നൈജീരിയയിൽ ആവർത്തിക്കപ്പെടുന്ന ക്രൈസ്തവ കൂട്ടക്കുരുതി; കണ്ണീർ തോരാതെ വിശ്വാസി സമൂഹം

നൈജീരിയയിൽ ക്രൈസ്തവർക്കു നേരെ ആക്രമണങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ നിസ്സംഗത പാലിക്കുകയാണോ ആ രാജ്യത്തെ സർക്കാരും ഭരണാധികാരികളും എന്ന് ആരും സംശയിച്ചുപോകും. കാരണം, കഴിഞ്ഞയാഴ്ച അമ്പതോളം പേരെ കൂട്ടക്കൊല ചെയ്തവരെ അറസ്റ്റ് ചെയ്യാനോ, കണ്ടെത്താനോ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതു തന്നെ. ക്രൈസ്തവർക്കു വേണ്ട സുരക്ഷ ഒരുക്കാൻ നൈജീരിയൻ സർക്കാരിനു സാധിച്ചിട്ടില്ല എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ജൂൺ 19-ന് വീണ്ടും ക്രൈസ്തവ ദൈവാലയത്തിൽ സമാനമായ ആക്രമണം ആവർത്തിക്കപ്പെട്ടത്.

നൈജീരിയയിലെ കടുനയിൽ ബൈക്കിലെത്തിയ ആയുധധാരികൾ രണ്ട് ദൈവാലയങ്ങളാണ് ആക്രമിച്ചത്. ഗ്രാമവാസികളെ ആക്രമിച്ച് അവരുടെ വസ്തുക്കൾ കൊള്ളയടിക്കുകയും നിരവധിപ്പേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. റൂബു ഗ്രാമത്തിലെ മാറാനാത്ത ബാപ്റ്റിസ്റ്റ് പള്ളിയിലും സെന്റ് മോസസ് കത്തോലിക്കാ ദൈവാലയത്തിലുമായിരുന്നു ആക്രമണം. അക്രമികൾ കടകൾ കൊള്ളയടിക്കുകയും വിലപിടിപ്പുള്ള പല വസ്തുക്കളും കൊണ്ടുപോവുകയും ചെയ്തു. സംസ്ഥാന പോലീസ് പിആർഒ മുഹമ്മദ് ജലിഗെ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

നൈജീരിയയിലെ ഒണ്ടോ സംസ്ഥാനത്ത് ദൈവാലയത്തിൽ കൊല്ലപ്പെട്ടവരുടെ മൃതസംസ്ക്കാരം നടന്ന് 48 മണിക്കൂറിനുള്ളിൽ തന്നെയാണ് അടുത്ത ആക്രമണം. ആക്രമണത്തിനു ശേഷം അന്വേഷണങ്ങൾ പുരോഗമിക്കുന്നുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടില്ല.

രണ്ട് ദൈവാലയങ്ങളിലായി നടന്ന ആക്രമണത്തിൽ കടുന ഗവർണർ ദുഃഖം രേഖപ്പെടുത്തുകയും ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. അതേസമയം, സംസ്ഥാനത്തെ കജുരു ലോക്കൽ ഗോമെന്റ് ഏരിയയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടന്നതായി കടുന സ്റ്റേറ്റ് കമ്മീഷണർ ഫോർ ഇന്റേണൽ സെക്യൂരിറ്റി ആൻഡ് ഹോം അഫയേഴ്‌സ് പറഞ്ഞു.

ആവർത്തിക്കപ്പെടുന്ന ആക്രമണങ്ങളും നിസ്സംഗത പാലിക്കുന്ന സർക്കാരും

കടുനയിൽ തന്നെ സമീപകാലത്ത് ക്രൈസ്തവർക്കു നേരെ നടന്നത് നിരവധി ആക്രമണങ്ങളാണ്. 2021 നവംബറിൽ, കടുന സംസ്ഥാനത്തിൽ ഇമ്മാനുവൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ നിന്ന് ഡസൻ കണക്കിന് വിശ്വാസികളെയാണ് അക്രമികൾ തട്ടിക്കൊണ്ടു പോയത്. അവർ ഗ്രാമങ്ങൾ ആക്രമിക്കുകയും സാധാരണക്കാരെ തട്ടിക്കൊണ്ടു പോവുകയും വീടുകൾ കത്തിക്കുകയും ചെയ്യുന്നു. ഇപ്പോഴും തുടരുന്ന ആക്രമണങ്ങൾക്ക് യാതൊരു ശമനവുമില്ല.

ആക്രമണങ്ങൾ ആവർത്തിക്കപ്പെടുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇവിടെ നടക്കുന്ന പല ആക്രമണങ്ങളും വാർത്തകൾ പോലുമാകുന്നില്ല. മാർച്ച് 28-ന് അബുജയിൽ നിന്ന് കടുനയിലേക്കു പോവുകയായിരുന്ന ഒരു ട്രെയിനിൽ തോക്കുധാരികൾ ആക്രമണം നടത്തി ഏഴോളം പേരെ കൊലപ്പെടുത്തി എന്നാണ് സ്ഥിരീകരിച്ച റിപ്പോർട്ട്. നിരവധി പേർക്കാണ് ഈ ആക്രമണത്തിൽ പരിക്കേറ്റത്. ചിലരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു.

തട്ടിക്കൊണ്ടു പോകലിന് ഇരയാകുന്ന സ്‌കൂൾ കുട്ടികൾ

നൈജീരിയയിലെ മറ്റൊരു പ്രതിസന്ധിയാണ് ക്ലാസ് മുറികളിൽ നിന്നും ബോർഡിംഗ് ഹൗസുകളിൽ നിന്നും സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരെ തട്ടിക്കൊണ്ടു പോകുന്നത്. 2020 ഡിസംബർ മുതൽ 1,000-ലധികം വിദ്യാർത്ഥികളെയാണ് തട്ടിക്കൊണ്ടു പോയിട്ടുള്ളത്. അവരിൽ പലരെയും ആയിരക്കണക്കിന് ഡോളർ മോചനദ്രവ്യം നൽകിയാൽ മാത്രമേ വിട്ടയക്കുകയുള്ളൂ എന്നാണ് ഭീഷണി. ഫുലാനി തീവ്രവാദികളും ഇസ്ലാമിക തീവ്രവാദികളുമാണ് ഈ ആക്രമണങ്ങൾക്കു പിന്നിൽ. സാംഫറ, നൈജർ സംസ്ഥാനങ്ങളിലെ സ്‌കൂളുകളിൽ തട്ടിക്കൊണ്ടു പോകൽ ഭീഷണിയെ തുടർന്ന് വടക്കൻ ഡോൺ വരെയുള്ള നൂറുകണക്കിന് സ്‌കൂളുകൾ അടച്ചുപൂട്ടി. മൂന്നു വയസു മാത്രം പ്രായമുള്ള കുട്ടികൾ വരെയാണ് ആക്രമണങ്ങൾക്ക് ഇരയാകുന്നത്.

കഴിഞ്ഞ വർഷം കടുനയിലെ ഒരു സ്‌കൂളിൽ അതിക്രമിച്ചു കയറിയ അക്രമികൾ നിരവധി വിദ്യാർത്ഥികളെ തട്ടിക്കൊണ്ടു പോയി. അവരിൽ ചിലരെ വിട്ടയച്ചെങ്കിലും മറ്റുള്ളവരെക്കുറിച്ചുള്ള യാതൊരു വിവരവുമില്ല. വർഷങ്ങളായി കടുന സംസ്ഥാനത്ത് സുരക്ഷാഭീഷണി നിലനിൽക്കുന്നുണ്ട്.

നൈജീരിയയിലെ വിവിധ സംസ്ഥാനങ്ങളിൽ ആവർത്തിക്കപ്പെടുന്ന ക്രൈസ്തവ കൂട്ടക്കൊലകൾ ഒന്നും തന്നെ വാർത്തകളിൽ ഇടം പിടിക്കുന്നില്ല. ആയിരക്കണക്കിന് ക്രൈസ്തവരെ കൊന്നൊടുക്കിയിട്ടും ഒരാൾ പോലും അറസ്റ്റ് ചെയ്യപ്പെടുകയോ, ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.