
ജീവിതത്തിൽ തടസ്സങ്ങളും വിഷമങ്ങളും വരുമ്പോൾ “എല്ലാം ശരിയാകും” എന്ന് കേൾക്കുന്നത് ചിലപ്പോൾ ദേഷ്യമുണ്ടാക്കിയേക്കാം. എന്നാൽ, പോസിറ്റീവായി ചിന്തിക്കുക എന്നാൽ വിഷമങ്ങളെ കണ്ടില്ലെന്ന് നടിക്കുകയോ സങ്കടങ്ങളെ അവഗണിക്കുകയോ ചെയ്യുക എന്നല്ല അർഥം. തിരിച്ചടികളിൽ തളർന്നുപോകാതെ, കൂടുതൽ പ്രത്യാശയോടെയും ധൈര്യത്തോടെയും മുന്നോട്ട് പോകാനുള്ള മനസ്സാണ് പോസിറ്റീവ് ചിന്താഗതി.
എന്താണ് പോസിറ്റീവ് ചിന്ത?
പ്രതിസന്ധികൾ വരുമ്പോൾ അത് ജീവിതത്തിന്റെ അവസാനമല്ലെന്നും, അതിനെയെല്ലാം അതിജീവിക്കാൻ എനിക്ക് സാധിക്കുമെന്നുമുള്ള ഉറച്ച വിശ്വാസമാണത്. സ്വന്തം മനസ്സിനോട് എന്നും നല്ല കാര്യങ്ങൾ സംസാരിക്കുക, വീഴ്ചകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുക, നാളെയെക്കുറിച്ചുള്ള പ്രത്യാശ കാത്തുസൂക്ഷിക്കുക—ഇവയെല്ലാമാണ് നമ്മെ ഒരു പോസിറ്റീവ് ചിന്താഗതിക്കാരാക്കി മാറ്റുന്നത്.
പോസിറ്റീവ് ചിന്ത തരുന്ന പത്ത് കാര്യങ്ങൾ
നമ്മുടെ മനസ്സിന് മാത്രമല്ല, ശരീരത്തിനും വലിയ ഊർജ്ജം നൽകാൻ പോസിറ്റീവ് ചിന്തയ്ക്ക് കഴിയും. ഇതിന്റെ പ്രധാനപ്പെട്ട പത്ത് ഗുണങ്ങൾ താഴെ നൽകുന്നു.
1. മാനസിക സമ്മർദവും ഭാരവും കുറയ്ക്കാൻ സഹായിക്കുന്നു.
2. വിഷാദരോഗം പോലുള്ള മാനസിക ബുദ്ധിമുട്ടുകളിൽ നിന്ന് നമ്മെ കാത്തുസൂക്ഷിക്കുന്നു.
3. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു.
4. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
5. രക്തസമ്മർദം കൃത്യമായി നിലനിർത്തുന്നു.
6. പ്രശ്നങ്ങൾ വരുമ്പോൾ ശരിയായ വഴികൾ കണ്ടെത്താൻ കഴിവ് നൽകുന്നു.
7. ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമായി എളുപ്പത്തിൽ പൊരുത്തപ്പെടാൻ സാധിക്കുന്നു.
8. പുതിയ നല്ല ചിന്തകളും ക്രിയാത്മകമായ ആശയങ്ങളും മനസ്സിൽ നിറയ്ക്കുന്നു.
9. മനസ്സമാധാനവും സന്തോഷവും നിറഞ്ഞ നല്ലൊരു അന്തരീക്ഷം നൽകുന്നു.
10. മികച്ച ആത്മവിശ്വാസവും നേതൃത്വഗുണവും വളർത്തുന്നു.
ചിന്തകളെ മാറ്റിയെടുക്കുക എന്നത് ഒരൊറ്റ ദിവസം കൊണ്ട് നടക്കുന്ന കാര്യമല്ല. എന്നാൽ ദിവസവും നമ്മുടെ മനസ്സിനോട് പോസിറ്റീവായി സംസാരിക്കാൻ തുടങ്ങിയാൽ പതുക്കെ നമ്മുടെ കാഴ്ചപ്പാടും മാറും. കാര്യങ്ങളെ നല്ല രീതിയിൽ കാണാൻ ശീലിച്ചാൽ സന്തോഷവും ആരോഗ്യവുമുള്ള മനോഹരമായ ഒരു ജീവിതം കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കും.
വിവർത്തനം: ഡിൻസി തോമസ്




