പാദുവായിലെ വി. അന്തോണിയോസ്‌

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

വടക്കൻ ഇറ്റലിയിലെ ലോകപ്രശസ്തവും രമണീയവുമായ വെനീസ് നഗരത്തോട് ചേർന്നുകിടക്കുന്ന രണ്ടു ലക്ഷത്തിലധികം ജനങ്ങൾ അധിവസിക്കുന്ന ഒരു മനോഹര നഗരമാണ് പാദുവ. ആംഗലഭാഷയിലെ വിശ്വസാഹിത്യകാരന്മാരായ ഷേക്‌സ്‌പിയറിന്റെ ഹാസ്യകൃതിയായ “ശുണ്ഠിക്കാരിയെ മെരുക്കൽ” (The Taming of the Shrew), ഒസ്കാർ വൈൽഡിന്റെ ദുരന്തനാടകമായ “പാദുവായിലെ പ്രഭുപത്‌നി” (The Duchess of Padua) തുടങ്ങിയ കൃതികൾ ഈ നഗരത്തെ പശ്ചാത്തലമാക്കി രചിക്കപ്പെട്ടിട്ടുള്ളതാണ്. പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ഗലീലിയോ, പതിനെട്ടു വർഷക്കാലം അധ്യാപകനായി ജോലി ചെയ്ത സർവ്വകലാശാലയും പാദുവായിലാണ്. എന്നാൽ ഈ നഗരം ഇന്ന് വിശ്വമെങ്ങും പ്രശസ്തമായിരിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്, എട്ടു നൂറ്റാണ്ട് മുൻപ് അവിടെ ജീവിച്ചു-മരിച്ച അന്തോണിയോസ് പുണ്യവാന്റെ പേരിലാണ്.

ലോകമെമ്പാടും “പാദുവായിലെ അന്തോണിയോസ്” എന്നാണ് അറിയപ്പെടുന്നതെങ്കിലും പോർച്ചുഗല്ലിൽ വിശുദ്ധൻ അറിയപ്പെടുന്നത് “ലിസ്ബണിലെ അന്തോണിയോസ്” എന്നാണ്. രാജ്യതലസ്ഥാനമായ ലിസ്ബണിൽ ജനിച്ചുവളർന്നതിനാൽ പോർച്ചുഗീസുകാർക്കും, പാദുവായിൽ മരിച്ചു അടക്കം ചെയ്യപ്പെട്ടവനെന്ന നിലയിൽ ഇറ്റലിക്കാർക്കും അന്തോണിയോസ് വേണ്ടപ്പെട്ടവനാണ്. പ്രഭുകുടുംബത്തിലെ സമ്പന്നതയിൽ ജനിച്ചുവളർന്നവൻ യേശുവിന്റെ ദാരിദ്ര്യത്തെ പുൽകിയ ഫ്രാൻസിസിന്റെ താപസജീവിതത്തെ ആശ്ലേഷിക്കുന്നു. അന്തരിച്ച് ഒരാണ്ട് തികയുന്നതിനു മുൻപേ സഭയിൽ ഔദ്യോഗികമായി പരിശുദ്ധനായി നാമകരണം ചെയ്യപ്പെട്ട അന്തോണിയോസ് ഇന്നും അനേകർക്ക് മാതൃകയും പ്രചോദനവുമാണ്.

യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ ദക്ഷിണ-പശ്ചിമ ദിക്കിലായി അറ്റ്ലാന്റിക് സമുദ്രതീരത്തോട് ചേർന്നുകിടക്കുന്ന പോർച്ചുഗലിന്റെ ഇന്നത്തെ തലസ്ഥാനമായ ലിസ്ബണിലാണ് അന്തോണിയോസ് ജനിച്ചത്. കൊട്ടാര ഉദ്യോഗസ്ഥനായ വിസന്റെ മാർട്ടിന്റെയും പ്രഭുകുടുംബത്തിൽപെട്ട തെരേസ പൈസ് തവൈറായുടെയും പുത്രനായിട്ട് 1195 ആഗസ്റ്റ് 15-നായിരുന്നു അന്തോണിയോസിന്റെ ജനനം. ഫെർണാണ്ടോ മാർട്ടിൻസ് ദേ ബുളോസ് എന്ന നാമത്തോടെ മാതാപിതാക്കന്മാർ ജനനത്തിന്റെ എട്ടാം ദിവസം കത്തീഡ്രൽ ദേവാലയത്തിൽ കൊണ്ടുവന്ന് അവന് മാമ്മോദീസ കൂദാശ നൽകി. മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിൽ ജനിച്ചവൻ എന്ന നിലയിൽ വലിയ മാതൃഭക്തനായി ഫെർണാണ്ടോയെ  അവന്റെ അമ്മ വളർത്തിക്കൊണ്ടുവരാൻ ശ്രദ്ധിച്ചു (കത്തീഡ്രലിനോടു ചേർന്ന് വി. അന്തോണിയോസ് ജനിച്ച സ്ഥലം ഇന്ന് ഒരു ദേവാലയമായി പരിവർത്തനപ്പെടുത്തിയിരിക്കുന്നു). മാതാപിതാക്കന്മാരുടെ പാതയിൽ സഞ്ചരിച്ച് ഉന്നത ഭരണസ്ഥാനങ്ങളിലെത്തുന്നതിന് ജന്മനാ തിരഞ്ഞെടുക്കപ്പെട്ടവനായിരുന്നു ഫെർണാണ്ടോ. എന്നാൽ ദൈവത്താൽ പ്രത്യേകം വിളിക്കപ്പെട്ട ഫെർണാണ്ടോക്ക്, തനിക്കു ചുറ്റുമുണ്ടായിരുന്ന സമ്പന്നത വെറുമൊരു പുക പോലെയെന്നു തിരിച്ചറിയാൻ ചെറുപ്പത്തിൽ തന്നെ കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു.

നഗരത്തിലെ ഏറ്റം പ്രശസ്തമായ കത്തീഡ്രൽ സ്‌കൂളിലായിരുന്നു ഫെർണാണ്ടോയുടെ പ്രാഥമിക വിദ്യാഭ്യാസം. എന്നാൽ എപ്പോഴും ദേവാലയത്തിലും അതിനോടനുബന്ധിച്ച കാര്യങ്ങളിലും അഭിരമിച്ചിരുന്ന, തന്റെ ജീവിതം തുടർന്നും ദൈവീക വഴിയിലൂടെ പ്രയാണം ചെയ്യുന്നതിനാണെന്ന് അവൻ ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. മാതാപിതാക്കന്മാരുടെ അനുവാദത്തോടെ പതിനഞ്ചാമത്തെ വയസിൽ ലിസ്ബണിനടുത്തുള്ള വി. അഗസ്തീനോസിന്റെ ആശ്രമത്തിൽ ചേർന്ന് സന്യാസ പരിശീലനം ആരംഭിച്ചു. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ട ഫെർണാണ്ടോയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിനായി വീട്ടുകാരും കൂട്ടുകാരും ആശ്രമത്തിലെ നിത്യസന്ദർശകരായിത്തീർന്നു. താൻ അഭിലഷിച്ച ഏകാന്തതക്കും പ്രാർത്ഥനാജീവിതത്തിനും ഈ സന്ദർശനങ്ങൾ വിഘാതം സൃഷ്ടിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ ഫെർണാണ്ടോ അവിടെ നിന്നും ഇരുനൂറ് കിലോമീറ്റർ  ദൂരത്തിലുള്ള പോർച്ചുഗല്ലിന്റെ അന്നത്തെ തലസ്ഥാനമായിരുന്ന കോയിമ്ബ്രയിലുള്ള സാന്താക്രൂസ് ആശ്രമത്തിലേക്ക് മാറ്റം ചോദിച്ചുവാങ്ങി. ഇവിടെയാണ് വൈദികനാകുന്നതിനുള്ള ദൈവശാസ്ത്ര പഠനവും ലത്തീൻ ഭാഷാപഠനവും അദ്ദേഹം തുടർന്നു നടത്തിയത്. ഇക്കാലയളവിൽ തന്നെ അസാധാരണ പഠനവൈഭവം പ്രകടമാക്കിയിരുന്ന ഫെർണാണ്ടോ ഗഹനമായ ദൈവശാസ്ത്ര തത്വങ്ങളും വിശുദ്ധ ഗ്രന്ഥത്തിലെ രഹസ്യങ്ങളും വളരെ വേഗത്തിൽ ഹൃദിസ്ഥമാക്കുകയും അത് ആവശ്യമുള്ളപ്പോൾ ഓർമ്മിച്ചെടുക്കുകയും ചെയ്തിരുന്നു.

പൗരോഹിത്യ ശുശ്രൂഷയുടെ ആരംഭത്തിൽ പത്തൊൻപതാം വയസിൽ ഫെർണാണ്ടോയെ ആശ്രമത്തിൽ വരുന്ന അതിഥികളുടെ ചുമതലക്കാരനായി നിയമിക്കുന്നു. ഈ സമയത്ത് അടുത്ത കാലത്ത് സ്ഥാപിതമായ ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിലെ ചില സന്യാസികൾ സുവിശേഷ പ്രഘോഷണത്തിനായി ആഫ്രിക്കയിലേക്കുള്ള യാത്രാമധ്യേ ഫെർണാണ്ടോയുടെ ആശ്രമത്തിൽ അഥിതികളായി താമസിക്കുന്നു. ഇവരെ ആശ്രമത്തോടു ചേർന്നുള്ള ഈജിപ്തിലെ അന്തോണിയോസിന്റെ നാമത്തിൽ നിർമ്മിച്ച ചെറിയ കുടിലിൽ താമസിപ്പിച്ചു. അവരുടെ ലളിതജീവിതവും സുവിശേഷാധിഷ്ഠിത ചര്യകളും അവരെ പരിചരിച്ച ഫെർണാണ്ടോയെ അതിയായി ആകർഷിച്ചു. മൊറോക്കോയിൽ സുവിശേഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന സമയത്ത് ഇവർ അഞ്ചു പേരും അവിടെ രക്തസാക്ഷിത്വം വരിച്ചു എന്ന വാർത്തയാണ് പിന്നീട് കേൾക്കുന്നത്. പോർച്ചുഗല്ലിലെ രാജകുടുംബം അവരുടെ ശരീരങ്ങൾ വീണ്ടെടുത്ത് വീരോചിതമായ ശവസംസ്‍കാരം നടത്തി. എല്ലാവരും ഇവരുടെ മരണത്തിൽ ദുഃഖാർത്തരായപ്പോൾ ഫെർണാണ്ടോ അവരുടെ ലളിതജീവിതശൈലിയും ആത്മാക്കളെ നേടുന്നതിനുള്ള തീക്ഷ്ണതയും രക്തസാക്ഷിത്വത്തിനുള്ള ധീരതയും അനുകരിക്കാനുള്ള പരിശ്രമത്തിലായിരുന്നു. ഇവർ തുടങ്ങിവച്ചത് തുടരുക എന്ന ലക്ഷ്യത്തോടെ അഗസ്തീനോസിന്റെ ആശ്രമത്തിലെ അധികാരികളുടെ അനുവാദത്തോടെ ഫെർണാണ്ടോ  ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിൽ ചേർന്നു. ആശ്രമത്തോട് ചേർന്നുണ്ടായിരുന്ന, രക്തസാക്ഷികളായ ഫ്രാൻസിസ്കൻ സന്യാസികൾ വസിച്ച, അന്തോണിയോസ് ഗസ്റ്റ് ഹൗസിന്റെ  പേരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മരുഭൂമിയിലെ മഹാനായ പുണ്യവാനെ മാതൃകയാക്കി അന്തോണിയോസ് എന്ന പുതിയ പേരും സ്വീകരിക്കുന്നു.

അഗസ്തീനോസിന്റെയും തെർത്തുല്യന്റെയും നാടായ ആഫ്രിക്കയിൽ ക്രിസ്തുസന്ദേശം പൂർവ്വാധികം ശക്തിയോടെ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഫ്രാൻസിസ്കൻ നിശ്ചയദാര്‍ഢ്യം കൈമുതലാക്കി ഫിലിപ്പോയെന്ന അത്മായ സഹോദരനെയും കൂട്ടി അന്തോണിയോസ്  മൊറോക്കോയിലേക്ക് യാത്ര തിരിച്ചു. എന്നാൽ രക്തസാക്ഷിത്വം അന്തോണിയോസിനു വേണ്ടി ദൈവം കരുതിവച്ചിട്ടുണ്ടായിരുന്നില്ല. മൊറൊക്കെയിൽ വച്ച് അദ്ദേഹം രോഗബാധിതനായി. നാല് മാസത്തിനു ശേഷവും ഒരു പുരോഗതിയും ദർശിക്കാത്തതിനാൽ അധികാരികളുടെ നിർദ്ദേശപ്രകാരം പോർച്ചുഗല്ലിലേക്ക് തിരികെ കപ്പൽ കയറാൻ നിർബന്ധിതനായി. എന്നാൽ കടൽക്ഷോഭത്തിൽപെട്ട കപ്പൽ അദ്ദേഹത്തെ ഇറ്റാലിയൻ ദ്വീപായ സിസിലിയിൽ എത്തിച്ചു. അവിടുത്തെ മെസ്സീനയെന്ന പ്രദേശത്തെ ഫ്രാൻസിസ്കൻ ആശ്രമത്തിൽ അഭയം പ്രാപിച്ച അന്തോണിയോസ് പിന്നീട് ടസ്‌കണിയിൽ ഫ്രാൻസിസ്‌കൻ സന്യാസിനികളെ സഹായിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നു.

ഈ സമയത്ത് 1221 മെയ് 30-ന് ഫ്രാൻസിസ്കൻ സമൂഹത്തിന്റെ നാലാം ജനറൽ ചാപ്റ്റർ അസ്സീസിയിൽ വച്ച് തുടങ്ങുന്നു. ചുരുങ്ങിയ കാലയളവിലുള്ള ഫ്രാൻസിസ്കൻ സമൂഹത്തിന്റെ ത്വരിത വളർച്ച ഫ്രാൻസിസ് അസ്സീസിയുടെ വലിയ സ്വാധീനത്തിന്റെ അടയാളം കൂടിയായിരുന്നു. ഏതാണ്ട് രണ്ടായിരത്തോളം ഫ്രാൻസിസ്കൻ സന്യാസികൾ ഈ സമ്മേളനത്തിൽ സംബന്ധിക്കുന്നതിനായി അവിടെ എത്തിയിരുന്നു. ഫ്രാൻസിസിന്റെ ഏത് ആജ്ഞയും അനുസരിക്കാൻ സന്നദ്ധരായി, ലോകത്തിന്റെ ഏതു കോണിലും സുവിശേഷദൗത്യവുമായി പോകുന്നതിനും അവർ തയ്യാറായിരുന്നു. അന്തോണിയോസിന് ഈ അനുഭവം വലിയ ആത്മീയ അനുഭൂതി നൽകുന്നതായിരുന്നു. അവരിലൊരാളായി ആരുമറിയാതെ നിൽക്കുമ്പോഴും, ഒരിക്കൽ തന്റെ സന്യാസ സമൂഹത്തിലെ ഏറ്റം അറിയപ്പെടുന്ന വിശുദ്ധനായി ലോകം തന്നെ അറിയും എന്ന് അന്തോണിയോസ് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. തന്റെ സമൂഹസ്ഥാപകനായ ഫ്രാൻസിസിന്റെ അരികിൽ സമയം ചിലവഴിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി അന്തോണിയോസ് കരുതി.

ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഇറ്റലിയിലെ ആശ്രമങ്ങളിലൊന്നും കൃശഗാത്രനും ഒരു രോഗിയെപ്പൊലെ എപ്പോഴും കാണപ്പെട്ടിരുന്നവനുമായ അന്തോണിയോസിനെ ആർക്കും ആവശ്യമുണ്ടായിരുന്നില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും കഴിവുകളെക്കുറിച്ചും അധികമാർക്കും അറിവുണ്ടായിരുന്നില്ല. എന്തു ജോലിയും ചെയ്യുന്നതിന് തയ്യാറായിരുന്നെങ്കിലും തങ്ങളുടെ സന്യാസഭവനത്തിന് അന്തോണിയോസ് ഒരു ബാധ്യതയായിത്തീരുമെന്ന് കരുതിയ ആശ്രമാധിപന്മാരാരും അദ്ദേഹത്തെ കൂടെക്കൂട്ടാൻ  തയ്യാറായില്ല. അങ്ങനെയിരിക്കുമ്പോൾ ബൊളോങ്ങായിലെ പ്രോവിൻസിന്റെ സുപ്പീരിയർ ഫാ. ഗ്രാസ്സിയന് ആറ് ബ്രദേഴ്‌സ് മാത്രമുണ്ടായിരുന്ന ഒരു ഭവനത്തിൽ കുർബാന അർപ്പിക്കുന്നതിന് ഒരു വൈദികനെ ആവശ്യമായിരുന്നു. അങ്ങനെ മലമുകളിലുള്ള മോൻതേ പൗളോ ഭവനത്തിലേക്ക് അന്തോണിയോസ് അയക്കപ്പെട്ടു.

ഫ്രാൻസിസ്കൻ സമൂഹസ്ഥാപനത്തിന്റെ ആരംഭം മുതൽ തന്നെ നഗരങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ ആശ്രമങ്ങൾ സ്ഥാപിക്കുകയും ലാളിത്യത്തിലധിഷ്ഠിതമായി സുവിശേഷപ്രവർത്തനങ്ങളിൽ ഫ്രാൻസിസ്കൻ സന്യാസികൾ ഏർപ്പെടുകയും ചെയ്തിരുന്നു. ടസ്കണിയിലെ മലനിരകളിലുള്ള അധികമാരും കടന്നുചെല്ലാത്ത ആശ്രമം അന്തോണിയെ സംബന്ധിച്ച് പ്രാർത്ഥനക്കും ദൈവീകസംസർഗ്ഗത്തിനും ഏറ്റം അനുയോജ്യമായ സ്ഥലമായിരുന്നു. അവിടെ തന്റെ സന്യാസ സഹോദരങ്ങൾക്കു വേണ്ടി എല്ലാ ദിവസവും ബലിയർപ്പിക്കുകയും അതിനു ശേഷം അവിടെ ആശ്രമത്തോട് ചേർന്നുണ്ടായിരുന്ന ഒരു ഗുഹയിൽ പ്രാർത്ഥനയിലും ധ്യാനത്തിലും ദൈവീകസംസർഗ്ഗത്തിലും അന്തോണിയോസ് തന്റെ സമയം ചിലവഴിക്കുകയും ചെയ്തു. ബ്രഡും വെള്ളവും മാത്രം അനുദിനം ആഹാരമാക്കി വൈക്കോലിൽ ഒരു കല്ല് തലയിണയായി ഉപയോഗിച്ച് ഉറങ്ങുകയും ചെയ്യുന്ന അന്തോണിയോസിന്റെ ദൈവീകചൈതന്യം അപ്പോൾ അധികമാരും കണ്ടിരുന്നില്ല. ഈ ശാരീരിക തപശ്ചര്യകൾ വലിയ ആത്മീയ ഉന്നതിയിലേക്ക് ഉയരുന്നതിനുള്ള ചവിട്ടുപടികളായി അദ്ദേഹം ഉപയോഗിച്ചു. എന്നാൽ ഈ കാലയളവിലാണ് അദ്ദേഹം സങ്കീർത്തന പുസ്തകം വിവർത്തനം ചെയ്ത് അതിന് തന്റേതായ ഒരു ഭാഷ്യം തയ്യാറാക്കിയത്. വലിയ സുവിശേഷ പ്രസംഗകനാകുന്നതിനായി ദൈവം ഒരുക്കിക്കൊടുത്ത വഴികളായിരുന്നു ഇവയെന്ന് അന്ന് അന്തോണിയോസ് കരുതിയില്ല.

ഫോർലി എന്ന സ്ഥലത്തു വച്ച്‌ 1222 മാർച്ച് 19-ന് നടന്ന ഡൊമിനിക്കൻ-ഫ്രാൻസിസ്കൻ സന്യാസിമാരുടെ വൈദിക പട്ടംനല്‍കല്‍ ശുശ്രൂഷയിൽ സംബന്ധിക്കുന്നതിന് അന്തോനിയോസിനും സഹോദരന്മാർക്കും ക്ഷണം ലഭിച്ചു. ധാരാളം ജനങ്ങളും അതിനായി അവിടെ എത്തിയിരുന്നു. എന്നാൽ അവിടെ ആര് പ്രസംഗം നടത്തും എന്നതിനെക്കുറിച്ചു ചിന്താക്കുഴപ്പം ഉണ്ടായി. സുവിശേഷപ്രഘോഷണത്തിന് വിശ്രുതരായ ഡൊമിനിക്കൻ സന്യാസികൾ അത് ചെയ്തുകൊള്ളുമെന്ന് ഫ്രാൻസിസ്കൻ സന്യാസികൾ ചിന്തിച്ചു. എന്നാൽ ആരും തന്നെ അവിടെ ഇതിനായി ഒരുങ്ങിയിട്ടില്ലായെന്ന് പെട്ടെന്ന് എല്ലാവർക്കും ബോധ്യമായി. അവിടെ സന്നിഹിതനായിരുന്ന ഫ്രാൻസിസ്കൻ പ്രൊവിൻഷ്യൽ അന്തോണിയോസിനോട് അദ്ദേഹത്തിന്റെ എതിർപ്പ് വകവയ്ക്കാതെ ദൈവം വെളിപ്പെടുത്തുന്നതനുസരിച്ച് പ്രസംഗിക്കാൻ അപ്പോൾ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഉറച്ച ശബ്ദവും, ദൈവവചനത്തിലുള്ള അഗാധ പാണ്ഡിത്യവും, ശ്രോതാക്കളെ ഇരുത്തിചിന്തിപ്പിക്കുന്ന ലാളിത്യത്തോടെയുള്ള ആശയസംവേദനവും എല്ലാവരുടെയും പ്രശംസക്കു കാരണമായി. ഇങ്ങനെ ഒരു സംഭവം നടന്നില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ, അന്തോണിയോസ് എന്ന വലിയ പ്രസംഗകൻ ലോകത്തിനു മുൻപിൽ പ്രത്യക്ഷപ്പെടില്ലായിരുന്നു. മാത്രമല്ല, അന്തോണിയോസിനെ ഔന്യത്യത്തിലേക്ക് ഉയർത്തുന്നതിന് ദൈവം ഒരുക്കിയ വഴിയായിരുന്നു ഈ അവസരം. യാതൊരു മുന്നൊരുക്കവുമില്ലാതെ ഇപ്രകാരം പ്രസംഗിക്കാൻ ഒരാൾക്ക് സാധിക്കുമെങ്കിൽ അത് ഇദ്ദേഹത്തിലുള്ള ദൈവീകപ്രവർത്തനത്തിന്റെ അടയാളമല്ലാതെ മറ്റെന്താണ്! അങ്ങനെ സുവിശേഷപ്രസംഗകനായ അന്തോണിയോസ് ഉദയം ചെയ്തു!

ഈ സംഭവത്തിനു ശേഷം ഫ്രാൻസിസ്കൻ പ്രൊവിൻഷ്യൽ അധികാരി അന്തോണിയോസിനെ തന്റെ പ്രോവിൻസിന്റെ ഔദ്യോഗിക പ്രസംഗകനായി നിയമിച്ചു. ഏറെ താമസിയാതെ അന്തോണിയോസിനെക്കുറിച്ചുള്ള ഈ വിവരങ്ങൾ ഫ്രാൻസിസ് അസ്സീസിയുടെ കാതുകളിലുമെത്തി. അന്തോണിയോസിന്റെ ഇഷ്ടമനുസരിച്ച്, മറ്റുള്ളവർ ആവശ്യപ്പെടുന്നതനുസരിച്ച്, ഏതു സ്ഥലത്തും എപ്പോൾ വേണമെങ്കിലും സുവിശേഷം പ്രസംഗിക്കുന്നതിനുള്ള അനുവാദം അതോടെ ഫ്രാൻസിസ് അസ്സീസിയിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചു. മാത്രമല്ല, അന്തോണിയോസിനെ അക്കാലത്തെ വലിയ ദൈവശാസ്ത്രജ്ഞന്മാരുടെ അരികിൽ പോയി പഠിക്കുന്നതിനും അത് സമൂഹത്തിലെ ചെറുപ്പക്കാരായ സന്യാസികൾക്ക് പറഞ്ഞുകൊടുക്കുന്നതിനുമായി ഫ്രാൻസിസ് നിയോഗിച്ചു. ഫ്രാൻസിസ് അസ്സീസിയുടെ ഭാഗത്തുനിന്നുള്ള ഒരു അസാധാരണ നടപടിയായി ഇത് കരുതപ്പെട്ടു. കാരണം, ഒരുപാട് ദൈവശാസ്ത്രപഠനം ദാരിദ്ര്യജീവിതത്തോടും  സേവനമനോഭാവത്തോടും ഒരു സന്യാസിക്ക് അവമതിപ്പുണ്ടാക്കും എന്ന ചിന്ത ഫ്രാൻസിസിനുണ്ടായിരുന്നു. ഇത്തരുണത്തിൽ അന്തോണിയോസിനും തന്റെ പുതിയ പ്രവർത്തനരീതികളെക്കുറിച്ച് ചില ആകുലതകൾ ഉണ്ടായി. മിലാനിലും മറ്റും പ്രസംഗിക്കാനായി ക്ഷണിക്കപ്പെടുകയും എല്ലാവരും തന്റെ പ്രസംഗങ്ങളെ വലുതായി പ്രശംസിക്കുകയും ചെയ്യുന്നത് ദരിദ്രാരൂപിയിലും എളിമയിലും വീഴ്ച്ചയുണ്ടാക്കും എന്ന ചിന്ത അദ്ദേഹത്തിനുണ്ടായി. തത്ഫലമായി തന്റെ സംശയദൂരീകരണാർത്ഥം അദ്ദേഹം ഫ്രാൻസിസ് അസ്സീസിക്ക് എഴുതുകയും എല്ലാ കാര്യങ്ങളും ഇപ്പോൾ ചെയ്യുന്നതുപോലെ തുടർന്നുകൊള്ളാനുള്ള അനുവാദവും പ്രോത്സാഹനവും അവിടെ നിന്ന് ലഭിക്കുകയും ചെയ്തു.

വിജ്ഞാനത്തിന്റെയും വിശുദ്ധിയുടെയും നിറകുടമായിരുന്ന അന്തോണിയോസ്, താൻ പ്രസംഗിക്കുന്ന വാക്കുകൾ ജീവിതത്തിൽ അക്ഷരംപ്രതി പാലിക്കാനായി ശ്രദ്ധിച്ചിരുന്നു. ഒരിക്കൽ പ്രസംഗിക്കാനായി പോയ അന്തോണിയോസിനെ അനുധാവനം ചെയ്ത ഒരു സന്യാസ സഹോദരൻ ആശ്രമത്തിൽ തിരികെ എത്തിയപ്പോൾ അദ്ദേഹത്തോട് നിരാശയോടെ പറഞ്ഞു: “എന്തുകൊണ്ടാണ് അങ്ങ് ഇന്ന് ഒന്നും പ്രസംഗിക്കാതിരുന്നത്?” അന്തോണിയോസിന്റെ മറുപടി ഇപ്രകാരമായിരുന്നു: “നമ്മൾ ദീർഘമായി പ്രസംഗിച്ചു. നമ്മുടെ വേഷവും നമ്മുടെ പെരുമാറ്റവിധികളും നമ്മുടെ പ്രാർത്ഥനാരീതികളും നയനങ്ങളാൽ ദർശിച്ചവർക്ക് വാക്കുകൾകൊണ്ട് എന്നതിനേക്കാൾ വലിയ പ്രസംഗമായി അത് അനുഭവപ്പെട്ടു.” (ഇത്തരം പ്രവർത്തികൾ ചെയ്തതായി വി. ഫ്രാൻസിസ് അസ്സീസിയുടെ ജീവചരിത്രത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റേതായി പറയപ്പെടുന്ന ഒരു പ്രശസ്ത വാചകമാണ്: “എല്ലായ്പ്പോഴും സുവിശേഷം പ്രസംഗിക്കുക; ആവശ്യമെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക).

അന്തോണിയോസിന്റെ ദൈവവചന വിശകലനരീതി വെളിവാക്കുന്ന ഒരു ഉദാഹരണം പറയാം. 1226-ൽ എല്ലാ ആത്മാക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്ന നവംബർ 2-ന് നടത്തിയ പ്രസംഗത്തിൽ ഒരു സങ്കീർത്തനഭാഗം വിശദീകരിച്ചത് അവിടെ സന്നിഹിതനായിരുന്ന ഒരു ബനഡിക്ടിൻ സന്യാസി കുറിച്ചുവച്ചിട്ടുണ്ട്. അത് ഇപ്രകാരമാണ്: “… രാത്രിയിൽ വിലാപമുണ്ടായേക്കാം; എന്നാൽ പ്രഭാതത്തോടെ സന്തോഷത്തിന്റെ വരവായി” (സങ്കീ. 30:5). “മൂന്നു തരത്തിലുള്ള സന്ധ്യയും, മൂന്നു തരത്തിലുള്ള പ്രഭാതവും… മൂന്നു തരത്തിലുള്ള വിലാപവും… മൂന്നു തരത്തിലുള്ള ആനന്ദവും. ഒന്നാമത്തെ സന്ധ്യ പറുദീസയിൽ ആദിമാതാപിതാക്കൾ പാപത്തിൽ നിപതിക്കുന്നതാണ്; രണ്ടാമത്തെ ശോകസന്ധ്യ നമ്മുടെ രക്ഷകന്റെ സഹനത്തിന്റേതും മരണത്തിന്റേതുമാണ്; മൂന്നാമത്തേത് നമ്മുടെ തന്നെ മരണത്തിന്റെ സന്ധ്യയാണ്. ഇനിയും മൂന്ന് പ്രഭാതങ്ങൾ. ഒന്നാമത്തേത് മിശിഹായുടെ ജനനത്തിന്റെ പ്രഭാതം, രണ്ടാമത്തേത് രക്ഷകന്റെ ഉയിർപ്പിന്റെ പ്രഭാതം, മൂന്നാമത്തേത് നമ്മുടെ തന്നെ വരാനിരിക്കുന്ന ഉത്ഥാനത്തിന്റെ പ്രഭാതം.” അസാധാരണമായ ദൈവീക വെളിപാടുകളുടെ ഒരു ശേഖരമായിരുന്നു അന്തോണിയോസിന്റെ പ്രസംഗങ്ങൾ എന്ന് മനസിലാക്കുന്നതിന് ഈ ചെറിയ വിവരണം മതിയാവും.

കാണാതെപോയ വസ്തുക്കൾ കണ്ടുകിട്ടുന്നതിനു വേണ്ടി വി. അന്തോണിയോസിന്റെ മധ്യസ്ഥത അപേക്ഷിച്ച് വിശ്വാസികൾ പ്രാർത്ഥിക്കുന്നതിനു പിന്നിൽ അന്തോണിയോസിന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവമാണ് അടിസ്ഥാനം. ഇറ്റലിയിലെ ബൊളോഞ്ഞയിലെ ആശ്രമത്തിൽ താമസിക്കുന്ന കാലയളവിൽ അന്തോണിയോസിന് വളരെ പ്രിയപ്പെട്ട, പ്രസംഗക്കുറിപ്പികൾ എഴുതിവച്ചിരുന്ന, സങ്കീർത്തന പുസ്തകം കാണാതാവുന്നു. ഇത് ആശ്രമം ഉപേക്ഷിച്ചുപോകാൻ തീരുമാനമെടുത്ത ഒരു വിദ്യാർത്ഥി മോഷ്ടിച്ചുകൊണ്ടു പോയതായിരുന്നു. അച്ചടിവിദ്യ കണ്ടുപിടിച്ചിട്ടില്ലാത്ത ആ കാലഘട്ടത്തിൽ ഏതു പുസ്തകവും വിലപിടിപ്പുള്ളതായിരുന്നു. ദാരിദ്ര്യവ്രതമെടുത്തിട്ടുള്ള ഒരു സന്യാസിയെ സംബന്ധിച്ച് പകരംവയ്ക്കാനാവാത്ത അമൂല്യസമ്പാദ്യമായിരുന്നു ഇത്. അന്തോണിയോസ് പുസ്തകം കണ്ടുകിട്ടുന്നതിനായി തീക്ഷ്ണമായി പ്രാർത്ഥിക്കുകയും തത്ഫലമായി ഈ വിദ്യാർത്ഥി അതുമായി തിരികെയെത്തുകയും മനസ്താപപ്പെട്ട്  വീണ്ടും ആശ്രമത്തിൽ ചേരുന്നതിന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ഈ പുസ്തകം ഇന്നും ബൊളോഞ്ഞയിലെ ഫ്രാൻസിസ്കൻ ആശ്രമത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.

അന്തോണിയോസിന്റെ ജീവിതവുമായി ബന്ധപ്പെട്ട് ധാരാളം ഐതീഹ്യങ്ങളും നിലവിലുണ്ട്. അതിൽ രണ്ടെണ്ണം മാത്രം ഇവിടെ കുറിക്കുന്നു. അഡ്രിയാറ്റിക് സമുദ്രതീരത്തുള്ള റിമിനി എന്ന സ്ഥലത്തുള്ള നിരീശ്വരവാദികൾ അന്തോണിയോസിനോട് അവജ്ഞയോടെ പെരുമാറിയപ്പോൾ അദ്ദേഹം കടൽത്തീരത്തു പോയി ഏകനായി നിന്നു പ്രസംഗിച്ചു. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ മുൻപിൽ മത്സ്യക്കൂട്ടം പ്രത്യക്ഷപ്പെടുകയും അന്തോണിയോസ് മത്സ്യങ്ങളോട് പ്രസംഗിക്കുകയും ചെയ്തു. ഇതു കണ്ട പ്രദേശവാസികൾ മാനസാന്തരപ്പെടുകയും ദൈവത്തിലേക്ക് തിരിയുകയും ചെയ്തുവെന്നതാണ് കഥ. രണ്ടാമത്തേത്, ഫ്രാൻസിലെ ടുളൂസ് എന്ന സ്ഥലത്ത് പ്രസംഗത്തിനായി ചെന്നപ്പോൾ അവിടെയുള്ള അവിശ്വാസികൾ വിശുദ്ധ കുർബാനയിലുള്ള ക്രിസ്തുസാന്നിധ്യം തെളിയിക്കുന്നതിനായി അന്തോണിയോസിനെ വെല്ലുവിളിച്ചു. അന്തോണിയോസിനെ കളിയാക്കിയ ഒരാൾ പട്ടിണിക്കിട്ട ഒരു കഴുതയെ വിശുദ്ധ കുർബാന എഴുന്നള്ളിച്ചു കൊണ്ടുപോയപ്പോൾ അവിടെ കൊണ്ടുവരികയും ആ സമയത്ത് അതിന് തീറ്റ കൊടുക്കുകയും ചെയ്തു. എന്നാൽ കഴുത തീറ്റ ഉപേക്ഷിച്ചു മുട്ടുകുത്തി നിന്നുവെന്നും അത് അനേകരുടെ വിശ്വാസത്തെ ദൃഢപ്പെടുത്തി എന്നുമാണ് പറയപ്പെടുന്നത്.

തന്റെ ആശ്രമജോലികൾ കൂടാതെ ചിലപ്പോഴൊക്കെ മോണ്ടപെല്ലിയറിലെയും ഫ്രാൻസിലെ ടുളൂസിലെയും യൂണിവേഴ്സിറ്റികളിൽ അധ്യാപനത്തിനായും അന്തോണിയോസ് സമയം കണ്ടെത്തിയിരുന്നു. എന്നാൽ സുവിശേഷപ്രസംഗമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റം വലിയ ദൈവീകദാനമായി കരുതപ്പെട്ടിരുന്നത്. 1226-ൽ ഫ്രാൻസിലെ ആർലെസിൽ വച്ചു നടന്ന സമൂഹത്തിന്റെ ജനറൽ ചാപ്റ്ററിനു ശേഷം അന്തോണിയോസിനെ ഇറ്റലിയുടെ വടക്കൻ പ്രോവിൻസിന്റെ ചുമതലക്കാരനായി നിയമിച്ചു. അങ്ങനെ പാദുവ നഗരം തന്റെ പ്രവർത്തനകേന്ദ്രമായി അദ്ദേഹം തിരഞ്ഞെടുത്തു.

ഒരിക്കൽ ആർക്കും വേണ്ടാത്തവനായിരുന്നു അന്തോണിയോസെങ്കിൽ ഇന്ന് എല്ലാവരും അന്വേഷിക്കുന്നവനും എല്ലാവർക്കും ആവശ്യമുള്ളവനുമായി അദ്ദേഹം മാറി. 1228-ൽ അന്തോണിയോസിന്റെ മുപ്പത്തിമൂന്നാം വയസിൽ റോം സന്ദർശിച്ചപ്പോൾ ഗ്രിഗറി ഒൻപതാം മാർപാപ്പ അവിടെ പ്രസംഗിക്കുന്നതിനായി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വളരെ വ്യത്യസ്തമായ ഈ പ്രസംഗശേഷം മാർപാപ്പ അദ്ദേഹത്തെ “വിശുദ്ധ ഗ്രന്ഥത്തിന്റെ പേടകം” എന്നാണ് വിശേഷിപ്പിച്ചത്. പെന്തക്കോസ്തി റോമിൽ ആവർത്തിക്കപ്പെട്ടു എന്നായിരുന്നു പേപ്പൽ കോർട്ടിലെ അന്നത്തെ കേൾവിക്കാരുടെ പ്രതികരണം.

അന്തോണിയോസിന്റെ അവസാന കാലങ്ങളിലെ പ്രസംഗങ്ങൾ കേൾക്കാൻ മുപ്പതിനായിരത്തിലധികം ആളുകൾ ഒരുമിച്ചുകൂടിയിരുന്നു. ദേവാലയങ്ങളിൽ അവരെ ഉൾക്കൊള്ളാൻ സാധിക്കാതിരുന്നതുകൊണ്ട് പലപ്പോഴും തുറന്ന സ്ഥലങ്ങളിലായിരുന്നു അത്തരം സമ്മേളനങ്ങൾ നടന്നിരുന്നത്. വലിയ രോഗങ്ങൾ അലട്ടിയിരുന്ന അന്തോണിയോസ് 1231 ജൂൺ 13-ന് ഇറ്റലിയിലെ കമ്പോസാംപിയെറോ എന്ന സ്ഥലത്തു നിന്നും പാദുവായിലേക്ക് വരുന്ന വഴിക്ക് തന്റെ മുപ്പത്തിയഞ്ചാം വയസിൽ സ്വർഗ്ഗവാസത്തിനായി പോയി. സാന്ത മരിയ മാത്തർ ഡൊമിനി എന്ന പള്ളിയിൽ അടക്കം ചെയ്തു. പാദുവായിലെ പള്ളിമണികളെല്ലാം അന്തോണിയോസിന്റെ മരണസമയത്തെ തനിയെ നാദം മുഴക്കിയെന്ന ഐതീഹ്യവും നിലവിലുണ്ട്. മുപ്പതു വർഷങ്ങൾക്കു ശേഷം അന്തോണിയോസിന്റെ ഭൗതീകശരീരം ബസിലിക്കയിലേക്ക് മാറ്റുന്ന സമയത്ത് അനേകർക്ക് വചനം പകർന്നുകൊടുത്ത അദ്ദേഹത്തിന്റെ നാവ് ജീര്‍ണ്ണത പ്രാപിക്കാതെയിരുന്നു. ഇന്നും ആ നാവ് പ്രത്യേകമായി ഒരു പേടകത്തിനുള്ളിൽ സുവിശേഷപ്രഘോഷകർക്ക് മാതൃകയും പ്രചോദനവുമേകുന്നതിനായി പാദുവായിലെ അന്തോണിയോസിന്റെ ബസിലിക്കയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.

അന്തരിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പ് നാമകരണം ചെയ്യപ്പെട്ട വിശുദ്ധനാണ് പാദുവായിലെ വി. അന്തോണിയോസ്‌. അന്തോണിയോസിന്റെ മധ്യസ്ഥതയിൽ ഒരുപാട് അത്ഭുങ്ങൾ നടക്കുകയും അദ്ദേഹത്തിന്റെ കബറിടം വലിയ തീർത്ഥാടനസ്ഥലമായി പെട്ടെന്നു തന്നെ മാറുകയും ചെയ്തു. അതിന്റെ അംഗീകാരം കൂടിയായിരുന്നു ഇത്ര പെട്ടെന്ന് ഗ്രിഗറി ഒമ്പതാമൻ മാർപാപ്പയെ അന്തോണിയോസിനെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നത്തിനു പ്രേരിപ്പിച്ച ഘടകം. അദ്ദേഹത്തിന്റെ വലിയ ദൈവശാസ്ത്ര സംഭാവനകളും പ്രബോധനങ്ങളുടെ ആഴവും കണക്കിലെടുത്ത്, പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പ അന്തോണിയോസിനെ സഭയിലെ വേദപാരംഗതനായി 1946 ജനുവരി 16-ന് പ്രഖ്യാപിച്ചു.

ഇന്ന് അന്തോണിയോസിനെ അടക്കം ചെയ്തിരിക്കുന്ന ബസിലിക്ക, സഭയുടെ ഔദ്യോഗിക എട്ടു അന്തര്‍ദേശീയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. പതിമൂന്നാം നൂറ്റാണ്ടിൽ തന്നെ അവിടെ വലിയൊരു ദേവാലയം നിർമ്മിച്ചിരുന്നു. പിന്നീട് പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ അവിടെ വരുന്ന തീർത്ഥാടകരുടെ ബാഹുല്യം കാരണം അത് പുതുക്കിപ്പണിയുകയും ചെയ്തു. അന്തോണിയോസിന്റെ നൊവേന പ്രാർത്ഥനകളും മറ്റ് ഭക്താഭ്യാസങ്ങളും ഇന്ന് ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. കൂടാതെ, അദ്ദേഹം മരിക്കുന്നതിനു മുൻപായി കമ്പോസാംപിയെറോ എന്ന സ്ഥലത്തു നിന്നും പാദുവായിലേക്ക് നടന്നതിനെ അനുസ്മരിച്ച് ആ ഇരുപത്തിയഞ്ചു കിലോമീറ്റർ ദൂരം നടക്കുന്ന അനേകം വിശ്വാസികളുണ്ട്. ഇതിന് “അന്തോണിയോസിന്റെ നടത്തം,” “അവസാന നടത്തം” എന്ന പേരുകളിലൊക്കെയാണ് അറിയപ്പെടുന്നത്. ഇതു കൂടാതെ ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശുദ്ധന്റെ കബറിടത്തിലേക്ക് പദയാത്ര നടത്തി പ്രാർത്ഥിക്കാനായെത്തുന്ന അനേകം തീർത്ഥാടകരും ഉണ്ട്. ദൈവവഴിയിലൂടെ ലാളിത്യത്തോടെ നടക്കാൻ ശ്രമിച്ച് വലിയ അത്ഭുതങ്ങൾ പ്രവർത്തിച്ച അന്തോണിയോസ് യേശുവിനെ മറ്റുള്ളവർക്ക് തന്റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പകർന്നുകൊടുത്തത് നമ്മെ എല്ലായ്പ്പോഴും പ്രചോദിപ്പിക്കേണ്ടതാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.