ഫ്രാൻസിസ് പാപ്പയുടെ ഹൃദയസ്പർശിയായ അവസാനത്തെ ആറു സംഭവങ്ങൾ

പുതിയ മാർപാപ്പ ജനമനസുകളിൽ സ്ഥാനം നേടിക്കഴിഞ്ഞിട്ടും കോടിക്കണക്കിന് വിശ്വാസികൾ ഇപ്പോഴും ഫ്രാൻസിസ് പാപ്പയെ ഓർമ്മിക്കാറുണ്ട്. കാരണം, തന്റെ നിലപാടുകൾക്കൊണ്ടും പ്രവർത്തികൾക്കൊണ്ടും സംസാരംകൊണ്ടും ഫ്രാൻസിസ് പാപ്പ ഈ ലോകത്തെ അത്രമേൽ സ്വാധീനിച്ചിരുന്നു. ഏപ്രിൽ 21 ന് ഈ ലോകത്തിൽ നിന്നും വിടവാങ്ങിയ ഫ്രാൻസിസ് പാപ്പയുടെ ഹൃദയസ്പർശിയായ അവസാനത്തെ ആറു സംഭവങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

​ഫെബ്രുവരി 12: അവസാനത്തെ പൊതു കൂടിക്കാഴ്ച

2025 ഫെബ്രുവരി 12 – ന് ഫ്രാൻസിസ് പാപ്പാ ക്ഷീണിതനായിരുന്നെങ്കിലും വിശ്വാസികളെ പഠിപ്പിക്കാനും അവരെ കാണാനും പാപ്പാ ആഗ്രഹിച്ചു. ബ്രോങ്കൈറ്റിസ് കാരണം പാപ്പായ്ക്ക് പ്രസംഗിക്കാൻ കഴിഞ്ഞില്ല. എങ്കിലും ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ നിങ്ങൾക്ക് സമാധാനമുണ്ടാകട്ടെ’ എന്ന് പറഞ്ഞ് പാപ്പാ വിശ്വാസികളെ അഭിസംബോധന ചെയ്തു. ​

രണ്ട് ദിവസത്തിന് ശേഷം ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടർന്ന് പാപ്പായെ റോമിലെ അഗോസ്റ്റിനോ ജെമെല്ലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഏകദേശം ആറാഴ്ചയോളം പാപ്പാ ആശുപത്രിയിൽ തുടർന്നു.

​മാർച്ച് 6: ആശുപത്രിയിൽ നിന്നുള്ള ഓഡിയോ സന്ദേശം ‘ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, പരിശുദ്ധ അമ്മ നിങ്ങളെ കാക്കട്ടെ’.

ജെമില്ലി ആശുപത്രിയിൽ പാപ്പാ മൂന്നാഴ്ചയോളം പിന്നിട്ടപ്പോൾ താൻ അരികിലുണ്ടെന്ന് അറിയിക്കാനും പ്രാർഥനകൾ അഭ്യർഥിക്കാനുമായി മാർപ്പാപ്പ ഒരു ഓഡിയോ സന്ദേശം വിശ്വാസികൾക്കായി അയച്ചു. “ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, പരിശുദ്ധ അമ്മ നിങ്ങളെ കാക്കട്ടെ ” എന്ന് പറഞ്ഞ് പാപ്പ പ്രാർഥനകൾ അഭ്യർഥിച്ചു. കഷ്ടപ്പാടിന്റെ സമയത്തും ഇടയൻ തന്റെ അജഗണത്തെ ഓർക്കുന്നു എന്നതിന്റെ തെളിവായിരുന്നു അത്.

​മാർച്ച് 23 : ജെമെല്ലി ആശുപത്രിയുടെ ജനാലയിലൂടെയുള്ള ആശീർവാദം

ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ആദ്യമായി ഫ്രാൻസിസ് മാർപ്പാപ്പ പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു. തനിക്കുവേണ്ടി പ്രാർഥിക്കാനും ആശുപത്രി കവാടത്തിൽ തടിച്ചുകൂടിയ വിശ്വാസികളെ അനുഗ്രഹിക്കാനും പാപ്പാ ജെമെല്ലിയുടെ ജനലിലൂടെ പുറത്തേക്ക് നോക്കി ഏറെ പ്രയാസപ്പെട്ടുകൊണ്ട് കുരിശടയാളം വരച്ച് വിശ്വാസികളെ ആശിർവദിച്ചു. രോഗിയായിരുന്നിട്ടും അവസാന നിമിഷം വരെയും ഇടയന്റെ കരുതലോടെ തുടർന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അവസാന ആശീർവാദത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇത്.

ഏപ്രിൽ 16 : അവസാന തമാശ

രോഗബാധിതനായിരിക്കുമ്പോഴും പാപ്പ തൻ്റെ നർമ്മബോധം നിലനിർത്തി. ആശുപത്രിയിൽ പരിചരിച്ചവരെ വത്തിക്കാനിൽ സ്വീകരിച്ച പാപ്പ ഒരു ചിരിയോടെ ഇങ്ങനെ പറഞ്ഞു ” സ്ത്രീകളാണ് ചുമതലയേൽക്കുന്നതെങ്കിൽ കാര്യങ്ങൾ സുഗമമായി നടക്കും.”

തമാശ പറയാനുള്ള പാപ്പയുടെ ഈ കഴിവ് വേദനയിലും പാപ്പാ ലോകത്തോട് എത്രത്തോളം അടുപ്പം പുലർത്തിയിരുന്നു എന്ന് കാണിക്കുന്നു.

​ഏപ്രിൽ 17: പെസഹാ വ്യാഴാഴ്ച ജയിൽ സന്ദർശനം

ന്യൂമോണിയയിൽ നിന്ന് കരകയറുന്നതിനിടയിൽ പെസഹാ വ്യാഴാഴ്ച റോമിലെ റെജീന കോയ്ലി ജയിലിലെത്തി 70 – ഓളം തടവുകാരെ പാപ്പാ സന്ദർശിച്ചു. ഈ വർഷം കാൽ കഴുകൽ ചടങ്ങ് നടത്താൻ കഴിയില്ലെങ്കിലും അവരോട് അടുത്ത് നിൽക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് പാപ്പ പറഞ്ഞു. ഏറ്റവും താഴ്ന്നവരോടുള്ള പാപ്പായുടെ ഇഷ്ടം ഈ സന്ദർശനം നമുക്ക് വ്യക്തമാക്കി തരുന്നു.

​ഏപ്രിൽ 20 : അവസാനത്തെ പൊതുകൂടിക്കാഴ്ചയും അവസാന ആശീർവാദവും പോപ്പ് മൊബൈലിലെ അവസാന യാത്രയും

2025 ഏപ്രിൽ 20 ഈസ്റ്റർ ദിനത്തിലായിരുന്നു പാപ്പയുടെ അവസാന പൊതുകൂടിക്കാഴ്ച. പാപ്പാ വിശ്വാസികൾക്ക് ആശീർവാദം നൽകി. വളരെയധികം ക്ഷീണിതനായിരുന്നെങ്കിലും 2013 മാർച്ച് മുതൽ നയിച്ച സഭയ്ക്ക് തന്റെ അവസാന സ്നേഹം നൽകാൻ പാപ്പ തയ്യാറായിരുന്നു.

തുടർന്ന് പാപ്പ അവസാനമായി പോപ്പ് മൊബൈലിൽ സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിലൂടെ സഞ്ചരിച്ചു. സഹനങ്ങളെയും പ്രതീക്ഷയെയും അടയാളപ്പെടുത്തുന്ന നിശബ്ദമായ ‘വിടവാങ്ങൽ’ ആയിരുന്നു അത്.

സീനിയ എൽസ ഇഗ്‌നേഷ്യസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.