വിശുദ്ധ കുർബാനയിലെ ദൈവസ്നേഹം തിരിച്ചറിഞ്ഞു; ഫ്രഞ്ച് നടൻ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു

മെഹ്ദി ജാദി എന്ന ഫ്രഞ്ച് നടന്റെ പരിവർത്തനത്തിന്റെ കഥയാണിത്. ഒരു പരമ്പരാഗത ഇസ്ലാമിക കുടുംബത്തിൽ നിന്നും ഒരു തികഞ്ഞ കത്തോലിക്കാ വിശ്വാസിയായി മാറിയ യുവാവ്. ആദ്യം പ്രൊട്ടസ്റ്റന്റ് വിശ്വാസമാണ് സ്വീകരിച്ചതെങ്കിലും പിന്നീട്, വിശുദ്ധ കുർബാനയിലെ ക്രിസ്തുവിന്റെ സ്നേഹം അദ്ദേഹം അനുഭവിച്ചറിയുകയായിരുന്നു. ഇന്ന് ഫ്രാൻസിലെ അറിയപ്പെടുന്ന നടനായ മെഹ്ദി, തന്റെ ജീവിതത്തിലൂടെ അനേകർക്ക് പ്രചോദനമാവുകയാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ കൂടുതൽ വായിച്ചറിയാം…

അൾജീരിയയിൽ നിന്നും ഫ്രാൻസിലേക്ക് കുടിയേറിയ ഒരു കുടുംബത്തിലെ നാല് മക്കളിൽ രണ്ടാമത്തെ ആളായി മെഹ്ദി ജാദി ജനിച്ചു. അദ്ദേഹത്തിന്റെ അച്ഛൻ ഒരു കൂലിപ്പണിക്കാരനും അമ്മ കിന്റർ ഗാർഡൻ അധ്യാപികയുമായിരുന്നു. സ്‌കൂളിൽ പഠിച്ചുകൊണ്ടിരുന്ന സമയത്ത് മെഹ്ദി ജാദി ഏകാന്തസ്വഭാവമുള്ള ഒരു കുട്ടിയായിരുന്നു; എങ്കിലും അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു – മറ്റുള്ളവരെ അനുകരിക്കുക! കൂട്ടുകാരെ സന്തോഷിപ്പിക്കാൻ മറ്റുള്ളവരുടെ സംസാരരീതി അനുകരിക്കുകയും സ്വയം ഒരു സാങ്കൽപ്പിക കഥാപാത്രമായി മാറി അഭിനയിക്കുകയും ചെയ്തിരുന്നു.

മറ്റുള്ളവർക്ക് മാതൃകയായവൻ മോഷ്ടാവായി

മെഹ്ദി തന്റെ പതിനാലാം വയസിൽ, കബാബ് (ഇറച്ചിയും പച്ചക്കറികളും ചേർത്ത് നിർമ്മിക്കുന്ന ഭക്ഷണം) വാങ്ങാൻ വേണ്ടി മോസ്‌കിലെ ഭണ്ഡാരപ്പെട്ടിയിൽ നിന്നും കുറച്ച് യൂറോ മോഷ്ടിച്ചു. ഒരു ചെറിയ മോഷണമായിരുന്നു മെഹ്ദി നടത്തിയതെങ്കിലും ഈ വാർത്ത വളരെ പെട്ടെന്നു തന്നെ ആ നാട്ടിലെങ്ങും പ്രചരിച്ചു. ചെയ്ത തെറ്റിനേക്കാളും വലുതായിട്ടാണ് അക്കാര്യം മറ്റുള്ളവർ പറഞ്ഞു പ്രചരിപ്പിച്ചത്. അങ്ങനെ മെഹ്ദി ‘നേർച്ചപ്പെട്ടിയിൽ നിന്നും മോഷ്ടിച്ച കുട്ടിയായി’ മാറി.

പരമ്പരാഗത മുസ്ളീം കുടുംബമായിരുന്ന മെഹ്‌ദിയുടെ കുടുംബത്തിന് ഇക്കാര്യം വളരെ അപമാനകരമായിരുന്നു. വർഷങ്ങളോളം ഖുറാനിക് സ്കൂളിൽ ചേർന്നു സമ്പാദിച്ച ‘ഒരു മാതൃകാ മുസ്ലീം’ എന്ന് അദ്ദേഹത്തിനുണ്ടായിരുന്ന പ്രശസ്തി അങ്ങനെ ആ ഒറ്റരാത്രി കൊണ്ട് അവസാനിച്ചു.

അയൽപ്പക്കത്ത് തന്നെയുണ്ടായിരുന്ന ‘സദാചാര പോലീസുകാരായ’ ആളുകൾ ആ കൗമാരക്കാരനെ വിസ്തരിച്ചു. ഈ ചോദ്യം ചെയ്യലും അപമാനവും വളരെ കുറച്ചൊന്നുമല്ല അവനെ വേദനിപ്പിച്ചത്. തുടർന്ന് മെഹ്ദി മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കുന്നത് ഉപേക്ഷിച്ചു. അഞ്ചു നേരത്തെ നിസ്കാരവും മറ്റ് ദൈനംദിന പ്രാർത്ഥനകളും ഉപേക്ഷിച്ചു. “ഇതൊക്കെ ഉപേക്ഷിച്ചപ്പോഴും എന്റെ ഹൃദയത്തിൽ ഒരു ശൂന്യതാബോധം ഉണ്ടായിരുന്നു. ഹൃദയം എന്തിനോ വേണ്ടി ദാഹിച്ചുകൊണ്ടിരുന്നു” – മെഹ്ദി വെളിപ്പെടുത്തുന്നു.

മുസ്ളീം പുരോഹിതനെ പ്രകോപിപ്പിക്കാൻ പള്ളിയിലേക്ക്

ഈ അടങ്ങാത്ത ദാഹമാണ്, അയൽപ്പക്കത്തുണ്ടായിരുന്ന ഒരു ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റ് പള്ളി മെഹ്ദിന്റെ ശ്രദ്ധയിൽപെടാൻ കാരണമായത്. അവിടുത്തെ മുസ്ളീം പുരോഹിതനെ പ്രകോപിപ്പിക്കാൻ മെഹ്ദി ആ പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുത്തു. എന്നാൽ അന്നുവരെ താൻ വിശ്വസിച്ച കാര്യങ്ങളിൽ നിന്ന് തികച്ചും വിഭിന്നമായിരുന്നു അവിടെ നിന്നും അറിഞ്ഞ കാര്യങ്ങൾ.

അത് ഒരു വിചിത്ര അവകാശവാദമായി അദ്ദേഹത്തിനു തോന്നി. ‘യേശു ദൈവപുത്രനാണ്’! (ഒരു മുസ്ലീമിനെ സംബന്ധിച്ചിടത്തോളം അത് സ്വീകാര്യമല്ല). എന്നാൽ മെഹ്ദി തുടർന്നും ആ പള്ളിയിലെ പ്രാർത്ഥനകളിൽ പങ്കെടുത്തു. അധികം താമസിയാതെ പാസ്റ്റർ അദ്ദേഹത്തിന് സുവിശേഷം നൽകി. അന്ന് മെഹ്ദിക്ക് 16 വയസായിരുന്നു. ആ ഗ്രന്ഥങ്ങൾ വായിച്ചപ്പോൾ അത് അദ്ദേഹത്തെ ഞെട്ടിച്ചുകളഞ്ഞു.

“ഞാൻ അവ വായിച്ചപ്പോൾ യേശുവിനെക്കുറിച്ച് കൂടുതൽ അറിഞ്ഞു. അദ്ദേഹം എന്റെ ലോകത്തെ മാറ്റിമറിച്ചു. അവനുമായി വളരെ ശക്തമായ ഒരു സൗഹൃദം അനുഭവിക്കാൻ ഞാൻ അവനോട് പ്രാർത്ഥിക്കാൻ തുടങ്ങി” – മെഹ്ദി തന്റെ അനുഭവം വെളിപ്പെടുത്തുന്നു.

എങ്കിലും തുടർന്നുള്ള വർഷങ്ങൾ ഒരുതരത്തിലും അത്ര എളുപ്പമായിരുന്നില്ല. 2002 -ൽ സ്‌കൂൾപഠനം ഉപേക്ഷിച്ച മെഹ്ദി മോശം കൂട്ടുകെട്ടുകളിൽ ചെന്നുപെട്ടു. ബാങ്ക് മോഷ്ടാക്കളുടെയും കൊള്ളക്കാരുടെയും സംഘത്തിലാണ് അവൻ ചെന്നുപെട്ടത്. എന്നാൽ, അതിനിടയിലും തന്റെ ജീവിതം മാറ്റാൻ യേശുവിനോട് മെഹ്ദി അപേക്ഷിച്ചുകൊണ്ടിരുന്നു. 21 -ാമത്തെ വയസിൽ അദ്ദേഹം സ്നാനം സ്വീകരിച്ചു.

മാമ്മോദീസ സ്വീകരിച്ചത് അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധത്തെ വളരെ സാരമായി ബാധിച്ചു എന്ന കാര്യം പറയേണ്ടതില്ലല്ലോ. കുടുംബത്തിന് വീണ്ടും അപമാനവും അപകടവും മാത്രമായിരുന്നു അത് വരുത്തിവച്ചത്. “എപ്പോഴും എനിക്കൊപ്പം നിന്നിരുന്ന എന്റെ കുടുംബത്തിന് എന്റെ മതപരിവർത്തനം വേദനാജനകമായിരുന്നു” – അദ്ദേഹം പറയുന്നു.

തെരുവിൽ നിന്ന് തിയേറ്ററിലേക്ക്

2008 -ൽ, വാലൻസിൽ നടന്ന കാര്യങ്ങൾ ജീവിതത്തിൽ മറ്റൊരു വഴിത്തിരിവായി. മെഹ്ദി, നാഷണൽ ഡ്രാമ സെന്ററിൽ സായാഹ്ന ക്ലാസുകളിൽ പങ്കെടുക്കാൻ തുടങ്ങി. തുടർന്ന് സ്വിറ്റ്സർലൻഡിലെ ലൊസാനെയിലെ പ്രശസ്തമായ നാടക വിദ്യാലയമായ മാനുഫാക്ചറിലേക്ക് കുതിച്ചു. 16-ാം വയസിൽ സ്‌കൂൾപഠനം നിർത്തി യൂണിവേഴ്‌സിറ്റി തലത്തിലുള്ള ഒരു കോഴ്‌സിന് ശ്രമിക്കേണ്ടിവന്ന അദ്ദേഹത്തിന് ഇത് ശരിക്കും അവിശ്വസനീയമായ ഒരു അനുഭവമായിരുന്നു. വിദ്യാർത്ഥികളിൽ വടക്കേ ആഫ്രിക്കൻ വംശജനായ ഒരേയൊരു വ്യക്തിയും സഹപാഠികളേക്കാൾ തികച്ചും വ്യത്യസ്തമായ തൊഴിലാളിവർഗ്ഗ പശ്ചാത്തലത്തിൽ നിന്നുള്ള ഏക വ്യക്തിയും അദ്ദേഹമായിരുന്നു.

ലൊസാനിലെ പഠനകാലഘട്ടത്തിൽ മെഹ്ദി വീണ്ടും പലവിധ തെറ്റുകളിലും ചെന്നുപെട്ടു. പക്ഷേ, അപ്പോഴും അദ്ദേഹം ക്രിസ്തുവിനെ പൂർണ്ണമായി ഉപേക്ഷിച്ചിരുന്നില്ല. എന്നാൽ ഇവാഞ്ചലിക്കൽ പാസ്റ്റർമാരുടെ പ്രഭാഷണങ്ങളെ സ്വീകരിക്കാനും കേൾക്കാനും അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ടായിരുന്നു.

വിശുദ്ധ കുർബാന എന്ന അത്ഭുതത്തിലേക്ക്

ഒരു പുതുവർഷത്തിൽ ആഘോഷങ്ങളെല്ലാം കഴിഞ്ഞു വളരെ ക്ഷീണിതനായി എത്തിയപ്പോഴാണ് മെഹ്ദിയെ ഒരു കത്തോലിക്കനും ബാല്യകാല സുഹൃത്തുമായ ജോനാഥൻ പുരാതന ട്രാപ്പിസ്റ്റ് ആശ്രമത്തിലേക്ക് ആത്മീയവിശ്രമത്തിനായി ക്ഷണിച്ചത്. മെഹ്ദി ആ ക്ഷണം സ്വീകരിക്കുകയും മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന പ്രാർത്ഥനകൾ ആദ്യമായി അനുഭവിക്കുകയും ചെയ്തു.

“ഒരു പ്രൊട്ടസ്റ്റന്റ് എന്ന നിലയിൽ, എനിക്ക് സങ്കീർത്തനങ്ങൾ ഇഷ്ടമായിരുന്നു. വെളിപാടിന്റെ മുഴുവൻ നിഗൂഢതയും അവിടെ അടങ്ങിയിരിക്കുന്നു – ആശ്വാസം, പ്രതീക്ഷ, സന്തോഷം, സ്വർഗ്ഗീയ ജറുസലേം… അവിടെ, ആ സന്യാസിമാരോടൊപ്പം ദൈവം എന്നിൽ പാടുന്നത് ഞാൻ കേട്ടു. പിന്നെ ഞാൻ ആരാധനക്കു പോയി. വിശുദ്ധ കുർബാനയുടെ അർത്ഥത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലോളം ഗഹനമായ മറ്റൊന്നും ആ കാലഘട്ടത്തിൽ ഉണ്ടായിട്ടില്ല. ഞാൻ സ്നേഹിച്ച, ഞാൻ പ്രാർത്ഥിച്ച യേശു യഥാർത്ഥത്തിൽ അവിടെ – വിശുദ്ധ കുർബാനയിൽ സന്നിഹിതനാണെന്ന് ഞാൻ അനുഭവിച്ചു. എനിക്ക് അവനോട് സംസാരിക്കാൻ കഴിയുന്നതുപോലെ തോന്നി. യേശുവിന്റെ സാന്നിധ്യത്താൽ ഞാൻ പൊതിയപ്പെട്ടു” – വിശുദ്ധ കുർബാനയുടെ അനുഭവത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തുന്നു.

പ്രാർത്ഥന കഴിഞ്ഞു പുറത്തു വന്നപ്പോൾ ജോനാഥനെ കണ്ടു. “ഇപ്പോൾ എനിക്ക് മനസിലായി. വിശുദ്ധ കുർബാനയുടെ അനുഭവം എനിക്ക് അവിശ്വസനീയമായ ഒരു ലോകം തുറന്നുനൽകി” – മെഹ്ദി തന്റെ കൂട്ടുകാരനോടു പറഞ്ഞു. അദ്ദേഹം അവിടെയുണ്ടായിരുന്ന ഒരു ട്രാപ്പിസ്റ്റ് സന്യാസിയുടെ അടുത്തു ചെന്ന്, “എല്ലാ വിശുദ്ധ കുർബാനയിലും എല്ലാ ആരാധനകളിലും ഇങ്ങനെ തന്നെയാണോ” എന്നു ചോദിച്ചു. അതിന് “അതെ” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.

ആ ആശ്രമത്തിൽ നിന്ന് പുറത്തുവരുമ്പോൾ മെഹ്ദിയുടെ കവിളിലൂടെ കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. അത് സന്തോഷവും സങ്കടവും നിറഞ്ഞ കണ്ണുനീർ ആയിരുന്നു. ഒരു വശത്ത് ക്രിസ്തുവിനെ കണ്ടുമുട്ടിയതിന്റെ സന്തോഷത്തിന്റെ കണ്ണുനീർ, മറുവശത്ത് വിശുദ്ധ കുർബാന ഉൾക്കൊള്ളാൻ, യേശുവിനോടൊപ്പം ചേരാനാകാത്തതിന്റെ സങ്കടത്തിന്റെ കണ്ണുനീർ.

ഉറച്ച തീരുമാനത്തോടെ

അടുത്ത രണ്ടു വർഷം ദൈവത്തിനു മാത്രമായിരിക്കും എന്ന് അദ്ദേഹം തീരുമാനമെടുത്തു. എല്ലാ ദിവസവും ക്ലാസ് കഴിഞ്ഞ് വൈകുന്നേരം ആറു മണിക്ക് സായാഹ്നത്തിലെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും മതബോധനത്തിൽ പങ്കെടുക്കാനും അദ്ദേഹം നോട്ട്-ഡാം ഡു വാലന്റൈൻ ബസിലിക്കയിലേക്ക് ഓടി. 2013 -ൽ മെഹ്ദി വിശുദ്ധ കുർബാനയും സ്ഥൈര്യലേപന കൂദാശയും സ്വീകരിച്ചു. “ഈ കൂദാശകൾ സ്വീകരിച്ചവരെല്ലാം അവരുടെ കുടുംബത്തോടൊപ്പമായിരുന്നു, അവരുടെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു. എന്നാൽ, ഞാൻ തനിയെ എന്റെ യേശുവിനോടൊപ്പമായിരുന്നു. എന്റെ ചുറ്റും യേശുവും വിശുദ്ധരും ഉള്ളതായി എനിക്ക് അനുഭവപ്പെട്ടു” – അദ്ദേഹം തന്റെ അനുഭവം വെളിപ്പെടുത്തുന്നു.

കുറച്ചു വർഷങ്ങൾക്കു ശേഷം, അതായത് 2019 -ൽ, റോമിൽ വച്ച് മെഹ്ദി ഫ്രാൻസിസ് മാർപാപ്പയെ നേരിൽ കണ്ടു. ആ കണ്ടുമുട്ടലിൽ യേശുവുമായുള്ള പുത്രബന്ധം അദ്ദേഹത്തിന് കൂടുതൽ അനുഭവപ്പെട്ടു. ഇപ്പോൾ പിന്നോട്ടു നോക്കുമ്പോൾ മെഹ്ദിക്ക് പ്രൊട്ടസ്റ്റന്റുകളിൽ നിന്ന് ലഭിച്ച ആരംഭകാലഘട്ടത്തിലെ പല കാര്യങ്ങൾക്കും ഏറെ നന്ദി പറയാനുണ്ട്.

ഒരു നടനാകുക എന്നത് തന്റെ ദൈവവിളിയായി സ്വീകരിച്ച മെഹ്ദി

ആദ്യഘട്ടങ്ങളിൽ ഒരു നടൻ ആകാൻ തനിക്ക് മടിയായിരുന്നുവെന്ന് മെഹ്ദി വെളിപ്പെടുത്തുന്നു. “ഒരു നടനാകുക എന്നത് ഒരു തൊഴിലാണ്, ഒരു വിളിയാണ്, ഒരു ദൗത്യമാണ് എന്ന് തനിക്ക് തോന്നുന്നതു വരെ മടിയായിരുന്നു. എൽജിബിടി പ്രവർത്തകരുമായി പോലും ആഴത്തിൽ ഇടപെടാനും ചർച്ച ചെയ്യാനും അദ്ദേഹത്തിന് അവസരം നൽകിക്കൊണ്ട് അദ്ദേഹത്തിന്റെ ജോലിയെ വ്യത്യസ്ത ആളുകൾക്കിടയിൽ ദൈവത്തെ പ്രഘോഷിക്കാനുള്ള ഒരു ഒരു പാലമാക്കി അദ്ദേഹം മാറ്റി” – തന്റെ ദൗത്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നു.

‘ഐ ആം ഓൾ യുവേഴ്‌സ്’ എന്ന സിനിമയിലെ അഭിനയത്തിന് 2016 -ൽ ഫ്രഞ്ച് ഓസ്‌കാർ – സീസർ അവാർഡിന് മെഹ്ദി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2019 -ൽ, മെഹ്ദി ആനിയെ വിവാഹം കഴിച്ചു. അതേ വർഷം തന്നെ അദ്ദേഹം തിയേറ്ററിൽ സ്വന്തം ഷോ ആരംഭിച്ചു. ‘കമിംഗ് ഔട്ട്’ എന്നതിലൂടെ സ്വന്തം പരിവർത്തനത്തിന്റെ കഥയും ഉൾപ്പെടുത്തി.

“ക്രിസ്തുവിന്റെ വെളിച്ചം അടിച്ചമർത്തുകയല്ല, മറിച്ച് സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുകയും ഒരാളെ യഥാർത്ഥത്തിൽ സ്വതന്ത്രനാക്കുകയും ചെയ്യുന്നു” – മെഹ്ദി പറയുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.