
ലോക മനഃസാക്ഷി എക്കാലവും വേദനയോടെ ഓർത്തിരിക്കുന്ന രണ്ടു സ്ഥലങ്ങളാണ് ഹിരോഷിമയും നാഗസാക്കിയും. വലിയ പ്രതിസന്ധികൾക്കിടയിലും നാഗസാക്കിയുടെ വിശ്വാസജീവിതത്തിൽ വലിയ പങ്കുവഹിച്ച ഉറകാമി കത്തീഡ്രൽ ദൈവാലയത്തെക്കുറിച്ചുള്ള പ്രത്യേകതകളാണ് ഇന്ന് ലൈഫ് ഡേയിൽ. 1945-ല്‍ നാഗസാക്കി, അണുബോംബ് ആക്രമണത്തിൽ തകർക്കപ്പെടുന്നതുവരെ ഏഷ്യ-പസഫിക് റീജിയണിലെ ഏറ്റവും വലിയ ദൈവാലയമായിരുന്നു ഉറകാമി ദൈവാലയം.
ഉറകാമിയിലെ പരിശുദ്ധ അമ്മയുടെ ബസിലിക്ക
1865-ൽ ഫ്രഞ്ച് പുരോഹിതനായ ബെർണാഡ് പെറ്റിട്ജീൻ ആണ് ഉറകാമി ഗ്രാമത്തിലെ മിക്കവാറും എല്ലാ ജനങ്ങളും ക്രൈസ്തവ വിശ്വാസികളെന്നു കണ്ടെത്തിയത്. പിന്നീട് അവിടെ ക്രൈസ്തവമതപീഡനങ്ങൾ നടക്കുകയും ഏകദേശം 3600-ഓളം ഗ്രാമവാസികൾ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് ക്രൈസ്തവരായി അവശേഷിച്ചവർ അവിടെ ഒരു ദൈവാലയം നിർമ്മിക്കാൻ തീരുമാനിച്ചു. 1925-ലാണ് ഈ ദൈവാലയം പൂർത്തീകരിക്കപ്പെട്ടത്. 1945-ല്‍ നാഗസാക്കി, അണുബോംബ് ആക്രമണത്തിൽ തകർക്കപ്പെടുന്നതുവരെ ഏഷ്യ-പസഫിക് റീജിയണിലെ ഏറ്റവും വലിയ ദൈവാലയമായിരുന്നു ഉറകാമി ദൈവാലയം.
1945 ആഗസ്റ്റ് ഒൻപതിന് ഉറകാമിയില്‍ നിന്നും കേവലം 500 മീറ്റർ മാത്രം അകലമുണ്ടായിരുന്ന നാഗസാക്കിയിലായിരുന്നു ലോകത്തെ നടുക്കിയ അണുബോംബ് വർഷിക്കപ്പെട്ടത്. പരിശുദ്ധ അമ്മയുടെ സ്വർഗാരോഹണത്തിരുനാൾ അടുത്തിരുന്നതിനാൽ അന്ന് ദൈവാലയത്തിൽ വിശുദ്ധ കുർബാന നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ബോംബ് വർഷിച്ചതിനെതുടർന്നുണ്ടായ ആഘാതത്തിലും ഉഷ്ണതരംഗത്തിലുംപെട്ട് തല്‍ക്ഷണം ദൈവാലയവും അതിനുള്ളിലുണ്ടായിരുന്ന വിശ്വാസികളും ഇല്ലാതായി.
പിന്നീട് ദൈവാലയം പുനർനിർമ്മിക്കുന്നതിനെച്ചൊല്ലി ഗവണ്മെന്റും സഭയും തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ബോംബ് സ്ഫോടനത്തിന്റെ ഒരു സ്മാരകമെന്ന നിലയിൽ പഴയ ദൈവാലയത്തിന്റെ അവശിഷ്ടങ്ങൾ അവിടെത്തന്നെ നിലനിൽക്കട്ടെയെന്ന് ഗവണ്മെന്റും, വിശ്വാസം അവസാനിക്കുന്നില്ല എന്ന ആശയത്തിൽ നിന്നും അവിടെത്തന്നെ ദൈവാലയം നിർമ്മിക്കണമെന്ന് സഭയും വാദിച്ചു. ഒടുവിൽ, വിശ്വാസികളുടെ അതിയായ ആഗ്രഹപ്രകാരം പഴയ സ്ഥലത്തുതന്നെ കത്തീഡ്രൽ നിർമ്മിക്കാൻ സാധിച്ചു. 1959-ല്‍ ഒക്ടോബറിൽ ദൈവാലയനിർമ്മാണം പൂർത്തീകരിച്ചു. ബോംബാക്രമണത്തിൽ തകർന്ന ദൈവാലയത്തിലെ മണിയും മറ്റു വസ്തുക്കളും പുതിയ കത്തീഡ്രലിനു സമീപം ഒരു സ്മാരകമായി അവശേഷിക്കുന്നു.
അണുബോംബിനെയും അതിജീവിച്ച ഉറകാമിയിലെ മരിയൻ രൂപം
അണുബോംബിനെ അതിജീവിച്ച ഉറകാമിയിലെ പരിശുദ്ധ അമ്മയുടെ തലഭാഗം പുതിയ കത്തീഡ്രലിന്റെ അൾത്താരയിൽ സൂക്ഷിച്ചിരിക്കുന്നു. 1930-കളിൽ ഇറ്റലിയിൽ നിന്നുമാണ് ഈ രൂപം ഉറകാമിയിൽ എത്തിച്ചത്. രണ്ടു മീറ്റർ ഉയരമുണ്ടായിരുന്ന ഈ രൂപത്തോട് ഉറകാമിയിലെ ക്രൈസ്തവസമൂഹത്തിന് വളരെയധികം അടുപ്പമുണ്ടായിരുന്നു. ബോംബ് വർഷിക്കുന്ന സമയത്ത് കത്തീഡ്രലിൽ വിശുദ്ധ ബലിയർപ്പണം നടക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ദൈവാലയവും വിശ്വാസികളുമടക്കം കത്തിനശിച്ചെങ്കിലും 1945 ഒക്ടോബർ മാസത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപത്തിന്റെ തലഭാഗം കണ്ടെത്തി. പിന്നീട് ഇത് പുതിയ കത്തീഡ്രലിൽ സൂക്ഷിക്കുകയായിരുന്നു.
ഭൂമിയിൽ നടക്കുന്ന എല്ലാ യുദ്ധങ്ങളിൽ നിന്നും മോചനം നേടാനും സമാധാനം പുലരാനും ഈ രൂപം നോക്കി വിശ്വാസികൾ പ്രാർഥിക്കാറുണ്ട്.
സുനീഷ വി.എഫ്.




