ആറ് പുതിയ കർദ്ദിനാൾമാർ: ഏഷ്യൻ ഭൂഖണ്ഡത്തിന് ഇത് അനുഗ്രഹീത നിമിഷം

ഏഷ്യൻ ഭൂഖണ്ഡത്തിനു വേണ്ടി പുതിയ ആറ് കർദ്ദിനാൾമാരെയാണ് ഫ്രാൻസിസ് പാപ്പാ ഇന്ന് നിയമിക്കുന്നത്. മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ പങ്കെടുക്കാനുള്ള 132 പേരിൽ 21 പേർ ഏഷ്യയിൽ ജനിച്ചതോ, അല്ലെങ്കിൽ ഇവിടെ ശുശ്രൂഷ നിർവ്വഹിക്കുന്നവരോ ആണ്. സുവിശേഷവൽക്കരണത്തിനും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും ഫ്രാൻസിസ് പാപ്പാ നൽകുന്ന പ്രാധാന്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.

18 ഏഷ്യൻ രാജ്യങ്ങളിൽ ഇപ്പോൾ ഒന്നോ അതിലധികമോ കർദ്ദിനാൾമാർ ഉണ്ട്. ഏഷ്യയിൽ മൊത്തത്തിൽ 31 കർദ്ദിനാൾമാരുണ്ട്. അതിൽ പത്തു പേർ ഇലക്ടറാകാനുള്ള പ്രായത്തിനു മുകളിലുള്ളവരാണ്. ഏഷ്യയിൽ ഏറ്റവും കൂടുതൽ കർദ്ദിനാൾമാരുള്ള രാജ്യം ഇന്ത്യയാണ്.

54-കാരനായ കർദ്ദിനാൾ വിർജിലിയോ ഡോ കാർമോ ഡ സിൽവ, ഡിലിയിലെ ആർച്ചുബിഷപ്പാണ്. തിമോർ-ലെസ്റ്റെ – തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രവും ഫിലിപ്പീൻസിനു ശേഷം ഏഷ്യയിലെ ഏറ്റവും കത്തോലിക്കാ രാജ്യവുമാണ്.

1. ഈസ്റ്റ് തിമോറിലെ ആദ്യ കർദ്ദിനാൾ – കർദ്ദിനാൾ വിർജിലിയോ ഡോ കാർമോ ഡ സിൽവ

മെയ് 29-ന് ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാളായി തിരഞ്ഞെടുത്ത കർദ്ദിനാൾ വിർജിലിയോ ഡോ കാർമോ ഡ സിൽവ, ഈസ്റ്റ് തിമോറിൽ നിന്നുള്ള ആദ്യത്തെ കർദ്ദിനാളാണ്. ഈ നിയമനത്തോടെ ഈസ്റ്റ് തിമോറിന് ആദ്യത്തെ കർദ്ദിനാളിനെയാണ് ലഭിച്ചിരിക്കുന്നത്. 54-കാരനായ ഭാവി കർദ്ദിനാൾ ഏഷ്യൻ ദ്വീപ് രാഷ്ട്രമായ ഈസ്റ്റ് തിമോറിലെ പ്രവർത്തനങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. 500 വർഷമായി ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന ഒരു രാജ്യമാണ് ഈസ്റ്റ് തിമോർ. ഈ രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് വെറും 20 വർഷമേ ആയിട്ടുള്ളു. 96% കത്തോലിക്കരുള്ള തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു ചെറിയ രാജ്യമാണിത്.

1967-ൽ ഈസ്റ്റ് തിമോറിലെ വെനിലാലെയിൽ ജനിച്ച അദ്ദേഹം ഫിലിപ്പീൻസിലെ മനിലയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. അദ്ദേഹം 1998-ൽ വൈദികനായി. കിഴക്കൻ തിമോറിലെ സലേഷ്യൻ സന്യാസ സമൂഹത്തിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സേവനമനുഷ്ഠിക്കുമ്പോൾ, 2016-ൽ ദിലി ബിഷപ്പായി നിയമിതനായി.

ഒരു കത്തോലിക്കാ രാജ്യത്തിലെ ആദ്യത്തെ കർദ്ദിനാൾ എന്ന നിലയിൽ, ഈ നിയമനം തിമോർ ജനതയ്ക്കും സഭയ്ക്കും ദൈവം നൽകിയ സമ്മാനമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇന്തോനേഷ്യയുടെ 24 വർഷത്തെ അധിനിവേശത്തിൻകീഴിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രസ്ഥാനത്തിലുടനീളം ശക്തമായ രാഷ്ട്രീയശബ്ദമായി കത്തോലിക്കാ സഭ പ്രവർത്തിച്ചു. ഈ ചെറിയ രാജ്യം ഇപ്പോഴും പുനർനിർമ്മിക്കാനുള്ള ശ്രമത്തിലാണ്.

2. സിംഗപ്പൂരിലെ ആദ്യ കർദ്ദിനാൾ -കർദ്ദിനാൾ വില്യം ഗോ സെങ് ചൈ 

64-കാരനായ കർദ്ദിനാൾ വില്യം ഗോ സെങ് ചൈ, ഏക ചൈനീസ് വംശജനായ കർദ്ദിനാൾ ആണ്. 1957-ൽ ചൈനീസ് മാതാപിതാക്കളിൽ നിന്നും അദ്ദേഹം സിംഗപ്പൂരിൽ ആണ് ജനിച്ചത്. അദ്ദേഹം സിംഗപ്പൂരിലെയും റോമിലെ പൊന്തിഫിക്കൽ അർബാനിയൻ യൂണിവേഴ്‌സിറ്റിയിലെയും പഠനത്തിനു ശേഷം 1985-ൽ വൈദികനായി. പിന്നീട് റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ ഡോഗ്മാറ്റിക് തിയോളജി പഠിച്ചു. 2013-ൽ അദ്ദേഹം സിംഗപ്പൂരിലെ ആർച്ച് ബിഷപ്പായി. 2015 മുതൽ 2021 വരെ, മലേഷ്യ, സിംഗപ്പൂർ, ബ്രൂണെ (എംഎസ്ബി) കാത്തലിക് ബിഷപ്പ് കോൺഫറൻസിന്റെ എപ്പിസ്കോപ്പൽ പ്രസിഡന്റായിരുന്നു.

സിംഗപ്പൂരിലെ 3,60,000 കത്തോലിക്കരെ സേവിക്കുന്ന അദ്ദേഹം, അതിരൂപതയുടെ അജപാലന ദർശനത്തിന്റെ ആദ്യ പത്തുവർഷങ്ങൾ പൂർത്തിയാക്കി. വിശ്വാസം പുനരുജ്ജീവിപ്പിക്കുക, വിശ്വാസികളെ നവീകരിക്കുക, ഘടനകളെ പുതുക്കുക എന്നിവയിൽ അദ്ദേഹം പ്രത്യേകമായി ശ്രദ്ധ ചെലുത്തി.

സിംഗപ്പൂരിലെ ആർച്ചുബിഷപ്പിനെ കർദ്ദിനാൾമാരുടെ കോളേജിലേക്ക് ഉയർത്തിയത് കത്തോലിക്കർ ന്യൂനപക്ഷമാണെങ്കിലും പ്രാദേശിക, കുടിയേറ്റ സമൂഹങ്ങളുമായി വളരെയധികം ഇടപെടുന്ന ഒരു രാജ്യത്ത് സഭ വഹിക്കുന്ന ചെറിയതും എന്നാൽ വളരെ സജീവവുമായ പങ്കിനെ പ്രതിഫലിപ്പിക്കുന്നു.

3. ദക്ഷിണ കൊറിയൻ കർദ്ദിനാൾ – കർദ്ദിനാൾ ലസാറസ് യു ഹ്യൂങ്-സിക്ക്

ദക്ഷിണ കൊറിയൻ കർദ്ദിനാൾ ലസാറസ് യു ഹ്യൂങ്-സിക്ക്, കൊറിയയിലെ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിന്റെ ജസ്റ്റിസ് ആൻഡ് പീസ് കമ്മിറ്റിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1957-ൽ ദക്ഷിണ കൊറിയയിലെ ചുങ്‌ചിയോങ്‌നാം-ഡോ പ്രവിശ്യയിലെ നോൻസാനിൽ ജനിച്ച അദ്ദേഹം ദക്ഷിണ കൊറിയയിലും റോമിലും പഠിച്ച ശേഷം 1979 ഡിസംബർ 8-ന് വൈദികനായി. 2003-ൽ ഡെജിയോണിലെ കോഡ്‌ജൂറ്റർ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. ഡെജിയോണിലെ ബിഷപ്പ് എന്ന നിലയിൽ, 2014 ലെ ആറാമത് ഏഷ്യൻ യുവജന ദിനത്തിനായി ഫ്രാൻസിസ് മാർപാപ്പയെ അദ്ദേഹം നഗരത്തിലേക്ക് സ്വാഗതം ചെയ്യുകയും 2018 ൽ യുവജനങ്ങളെക്കുറിച്ചുള്ള ബിഷപ്പുമാരുടെ സിനഡിൽ പങ്കെടുക്കുകയും ചെയ്തു.

കാരിത്താസ് കൊറിയയുടെ പ്രസിഡന്റായിരുന്ന അദ്ദേഹം കാരിത്താസ് ഇന്റർനാഷണലിന്റെ സഹായത്തോടെ ഒരു പ്രധാന സഹായപദ്ധതി ഉത്തര കൊറിയൻ സർക്കാരുമായി ഏകോപിപ്പിച്ചു. കാരിത്താസ് കൊറിയ ഏകദേശം അഞ്ചു ദശലക്ഷം പാവപ്പെട്ട ഉത്തര കൊറിയക്കാരെ സഹായിച്ചു. ഉത്തര കൊറിയയിലേക്ക് നാല് തവണ യാത്ര ചെയ്ത അദ്ദേഹം ഉപദ്വീപിൽ ശാശ്വത സമാധാനവും അനുരഞ്ജനവും പ്രതീക്ഷിക്കുന്നു.

4. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ദളിത് കർദ്ദിനാൾ – കർദ്ദിനാൾ അന്തോണി പൂള

ഇന്ത്യയിലെ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആദ്യത്തെ ദളിത് കർദ്ദിനാളും തെലുങ്ക് ജനതയുടെ ആദ്യത്തെ കർദ്ദിനാളുമാണ് കർദ്ദിനാൾ അന്തോണി പൂള. അദ്ദേഹത്തിന്റെ നിയമനം ദളിത് കത്തോലിക്കർക്കും ഇന്ത്യയിലെ മുഴുവൻ വിശ്വാസികൾക്കും ഒരു സന്തോഷവാർത്തയായിരുന്നു.

1961 നവംബർ 15-ന് ആന്ധ്രാപ്രദേശിലെ കുർണൂലിൽ ജനിച്ച ആർച്ചുബിഷപ്പ് ആന്റണി പൂള 1992 ഫെബ്രുവരി 20-ന് വൈദികനായി അഭിഷിക്തനായി. 2008 ഫെബ്രുവരി 8-ന് കുർണൂൽ ബിഷപ്പായി നിയമിതനായി. 2008 ഏപ്രിൽ 19-ന് അദ്ദേഹം ചുമതലയേറ്റു. ആന്ധ്രാപ്രദേശ് ബിഷപ്‌സ് കോൺഫറൻസിന്റെ യുവജന കമ്മീഷൻ അദ്ധ്യക്ഷനാണ്. 2020 നവംബർ 19-ന് അദ്ദേഹം ഹൈദരാബാദ് ആർച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രാന്തപ്രദേശങ്ങളിലുള്ളവരിലേക്ക് എത്തിച്ചേരാനുള്ള മാർപാപ്പയുടെ ശ്രമങ്ങളാണ് അദ്ദേഹത്തെ കർദ്ദിനാൾ ആക്കിയതിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു കർദ്ദിനാൾ ആയതിനാൽ ദരിദ്രർക്കും ദളിതർക്കും വേണ്ടി അനുകമ്പയും കാരുണ്യവുമുള്ള ഇടയനായിരിക്കാൻ സാധിക്കുമെന്നാണ് നിയുക്ത കർദ്ദിനാളിന്റെ പ്രതീക്ഷ. തന്റെ ശുശ്രൂഷയിൽ, സാമൂഹിക സേവനത്തിന് മുൻഗണന നൽകുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

5. ഗോവ അതിരൂപതയുടെ പ്രഥമ കർദ്ദിനാൾ – കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറോ

265 വർഷം പഴക്കമുള്ള ഗോവ അതിരൂപതയുടെ പ്രഥമ കർദ്ദിനാളാണ് ഗോവയിലെ ആർച്ചുബിഷപ്പായിരുന്ന 69-കാരനായ കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറോ. അദ്ദേഹം കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പ്രസിഡന്റാണ്. കൂടാതെ, ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസസിന്റെ കേന്ദ്ര കമ്മിറ്റി അംഗവുമാണ്.

1953 ജനുവരി 20-ന് അൽഡോണയിൽ ജനിച്ച അദ്ദേഹം പൂനയിലെ സെമിനാരിയിൽ പഠിച്ച് 1979-ൽ രൂപതാ വൈദികനായി. പൊന്തിഫിക്കൽ അർബാനിയൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബൈബിൾ ദൈവശാസ്ത്രത്തിലും ലുമെൻ വിറ്റേ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മതബോധനത്തിലും പാസ്റ്ററൽ തിയോളജിയിലും ബിരുദം നേടിയിട്ടുണ്ട്. അദ്ദേഹം 1993-ൽ ഗോവയുടെ സഹായമെത്രാനായി, 2003-ൽ വി. ജോൺ പോൾ രണ്ടാമൻ ‘ഈസ്റ്റ് ഇന്ത്യയുടെ പാത്രിയാർക്കീസ്’ എന്ന പദവിയോടെ ഗോവയുടെ ആർച്ചുബിഷപ്പായി തിരഞ്ഞെടുത്തു.

“ഇന്ത്യ കടുത്ത ദാരിദ്ര്യത്താൽ വലയുമ്പോൾ, നമ്മുടെ രാജ്യത്തിന്റെ 73% വിഭവങ്ങളും നിയന്ത്രിക്കുന്നത് ജനസംഖ്യയുടെ 10% ആണ്. നിലവിലുള്ളത് അതിനാൽ, രാജ്യത്ത് നിലനിൽക്കുന്ന വ്യാപകമായ സാമൂഹിക അനീതിയുടെ ഫലമാണ് കടുത്ത ദാരിദ്ര്യം” – ജീവകാരുണ്യത്തെക്കുറിച്ചും തന്റെ അതിരൂപതയുടെ സാമൂഹിക ഉത്തരവാദിത്വങ്ങളെക്കുറിച്ചും അദ്ദേഹം എഴുതിയ ഇടയലേഖനത്തിൽ അദ്ദേഹത്തിന്റെ അജപാലനപരവും സാമൂഹികവുമായ ശ്രദ്ധ വ്യക്തമാണ്.

6. ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാൾ – കർദ്ദിനാൾ ജോർജിയോ മാരെംഗോ

മംഗോളിയയിലെ ഉലാൻബാതറിലെ അപ്പസ്തോലിക് പ്രീഫെക്റ്റാണ് കർദ്ദിനാൾ ജോർജിയോ മാരെംഗോ IMC. 1974 ൽ ജനിച്ച് 48 വയസ് മാത്രം പ്രായമുള്ള അദ്ദേഹം പുതിയ കർദ്ദിനാൾമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ്. കൂടാതെ കർദ്ദിനാൾമാരുടെ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമാണ്. മംഗോളിയയിൽ 1,300-ലധികം കത്തോലിക്കർ മാത്രമേ ഉള്ളൂ. ലോകമെമ്പാടും ചിതറിക്കിടക്കുന്ന വിശ്വാസികളുടെ ചെറിയ സമൂഹങ്ങളോടുള്ള പാപ്പായുടെ ശ്രദ്ധയും കരുതലും ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കുന്നു.

മംഗോളിയൻ ബുദ്ധമത നേതാക്കളുടെ ഒരു പ്രതിനിധിസംഘത്തോടൊപ്പം അദ്ദേഹം ഫ്രാൻസിസ് മാർപാപ്പയെ മെയ് 28-ന് സന്ദർശിച്ചിരുന്നു. എന്നാൽ, മെയ് 29-ന് മാർപ്പാപ്പയുടെ പ്രഖ്യാപനം തികച്ചും ആശ്ചര്യകരമായിരുന്നു. “ഞങ്ങൾ പല കാര്യങ്ങളും സംസാരിച്ചു, പക്ഷേ മാർപാപ്പ ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല” – കർദ്ദിനാൾ വെളിപ്പെടുത്തുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.