സീറോ മലങ്കര ആഗസ്റ്റ് 27 മത്തായി 10: 40-42 പ്രതിഫല വാഗ്ദാനം (വി. മോനിക്ക)

വിശുദ്ധയായ ഒരു അമ്മയുടെ കണ്ണീരിൽ കുതിർന്ന പ്രാർഥനയുടെ ഫലമായി സഭയ്ക്കു ലഭിച്ച അതിപണ്ഡിതനായ ഒരു മകന്റെയും ആ അമ്മയുടെയും തിരുനാളുകളാണ് ഇന്നും നാളെയും നാം കൊണ്ടാടുന്നത്. തന്റെ ഭർത്താവിന്റെ അവിശ്വസ്തതയും മകന്റെ ദൈവികവഴികളിൽ നിന്ന് മാറിയുള്ള സഞ്ചാരവും വലിയ വേദനകളാണ് മോനിക്കയ്ക്ക് സമ്മാനിച്ചത്. മകന്റെ മാനസാന്തരത്തിനായി എല്ലാ ദിവസവും കണ്ണീരൊഴുക്കിയ ഒരു അമ്മയായിരുന്നു മോനിക്ക. വടക്കൻ ആഫ്രിക്കയിലെ തഗാസ്തെ പ്രദേശത്താണ് (ഇന്നത്തെ അൾജീരിയ) എഡി 322 ൽ മോനിക്ക ജനിക്കുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ വീട്ടുകാർ മോനിക്കയെ പുറജാതിക്കാരനായ പട്രീഷ്യസ് എന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന് വിവാഹം കഴിച്ചുകൊടുത്തു. അയാൾ വലിയ കർക്കശക്കാരനും ദുർവൃത്തനുമായിരുന്നുവെങ്കിലും മോനിക്കയെ ബഹുമാനിച്ചിരുന്നു. എന്നാൽ, അവളുടെ ധർമ്മപ്രവൃത്തികളും പ്രാർഥനാജീവിതവും അയാളെ ദേഷ്യം പിടിപ്പിച്ചിരുന്നു.

അഗസ്റ്റിനെ കൂടാതെ നാവിഗിയൂസ്, പെർപെത്തുവ എന്ന ഒരു മകനും മകളും കൂടി അവർക്കുണ്ടായിരുന്നു. ചെറുപ്പത്തിൽ അഗസ്റ്റിന് മാരകമായ അസുഖം പിടിപെടുകയും അതുവരെ മാമ്മോദീസ നൽകാത്തത മകന്റെ നിത്യരക്ഷയെക്കുറിച്ച് മോനിക്ക വളയരെയധികം വ്യസനിക്കുകയും ചെയ്തു. ഈ സമയത്ത് പട്രിഷ്യസ്, മോനിക്കയുടെ പ്രേരണയാൽ മാമ്മോദീസ നൽകുന്നതിനു സമ്മതിക്കുകയും എന്നാൽ രോഗം ഭേദമായപ്പോൾ അതിന് വിസമ്മതിക്കുകയും ചെയ്തു. അഗസ്റ്റിന് 17 വയസ്സുള്ളപ്പോഴാണ് പിതാവ് മരിക്കുന്നത്. അപ്പോൾ കാർത്തേജിൽ നല്ല ഒരു ജോലി സമ്പാദിക്കുന്നതിലേക്കായി അഗസ്റ്റിൻ പ്രസംഗകല പഠിക്കുന്ന തിരക്കിലായിരുന്നു.

താമസിയാതെ അഗസ്റ്റിൻ മനിക്കേയൻ പാഷണ്ഡതയിൽ ആകൃഷ്ടനായി അത് ജീവിക്കാൻ തുടങ്ങി. വീട്ടിൽ വന്ന് മോനിക്കയോട് ഇത് പറഞ്ഞപ്പോൾ അവൾ അതിയായി ദുഃഖിച്ച് അഗസ്റ്റിനെ ഓടിച്ചെന്നാണ് പറയപ്പെടുന്നത്. പിന്നീട് റോമിലേക്കു പോയ അഗസ്റ്റിനെ തേടി മോനിക്ക അവിടെയെത്തിയപ്പോൾ അഗസ്റ്റിൻ മിലാൻ പട്ടണത്തിൽ എത്തിയിരുന്നു. മിലാനിലെ ബിഷപ്പായിരുന്ന അംബ്രോസിന്റെ അരികിലെത്തിയ മോനിക്കയോട് “കണ്ണുനീരിന്റെ മകൻ ഒരിക്കലും നശിച്ചുപോകയില്ല” എന്ന് അദ്ദേഹം പറഞ്ഞതായി അഗസ്റ്റിൻ രേഖപ്പെടുത്തിയിട്ടുണ്ട്. വി. അംബ്രോസിന്റെ പ്രസംഗങ്ങൾ അഗസ്റ്റിനെ മാനസാന്തരപ്പെടുത്തുകയും തുടർന്ന് അദ്ദേഹത്തിൽ നിന്നും മാമ്മോദീസ സ്വീകരിക്കുകയും ചെയ്തു. ആഫ്രിക്കയിലേക്ക്  തിരികെപ്പോകുന്ന സമയത്ത് ഇറ്റലിയിലെ ഓസ്തിയ എന്ന സ്ഥലത്തു വച്ച് എഡി 387 ൽ മോനിക്ക മരിക്കുന്നു. അമ്മയുടെ മരണത്തിന്റെ സങ്കടത്തിൽ നിന്നുമാണ് അഗസ്റ്റിൻ തന്റെ പ്രസിദ്ധമായ ‘ഏറ്റുപറച്ചിൽ’ (Confessions) എന്ന ഗ്രന്ഥം രചിക്കുന്നത്. അഗസ്റ്റിനെപ്പോലെയുള്ള മക്കളെ നമുക്ക് ലഭിക്കാൻ മോനിക്കയെപ്പോലെയുള്ള അമ്മമാർ എപ്പോഴും ഉണ്ടാകണമേയെന്ന് നമുക്കിന്ന് പ്രാർഥിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.