
ചരിത്രത്തിൽ വളരെ അദ്ഭുതകരമായി നടന്ന പല മാനസാന്തരങ്ങളുടെയും സാക്ഷ്യങ്ങൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ, തങ്ങളെ കാവൽ ഏൽപ്പിച്ച തടവുകാരന്റെ വാക്കുകളിലും പ്രവൃത്തികളിലും ആകൃഷ്ടരായി, റോമൻ സാമ്രാജ്യത്തിന്റെ അധികാരികളെയും ക്രൂരമായ പീഡനങ്ങളെയും തൃണവൽക്കരിച്ച് വിശുദ്ധ പദവിയിലേക്ക് ഉയർന്ന രണ്ട് കാരാഗൃഹ കാവൽക്കാരുടെ ചരിത്രം ഒരുപക്ഷേ വളരെ വ്യത്യസ്തമായിരിക്കും. അപ്രകാരം ഒരു വിശ്വാസ സാക്ഷ്യമാണ് ‘മാർട്ടിനിയൻ’ (Martinian), ‘പ്രൊസെസസ്’ (Processus) എന്നീ രണ്ട് റോമൻ പടയാളികളുടെ ജീവിതം പങ്കുവയ്ക്കുന്നത്. റോമിൽ തടവിലാക്കപ്പെട്ട വിശുദ്ധ പത്രോസിന് കാവൽ നിന്ന അവസരത്തിലാണ് ഇവർ ക്രിസ്തുവിനെ അറിഞ്ഞതും അനുഭവിച്ചതും. ആ നിമിഷം മുതൽ അവർ തങ്ങളുടെ ജീവിതം ക്രിസ്തുവിനായി മാറ്റിവച്ചു. ക്രൂരമായ പീഡനങ്ങൾക്കു നടുവിലും തങ്ങൾ അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ നെഞ്ചോട് ചേർത്തു പിടിച്ച് മരണം പുൽകിയ ആ രക്തസാക്ഷികളുടെ ജീവിതത്തിലൂടെ നമുക്കും ഒന്ന് കടന്നുപോകാം.
പത്രോസും തടവറയിലെ അദ്ഭുതങ്ങളും
യഹൂദരോടുള്ള വിദ്വേഷവും റോമൻ ഭരണാധികാരികളുടെ ക്രൂരതയും മൂലം പലതവണ തടവിലാക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് വിശുദ്ധ പത്രോസ്. ഒരിക്കൽ ദൈവദൂതൻ നേരിട്ടെത്തി പത്രോസിനെ തടവറയിൽ നിന്നും അദ്ഭുതകരമായി മോചിപ്പിച്ച സംഭവം വിശുദ്ധ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്. എന്നാൽ, റോമിൽ നീറോ ചക്രവർത്തിയുടെ കാലത്ത് അദ്ദേഹം മാമർട്ടൈൻ കാരാഗൃഹത്തിൽ (Mamertine Prison) അടയ്ക്കപ്പെട്ടപ്പോൾ സംഭവിച്ചത് മറ്റൊന്നായിരുന്നു. അവിടെ നിന്നും ഒരു രക്ഷപെടലോ, മോചനമോ അത്ര എളുപ്പമായിരുന്നില്ല.
പത്രോസ് തടവറയിൽ നിന്നും രക്ഷപെടാതിരിക്കാൻ റോമൻ ഭരണകൂടം പ്രത്യേകമായി നിയോഗിച്ച രണ്ട് വിശ്വസ്ത കാവൽക്കാരായിരുന്നു മാർട്ടിനിയനും പ്രൊസെസസും. എന്നാൽ, ഇരുമ്പഴികൾക്കുള്ളിലും പ്രത്യാശ നഷ്ടപ്പെടാതെ, സ്നേഹത്തെക്കുറിച്ചും നിത്യജീവിതത്തെക്കുറിച്ചും സംസാരിച്ച പത്രോസിന്റെ സാന്നിധ്യം ആ പടയാളികളുടെ ഹൃദയങ്ങളെ പതുക്കെ മാറ്റിമറിച്ചു. പത്രോസിന്റെയും അവിടെയുണ്ടായിരുന്ന പൗലോസിന്റെയും പ്രബോധനങ്ങൾ അവരിൽ കത്തോലിക്കാ വിശ്വാസത്തിന്റെ വലിയൊരു അഗ്നി ആളിക്കത്തിച്ചു. അങ്ങനെ അവർ ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ തയ്യാറായി.
കാരാഗൃഹത്തിൽ നടന്ന മാമോദീസയും അദ്ഭുത നീരുറവയും
ക്രിസ്തുമാർഗം സ്വീകരിക്കാൻ ആഗ്രഹിച്ച മാർട്ടിനിയനും പ്രൊസെസസും തങ്ങൾക്ക് ജ്ഞാനസ്നാനം നൽകണമെന്ന് പത്രോസിനോട് അഭ്യർഥിച്ചു. എന്നാൽ തടവറയ്ക്കുള്ളിൽ അതിനുള്ള വെള്ളം ലഭ്യമായിരുന്നില്ല. ക്രൈസ്തവ വിശ്വാസങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച്, ആ കാരാഗൃഹത്തിലെ കരിമ്പാറക്കെട്ടിൽ പത്രോസ് പ്രാർഥിച്ച് കൈവെച്ചപ്പോൾ അവിടെനിന്നും അദ്ഭുതകരമായി തെളിനീരുറവ പൊട്ടിയൊഴുകി. ആ നീരുറവയിലെ വെള്ളം ഉപയോഗിച്ചാണ് പത്രോസ് തന്റെ കാവൽക്കാരായ മാർട്ടിനിയനെയും പ്രൊസെസസിനെയും സ്നാനപ്പെടുത്തി കത്തോലിക്കാ സഭയിലേക്ക് അംഗങ്ങളാക്കിയത്. ഇന്നും റോമിലെ മാമർട്ടൈൻ തടവറ സന്ദർശിക്കുന്ന തീർഥാടകർക്ക് വിശുദ്ധ പത്രോസ് വെള്ളം പുറപ്പെടുവിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ആ നീരുറവ അവിടെ കാണാൻ സാധിക്കും.
വിശ്വാസത്തിന്റെ അഗ്നിപരീക്ഷയും രക്തസാക്ഷിത്വവും
പുതിയ വിശ്വാസം സ്വീകരിച്ചതോടെ ഈ പടയാളികളുടെ ജീവിതം കഠിനമായ പരീക്ഷണങ്ങളെ നേരിട്ടു. തങ്ങളുടെ സഹപ്രവർത്തകരും പൗലീനസ് എന്ന കമാൻഡിംഗ് ഓഫീസറും അവരെ പുതിയ വിശ്വാസത്തിൽ നിന്നും പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചു. റോമൻ ദേവനായ ജൂപ്പിറ്ററിന്റെ ബലിപീഠത്തിൽ ധൂപം അർപ്പിച്ച് റോമൻ നിയമങ്ങൾക്ക് വിധേയപ്പെടാൻ അവർക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടായി. എന്നാൽ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഉറച്ചുനിന്ന മാർട്ടിനിയനും പ്രൊസെസസും അതിന് തയ്യാറായില്ല. ഇതിനെത്തുടർന്ന് ക്രൂരമായ പീഡനങ്ങൾക്ക് അവർ ഇരകളായി. ഒടുവിൽ വിട്ടുവീഴ്ചയില്ലാത്ത വിശ്വാസത്തിന്റെ പേരിൽ അവർ രക്തസാക്ഷികളായി വധിക്കപ്പെട്ടു.
വിശ്വാസത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ഈ വിശുദ്ധ രക്തസാക്ഷികളുടെ തിരുശേഷിപ്പുകൾ പിൽക്കാലത്ത് റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ (St. Peter’s Basilica) ആദരവോടെ അടക്കം ചെയ്യപ്പെട്ടു. കത്തോലിക്കാ സഭയുടെ റോമൻ രക്തസാക്ഷിത്വ പട്ടികയിൽ (Roman Martyrology) ഇടംപിടിച്ച ഇവരുടെ തിരുനാൾ എല്ലാ വർഷവും ജൂലൈ രണ്ടിനാണ് ആചരിക്കുന്നത്.
മാർട്ടിനിയന്റെയും പ്രൊസെസസിന്റെയും ജീവിതം ഒരു വലിയ സന്ദേശമാണ് നൽകുന്നത്. നമ്മുടെ ജീവിതത്തിലെ ഒരു ചെറിയ കൂടിക്കാഴ്ചയ്ക്കോ അല്ലെങ്കിൽ നമ്മൾ ജീവിക്കുന്ന സന്തോഷപൂർണ്ണമായ വിശ്വാസജീവിതത്തിനോ മറ്റുള്ളവരുടെ ചിന്തകളെയും ജീവിതത്തെയും എത്രത്തോളം സ്വാധീനിക്കാൻ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ റോമൻ കാവൽക്കാരുടെ വിശുദ്ധ ജീവിതം.




