ഞായർ പ്രസംഗം: ശ്ലീഹാക്കാലം ആറാം ഞായര്‍ ജൂൺ 28, മത്തായി 9: 27-38 ദൈവവിളിയുടെ മാഹാത്മ്യം

ഈശോമിശിഹായില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരേ,

വി. മത്തായിയുടെ സുവിശേഷം ഒന്‍പതാം അധ്യായം 37, 38 വാക്യങ്ങള്‍, “വിളവധികം വേലക്കാരോ ചുരുക്കം. അതിനാല്‍ വിളഭൂമിയിലേക്ക് വേലക്കാരെ അയയ്ക്കാന്‍ നാഥനോട് പ്രാര്‍ഥിക്കുവിന്‍.” പരിശുദ്ധ സുവിശേഷം നാം വായിക്കുമ്പോള്‍ നമുക്ക് കാണാന്‍ സാധിക്കും, സുവിശേഷത്തില്‍ ഈശോ വേറെ ഒരിടത്തും നമ്മുടെ പ്രാര്‍ഥന ചോദിക്കുന്നില്ല. പക്ഷേ, ഇന്നത്തെ സുവിശേഷഭാഗത്ത് ഈശോ നമ്മുടെ പ്രാര്‍ഥന ചോദിക്കുകയാണ്. സുവിശേഷം പറയുന്നു: “അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു.” വി. ലൂക്കായുടെ സുവിശേഷം പത്താം അധ്യായം ഒന്ന് മുതലുള്ള വാക്യങ്ങളില്‍ 72 പേരെ അയയ്ക്കുന്നതായി കാണാം. താന്‍ പോകാനിരുന്ന സ്ഥലങ്ങളില്‍ തന്റെ ശുശ്രൂഷ എത്തേണ്ടതുണ്ടെന്ന് മനസ്സിലാക്കിയ ഈശോ 72 പേരെ തിരഞ്ഞെടുത്ത് അയയ്ക്കുകയാണ്. ഇന്നത്തെ നാല് വായനകളും നമ്മോട് ഒരുപോലെ പറയുന്ന ഒരു കാര്യമുണ്ട്. നമ്മള്‍ ഏതവസ്ഥയില്‍ വിളിക്കപ്പെട്ടുവോ – കുടുംബജീവിതത്തിലേക്കാകാം, പൗരോഹിത്യജീവിതത്തിലേക്കാകാം, സന്ന്യാസജീവിതത്തിലേക്കാകാം – ആ ജീവിതാവസ്ഥയില്‍ നിന്നുകൊണ്ട് വിശ്വസ്തതയോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യണം.

ഇന്ന് നാം വായിച്ചുകേട്ട ലേവ്യരുടെ പുസ്തകത്തില്‍ വളരെ പ്രധാമായും പൗരോഹിത്യത്തിന്റെ അന്തസ്സിനെപ്പറ്റിയാണ് പറയുന്നത്. കര്‍ത്താവിന്റെ ദൗത്യം സഭയില്‍ തുടരാന്‍ അവിടുത്തേക്ക് സാക്ഷ്യം വഹിക്കാന്‍ പൗരോഹിത്യത്തിന്/ പുരോഹിതര്‍ക്ക് കടമയുണ്ട് എന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ദൈവത്തിന്റെ മുമ്പില്‍ ശുശ്രൂഷ ചെയ്യുക എന്നത് മനുഷ്യന് സ്വയം സാധിക്കുന്ന ഒന്നല്ല, മറിച്ച് ദൈവത്തിന്റെ തെരഞ്ഞെടുപ്പാണ് എന്ന് ഈ വചനഭാഗത്തിലൂടെ നമുക്ക് മനസ്സിലാക്കാം.

രണ്ടാമത്തെ വായനയില്‍ നാം കാണുന്നത്, ഏശയ്യ പ്രവാചകന്റെ ദാത്യമാണ്. അവിടെ ദൈവപരിശുദ്ധിയുടെ മുന്നില്‍ നില്‍ക്കാന്‍ യോഗ്യനല്ല എന്ന് പ്രവാചകന്‍ പറയുമ്പോള്‍, തന്റെ അയോഗ്യതയെ ഏറ്റുപറയുന്ന ഏശയ്യാ പ്രവാചകനെ, ദൈവികദൗത്യത്തിനായി അയയ്ക്കുന്നതും നമുക്ക് കാണാം. നമ്മള്‍ എത്ര പാപികളും ബലഹീനരുമാണെങ്കിലും നമ്മുടെ അയോഗ്യതയെ പരിഹരിച്ച് ദൈവം നമ്മെ ശക്തിപ്പെടുത്തുമെന്നും ഈ വചനഭാഗം നമ്മോട് പറയുന്നുണ്ട്.

വി. പൗലോസ് ശ്ലീഹാ കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനത്തിലൂടെ, “ലോകദൃഷ്ടിയില്‍ ജ്ഞാനമുള്ളവരെയോ, ശക്തരെയോ അല്ല, ഭോഷന്മാരെയാണ് ദൈവം തെരഞ്ഞെടുക്കുന്നതെന്ന് നമുക്കു കാണാം. നമ്മുടെ കഴിവനുസരിച്ചല്ല നാം ദൈവരാജ്യത്തിനു വേണ്ടി ശുശ്രൂഷ ചെയ്യുന്നത്, മറിച്ച് ദൈവകൃപ കൊണ്ടാണ്.” പൗലോസ് ശ്ലീഹാ മറ്റൊരു ലേഖനത്തില്‍ ഇപ്രകാരം പറയുന്നു: “ഞാന്‍ ബലഹീനനായിരിക്കുമ്പോഴാണ് ദൈവശക്തി എന്നില്‍ പ്രകടമാകുന്നത്.” നാം ബലഹീനരാണ്, നമ്മള്‍ ഒന്നുമല്ല എന്ന് കരുതുമ്പോള്‍ ദൈവം നമ്മളെ തന്റെ ശുശ്രൂഷയ്ക്കായി എടുത്തുപയോഗിക്കും. നമുക്കറിയാം, ലോകത്തിന്റെ മുന്‍പില്‍ ഒട്ടും വിലയില്ലാതിരുന്ന മീന്‍പിടിത്തക്കാരെയാണ് ദൈവം തന്റെ ശിഷ്യന്മാരാകാനായി പ്രത്യേകം തിരഞ്ഞെടുക്കുന്നത്.

നമ്മുടെ സമൂഹത്തില്‍ ഈശോയെ അറിയാത്തവരുണ്ട്, വിശ്വാസം ക്ഷയിച്ചുപോകുന്ന അനേകരുണ്ട്, അവരെ ദൈവത്തിലേക്ക് കൊണ്ടുവരാന്‍ അനേകം പേര്‍ ഈശോയ്ക്കു വേണ്ടി ഇറങ്ങിത്തിരിക്കേണ്ടതുണ്ട്. മാത്രമല്ല, നമ്മള്‍ ആയിരിക്കുന്ന ഇടങ്ങളില്‍ നമ്മള്‍ തന്നെയാണ് ദൈവത്തിന്റെ വേലക്കാര്‍, നമ്മള്‍ ആയിരിക്കുന്ന കുടുംബത്തിലും സമൂഹത്തിലും ഈശോയുടെ സ്‌നേഹവും കാരുണ്യവും നമ്മള്‍ എത്തിക്കുമ്പോള്‍ അവിടെയെല്ലാം നാം ദൈവത്തിന്റെ യഥാര്‍ഥ വേലക്കാരാവുകയാണ് ചെയ്യുന്നത്.

ഈ വചനങ്ങളുടെയെല്ലാം ജീവിക്കുന്ന ഉദാഹരണമായി നമ്മുടെ മുന്‍പില്‍ നില്‍ക്കുന്ന വിശുദ്ധയാണ് ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി. ജിയെന്ന. ഇറ്റലിയില്‍ ജനിച്ച ജിയെന്ന ഒരു ഡോക്ടര്‍ ആയിരുന്നു. തന്റെ കഴിവിനെ ദൈവത്തെ ശുശ്രൂഷിക്കാനുള്ള ദൈവത്തിന്റെ പ്രത്യേക വിളിയായിട്ടാണ് അവള്‍ കണ്ടത്. പിന്നീട് വിവാഹത്തിനു ശേഷം തനിക്ക് ജനിച്ച മൂന്ന് മക്കളെയും വിശ്വാസത്തില്‍ അവള്‍ വളര്‍ത്തി. എന്നാല്‍ നാലാമത്തെ ഗര്‍ഭകാലത്ത് അവരുടെ ജീവിതത്തില്‍ വലിയൊരു സഹനം കടന്നുവരുന്നു. അവളുടെ ഗര്‍ഭപാത്രത്തില്‍ വലിയ ഒരു ട്യൂമര്‍ കണ്ടെത്തുന്നു. ഒന്നുകില്‍ ഗര്‍ഭപാത്രം പൂര്‍ണ്ണമായും നീക്കം ചെയ്യുക, അല്ലെങ്കില്‍ കുഞ്ഞ് മരിക്കാന്‍ അനുവദിക്കുക. എന്നാല്‍, ഒരു അമ്മയും ദൈവവിശ്വാസിയുമായ ജിയെന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ വേണ്ടെന്നുവയ്ക്കുന്നു. അങ്ങനെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി അവള്‍ മരിക്കുന്നു. സ്വന്തം കുഞ്ഞിനു വേണ്ടി ബലിയായിത്തീര്‍ന്ന ജിയെന്ന, ഏശയ്യാ പ്രവാചകനെപ്പോലെ ‘ഇതാ ഞാന്‍’ എന്നുപറഞ്ഞ് തന്റെ കുടുംബജീവിതമെന്ന ദൈവവിളി മരണത്തോളം വിശ്വസ്തതയോടെ ജീവിച്ചുതീര്‍ത്തു.

വിശുദ്ധരുടെ വാക്കുകള്‍ എപ്പോഴും നമ്മുടെ ആത്മീയയാത്രയ്ക്ക് വലിയ വെളിച്ചമാണ്. ദൈവം നമ്മെക്കുറിച്ച് വിചാരിച്ചിരിക്കുന്ന കാര്യങ്ങള്‍ എപ്പോഴും നന്മയ്ക്കു വേണ്ടിയുള്ളതാണെന്ന് നാം വിശ്വസിക്കണം. അതുപോലെ, ദൈവം നമ്മില്‍ പ്രവര്‍ത്തിക്കാന്‍ തക്കവിധം നമ്മള്‍ എളിമപ്പെടണം. അപ്പോള്‍ ദൈവം നമ്മില്‍ പ്രവര്‍ത്തിക്കും.

പ്രിയപ്പെട്ടവരേ, ഈ തിരുവചനങ്ങളും വിശുദ്ധയുടെ ജീവിതവും നമ്മുടെ ജീവിതത്തില്‍ വച്ചുനീട്ടുന്ന വലിയ ഒരു ചോദ്യമുണ്ട്. നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ വിളിക്ക് നാം എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ട്. നമ്മള്‍ ജീവിക്കുന്ന കുടുംബജീവിതം അല്ലെങ്കില്‍ മറ്റ് ജീവിതാന്തസ്സ് ഇവയിലൊക്കെ ദൈവത്തിന്റെ വലിയ ഒരു പദ്ധതിയുണ്ട്. ആ പദ്ധതി നമ്മില്‍ നിറവേറാനായി ഇന്നത്തെ ബലിയില്‍ നമുക്ക് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം. ദൈവം വിളിക്കുമ്പോള്‍ ഏശയ്യാ പ്രവാചകനെപ്പോലെ, ‘ഇതാ ഞാന്‍’ എന്ന് പ്രത്യുത്തരിക്കാനുള്ള അഭിഷേകം നമ്മിലുണ്ടാകാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, ആമ്മേന്‍.

ബ്രദര്‍ അലന്‍ കുറുപ്പനാട്ട് MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.