അപകടത്തിന് മുൻപിൽ തോൽക്കാത്ത ‘ബുള്ളറ്റ് ക്വീൻ’ ഷൈനിയുടെ ലഹരിക്കെതിരെയുള്ള പോരാട്ടം

​ലഹരിക്കെതിരെ 34,000 കിലോമീറ്റർ നീണ്ട ഒരു മഹായാത്ര. ഇന്ത്യയുടെ നാല് അതിർത്തികളും തൊട്ട് മുന്നേറിയൊരു പെൺകരുത്ത്. ഒടുവിൽ ഝാൻസിയിൽ വച്ച് വിധി ഒരു ദാരുണമായ അപകടത്തിന്റെ രൂപത്തിൽ ആ യാത്ര തടഞ്ഞു. പക്ഷേ അവിടെയും തോറ്റുകൊടുക്കാൻ അവൾ തയ്യാറല്ല. ​തിരുവനന്തപുരം സ്വദേശിയായ 43 -കാരി ഷൈനി സി.വി. – കേരളക്കരക്ക് ഇവർ ‘ബുള്ളറ്റ് ക്വീൻ’ ആണ്. ‘ലഹരിമുക്ത ഭാരതം’ എന്ന സന്ദേശവുമായി 334 ദിവസമാണ് ഷൈനി തന്റെ റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കിൽ ഇന്ത്യയിലുടനീളം യാത്ര ചെയ്തത്. ‘സെ നോ ടു ഡ്രഗ്സ്’ എന്ന ഒറ്റ ലക്ഷ്യമായിരുന്നു ഈ യാത്രയ്ക്ക് പിന്നിൽ.

​എന്നാൽ 2026 ജൂലൈ 22 -ന് ഉത്തർപ്രദേശിലെ ഝാൻസിക്ക് സമീപം വച്ച് ഷൈനിയുടെ യാത്രയെ കാത്തിരുന്നത് ഒരു വൻ ദുരന്തമായിരുന്നു. എതിർദിശയിൽ വന്ന ടാങ്കർ ലോറി ഷൈനിയുടെ ബൈക്കിലേക്ക് ഇടിച്ചുകയറി. ​തുടയെല്ലുകൾക്കും ഇടുപ്പെല്ലിനും ഗുരുതരമായ ക്ഷതം, കൈകളിൽ പലയിടത്തായി ഒടിവുകൾ, ഇടതുകണ്ണിന്റെ കാഴ്ചയ്ക്ക് മങ്ങൽ, ശരീരത്തിലാകെ 88 തുന്നലുകൾ!

അപകടത്തിന്റെ ആഘാതത്തിൽ പഴയ കാര്യങ്ങൾ പോലുമറിയാതെ ഷൈനി കിടപ്പിലായി. പട്ടാള ഉദ്യോഗസ്ഥരുടെയും സഹ റൈഡർമാരുടെയും സഹായത്തോടെയാണ് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും ജീവൻ തിരികെ ലഭിച്ചതും.

​എന്തുകൊണ്ടാണ് ഷൈനി ഇത്തരമൊരു ദൗത്യം ഏറ്റെടുത്തത് എന്നറിയണമെങ്കിൽ അൽപ്പം പിന്നോട്ട് സഞ്ചരിക്കണം. ​ഒരിക്കൽ രാത്രി യാത്രയ്ക്കിടയിൽ ചായ കുടിക്കാൻ നിന്ന ഷൈനിയോട് ഒരു യുവാവ് വന്ന് ലഹരിമരുന്ന് ഉപയോഗിക്കാനുള്ള ‘പേപ്പർ’ ചോദിച്ചു അതായത് കഞ്ചാവ് പോലുള്ളവ പൊതിഞ്ഞ് സിഗരറ്റ് രൂപത്തിലോ ബ്ലണ്ട് രൂപത്തിലോ വലിക്കുന്നതിനായി ഉപയോഗിക്കുന്ന നേർത്ത കടലാസുകളെയാണ് സാധാരണയായി ഇത്തരത്തിൽ പറയുന്നത്. സ്വന്തം മകന്റെ പ്രായമുള്ള ഒരു ചെറുപ്പക്കാരൻ ലഹരിക്ക് അടിമപ്പെടുന്നത് കണ്ട ആ നിമിഷമാണ്, രാജ്യത്തെ വരുംതലമുറയെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് ഷൈനി ഉറപ്പിച്ചത്.

​24 മണിക്കൂറിനുള്ളിൽ 1,680 കിലോമീറ്റർ ബൈക്കോടിച്ച് ‘ഐറൺ ബട്ട്’ (Iron Butt) റെക്കോർഡ് കരസ്ഥമാക്കിയ ഷൈനി, ആ കരുത്തുമായാണ് ഇന്ത്യ മുഴുവൻ ലഹരിവിരുദ്ധ സന്ദേശമെത്തിക്കാൻ റോഡിലിറങ്ങിയത്. ​ഇന്ന് തിരുവനന്തപുരത്തെ വീട്ടിൽ കട്ടിലിൽ നിവർന്നു കിടക്കാൻ പോലും ബുദ്ധിമുട്ടുമ്പോഴും ഷൈനിയുടെ മനസ്സിൽ നിരാശയല്ല, മറിച്ച് വീണ്ടും റോഡിലിറങ്ങാനുള്ള ആവേശമാണ്.
“സംഭവിച്ചതിനെക്കുറിച്ച് ഓർത്ത് വിഷമിച്ചിരുന്നാൽ ഒന്നും മാറില്ല, മുന്നോട്ട് പോവുകയാണ് വേണ്ടത്” – ഷൈനി പറയുന്നു.

​ഡോക്ടർമാർ വിശ്രമം നിർദേശിച്ചിട്ടുണ്ടെങ്കിലും നടക്കാൻ കഴിയുന്ന ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് ഈ ധീരവനിത. താൻ എവിടെയാണോ വീണത്, അവിടെ നിന്ന് തന്നെ യാത്ര പുനരാരംഭിക്കും എന്നാണ് ബുള്ളറ്റ് ക്വീൻ പറയുന്നത്.

​വീഴ്ചകളിൽ തളരാതെ ലക്ഷ്യത്തിലേക്ക് വീണ്ടും കുതിക്കാൻ തയ്യാറെടുക്കുന്ന കേരളത്തിന്റെ ഈ ബുള്ളറ്റ് ക്വീന് നമുക്ക് ബിഗ് സല്യൂട്ട് നൽകാം. ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ ഷൈനിക്ക് പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചുവരാൻ സാധിക്കട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.