്യൻ എന്ന ദൈവശാസ്ത്രഞ്ജന്റെ പേരിലാണ് ഈ പാഷണ്ഡത അറിയപ്പെടുന്നത്. മതപീഢനകാലത്തോ അതിന് ശേഷമോ വിശ്വാസത്യാഗം നടത്തി സഭയിൽ നിന്ന് പുറത്തുപോയവരെ ഒരു കാരണവശാലും തിരിച്ചെടുക്കരുത് എന്നതായിരുന്നു ഇവരുടെ നിലപാട്. തന്റെ പാത്രിയർക്കേറ്റിന് കീഴിൽ വരുന്ന പ്രദേശങ്ങളിൽ നൊവേഷ്യൻ പാഷണ്ഡികൾ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയപ്പോൾ വഴിതെറ്റിയ പ്രബോധകരുടെ ദേവാലയങ്ങൾ അദ്ദേഹം നിർബന്ധപൂർവ്വം അടപ്പിച്ചു. കൂടാതെ ഇവിടങ്ങളിൽ സ്ഥിരമായി കലാപം സൃഷ്ടിക്കുകയും ക്രിസ്ത്യാനികളുടെ മരണത്തിന് കാരണക്കാരാകുകയും ചെയ്ത യഹൂദന്മാരെയും നഗരത്തിൽ നിന്നും പുറത്താക്കി. വിജാതീയ തത്വശാസ്ത്രം പഠിപ്പിച്ചിരുന്ന ഹിപാത്തിയ എന്ന സ്ത്രീ ക്രിസ്ത്യാനികളാൽ വധിക്കപ്പെട്ടതിൽ സിറിളിനു പങ്കുണ്ടെന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ഭരണത്തിന്റെ നാലാം വർഷമാണ് ഈ സംഭവം നടക്കുന്നത്. എന്നാൽ സിറിളിന്റെ പേര് കളങ്കപ്പെടുത്തുന്നതിനായി അക്കാലത്തു ശത്രുക്കൾ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു എന്ന് വാദിക്കുന്നവരുമുണ്ട്.

നെസ്തോറിയനിസം

അലക്‌സാൻഡ്രിയായിലെ സഭാധ്യക്ഷൻ എന്ന നിലയിൽ സിറിൽ അഭിമുഖീകരിച്ച ഏറ്റം വലിയ വെല്ലുവിളി ആയിരുന്നു നെസ്തോറിയൻ പാഷണ്ഡത. അന്ത്യോക്യയിൽ നിന്നുള്ള ഒരു പുരോഹിതൻ കോൺസ്റ്റാന്റിനോപ്പിളിൽ വന്നു മറിയത്തെ ‘ദൈവമാതാവ്’ എന്ന് അഭിസംബോധന ചെയ്യുന്നത് തെറ്റാണെന്നു പ്രസംഗിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ വഴിതെറ്റിയ പ്രബോധനത്തിനെതിരെ ജനങ്ങൾ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസായ നെസ്തോറിയസിനോട് പരാതിപ്പെട്ടു. ഈ പുരോഹിതനെ തള്ളിപ്പറയുന്നതിന് പകരം പാത്രിയർക്കീസ് അദ്ദേഹത്തെ അനുകൂലിക്കുകയും സമാനമായ ചിന്താഗതികൾ പങ്കുവയ്ക്കുകയും ചെയ്തു. മറിയത്തെ ‘ക്രിസ്തുവിന്റെ അമ്മ’ (ക്രിസ്തോതോക്കോസ്) എന്ന് വിളിക്കുന്നതാണ് ശരി എന്ന പാത്രിയർക്കീസിന്റെ നിർദേശം പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി.

യേശുക്രിസ്തുവിന്റെ പീഡാസഹനത്തെക്കുറിച്ചുള്ള വിവരണം കൂടുതൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചു. ദൈവത്തിന്റെ വചനമായ പുത്രൻ തമ്പുരാൻ തന്റെ ശരീരത്തിൽ പീഡനമേറ്റു എന്ന് സിറിൾ വാദിച്ചപ്പോൾ മനുഷ്യശരീരത്തിൽ ആണെങ്കിൽ പോലും ദൈവപുത്രന് യഥാർത്ഥത്തിൽ പീഡനമേൽക്കാൻ സാധിക്കില്ല എന്ന് സമർത്ഥിക്കാനാണ് നെസ്തോറിയസ് ശ്രമിച്ചത്. ഇത് ദൈവത്വവും-മനുഷ്യത്വവും യേശുവിൽ ഒന്നായിരിക്കുന്നു എന്ന സത്യത്തെ നിരാകരിക്കുന്ന വിശകലനമായി മാറി. എ.ഡി. 429-ൽ നെസ്തോറിയസിന്റെ ചിന്താഗതികളെക്കുറിച്ചുള്ള അപകട സൂചന നൽകികൊണ്ട് സിറിൾ തന്റെ അധികാരപരിധിയിലുള്ള സന്യാസിമാർക്ക് ഒരു കത്തെഴുതി. ഇതേതുടർന്ന് ഈ വിഷയത്തിൽ പരസ്പരം കുറ്റം ആരോപിച്ചുകൊണ്ട് സിറിളും നെസ്തോറിയസും നിരവധി കത്തുകൾ പ്രസിദ്ധീകരിച്ചു. ഒരു ദൈവശാസ്ത്ര പ്രശ്നം രാജ്യത്ത് ക്രമസമാധാന പ്രശ്നമായി മാറിയപ്പോൾ എല്ലാവരുമായി ചർച്ചചെയ്തു പരിഹരിക്കുക എന്ന ഉദ്ദേശത്തോടെയാണ് തെയഡോഷ്യസ് രണ്ടാമൻ ചക്രവർത്തി എഫേസൂസ് കൗൺസിൽ വിളിച്ചുകൂട്ടിയത്.

എഫേസൂസ്‌ കൗൺസിൽ

വി. സിറിളിന്റെ ജീവിതത്തിലെ നിർണ്ണായക സംഭവമായിരുന്നു എഫേസൂസ്‌ സുന്നഹദോസ്. എ.ഡി. 431-ൽ കോൺസ്റ്റാന്റിനോപ്പിളിന്റെ അധികാരപരിധിയിലുള്ള എഫേസൂസിൽ വച്ച് വിളിച്ചുചേർത്ത സുന്നഹദോസിൽ ആധ്യക്ഷ്യം വഹിച്ചത് വി. സിറിൾ ആയിരുന്നു. അലക്‌സാൻഡ്രിയൻ സഭയും കോൺസ്റ്റാന്റിനോപ്പിളിലെ സഭയും തമ്മിൽ ഉടലെടുത്ത ദൈവശാസ്ത്ര പ്രശ്നം ആഗോള സഭയുടെ പ്രശ്നമായി മാറി. പരിശുദ്ധ മറിയത്തെ ‘ദൈവമാതാവ്’ (Theotokos) എന്ന് അഭിസംബോധന ചെയ്യുന്നത് തെറ്റാണെന്ന് നെസ്‌റ്റോറിയൻ പക്ഷക്കാർ വാദിച്ചു. എന്നാൽ സിറിളും അലക്‌സാൻഡ്രിയൻ പക്ഷവും ഈ വാദത്തെ ശക്തിയുക്തം എതിർത്തു. ക്രിസ്തുവിന്റെ മനുഷ്യത്വത്തിന്റെ മാത്രം മാതാവാണ് മറിയം എന്നതായിരുന്നു നെസ്‌റ്റോറിയൻ വാദം. എന്നാൽ ക്രിസ്തുവിൽ രണ്ടു സ്വഭാവം ഉണ്ടെങ്കിലും ഒരു വ്യക്തി എന്ന നിലയിൽ മറിയം ജന്മം നൽകിയത് പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമായ ത്രിത്വത്തിലെ രണ്ടാമാളായ പുത്രൻ തമ്പുരാനാണെന്ന് വി. സിറിൾ അർത്ഥശങ്കക്കിടയില്ലാതെ സ്ഥാപിച്ചു. (യേശുവിന്റെ ദൈവത്വത്തിന്റെ ഉടവിടം മറിയമല്ലെങ്കിലും പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമായ യേശുവിന്റെ അമ്മയാണ് മറിയം എന്നാണ് ഇവിടെ അർത്ഥമാക്കുന്നത്).

ഈ തർക്കത്തിൽ വി. സിറിളിന് റോമൻ സഭയുടെയും മാർപാപ്പയുടെയും പിന്തുണ ഉണ്ടായിരുന്നു. സിറിൾ അന്നത്തെ മാർപാപ്പ ആയിരുന്ന സെലസ്റ്റിൻ ഒന്നാമന്‌ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് കത്തെഴുതി. മാർപാപ്പ നെസ്തോറിയസിനോട് തന്റെ വാദഗതികൾ പിൻവലിക്കാൻ ആവശ്യപ്പെട്ടു. അതിനു അദ്ദേഹം തയ്യാറാകാതെ തെയഡോഷ്യസ് രണ്ടാമൻ ചക്രവർത്തിയോട് ഒരു കൗൺസിൽ വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ടു. തന്റെ ഭാഗം ശരിയാണെന്നും കൗൺസിൽ സിറിളിനെ തെറ്റുകാരനായി കണ്ടെത്തും എന്ന ധാരണയായിരുന്നു നെസ്തോറിയോസിനുണ്ടായിരുന്നത്.

ഏകദേശം ഇരുന്നൂറ്റി അമ്പതോളം ബിഷപ്പുമാർ എഫേസൂസ് സിനഡിൽ സംബന്ധിച്ചു. (ചില ചരിത്ര രേഖകളിൽ 520 പേർ സംബന്ധിച്ചു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ബിഷപ്പുമാരുടെ സഹായികളും മറ്റുമായി വന്നവരുടെ പട്ടിക കൂടി ചേർത്താണെന്ന് പറയപ്പെടുന്നു. മാത്രമല്ല വലിയ പ്രാധിനിത്യം ഉണ്ടായിരുന്നു എന്ന് കാണിക്കുന്നതിനുവേണ്ടി പിന്നീട് ചേർത്തതാകാം എന്നും കരുതപ്പെടുന്നു.) കൗൺസിൽ തുടങ്ങേണ്ട സമയം കഴിഞ്ഞിട്ടും അന്ത്യോക്യയിൽ നിന്നുമുള്ള പ്രതിനിധി സംഘം എഫേസൂസിൽ എത്തിച്ചേർന്നിരുന്നില്ല. ഇവരിൽ മിക്കവരും നെസ്തോറിയസിന്റെ ആശയഗതികളെ പിന്തുണയ്ക്കുന്നവർ ആയിരുന്നു. അവരുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി നെസ്തോറിയസ് കൗൺസിലിൽ സംബന്ധിക്കാൻ കൂട്ടാക്കിയില്ല. അന്ത്യോക്യൻ പ്രതിനിധികളുടെ അസാന്നിധ്യത്തിൽ സിറിളിന്റെ നേതൃത്വത്തിൽ കൗൺസിൽ ചേരുകയും നെസ്തോറിയസിന്റെ നിരൂപണങ്ങളെ വേദവിപരീതമായി പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് സിറിളിന്റെ ദൈവശാസ്ത്ര വിശദീകരണമാണ് ശരി എന്ന നിഗമനത്തിൽ സിനഡ് എത്തുകയും നെത്തോറിയസിനെ സഭയിൽ നിന്നും പുറത്താക്കുകയും ചെയ്തു.

ഇതിന് ശേഷം അന്ത്യോക്യയിലെ പാത്രിയർക്കീസായിരുന്ന ജോണും നെസ്തോറിയൻ അനുകൂലികളായിരുന്ന ബിഷപ്പുമാരും എഫേസൂസിൽ എത്തുകയും അവരുടേതായ ഒരു കൗൺസിൽ കൂടി സിറിളിനെയും അനുയായികളെയും സഭയിൽ നിന്നും പുറത്താക്കുകയും ചെയ്തു. ഇവരുടെ പ്രേരണക്ക് അടിപ്പെട്ട് തെയോഡോഷ്യസ് ചക്രവർത്തി ആദ്യത്തെ സിനഡ് അനധികൃതമെന്നു പ്രഖ്യാപിക്കുകയും സിറിളിലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ അവിടെ നിന്നും രക്ഷപെട്ട അദ്ദേഹം പിന്നീട് ദൽമാത്തിയൂസ് എന്ന ഒരു സന്യാസിയുടെ നേതൃത്വത്തിൽ ചക്രവർത്തിയുടെ കൊട്ടാരം ഉപരോധിക്കുകയും അതേത്തുടർന്ന് തെയഡോഷ്യസ് തന്റെ തീരുമാനം മാറ്റി നെസ്തോറിയസിനെ പ്രവാസത്തിൽ അയക്കുകയും ചെയ്തു.

എഫേസൂസ്‌ സുന്നഹദോസിനെക്കുറിച്ചു എഴുതിയ ഒരു കത്തിൽ വി. സിറിൾ ഇപ്രകാരം കുറിക്കുന്നു.

“നഗരത്തിലെ ജനങ്ങളെല്ലാം പ്രഭാതം മുതൽ പ്രദോഷം വരെ പരിശുദ്ധ കൗൺസിലിന്റെ തീരുമാനം കാത്തുകൊണ്ട് വെളിയിൽ നിന്നു. ഹീനനായ ആ മനുഷ്യനെ പുറത്താക്കി എന്ന് അവർ കേട്ടപ്പോൾ എല്ലാവരും ഒരേ സ്വരത്തിൽ ശത്രുവിനെ പരാജയപ്പെടുത്തിയ പരിശുദ്ധ സിൻഡിനെ പുകഴ്ത്തുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. ഞങ്ങൾ ദേവാലയത്തിൽ നിന്നും പുറത്തെത്തിയപ്പോൾ ജനങ്ങൾ ഞങ്ങൾക്ക് മുൻപായി താമസിക്കുന്ന സ്ഥലത്തേയ്ക്ക് ഒരു പ്രദക്ഷിണമായി യാത്ര ചെയ്തു. ഇരുൾ വീഴുവാൻ തുടങ്ങിയെങ്കിലും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഞങ്ങൾക്ക് മുമ്പിലായി ധൂപാർപ്പണത്തോടെ ഞങ്ങളുടെ വഴിയിൽ സുഗന്ധം നിറച്ചു” (Letter of Saint Cyril, describing the Council of Ephesus, 431).

ഒരു പുനരവലോകനം

ഒരുപക്ഷെ ഒഴിവാക്കാമായിരുന്ന ഒരു വിഭജനമായിരുന്നു എഫേസൂസ്‌ സുന്നഹദോസിൽ ഉണ്ടായത് എന്ന് വിശ്വസിക്കുന്ന ധാരാളം പണ്ഡിതന്മാർ ഇന്നുണ്ട്. അലക്‌സാൻഡ്രിയ-അന്ത്യോക്യൻ സ്‌കൂളുകൾ തമ്മിലുള്ള ഭാഷാപരവും സാംസ്കാരികവുമായ വൈരുധ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിച്ചിരുന്നെങ്കിൽ പ്രശ്നങ്ങൾ ഇത്രയും വഷളാകില്ലായിരുന്നു. വ്യക്തിപരമോ, രാഷ്ട്രീയമോ ആയ വ്യത്യാസങ്ങളേക്കാൾ രണ്ടു ദൈവശാസ്ത്ര പാരമ്പര്യങ്ങളുടെ സംഘട്ടനമായിരുന്നു ഇവിടെ നടന്നത്.

അന്ത്യോക്യൻ ക്രിസ്തുശാസ്ത്രം ക്രിസ്തുവിന്റെ ദൈവീക ഭാവവും മാനുഷിക ഭാവവും മനുഷ്യാവതാരത്തിന്റെ യാഥാർത്ഥ്യം സ്ഥാപിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ചപ്പോൾ അലക്‌സാൻഡ്രിയൻ പിതാക്കന്മാർ ക്രിസ്തുവെന്ന വ്യക്തിയിൽ ഈ രണ്ടു ഭാവങ്ങളും സമുന്യയിച്ചു ദൈവം മനുഷ്യ ചരിത്രത്തിൽ പ്രവേശിച്ചു എന്നതിന് പ്രാധാന്യം നല്കി. ക്രിസ്തുവെന്ന വ്യക്തിയിലെ ദൈവ-മനുഷ്യ സ്വഭാവങ്ങൾക്ക് നൽകിയ പ്രാധാന്യത്തിലെ ഏറ്റക്കുറച്ചിലുകൾ ആകാം ഇവിടെ പ്രശ്നമായി ഭവിച്ചത്. ഈ അവതരണങ്ങൾ പ്രധാനമായും പദാർത്ഥപരവും സാംസ്കാരികവുമായ (semantic and cultural) വ്യത്യസ്തതയിൽ തിരുവചനവും ദൈവശാസ്ത്രവും വിശദീകരിച്ചതുകൊണ്ട് സംഭവിച്ചതാണെന്ന് പല പിൽക്കാല ദൈവശാസ്ത്രഞ്ജരും കരുതുന്നു. ഇക്കാരണത്താൽ എഫേസൂസ് സുന്നഹദോസിന്റെ പൂർണ്ണത കൽസിദോണിയ സുന്നഹദോസിലാണ് (451) നമുക്ക് കണ്ടെത്താൻ സാധിക്കുന്നത്. ഈ രണ്ടു ദൈവശാസ്ത്ര ദർശനങ്ങളെയും ഉൾക്കൊണ്ട് ക്രിസ്തുവിൽ ഒരു വ്യക്തി രണ്ടു സ്വഭാവങ്ങൾ എന്ന വ്യക്തമായ നിർവചനം ഇവിടെയാണ് നൽകപ്പെട്ടത്. (കൂടാതെ പൗരസ്ത്യ റോമൻ സാമ്രാജ്യ തലസ്ഥാനമായി കോൺസ്റ്റാന്റിനോപ്പിൾ മാറിയപ്പോൾ ഇവിടുത്തെ പാത്രിയർക്കേറ്റിന് അലക്‌സാഡ്രിയൻ സഭയേക്കാൻ പ്രാധാന്യം ഉണ്ടന്ന് അവകാശപ്പെട്ടതും സഭയിലെ ഭിന്നിപ്പിന്റെ ഒരു രാഷ്ട്രീയ കാരണമായി വിലയിരുത്തപ്പെടുന്നു).

എഫേസൂസ്‌ കൗൺസിൽ സിറിളിന്റെ ദൈവശാസ്ത്ര വിജയം ആയിരുന്നു. ഇത് ക്രിസ്തീയ വിശ്വാസത്തിൽ പിന്നീട് നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ക്രിസ്തുവിന്റെ മനുഷ്യാവതാര രഹസ്യത്തിന്റെ പൂർണ്ണത നാം മനസ്സിലാക്കുന്നത് എഫേസൂസ്‌ കൗൺസിലിൽ വി. സിറിളിന്റെ ദൈവശാസ്ത്ര വെളിപ്പെടുത്തലുകളിലൂടെയാണ്. ക്രിസ്തുവിന്റെ ദൈവീക-മാനുഷിക ഭാവങ്ങളുടെ ഐക്യം ‘ലോഗോസ്’ എന്ന വ്യക്തിയിൽ സംഭവിച്ചിരിക്കുന്നു. ഈ വിശ്വാസം തന്നെയാണ് നിഖ്യാ വിശ്വാസ പ്രമാണം നമ്മെ പഠിപ്പിച്ചത്. ക്രിസ്തു മറിയത്തിന്റെ ഉദരത്തിൽ ഉരുവാകുന്ന സമയത്തു തന്നെ പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനായിരുന്നു എന്നാണ് അദ്ദേഹം പഠിപ്പിച്ചത്.

ക്രിസ്തുവെന്ന മഹാരഹസ്യത്തെ മനസ്സിലാക്കാനും നമുക്ക് പറഞ്ഞുതരാനും ദൈവശാസ്ത്രജ്ഞർ തങ്ങളുടെ അറിവും കഴിവും പ്രാർത്ഥനയും വഴി പരിശ്രമിച്ചു എന്നാണ് നാം മനസ്സിലാക്കേണ്ടത്. അവരുടെ വിയോജിപ്പുകൾ വേദനാജനകവും വിഭജനത്തിന് കാരണവുമായപ്പോഴും ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് വർധിപ്പിക്കുന്നതിന് ഇതൊക്കെ കാരണമായിട്ടുണ്ട്. ആധുനിക സഭയിൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വിട്ടുവീഴ്ചയും കരുതലും അതേസമയം സത്യത്തെ മുറുകെപിടിക്കാനുള്ള അഭിവാഞ്ചയും ഉണ്ടാകണമെന്നാണ് ഈ ചരിത്രങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.

മരണം, വിശുദ്ധൻ, വേദപാരംഗതൻ

റോമൻ സാമ്രാജ്യത്തിലെ ഏറ്റം വലിയതും പ്രാധാന്യമുള്ളതുമായ പാത്രിയർക്കേറ്റിനു നീണ്ട വർഷങ്ങൾ നേതൃത്വം കൊടുത്തയാളാണ് വി. സിറിൾ. ആദ്യ സാർവത്രിക സുന്നഹദോസായ നിഖ്യാ കൗൺസിലിന്റെ രേഖകളിൽ ഈജിപ്ത്, ലിബിയ, പെന്തപ്പൊലീസ് തുടങ്ങിയ എഴുപത്തഞ്ചോളം പ്രവിശ്യകളിലെ സഭയുടെ നേതൃത്വം അലക്‌സാൻഡ്രിയൻ പാത്രിയർക്കീസിനുണ്ടായിരുന്നു. അദ്ദേഹത്തിനു മാത്രമേ ഈ പ്രദേശങ്ങളിലെ ബിഷപ്പുമാരെ വാഴിക്കാൻ അധികാരം ഉണ്ടായിരുന്നുള്ളു. സഭയുടെ പൊതുവായ വേദികളിൽ ഈ പ്രദേശങ്ങളിൽ നിന്നുള്ള മെത്രാന്മാർ അലക്‌സാൻഡ്രിയൻ പാത്രിയർക്കീസിന്റെ നിർദേശം അനുസരിച്ചാണ് പ്രവർത്തിച്ചിരുന്നത്. അങ്ങനെ തന്റെ ജീവിതം മുഴുവൻ സഭയുടെ നന്മക്കായി ചിലവഴിച്ച വി. സിറിൾ ധൈര്യപൂർവ്വം എല്ലാ പ്രതിസന്ധികളെയും നേരിടുകയും ചെയ്തു.

എഫേസൂസ്‌ കൗൺസിലിന് ശേഷവും അദ്ദേഹം ദൈവശാസ്ത്ര വിഷയങ്ങളിൽ ധാരാളം കത്തുകളും, ലേഖനങ്ങളും എഴുതുകയും സഭയുടെ ശരിയായ പ്രബോധനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിന് ശ്രമിക്കുകയും ചെയ്തു. എ. ഡി. 444 ജനുവരി 28-ന് മുപ്പത്തിരണ്ടു വർഷത്തെ മേല്പട്ട ശുശ്രൂഷയ്ക്ക് ശേഷം പരിശുദ്ധ അമ്മയോടുള്ള ഒരു മധ്യസ്ഥ പ്രാർത്ഥന ഉരുവിട്ടുകൊണ്ടിരുന്ന സമയത്താണ് വി. സിറിൾ ഇഹലോകവാസം വെടിഞ്ഞതെന്ന് ചരിത്ര രേഖകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. അക്കാലം മുതൽ തന്നെ അദ്ദേഹത്തെ വിശുദ്ധനായി കരുതി ആളുകൾ വി. സിറിളിന്റെ മധ്യസ്ഥതയിൽ പ്രാർത്ഥിച്ചിരുന്നു. വി. സിറിളിന്റെ മരണ ദിവസമായ ജൂൺ 27-നാണ് കത്തോലിക്കാ സഭയിൽ അദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നത്. പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽ വ്യത്യസ്‍തങ്ങളായ ദിവസങ്ങളിലാണ് ഈ തിരുന്നാൾ.

1882-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ വി. സിറിളിലെ സഭയിലെ വേദപാരംഗതന്മാരുടെ ഗണത്തിലേക്ക് ഉയർത്തി. 1944-ൽ പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ വി. സിറിളിന്റെ മരണത്തിന്റെ ആയിരത്തിഅഞ്ഞൂറാം വാർഷികത്തിന് പ്രസിദ്ധീകരിച്ച ചാക്രിക ലേഖനത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ആത്മാക്കളുടെ ഐക്യം ലക്ഷ്യം വയ്ക്കുന്നവർ, പ്രത്യേകിച്ചും സഭയുടെ അടിസ്ഥാനമായിരിക്കുന്ന ക്രിസ്തുവുമായി ത്രിവിധ ബന്ധം ആഗ്രഹിക്കുന്നവർ, വി. സിറിളിനെ തങ്ങളുടെ മാതൃകയായി സ്വീകരിക്കണം. ക്രിസ്തുവാണ് അലൗകികവും അഭേദ്യവുമായ ഈ ബന്ധത്തിന്റെ അടിസ്ഥാനം. ഒരേ വിശ്വാസത്തിന്റെയും, മനുഷ്യനോടും ദൈവത്തോടുമുള്ള ഉപവിയുടെയും, അനുസരണത്തിന്റെയും അടിസ്ഥാനത്തിൽ രക്ഷകനായ ക്രിസ്തു സ്ഥാപിച്ച സഭയോടും വിധേയപ്പെട്ടിരിക്കണം.” (OE 9)

ദൈവശാസ്ത്ര സംഭാവനകൾ

അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ ക്രിസ്തീയ ദൈവശാസ്ത്രം രൂപപ്പെടുത്തിയ ധാരാളം ഈടുറ്റ കൃതികളുടെ കർത്താവാണ് വി. സിറിൾ. വിശുദ്ധ ഗ്രന്ഥത്തിലുള്ള അദ്ദേഹത്തിന്റെ ആഴമായ അറിവും അതുവരെ സഭയിൽ ഉണ്ടായ ദൈവശാസ്ത്ര അറിവും സമുന്വയിപ്പിച്ചു സഭയുടെ ആധികാരിക, പ്രാമാണിക നിലപാടുകൾ അദ്ദേഹം അനുവാചകർക്കായി തന്റെ തൂലികയിലൂടെ പകർന്നു നൽകി.

അലക്‌സാൻഡ്രിയായിലെ പാത്രിയർക്കീസ് എന്ന നിലയിൽ ഈ ദൈവശാസ്ത്ര-സാഹിത്യ സംഭാവനകൾ സഭയിലുണ്ടായ വലിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായകമായിരുന്നു. സിറിളിന്റെ ആദ്യകാല രചനകൾ ആര്യനിസത്തിനെതിരെ ആയിരുന്നു. പിന്നീട് അത് നെസ്തോറിയനിസം പ്രതിരോധിക്കുന്നതിന് ഉപയോഗിച്ചു. ക്രിസ്തീയ വിശ്വാസം നിരസിച്ചു പേഗൻ ആചാരങ്ങളിലേക്ക് പോയ മതത്യാഗിയായ ജൂലിയൻ ചക്രവർത്തിക്കെതിരെ അദ്ദേഹം എഴുതിയിട്ടുള്ളത് ഇരുപതിലധികം ലേഖനങ്ങളാണ്.

ക്രിസ്തുവിജ്ഞാനീയം

വി. സിറിളിന്റെ ഏറ്റം വലിയ സംഭാവന ക്രിസ്തുവിജ്ഞാനീയത്തിലാണ്. അദ്ദേഹത്തിന്റെ ക്രിസ്തുവിനെക്കുറിച്ചുള്ള വിവരണം, പ്രധാനമായും അവതരിച്ച വചനത്തെക്കുറിച്ചുള്ളത്, സഭയുടെ ക്രിസ്തുവിജ്ഞാനീയത്തിന്റെ മാനദണ്ഡമായി മാറി. നെസ്തോറിയൻ പാഷണ്ഡതയും തുടർന്ന് നടന്ന എഫേസൂസ് സുന്നഹദോസും അദ്ദേഹത്തിന്റെ അറിവും നേതൃത്വപരമായ കഴിവും പൂർണ്ണമായും പുറത്തെടുക്കുന്നതിന് കാരണമായിത്തീരുന്നു. സിറിൽ നെസ്തോറിയസിനെഴുതിയ കത്തുകളാണ് എഫേസൂസ്‌ കൗൺസിലിൽ അവതരിപ്പിച്ചു സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളായി മാറിയത്.

വി. ഗ്രന്ഥത്തിൽ അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹം തന്റെ ക്രിസ്തുവിജ്ഞാനീയം രൂപപ്പെടുത്തിയിരിക്കുന്നത്. ക്രിസ്തുകേന്ദ്രീകൃത വി. ഗ്രന്ഥപാരായണമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. നിഖ്യാ സൂന്നഹദോസിലെ പ്രബോധനങ്ങളെയും തനിക്ക് മുൻപുണ്ടായിരുന്ന ക്രിസ്തീയ ദൈവശാസ്ത്രജ്ഞരെയും ആധാരമാക്കിയാണ് അദ്ദേഹം തന്റെ ആശയങ്ങൾ രൂപപ്പെടുത്തിയത്. സിറിളിലെ സംബന്ധിച്ച് ക്രിസ്തുവിജ്ഞാനീയം അവതരിപ്പിക്കുമ്പോൾ ഉപയോഗിക്കേണ്ടുന്ന വാക്കുകൾ വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ അവ തന്നെയും പ്രധാനപ്പെട്ട ദൈവശാസ്ത്ര സത്യങ്ങൾ കൃത്യമായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തെ ശരിയായി മനസിലാക്കുകയും അവിടുത്തെ ലോകത്തെക്കുറിച്ചുള്ള രക്ഷാകര പദ്ധതി മനസ്സിലാക്കുകയും ആയിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

പരിശുദ്ധ ത്രിത്വ പ്രബോധനം

സിറിളിന്റെ പരിശുദ്ധവും സാരാംശത്തിൽ സമമായിരിക്കുന്നതുമായ ത്രിത്വത്തെക്കുറിച്ചുള്ള പര്യായ നിഘണ്ടു ത്രിത്വത്തിന്റെ ദൈവശാസ്ത്രം പറഞ്ഞു തരുന്ന എണ്ണപ്പെട്ട കൃതികളിലൊന്നാണ്. ഇത് നിഖ്യാ സുന്നഹദോസിന്റെ പഠനങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയിരിക്കുന്നതാണ്. പിതാവും, പുത്രനും, പരിശുദ്ധാത്മാവും ഒരേ സത്തയിൽ സമന്മാരാരായിരിക്കുന്നു എന്ന് വിശുദ്ധ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി അദ്ദേഹം സമർത്ഥിക്കുന്നു.

ധാരാളം ബൈബിൾ വ്യാഖ്യാനകൃതികൾ എഴുതിയിട്ടുള്ള പണ്ഡിതൻ കൂടിയാണ് വി. സിറിൾ. അജപാലനപരമായ ദൗത്വത്തിന്റെ ഭാഗമായി എഴുതിയതാണ് ഇതിൽ മിക്കവയും. ഇതിൽ തന്നെ ഏറ്റം എടുത്തുപറയേണ്ടുന്ന ഭാഷ്യം വി. ജോഹാന്നാന്റെ സുവിശേഷത്തെ അടിസ്ഥാനമാക്കി എഴുതിയിരിക്കുന്നതാണ്. ക്രിസ്തുവിന്റെ ദൈവത്വവും ദൗത്യവും ഈ കൃതിയിൽ അദ്ദേഹം വിശദീകരിക്കുന്നു. പിതാവും പുത്രനും തമ്മിലുള്ള ബന്ധവും മനുഷ്യകുലത്തിന് നിത്യജീവൻ ലഭ്യമാകുന്നതിന് ക്രിസ്തു വഹിക്കുന്ന പങ്കും അദ്ദേഹം ഇവിടെ വിശകലന വിധേയമാക്കുന്നു.

പഞ്ചഗ്രന്ഥിയുടെ (Pentateuch) വിശകലനത്തിൽ ബൈബിളിലെ ആദ്യഅഞ്ചു ഗ്രന്ഥങ്ങളുടെ ദൃഷ്ടാന്തരൂപമായ (allegorical) ഒരു വിശകലനമാണ് വി. സിറിൽ നടത്തുന്നത്. ഇവിടെ പഴയനിയമ പ്രവചനങ്ങൾ എങ്ങനെ പുതിയനിയമത്തിൽ പൂർത്തീകരിക്കപ്പെടുന്നു എന്ന് അദ്ദേഹം കാണിച്ചുതരുന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ ഏകത എടുത്തുകാട്ടുന്നതിനൊപ്പം എല്ലാം ക്രിസ്തുകേന്ദ്രീകൃതമായിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു. ബൗദ്ധീകവും അജപാലനപരവുമായ ദൗത്യനിർവഹണത്തിലൂടെ ഇവിടെ ഒരേപോലെ ദൈവശാസ്ത്രജ്ഞർക്കും ദൈവജനത്തിനും വിശ്വാസ സത്യങ്ങൾ അദ്ദേഹം പകർന്നു നൽകി.

ക്രിസ്തീയതയും വിജാതീയതയും

വി. സിറിളിന്റെ വിശ്വാസ സംരക്ഷക ഗ്രന്ഥങ്ങൾ വളരെ കൃത്യതയുടെയും ശ്രദ്ധയോടെയും അവതരിപ്പിച്ചിരിക്കുന്ന ആശയങ്ങളുടെ സംഹിതയാണ്. മതത്യാഗിയായ ജൂലിയൻ ചക്രവർത്തിക്കെതിരെ എഴുതിരിക്കുന്നവ ‘കോൺട്രാ ജൂലിയാനും’ വിജാതീയ വിശ്വാസത്തിനെതിരെ ക്രിസ്തീയ വിശ്വാസത്തിന്റെ മഹത്വം വിവരിക്കുന്നതാണ്. മനുഷ്യന്റെ ആഴമായ ആത്മീയ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ വിജാതീയ വിശ്വാസം പരാജയപ്പെടുമ്പോൾ ക്രിസ്തീയ വിശ്വാസത്തിന് അത് എങ്ങനെ സാധിക്കുന്നു എന്നാണ് ഈ ഗ്രന്ഥത്തിൽ പറയുന്നത്. ദൈവം മനുഷ്യരൂപത്തിൽ ഭൂമിയിൽ അവതരിച്ച ക്രിസ്തുവിലൂടെ കടന്നുവന്നു. അതുവഴിയായി മനുഷ്യകുലം കൃപയിലൂടെ വിശുദ്ധീകരണത്തിലേക്ക് വളരുകയും അമർത്യതയ്ക്ക് അർഹരാവുകയും ചെയ്തു. നസറത്തിലെ തെരുവീഥികളിലൂടെ നടന്നത് മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട ദൈവം തന്നെയാണ്.

മരിയോളജി

വി. സിറിളിന്റെ മരിയവിജ്ഞാനീയം ക്രിസ്തുശാസ്ത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ, വചനം മാംസമായ ത്രിത്വത്തിലെ രണ്ടാമായാളായ, പൂർണ്ണദൈവവും പൂർണ്ണമനുഷ്യനുമായ, യേശുക്രിസ്തുവിന്റെ അമ്മയാണ് പരിശുദ്ധ മറിയം. ഇത് യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും സ്ഥാപിക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായിരുന്നു. ഈ ദൈവപുത്രൻ തന്നെയാണ് ഭൂമിയിൽ ജനിക്കുകയും, ശരീരത്തിൽ പീഡയേൽക്കുകയും, കുരിശിൽ മരിക്കുകയും ചെയ്തത്. സിറിളിന്റെ അഭിപ്രായത്തിൽ മറിയം എന്ന മനുഷ്യസ്ത്രീയിലൂടെയാണ് നിത്യമായ ദൈവത്തിന്റെ വചനം ഈ ലോകത്തിൽ പ്രവേശിച്ചത്. ഇനിയും ദൈവമാതാവ് എന്ന അർത്ഥത്തിൽ മറിയം ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെയെല്ലാം ആത്മീയ അമ്മ കൂടിയാണ്. ക്രിസ്തുവിനോടുള്ള പ്രത്യേക ബന്ധം വഴിയായി മറിയത്തിന്റെ മഹിമയും പരിശുദ്ധിയും മഹത്തരമായി നിലനിൽക്കുന്നു. മറിയത്തെ പുതിയ ഹവ്വയായി തന്റെ രചനകളിൽ വി. സിറിൾ വിശേഷിപ്പിച്ചിരുന്നു. മരിയവണക്കം സിറിളിന്റെ അഭിപ്രായത്തിൽ ആത്യന്തികമായി ക്രിസ്തു ആരാധനയുടെ ഭാഗം തന്നെയാണ്. ഇത് മറിയത്തെ സഭയുടെ ആരാധയുടെയും ഭക്താഭ്യാസങ്ങളുടെയും ഒഴിച്ചുകൂടാനാവാത്ത ഭാഗം തന്നെയാണ്.

ഉപസംഹാരം

അലക്‌സാൻഡ്രിയായിലെ വി. സിറിൾ ആദിമ സഭയിലെ ക്രിസ്തീയ വിശ്വാസത്തിന്റെ കാവൽ ഗോപുരമായി നില്കുന്ന പണ്ഡിതനാണ്. അദ്ദേഹത്തിന്റെ ദൈവശാസ്ത്ര ഗ്രഹണവൈദഗ്ദ്ധ്യവും സഭയുടെ പ്രമാണങ്ങളെക്കുറിച്ചുള്ള ആഴമായ അറിവും എഫേസൂസ്‌ സൂനഹദോസിന്റെ ഗതി നിർണ്ണയിക്കുകയും ക്രിസ്തുവിന്റെ ദൈവത്വവും മനുഷ്യത്വവും മറിയത്തിന്റെ രക്ഷകാരപദ്ധതിയിലെ പ്രത്യേക സ്ഥാനവും നമുക്ക് മനസ്സിലാക്കി തരുന്നതിൽ വളരെയധികം സഹായിച്ചിട്ടുണ്ട്. സിറിളിന്റെ പ്രവർത്തനരീതിയെ പലരും വിമർശിച്ചിട്ടുണ്ടെങ്കിലും അത് സുവിശേഷസത്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി സ്വീകരിച്ചതായിരുന്നു എന്ന സത്യവും എല്ലാവരും അംഗീകരിക്കുന്നു.

നെസ്തോറിയസിന്റെ വാദഗതികൾ തള്ളിക്കളഞ്ഞെങ്കിലും കൗൺസിലിന് ശേഷം സഭയിൽ പൂർണ്ണമായ സമാധാനം കൈവന്നില്ല. നെസ്ത്തോറിയോസും അദ്ദേഹത്തെ അനുകൂലിച്ചിരുന്നവരും പ്രശ്നങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. എന്നാൽ അന്ത്യോഖ്യയിലെ പാത്രിയർക്കീസ് ജോണുമായുള്ള പ്രശ്നങ്ങൾ അവസാനിക്കുകയും ഒരേ മനസ്സോടെ അവർ മുന്നോട്ട് പോവുകയും ചെയ്തു. തത്ഫലമായി ജോൺ നെസ്തോറിയൻ വിശ്വാസത്തെ തള്ളിപ്പറയുകയും സഭയുടെ ഔദ്യോഗിക നിലപാടിനൊപ്പം നിൽക്കുകയും ചെയ്തു. ഇത് പിന്നീടുള്ള പാഷണ്ഡതകളിലും സഭയെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. 1931-ൽ പിയൂസ് പതിനൊന്നാമൻ മാർപാപ്പ എഫേസൂസ്‌ സൂനഹദോസിന്റെ ആയിരത്തി അഞ്ഞൂറാം വാർഷികം ആഘോഷിച്ചപ്പോൾ പ്രസിദ്ധീകരിച്ച ‘സത്യത്തിന്റെ പ്രകാശം’ എന്ന ചാക്രിക ലേഖനത്തിൽ “പരമ പരിശുദ്ധനും സഭയുടെ സർവത്രികതയുടെ പ്രതീകവുമായ” വി. സിറിൾ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പരിശുദ്ധ സിംഹാസനത്തോടുള്ള സിറിളിന്റെ പ്രത്യേക സ്നേഹവും വിധേയത്വവും പൗരസ്ത്യ-പാശ്ചാത്യ സഭകൾക്ക് മാതൃകയായി സ്വീകരിക്കാവുന്നതാണ്. കൂടാതെ ഇന്നും സഭയിലുണ്ടാകുന്ന ദൈവശാസ്ത്രപരവും ഭരണപരവുമായ പ്രശ്നങ്ങൾക്ക് വി. സിറിളിന്റെ നിശ്ചയദാർഢ്യവും തീക്ഷ്ണതയും നമുക്ക് മാതൃകയാക്കാവുന്നതാണ്.

വലിയ മരിയ ഭക്തനായിരുന്ന വി. സിറിൾ രചിച്ച ഒരു പ്രാർത്ഥന ഇവിടെ ചേർക്കുന്നു.

പരിശുദ്ധ അമ്മെ, കന്യകയെ, ദൈവത്തിന്റെ നിത്യദേവാലയമെ, സൃഷ്ടിയുടെ ആരാധ്യ നിധിയെ, കന്യാത്വത്തിന്റെ മകുടമെ, സത്യവിശ്വാസത്തിന്റെ സംരക്ഷകയെ, സാർവത്രിക സഭയുടെ അടിസ്ഥാനമെ.

ദൈവമാതാവെ, അന്തരാളങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത അനന്ത ദൈവത്തെ തന്റെ ഹൃദയത്തിൽ സംവഹിച്ചവളെ: നിന്നിലൂടെ പരമ പരിശുദ്ധ ത്രിത്വം വെളിപ്പെടുത്തപ്പെടുകയും, ആരാധിക്കപ്പെടുകയും, മഹത്വീകരിക്കപ്പെടുകയും പിശാചുക്കൾ ഓടിയൊളിക്കുകയും, സാത്താൻ സ്വർഗ്ഗത്തിൽ നിന്നും നരകത്തിൽ നിപതിക്കുകയും ഞങ്ങളുടെ വീഴ്ചസംഭവിച്ച സ്വഭാവം വീണ്ടും സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെടും ചെയ്തു.

നിന്നിലൂടെ വിഗ്രഹാരാധനയുടെ ബന്ധനത്തിൽ അടിപ്പെട്ടിരുന്ന മനുഷ്യകുലം സത്യത്തിന്റെ അറിവിലേക്ക് എത്തിച്ചേർന്നു. നിന്നോട് ഇതിൽ കൂടുതൽ എന്താണ് പറയേണ്ടത്? പരിശുദ്ധേ, നിന്നിലൂടെ രാജാക്കന്മാർ ഭരിക്കുന്നു, മനുഷ്യാവതാരം ചെയ്ത ദൈവപുത്രൻ അന്ധകാരത്തിലും മരണത്തിന്റെ നിഴലിയായിരിക്കുന്നവർക്കും പ്രകാശ നക്ഷത്രമായ് ഉദയം ചെയ്തു. ആമ്മേൻ.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.