പരിശുദ്ധ കുർബാനയിൽ ഭക്തിയോടെ സംബന്ധിക്കാൻ ഗായകസംഘത്തെ സഹായിക്കുന്ന ചില ഘടകങ്ങള്‍

ഓരോ പ്രാര്‍ഥനകളിലും, പ്രത്യേകിച്ച് പരിശുദ്ധ കുർബാനയില്‍ ഗായകസംഘത്തിന് ഒരു പ്രധാനസ്ഥാനമുണ്ട്. മറ്റുള്ളവരുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് ഉയർത്താൻ അവരുടെ ആലാപനത്തിലൂടെ സാധിക്കുന്നു. ഗായകസംഘത്തിന് തെറ്റുവരുന്നത് മറ്റുള്ളവരെക്കൂടി അലോസരപ്പെടുത്തിയേക്കാം. അതിനാല്‍ ഏറ്റവും മനോഹരമായ രീതിയിൽ തങ്ങളുടെ ദൗത്യം നിർവഹിക്കാന്‍ ഗായകസംഘത്തെ സഹായിക്കുന്ന ചില ഘടകങ്ങള്‍ പരിചയപ്പെടാം.

1. സമൂഹത്തെ ഉൾക്കൊള്ളിക്കുക

പാട്ടുകളിലൂടെ ദൈവത്തെ സ്തുതിക്കുന്നതിന് സമൂഹത്തെ അനുഗമിക്കുകയാണ് ഗായകസംഘത്തിന്റെ പ്രധാന ചുമതല. അതുകൊണ്ടുതന്നെ പ്രാര്‍ഥനകൾക്ക് മറുപടി പറയാനും പാട്ടുകൾ പാടാനും സമൂഹത്തിനുള്ള സ്ഥാനത്തെ മാനിച്ചുകൊണ്ടുതന്നെ ഗായകസംഘം പാട്ടുകളെയും പ്രാർഥനകളെയും ക്രമീകരിക്കേണ്ടതാണ്.

2. പരിശുദ്ധ കുർബാന ഒരു സംഗീതക്കച്ചേരിയല്ല

പരിശുദ്ധ കുർബാനയും പ്രാർഥനകളും ഒരു സംഗീതക്കച്ചേരിയുടെ വേദിയല്ല എന്ന് മനസ്സിലാക്കി, സമൂഹത്തെക്കൂടി അതില്‍ ഉൾപ്പെടുത്തിക്കൊണ്ടുവേണം ഓരോ പാട്ടുകളും തിരഞ്ഞെടുക്കാനും ആലപിക്കാനും. നമ്മുടെ കഴിവുകളില്‍ ഏറ്റവും മികച്ചത് ദൈവത്തിനു നൽകാൻ നാം വിളിക്കപ്പെട്ടിരിക്കുമ്പോഴും മറ്റുള്ളവരുടെ ഹൃദയങ്ങളെ പ്രാർഥനയിലേക്ക് ഉയർത്താൻ കഴിയുന്നതാണ് നമ്മുടെ പാട്ടുകൾ എന്നുകൂടി വിലയിരുത്താൻ നാം മറന്നുപോകരുത്.

3. ഉചിതമായ പാട്ടുകൾ തിരഞ്ഞെടുക്കുക

ഓരോ പ്രാർഥനയുടെയും പരിശുദ്ധ കുർബാനയുടെയും പ്രത്യേകതകളനുസരിച്ച് ഉചിതമായ പാട്ടുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. കാരണം ഒരു നോമ്പുകാലഗാനം ഈസ്റ്റർ ദിനത്തിൽ പാടുന്നത് ഉചിതമല്ലല്ലോ. അതുപോലെ ഓരോ സന്ദർഭത്തിനുമനുസരിച്ചുള്ള പ്രാർഥനാനിർഭരമായ പാട്ടുകൾ തിരഞ്ഞെടുക്കുന്നതിലൂടെ നാം നമ്മുടെ കടമ കൃത്യമായി നിർവഹിക്കുന്നു.

4. ആത്മീയപരാമർശങ്ങളുള്ള ഗാനങ്ങൾ ഉപയോഗിക്കുക

സങ്കീർണ്ണവും എളുപ്പത്തിൽ മനസ്സിലാകാത്തതും ദൈവാലയസംവിധാനങ്ങള്‍ക്ക് അനുയോജ്യമല്ലാത്തതുമായ ഗാനങ്ങൾ ഉപയോഗിക്കുന്നത് മറ്റുള്ളവരുടെ പ്രാർഥനയെക്കൂടി തടസ്സപ്പെടുത്താൻ കാരണമാകും. അതുകൊണ്ടുതന്നെ മറ്റുള്ളവരിൽ ആത്മീയ ഉത്കർഷം വരുത്തുന്ന രീതിയിലുള്ള പാട്ടുകൾ ഉപയോഗിക്കുന്നത് മറ്റുള്ളവരെയും പ്രാര്‍ഥിക്കാൻ സഹായിക്കുന്നു.

5. ആരാധനക്രമ ഗാനങ്ങൾ ഉപയോഗിക്കുക

പുതിയ പുതിയ ഗാനങ്ങൾ നമ്മുടെ പ്രാർഥനകളിലും കുർബാനകളിലും ഉപയോഗിക്കുന്നതിലൂടെ, സഭയുടെ ചരിത്രത്തിന്റെ ഭാഗമായി സംഗീതപൈതൃകം ഉൾക്കൊണ്ടുകൊണ്ട് കാലങ്ങളായി കൈമാറിവന്നിരുന്ന പല പാട്ടുകളും ഇന്ന് നഷ്ടമായിട്ടുണ്ട്. പുതിയ പാട്ടുകൾ ഉപയോഗിക്കാൻ പാടില്ല എന്നല്ല, ആരാധനക്രമത്തോടു ബന്ധപ്പെട്ടുകിടക്കുന്ന ഗാനങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് പാട്ടുകളെ തിരഞ്ഞെടുക്കാൻ പരിശ്രമിക്കാം.

6. റെക്കോർഡുകളെക്കാളും ട്രാക്കുകളെക്കാളും കഴിവുകൾ ഉപയോഗിച്ച് പാടുക

പലപ്പോഴും റെക്കോർഡ് ചെയ്ത ഗാനങ്ങളും ട്രാക്കുകളും ഉപയോഗിക്കുന്ന ഒരു പതിവ് നമ്മുടെ ഇടയിലുണ്ട്. എന്നാൽ യഥാർഥത്തിൽ അത് കൃത്രിമപ്പൂക്കൾ കൊണ്ടുള്ള അലങ്കാരംപോലെ വ്യാജമാണ്. ആരാധനക്രമത്തിലുള്ള ആലാപനം ഒരു ജനതയുടെ പ്രാർഥനയും ആരാധനയുമാണ്. അതിനെ ഒരിക്കലും നിർമ്മിക്കാൻ കഴിയുകയില്ല. അതുകൊണ്ടുതന്നെ നമ്മുടെ സർവകഴിവുകളും ഉപയോഗിച്ചു പാടുന്നതും സംഗീതോപകരണങ്ങൾ വായിക്കുന്നതുമാണ് ദൈവം കൂടുതൽ ഇഷ്ടപ്പെടുന്നത്.

7. നന്നായി ഒരുങ്ങുക

എല്ലാ പാട്ടുകളും നമുക്ക് അറിയാമെങ്കിലും ദൈവത്തിനുമുൻപിൽ അവ ആലപിക്കാൻ നാം കൂടുതൽ ഒരുങ്ങേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പാട്ടുകൾ നേരത്തെ തിരഞ്ഞെടുക്കാനും പരിശീലിക്കാനും ശ്രമിക്കുന്നത് നമ്മുടെ ദൗത്യത്തെ കൂടുതൽ മനോഹരമാക്കും.

8. ഹൃദയപൂർവം പാടുക

പാടുന്നവൻ ഇരട്ടിതവണ പ്രാര്‍ഥിക്കുന്നു എന്നാണ് ആത്മാക്കൾ നമ്മെ ഓർമ്മിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ഗായകസംഘം എന്നനിലയിൽ നാം പാട്ടുപാടുന്നതിലൂടെ നാം രണ്ടുതവണ പ്രാർഥിക്കുകയും മറ്റുള്ളവരെ പ്രാർഥിക്കാൻ സഹായിക്കുകയുമാണ് ചെയ്യുന്നത്. ഈ വലിയ ദൗത്യത്തിന്റെ ആഴം മനസ്സിലാക്കിക്കൊണ്ട് നമ്മുടെ പാട്ടുകൾ ഹൃദയപൂർവം ആലപിക്കാൻ നമുക്ക് പരിശ്രമിക്കാം. അത് ഒരുപാട് ഹൃദയങ്ങളെ പ്രാർഥിക്കാൻ സഹായിക്കുകയും ദൈവതിരുമുൻപിൽ സ്വീകാര്യമാവുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.