പ്രതീക്ഷയുടെ യാത്ര 132: ബിക്കോസ് യു ലവ്ഡ് മി

സെലിൻ ഡിയോണ്‍ (Celine Dion) ആലപിച്ച അനശ്വരമായ ഗാനങ്ങളിലൊന്നാണ് ‘ബിക്കോസ് യു ലവ്ഡ് മി’ (Because You Loved Me). 1996 ൽ പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ വരികൾ എഴുതിയത് ഡയാന വാറൻ ആണ്. നമ്മളെ നമ്മളായി നിലനിർത്തുന്ന, നമുക്കു ചുറ്റും സ്നേഹത്തിന്റെ ഒരു സംരക്ഷണമതിൽ തീർക്കുന്ന പ്രിയപ്പെട്ടവരോടുള്ള ഒരായിരം നന്ദിവാക്കുകളാണ് ഈ ഗാനം.

ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍, നമ്മൾ ആകെ തളർന്നുപോകുമ്പോൾ, നമുക്കു ചുറ്റും ഇരുൾ പടരുമ്പോൾ, കൈപിടിച്ച് മുന്നോട്ട് നടത്താൻ ഒരാളുണ്ടാവുക എന്നത് വലിയൊരു ഭാഗ്യമാണ്. ആ സാന്നിധ്യം നമ്മുടെ ജീവിതത്തിന്റെ ഗതി മാറ്റുന്നു. നമ്മൾ കാണാത്ത നമ്മുടെ കഴിവുകളെ അവർ തിരിച്ചറിയുന്നു. നമുക്ക് മുന്നോട്ടുപോകാൻ കഴിയാത്ത വഴികളിൽ, അവർ നമുക്ക് ചിറകുകൾ നൽകുന്നു. ആ സ്നേഹത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഈ കുറിപ്പ്. ഗാനത്തിന്റെ പൂര്‍ണ്ണരൂപം ഏകദേശം ഇങ്ങനെയാണ്:

എന്റെ കൂടെ നിന്ന ഓരോ നിമിഷത്തിനും സത്യം എന്താണെന്ന് എന്നെ കാണിച്ചുതന്നതിനും എന്റെ ജീവിതത്തിൽ നീ കൊണ്ടുവന്ന സന്തോഷങ്ങൾക്കും തെറ്റുകളെല്ലാം തിരുത്തി ശരിയായ പാതയില്‍ നടത്തിയതിനും എന്റെ സ്വപ്‌നങ്ങള്‍ യാഥാർഥ്യമാക്കിയതിനും നിന്നിൽ ഞാൻ കണ്ടെത്തിയ സ്നേഹത്തിനും ഞാൻ എന്നെന്നും കടപ്പെട്ടിരിക്കുന്നു. നീയാണ് എന്നെ താങ്ങിനിർത്തിയത്. ഒരിക്കലും വീഴാൻ അനുവദിച്ചില്ല. എല്ലാ പ്രതിസന്ധികളിലും കൂടെയുണ്ടായിരുന്നത് നീ മാത്രമാണ്.

ഞാൻ തളർന്നപ്പോൾ നീ എന്റെ കരുത്തായി, സംസാരിക്കാൻ കഴിയാതിരുന്നപ്പോൾ നീ എന്റെ ശബ്ദമായി, കാഴ്ച മങ്ങിയപ്പോൾ നീ എന്റെ കണ്ണുകളായി, എന്നിലെ ഏറ്റവും മികച്ചത് നീ കണ്ടെത്തി. എനിക്ക് എത്തിപ്പിടിക്കാൻ കഴിയാത്തവയിലേക്ക് നീ എന്നെ ഉയർത്തി. നീ എനിക്ക് വിശ്വാസം നല്‍കി. കാരണം, നിനക്ക് വിശ്വാസമുണ്ടായിരുന്നു. ഞാന്‍ ഞാനായിരിക്കുന്നത് നീ എന്നെ സ്നേഹിച്ചതുകൊണ്ടു മാത്രമാണ്.

നീ എനിക്ക് ചിറകുകൾ നൽകി, എന്നെ പറക്കാൻ പഠിപ്പിച്ചു. നീ എന്റെ കൈ പിടിച്ചപ്പോൾ ഞാൻ ആകാശത്തോളം ഉയർന്നു. എനിക്ക് നഷ്ടപ്പെട്ട വിശ്വാസം നീ എനിക്ക് തിരികെ നൽകി. എന്ത് നേടാനും എനിക്ക് കഴിയുമെന്ന് നീ പറഞ്ഞുതന്നു. നീ കൂടെ നിന്നതുകൊണ്ട് ഞാൻ നിവർന്നുനിന്നു. നിന്റെ സ്നേഹം ലഭിച്ചതോടെ എനിക്ക് എല്ലാം സ്വന്തമായി. നീ എനിക്ക് സമ്മാനിച്ച ഓരോ ദിവസത്തിനും ഞാൻ നന്ദിയുള്ളവളാണ്, എനിക്കെല്ലാം അറിയില്ലായിരിക്കാം. പക്ഷേ, ഒരു കാര്യം എനിക്കറിയാം, നിന്റെ സ്നേഹം ലഭിച്ചതു മൂലമാണ് ഞാന്‍ അനുഗ്രഹീതയായത്.

നീ എപ്പോഴും എനിക്കായി കൂടെയുണ്ടായിരുന്നു. എന്നെ താങ്ങിനടന്ന മൃദുവായ കാറ്റായിരുന്നു നീ. എന്റെ ജീവിതത്തിന്റെ ഇരുളില്‍ തെളിഞ്ഞ ദീപമായിരുന്നു നീ. നീയായിരുന്നു എന്റെ പ്രചോദനം, നുണകൾക്കിടയിലും നീ സത്യമായി നിന്നു,
നീയുള്ളതിനാല്‍ ഈ ലോകം കുറച്ചുകൂടി മനോഹരമായ ഒരിടമായി മാറി. 

ഞാൻ തളർന്നപ്പോൾ നീ എന്റെ കരുത്തായി. എനിക്ക് സംസാരിക്കാൻ കഴിയാതിരുന്നപ്പോൾ നീ എന്റെ ശബ്ദമായി. എന്റെ കാഴ്ച മങ്ങിയപ്പോൾ നീ എന്റെ കണ്ണുകളായി. എന്നിലെ ഏറ്റവും മികച്ചത് നീ കണ്ടെത്തി. എനിക്ക് എത്തിപ്പിടിക്കാൻ കഴിയാത്തവയിലേക്ക് നീ എന്നെ ഉയർത്തി. നീ എന്നിൽ വിശ്വസിച്ചതുകൊണ്ട് എനിക്ക് വിശ്വാസം തിരികെക്കിട്ടി. ഞാൻ ഇന്ന് ഞാൻ ആയിരിക്കുന്നത് നീ എന്നെ സ്നേഹിച്ചതുകൊണ്ടാണ്.

ഞാൻ ഇന്ന് എന്താണോ, അതെല്ലാം നിന്റെ സ്നേഹം കൊണ്ടു മാത്രമാണ്.

ഈ ഗാനം കേള്‍ക്കുമ്പോള്‍ പലരുടെയും ചിന്ത അവരുടെ അമ്മയിലേക്കു പോകാന്‍ സാധ്യതയുണ്ട്. സത്യത്തില്‍ ഒരമ്മയുടെ കരുതലും സ്നേഹവും ഈ വരികളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ജീവിതത്തിന്റെ പ്രതിസന്ധികളിലും ഇരുളിലും വഴികാട്ടിയായി നിന്നത് അമ്മയാണ്. തളരുമ്പോൾ താങ്ങും തണലുമായി ആ സ്നേഹം കൂടെയുണ്ടായിരുന്നു. നമുക്ക് ചിറകുകൾ നൽകി പറക്കാൻ പഠിപ്പിച്ച ആ അമ്മയുടെ സ്നേഹം തന്നെയാണ് ഈ ഗാനത്തിന്റെ ആത്മാവ്. നമ്മൾ എന്താണോ അതായിത്തീർന്നതിനു പിന്നിൽ, നിശ്ശബ്ദമായി കഷ്ടതകൾ സഹിച്ച്, എല്ലാ കുറവുകളെയും സ്നേഹം കൊണ്ട് മറികടന്ന ഒരമ്മയുടെ കരുതലിന്റെ കരുത്തുണ്ട്.

നമ്മളെ നമ്മളായി നിലനിർത്തുന്നതും, സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വിശ്വാസം പകർന്നുനൽകുന്നതും ഒരമ്മയുടെ സ്നേഹമാണെന്ന കാര്യം നമുക്ക് വിസ്മരിക്കാതിരിക്കാം. ലോകം മുഴുവൻ കൈവിട്ടാലും പിടിച്ചുനിർത്താൻ ഒരമ്മയുടെ കൈകളുണ്ടാകും എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സത്യം. ആ അമ്മയുടെ സ്നേഹവും പിന്തുണയും ഇല്ലായിരുന്നെങ്കിൽ നാം ഇന്നനുഭവിക്കുന്ന സന്തോഷങ്ങളോ, നേട്ടങ്ങളോ ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് ആ അമ്മയോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കാൻ എത്ര വാക്കുകൾ ഉപയോഗിച്ചാലും അത് മതിയാകാതെ വരുന്നത്.

ഓരോ തവണ ഈ ഗാനം കേൾക്കുമ്പോഴും നമ്മുടെ ഉള്ളിലെ സ്നേഹം അമ്മയിലേക്ക് ഒഴുകട്ടെ. നമ്മളെ നമ്മളായി നിലനിർത്തുന്ന ആ മഹാസ്നേഹത്തിനു മുന്നിൽ നമുക്ക് പ്രണാമം അർപ്പിക്കാം. കാരണം, ഈ ലോകം ഇത്രയധികം മനോഹരമായി തോന്നുന്നുവെങ്കിൽ അതിന് പ്രധാന കാരണം അമ്മയുടെ സ്നേഹം തന്നെയാണ്. നമുക്കു വേണ്ടി സ്വയം എരിഞ്ഞുതീർന്ന ആ ത്യാഗദീപത്തിനു മുന്നിൽ, ഈ ഗാനത്തിലെ വരികൾ പോലെ നമുക്കും പറയാം: “ഞാൻ ഇന്ന് എന്താണോ, അതെല്ലാം നിന്റെ സ്നേഹം കൊണ്ടു മാത്രമാണ്.”

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.