
ഓരോ ദിവസവും നേരം പുലരുന്നത് നമുക്കു മുന്നിൽ നിറഞ്ഞ തീൻമേശകളുമായാണ്. എന്നാൽ, ഭൂമിയുടെ മറ്റുചില കോണുകളിൽ ദശലക്ഷക്കണക്കിന് മനുഷ്യർ ഒരുപിടി അന്നത്തിനായി പരക്കം പായുന്നുവെന്നത് നമ്മെ നിശ്ശബ്ദരാക്കുന്ന യാഥാർഥ്യമാണ്. സംഘർഷങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും സാമ്പത്തിക തകർച്ചയും മൂലം ലക്ഷക്കണക്കിന് കുഞ്ഞുങ്ങളാണ് ഓരോ രാത്രിയും വിശപ്പ് സഹിച്ച് ഉറങ്ങാൻ കിടക്കുന്നത്. മാതാപിതാക്കൾ തങ്ങളുടെ വയറ് നിറയ്ക്കാൻ കഴിയാതെ, മക്കൾക്കു മുന്നിൽ കണ്ണീരടക്കി നിൽക്കുന്ന എത്രയോ ഹൃദയഭേദകമായ കാഴ്ചകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളത്.
2026 ലെ ലോക ഭക്ഷ്യദിനത്തിൽ ‘ഇന്ന് നവീകരിക്കാം, നാളെയെ പോഷിപ്പിക്കാം’ (Innovate today, Nourish tomorrow) എന്നതാണ് പ്രധാന സന്ദേശം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും വിശപ്പ് തുടച്ചുനീക്കാനും നൂതന മാർഗങ്ങളും കൂട്ടായ പരിശ്രമങ്ങളും എത്രമാത്രം അത്യന്താപേക്ഷിതമാണെന്ന് ഈ ചിന്താവിഷയം നമ്മെ ഓർമ്മിപ്പിക്കുന്നു.
വിശപ്പ് ഒരു മഹാമാരിയായി മാറുന്ന ഇടങ്ങൾ
സുഡാൻ
2023 മുതൽ തുടരുന്ന ആഭ്യന്തര സംഘർഷം, ദശലക്ഷക്കണക്കിന് ആളുകളുടെ പലായനം, കൃഷിയിടങ്ങളിലേക്കും വിപണികളിലേക്കും ജീവകാരുണ്യ സഹായങ്ങളിലേക്കുമുള്ള പ്രവേശനം തടസ്സപ്പെടൽ എന്നിവ മൂലം ലോകത്തിലെ ഏറ്റവും ഗുരുതരമായ വിശപ്പിന്റെ പ്രതിസന്ധിയാണ് സുഡാൻ അഭിമുഖീകരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുപ്രകാരം ജനസംഖ്യയുടെ പകുതിയോളം വരുന്ന ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുകയാണ്. എൽ ഫാഷർ (El Fasher), കദുഗ്ലി (Kadugli) എന്നിവിടങ്ങളിൽ പട്ടിണി മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് 20 പ്രദേശങ്ങൾ കൂടി കടുത്ത പട്ടിണി ഭീഷണിയിലാണ്. സുഡാനിലെ അത്യാവശ്യ സേവനങ്ങളുടെ തകർച്ച രാജ്യത്തെ കൂടുതൽ വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകുന്നു.
തെക്കേ സുഡാൻ
ജനസംഖ്യയുടെ പകുതിയിലധികം ആളുകളും കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന, നീണ്ടുനിൽക്കുന്ന ഒരു അവസ്ഥയിലൂടെയാണ് തെക്കേ സുഡാൻ കടന്നുപോകുന്നത്. ആഭ്യന്തര സംഘർഷങ്ങളും വൻതോതിലുള്ള പലായനവും കുടുംബങ്ങൾക്ക് കൃഷി ചെയ്യാനും വിപണികളിൽ എത്തിച്ചേരാനുമുള്ള അവസരങ്ങൾ തടസ്സപ്പെടുത്തുന്നു. ഏകദേശം 77 ലക്ഷം ആളുകളാണ് കടുത്ത പ്രതിസന്ധിയിലോ, അതിലും മോശമായ അവസ്ഥയിലോ ഉള്ളത്. സാഹചര്യങ്ങൾ കൂടുതൽ വഷളായാൽ ചില പ്രദേശങ്ങൾ കടുത്ത പട്ടിണിയിലേക്ക് വീഴാനുള്ള ഗുരുതരമായ അപകടസാധ്യതയിലുമാണ്.
ഹെയ്തി
സായുധസംഘങ്ങളുടെ അതിക്രമങ്ങൾ വിതരണശൃംഖലയെ തടസ്സപ്പെടുത്തുകയും വിപണികളിലേക്കുള്ള പ്രവേശനം ഇല്ലാതാക്കുകയും കുടുംബങ്ങളെ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നതു മൂലം ഹെയ്തിയിലെ ഭക്ഷ്യപ്രതിസന്ധി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. അതേസമയം, സാമ്പത്തിക തകർച്ചയും ഇറക്കുമതി ചെയ്ത ഭക്ഷണത്തെ മാത്രം ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയും മൂലം ജനങ്ങൾക്ക് അടിസ്ഥാന ആഹാരങ്ങൾ പോലും വാങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
മാലി
ലോക ഭക്ഷ്യവസ്തുക്കളുടെ കണക്കുപ്രകാരം, രാജ്യത്തിന്റെ വടക്കൻ, മധ്യ ഭാഗങ്ങളിൽ സായുധ സംഘർഷങ്ങൾ, പലായനങ്ങൾ എന്നിവയെല്ലാം ഒരേസമയം നേരിടുന്ന സ്ഥലമാണ് മാലി. ഏകദേശം 15 ലക്ഷം ആളുകളാണ് കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയോ, അതിലും മോശമായ അവസ്ഥയോ നേരിടുന്നത്. ചില പ്രദേശങ്ങളിലാകട്ടെ ആയിരക്കണക്കിന് ആളുകൾ പട്ടിണിക്ക് സമാനമായ സാഹചര്യങ്ങളുടെ ഭീഷണിയിലാണ്. കൃഷി പുനരുജ്ജീവിപ്പിക്കുക, വിപണികൾ പുനർനിർമ്മിക്കുക, ജനങ്ങളുടെ അതിജീവനശേഷി ശക്തിപ്പെടുത്തുക എന്നിവയോടൊപ്പം തന്നെ ഭക്ഷ്യസഹായം, പോഷകാഹാര പദ്ധതികൾ, ശുദ്ധജലം, ആരോഗ്യസംരക്ഷണം എന്നിവയും കുടുംബങ്ങൾക്ക് അടിയന്തിരമായി ആവശ്യമാണ്.
ഭക്ഷ്യക്ഷാമം വെറുമൊരു ശാരീരിക ബുദ്ധിമുട്ടല്ല, മറിച്ച് അത് മനുഷ്യന്റെ പ്രതിരോധശേഷിയെ തകർക്കുകയും മാരകമായ രോഗങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് കൊച്ചുകുട്ടികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ദീർഘകാലമായുള്ള പട്ടിണി കുട്ടികളുടെ ശാരീരിക വളർച്ചയെയും ബുദ്ധിപരമായ വികാസത്തെയും ഗുരുതരമായി ബാധിക്കുന്നു. ഭക്ഷണം എന്നത് ഏതൊരു മനുഷ്യന്റെയും അടിസ്ഥാന അവകാശമാണ്. ആരും പട്ടിണി കിടക്കാത്ത ഒരു ലോകം കെട്ടിപ്പടുക്കുക എന്നത് ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല, മറിച്ച് ആഗോള സമൂഹത്തിന്റെ കൂട്ടായ കടമയാണ്. ഒരു പിടി ഭക്ഷണം പോലും പാഴാക്കാതെ സൂക്ഷിക്കാമെന്നും വിശക്കുന്നവന്റെ കണ്ണീരൊപ്പാൻ കൈകോർക്കാമെന്നും ഈ ലോക ഭക്ഷ്യദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.




