കണ്ണീരൊപ്പി ‘കാക്കിപ്പട’; വീരമൃത്യു വരിച്ച സഹപ്രവർത്തകന്റെ മകന് വിസ്മയമൊരുക്കി എഴുപതോളം പൊലീസ് ഉദ്യോഗസ്ഥർ

ഡ്യൂട്ടിക്കിടെയിൽ ജീവൻ വെടിഞ്ഞ അച്ഛന്റെ വേർപാടിൽ വിങ്ങിപ്പൊട്ടുന്ന അഞ്ചുവയസുകാരന് തണലായി കാക്കിപ്പട. ഡ്യൂട്ടിക്കിടെ വെടിയേറ്റു മരിച്ച ഇന്ത്യാന പൊലീസ് ഓഫീസർ റോബ് പിറ്റ്സിന്റെ മകൻ ഡക്കോട്ട പിറ്റ്സിനാണ് സഹപ്രവർത്തകരായ പൊലീസ് ഉദ്യോഗസ്ഥർ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിച്ചത്.

​അച്ഛന്റെ വിയോഗത്തിന് ശേഷം ഡക്കോട്ട ആദ്യമായി സ്കൂളിലേക്ക് മടങ്ങുന്ന ദിവസമായിരുന്നു അത്. സ്കൂളിലേക്ക് പോകാൻ മടിയും ഭയവും തോന്നിയ ആ അഞ്ചുവയസുകാരൻ തന്റെ അമ്മയോട് ഒരു ചെറിയ ആഗ്രഹം പങ്കുവെച്ചു. “അച്ഛന്റെ പൊലീസ് സുഹൃത്തുക്കളിൽ ആരെങ്കിലും ഒരാൾക്ക് എന്നെ ഇന്ന് സ്കൂളിൽ കൊണ്ടുപോയി വിടാനാകുമോ?”

​എന്നാൽ ആ കുരുന്നിന്റെ ചോദ്യം അറിഞ്ഞ പൊലീസ് സേന അവനായി കരുതിവെച്ചത് മറ്റൊന്നായിരുന്നു. അച്ഛന്റെ ഒരു കൂട്ടുകാരന് പകരം എഴുപതോളം പൊലീസ് ഉദ്യോഗസ്ഥരും ഷെരീഫ് ഡെപ്യൂട്ടികളുമാണ് അവനെ സ്വീകരിക്കാൻ സ്കൂൾ മുറ്റത്ത് അണിനിരന്നത്. ​തോളോട് തോൾ ചേർന്ന് സല്യൂട്ട് ചെയ്തുകൊണ്ട് നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിരയിലൂടെയാണ് ഡക്കോട്ട സ്കൂളിലേക്ക് നടന്നത്. കഴുത്തിൽ തന്റെ അച്ഛന്റെ പൊലീസ് ബാഡ്ജ് ധരിച്ചെത്തിയ ഡക്കോട്ടയെ പൊലീസ് ഉദ്യോഗസ്ഥർ ചേർത്തുപിടിക്കുകയും, അവനായി പ്രത്യേകം തയ്യാറാക്കിയ ‘സ്വാറ്റ്’ ഷർട്ടും പുതിയ ബാഡ്ജും സമ്മാനിക്കുകയും ചെയ്തു.

​”നീ ഒറ്റയ്ക്കല്ല അച്ഛന്റെ ഈ വലിയ കുടുംബം എപ്പോഴും നിനക്കൊപ്പമുണ്ടാകും” എന്ന ഉറപ്പാണ് ആ ഉദ്യോഗസ്ഥർ അവന് നൽകിയത്. ​രക്തബന്ധത്തിനപ്പുറം സൗഹൃദത്തിന്റെ കൂട്ടായ്മയും സ്നേഹവും തെളിയിച്ച ഈ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ കണ്ണുകളെ ഈറനണിയിച്ചു. അച്ഛന്റെ ത്യാഗം വെറുതെയാകില്ലെന്നും രാജ്യത്തെ കാക്കുന്ന വലിയൊരു പൊലീസ് കുടുംബം ഇനി അങ്ങോട്ട് തനിക്ക് കാവലായുണ്ടാകുമെന്നുമുള്ള വലിയ തിരിച്ചറിവാണ് ആ കുരുന്നിന് ഈ അനുഭവം സമ്മാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.