മാജിക്കിലൂടെ ഈശോയെ പകരുന്ന മിഷനറി വൈദികൻ

പതിനെട്ടാം വയസ്സിൽ ഒരു കൊച്ചുമാന്ത്രികനായി സെമിനാരിയിൽ പ്രവേശിച്ച്, വൈദികനായിത്തീർന്ന ജോസ് അന്റോണിയോ എന്ന മെക്സിക്കൻ പുരോഹിതൻ തന്റെ മാജിക് ഷോയിലൂടെ ഇന്ന് സുവിശേഷവൽക്കരണം നടത്തുന്നു. “മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാനുള്ള ഒരു കലയാണ് മാജിക്. ഈ കലയിലൂടെ ഞാൻ ക്രിസ്തുവിനെ പകരുന്നു.” മാന്ത്രികവിദ്യകളിലൂടെ അനേകരെ ക്രിസ്തുവിലേക്കു നയിച്ച വി. ഡോൺ ബോസ്കോയെപ്പോലെ പുതിയ കാലഘട്ടത്തിന്റെ മാന്ത്രികനായി സുവിശേഷവൽക്കരണം നടത്തുന്ന ഫാ. അന്റോണിയോയുടെ വാക്കുകളാണിവ. മാന്ത്രികവിദ്യകൾ സ്വന്തമാക്കി ക്രിസ്തുവിനായി ഇറങ്ങിത്തിരിച്ച ഈ പുരോഹിതന്റെ ജീവിതം പരിചയപ്പെടാം.

ജാലവിദ്യ ഇഷ്ടപ്പെട്ട കുട്ടിക്കാലം

ചെറുപ്പം മുതലേ ജാലവിദ്യകളോട് വലിയ മമത ഉണ്ടായിരുന്ന ജോസ് അന്റോണിയോ തന്റെ ഏഴാം വയസ്സിലാണ് ആദ്യത്തെ മാന്ത്രികവിദ്യ സ്വായത്തമാക്കുന്നത്. തിരുനാളുകളുടെ അവസരങ്ങളിൽ ജാലവിദ്യകളുമായെത്തുന്നവരെ അന്റോണിയോ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. അങ്ങനെ മാജിക് പഠിക്കാനുള്ള അതിയായ ആഗ്രഹംമൂലം ചെറുപ്പം മുതലേ അതിനായി പരിശ്രമിച്ചു. അങ്ങനെ പതിനാലാമത്തെ വയസ്സിൽ ഒരു കൊച്ചുമാന്ത്രികൻ എന്ന നിലയിൽ അന്റോണിയോ അറിയപ്പെട്ടുതുടങ്ങി. പിന്നീട് പതിനെട്ടാം വയസ്സിൽ സെമിനാരിയിൽ പ്രവേശിക്കുകയും 2009ൽ – വൈദികനാവുകുകയും ചെയ്തു.

മാന്ത്രികനായ പുരോഹിതൻ

പൗരോഹിത്യം സ്വീകരിച്ചെങ്കിലും ജാലവിദ്യകൾ ചെയ്യുന്നതിനുള്ള തന്റെ സിദ്ധി അദ്ദേഹം പൂർണ്ണമായും ഉപേക്ഷിച്ചില്ല. അത് സുവിശേഷവൽക്കരണത്തിനുള്ള ഒരു പുതിയ പാതയായി അദ്ദേഹം തിരഞ്ഞെടുത്തു. മാന്ത്രികനായ ആ പുരോഹിതൻ പൗരോഹിത്യവസ്ത്രമായ ളോഹ ധരിച്ചുകൊണ്ടായിരുന്നു തന്റെ ജാലവിദ്യകൾ ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അരികിൽ കൗതുകത്തോടെ അനേകർ എത്തിയിരുന്നു. ഇടവകവികാരിയും വൊക്കേഷൻ പ്രമോട്ടറുമായി ശുശ്രൂഷചെയ്ത നാളുകളിലും ഫാ. അന്റോണിയോ ജാലവിദ്യകളിലൂടെ സുവിശേഷവൽക്കരണം നടത്തി. സ്കൂളുകളിലും കോളേജുകളിലും ഇടവകകളിലും യുവജനപരിപാടികളിലും ഫാ. അന്റോണിയോ മാജിക് ഷോയുമായി എത്തിയിരുന്നു. ഇപ്പോൾ അദ്ദേഹം ആഫ്രിക്കയിലെ കെനിയയിൽ മിഷനറിയായി ശുശ്രൂഷചെയ്യുന്നു.

ഡോൺ ബോസ്കോയും ‘മാജിക്കും’

“മറ്റുള്ളവരുടെ ശ്രദ്ധതിരിക്കാനുള്ള ഒരു കലയാണ് മാജിക്. ഈ കലയിലൂടെ ഞാൻ ക്രിസ്തുവിനെ പകരുന്നു.” ഡോൺ ബോസ്കോയും ഈ കലയിലൂടെയാണ് അനേകം ഹൃദയങ്ങളിൽ ക്രിസ്തുവിനെ പങ്കുവച്ചുകൊടുത്തത്. “മന്ത്രവാദികളുടെ രക്ഷാധികാരിയായ ഡോൺ ബോസ്കോയാണ് എനിക്ക് പ്രചോദനം” എന്ന് ഫാ. ആന്റോണിയോ പറയുന്നു. തെറ്റിധാരണകൾ ഒഴിവാക്കാനും കൂടുതൽപേരിലേക്കെത്താനും ആന്റോണിയോ, തന്റെ ജാലവിദ്യകളിലൂടെ താൻ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കാറുണ്ട്.

കെനിയയിലെ ആദ്യ ദൗത്യം

ആഫ്രിക്കയിലെ ജനങ്ങൾ ഇത്തരത്തിലുള്ള ജാലവിദ്യകളെ വളരെയേറെ ആശ്ചര്യത്തോടും ആകാംക്ഷയോടെയുമാണ് സമീപിക്കാറുള്ളത്. കെനിയയിൽ സുവിശേഷപ്രവർത്തനങ്ങൾക്കായി എത്തിയ ആദ്യദിനങ്ങളിൽ പരിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. അന്റോണിയോ ജാലവിദ്യകൾ കാണിച്ചു. അത് ഒരുപാടുപേരെ ആകർഷിക്കാൻ കാരണമായി. അവരിൽ ഭൂരിഭാഗംപേരും ഇത്തരമൊരു കാര്യം ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത്. അങ്ങനെ കൺകെട്ടുകളികളിലൂടെ തന്നിലേക്ക് ആകർഷിക്കപ്പെടുന്ന ഓരോരുത്തർക്കും ഫാ. അന്റോണിയോ ക്രിസ്തുവിനെ പങ്കുവച്ചുകൊടുക്കുന്നു. ജാലവിദ്യകളിലൂടെ ക്രിസ്തുവിലേക്ക് അനേകരെ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഈ പുരോഹിതൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.