
“ഭീകരരുടെ പിടിയിലായിരുന്ന ദിനങ്ങളിൽ പലപ്പോഴും ഞാൻ നിരാശയുടെ കണ്ണീരൊഴുക്കി. എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം എന്ന അവസ്ഥയിലായിരുന്നു ജീവിതം. എന്നാൽ ആ ഇരുണ്ട ദിനങ്ങളിൽ എന്നെ താങ്ങിനിർത്തിയത് പ്രാർഥന മാത്രമാണ്. വസ്ത്രത്തിൽ കെട്ടി ഉണ്ടാക്കിയ ചെറിയ മാല ഉപയോഗിച്ചാണ് ഞാൻ ജപമാല ചൊല്ലിയിരുന്നത്”- നൈജറിൽ ഭീകരരുടെ തടവിൽ കഴിയുകയും അദ്‌ഭുതകരമായി രക്ഷപെടുകയും ചെയ്ത ഫാ. പിയർ ലൂയിജി മക്കാലി ഓർത്തെടുക്കുകയാണ്. മരണത്തിനും ജീവനും ഇടയിലൂടെ ഓരോ നിമിഷവും തള്ളി നീക്കിയ ആ ദിനങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ഇന്നും അദ്ദേഹത്തിന് നടുക്കം മാത്രമാണ് അവശേഷിക്കുന്നത്. എങ്കിലും ദൈവം പരിപാലിച്ചു കൈപിടിച്ചു ആ നിമിഷങ്ങളെ നെഞ്ചോട് ചേർക്കുകയാണ് ഈ വൈദികൻ.
രണ്ടു വർഷത്തിലേറെ കടന്നുപോയ ഭീകരാവസ്ഥ
നൈജറിലെ സ്വന്തം ഇടവകയിൽ സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് സായുധരായ ഭീകരർ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് സഹാറ മരുഭൂമിയിലെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെട്ട അദ്ദേഹത്തിന് രണ്ടു വർഷത്തിലേറെ കാലമാണ് ഭീകരരുടെ കസ്റ്റഡിയിൽ കഴിയേണ്ടി വന്നത്. “മരുഭൂമിയിലെ കൊടും ചൂടിലും തണുപ്പിലും ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് കിടക്കേണ്ടി വന്ന സമയത്ത്, ദൈവം മാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്ന ഏക പ്രതീക്ഷ. അതിനാൽ തന്നെ പ്രാർഥനയിൽ അടിയുറച്ചു നിന്നു.
ജപമാലയോ പ്രാർഥനാ പുസ്തകങ്ങളോ ഒന്നും കയ്യിലില്ലാതിരുന്ന സമയം. വസ്ത്രത്തിൽ നിന്നും ഉണ്ടാക്കിയ ചെറിയ മാല ഉപയോഗിച്ചാണ് അദ്ദേഹം ജപമാല പ്രാർഥന ചൊല്ലിയിരുന്നത്. തടവറയിൽ കഴിഞ്ഞപ്പോൾ മാനസികമായി തളർന്നുപോയ സന്ദർഭങ്ങളിൽ, ദൈവത്തോടും സഭയോടുമുള്ള തനിക്കുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഈ കഷ്ടപ്പാടുകൾ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
തടവിലായിരുന്ന സമയം കടുത്ത ഭീഷണികളിലൂടെയാണ് കടന്നു പോയത്. ഇന്നും മെയ് 23 എന്ന ദിവസം അദ്ദേഹത്തിൻറെ ഓർമയിൽ ഉണ്ട്. കാരണം അന്ന് ഒരു ജിഹാദി പറഞ്ഞ വാക്കുകൾ ഇപ്പോഴും അദ്ദേഹത്തിന്റെ കാതുകളിൽ മുഴങ്ങും. ‘ആദ്യത്തെ അവസരത്തിൽ തന്നെ ഞാൻ നിന്റെ നെറ്റിയിലേക്ക് വെടിയുതിർക്കും’- ഒരു ജിഹാദി പറഞ്ഞത് ഇപ്രകാരം ആണ്. പക്ഷേ, അവൻ പെട്ടെന്ന് എന്റെ ജീവനെടുത്താൽ പോലും, എന്റെ മിഷനറി ജീവിതം പൂർത്തിയായതായി എനിക്ക് കരുതാമെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു. ആ ചിന്ത തന്നെ കൂടുതൽ ശക്തനാക്കി എന്ന് അദ്ദേഹം ഓർക്കുന്നു.
അതിജീവനത്തിന്റെ പാഠങ്ങൾ
ഭീകരർ തന്നോട് കാണിച്ച ക്രൂരതകൾക്കിടയിലും അവരോട് ക്ഷമിക്കാൻ താൻ പഠിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ശാരീരികമായി ഒട്ടേറെ പീഡനങ്ങൾ അനുഭവിച്ചെങ്കിലും, സ്നേഹവും ക്ഷമയുമാണ് വൈരത്തേക്കാൾ വലുതെന്ന് ലോകത്തോട് വിളിച്ചോതുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ദീർഘനാളത്തെ അന്താരാഷ്ട്ര നയതന്ത്ര ഇടപെടലുകൾക്കൊടുവിലാണ് ഭീകരർ ഫാ. മക്കാലിയെ മോചിപ്പിച്ചത്. മോചനത്തിന് ശേഷം ആഫ്രിക്കയിൽ പീഡനമനുഭവിക്കുന്ന ക്രിസ്ത്യാനികൾക്കും പീഡിതർക്കും വേണ്ടി അവിശ്രമം സംസാരിക്കുകയാണ് ഈ വൈദികൻ. ആഫ്രിക്കയിലെ സാഹെൽ (Sahel) മേഖലയിൽ ഭീകരവാദം വിതയ്ക്കുന്ന ഭീതിയുടെയും, അതിനിടയിലും വിശ്വാസം മുറുകെപ്പിടിക്കുന്ന മനുഷ്യരുടെ അതിജീവനത്തിന്റെയും പ്രതീകമായി ഫാ. മക്കാലിയുടെ അനുഭവങ്ങൾ മാറുന്നു.




