നവംബറിൽ ലെയോ പാപ്പ ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങൾ സന്ദർശിക്കും

2026 നവംബറിൽ ലെയോ പാപ്പ ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങളിലേക്ക് അപ്പസ്തോലിക സന്ദർശനം നടത്തുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ്  ഓഫീസ് അറിയിച്ചു. നവംബർ ആറ്‌ മുതൽ 17 വരെയാണ് ലെയോ പതിനാലാമൻ മാർപാപ്പയുടെ ഈ അപ്പസ്തോലിക യാത്ര.

നവംബർ ആറ് മുതൽ എട്ട് വരെ മോണ്ടെവിഡിയോ, പൈസാൻഡു, ഫ്ലോറിഡ എന്നീ നഗരങ്ങളും, നവംബർ എട്ട് മുതൽ 11 വരെ ബ്യൂണസ് ഐറീസ്, കോർഡോബ, ലുഹാൻ എന്നിവയും, നവംബർ 11 മുതൽ 17 വരെ ലിമ, ചിക്കലായോ, കുസ്കോ, പുക്കാൽപ എന്നീ നഗരങ്ങളും പരിശുദ്ധ പിതാവ് സന്ദർശിക്കും. ജനസംഖ്യയുടെ 36% മാത്രം കത്തോലിക്കരുള്ള ഉറുഗ്വേ, ലാറ്റിൻ അമേരിക്കയിൽ ഏറ്റവും കുറവ് കത്തോലിക്കാ വിശ്വാസികളുള്ള രാജ്യമാണ്. എന്നാൽ, അർജന്റീന ലെയോ മാർപാപ്പയുടെ മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയുടെ ജന്മദേശമാണ്. ബ്യൂണസ് ഐറീസിൽ നിന്നുള്ള അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയ്ക്ക് തന്റെ 12 വർഷത്തെ ഭരണകാലത്തിനിടയിൽ ജന്മനാട് സന്ദർശിക്കാൻ കഴിഞ്ഞിരുന്നില്ല.

അവസാനമായി, പെറു ലെയോ മാർപാപ്പയ്ക്ക് വളരെ നന്നായി അറിയാവുന്ന ഒരു രാജ്യമാണ്. 1980 കളിൽ ഒരു മിഷനറിയായാണ് അദ്ദേഹം ആദ്യമായി അവിടെയെത്തിയത്. പിന്നീട് അവിടെ മെത്രാനായി സേവനമനുഷ്ഠിക്കുകയും പൗരത്വം നേടുകയും ചെയ്തു.

11 ദിവസത്തിനുള്ളിൽ പത്ത് നഗരങ്ങൾ സന്ദർശിക്കുന്ന ഈ യാത്ര മാർപാപ്പയുടെ ആറാമത്തെ അന്താരാഷ്ട്ര പര്യടനമായിരിക്കും. സന്ദർശനത്തിന്റെ വിശദമായ സമയക്രമം ഉടൻ പുറത്തുവിടും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.