ഫ്രാൻസിസ് പാപ്പായുടെ ബഹ്‌റൈൻ സന്ദർശനം പൂർത്തിയായി

നവംബർ മൂന്നു മുതൽ ആറു വരെ ഫ്രാൻസിസ് പാപ്പാ നടത്തിയ ബഹ്‌റൈൻ സന്ദർശനം പൂർത്തിയായി. ഈ അപ്പസ്തോലിക സന്ദർശനത്തിന്റെ സമാപനചടങ്ങിനായി മാർപാപ്പ അവാലിയിലെ സഖീർ എയർ ബേസിലെത്തി. അവിടെ മാർപാപ്പയെ ബഹ്‌റൈൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹമദ് ബിൻ ഈസ ബിൻ സൽമാൻ അൽ ഖലീഫയും രാജാവിന്റെ മൂന്ന് മക്കളും ഒരു ചെറുമകനും ചേർന്ന് റോയൽ ഹാളിന്റെ കവാടത്തിൽ സ്വീകരിച്ചു. ഗാർഡ് ഓഫ് ഓണറിനും അതാതു പ്രതിനിധികളുടെ ആശംസകൾക്കും ശേഷം മാർപാപ്പ ഇറ്റലിയിലേക്കു മടങ്ങി.

നവംബർ 4 വ്യാഴാഴ്ച, “ബഹ്‌റൈൻ ഫോറം ഫോർ ഡയലോഗ്: കിഴക്കും പടിഞ്ഞാറും മനുഷ്യസഹവർത്തിത്വത്തിനുള്ള” സമാപനത്തിൽ അദ്ദേഹം പങ്കെടുത്തു. ചടങ്ങിൽ യുദ്ധത്തെയും മരണസംസ്ക്കാരത്തെയും എതിർക്കാൻ ലോകനേതാക്കളോട് പാപ്പാ ആഹ്വാനം ചെയ്തു. മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്സുമായും പാപ്പാ കൂടിക്കാഴ്ച നടത്തി. ‘തീവ്രവാദം യഥാർത്ഥ മതത്തെ നശിപ്പിക്കുന്ന അപകടമാണ്’ എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

നവംബർ 5 ശനിയാഴ്ച, ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ സമാധാനത്തിനും നീതിക്കും വേണ്ടി പാപ്പാ വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിച്ചു. പിന്നീട് സേക്രഡ് ഹാർട്ട് കോളേജിൽ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. പ്രസ്തുത കൂടിക്കാഴ്ചയിൽ, സഭയ്‌ക്ക് ഇപ്പോൾ യുവജനങ്ങളെ കൂടുതൽ ആവശ്യമാണെന്ന് പാപ്പാ വെളിപ്പെടുത്തി.

അപ്പസ്തോലിക സന്ദർശനത്തിന്റെ അവസാന ദിവസമായ നവംബർ ആറിന് തിരുഹൃദയ ദേവാലയത്തിൽ ബിഷപ്പുമാർ, വൈദികർ, സമർപ്പിതർ, വൈദികാർത്ഥികൾ, പാസ്റ്ററൽ ഏജന്റുമാർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മടങ്ങുന്നതിനു മുൻപായി മാർപാപ്പ കത്തീഡ്രലിൽ ഒരു സ്വകാര്യ സന്ദർശനം നടത്തി. ചില പ്രാദേശിക കത്തോലിക്കരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഹൃദയത്തിന്റെ സന്തോഷം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.