കത്തിയെരിഞ്ഞ മണിപ്പൂർ 1: കൊലവിളികളുടെയും രക്തച്ചൊരിച്ചിലിന്റെയും ഇടയിലൂടെ  

മരിയ ജോസ്

ഈ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിൽ ഏകദേശം നാല്പതോളം കുക്കി ഗോത്രവർഗക്കാരായ സന്യാസിനിമാരുണ്ട്. ഇവരിൽ ഭൂരിഭാഗം സിസ്റ്റർമാരുടെയും വീടുകൾ കലാപത്തിൽ പൂർണ്ണമായും കത്തിനശിച്ചിരുന്നു. പല വൈദികരുടെയും സന്യാസിനിമാരുടെയും മാതാപിതാക്കളും കുടുംബവും ഇപ്പോൾ കഴിയുന്നത് അഭയാർഥിക്യാമ്പുകളിലാണ്. അവധിക്കാലത്ത്, ചെന്നുകയറാൻ അവർക്കിനി വീടില്ല. എങ്കിലും കലാപബാധിതപ്രദേശങ്ങളിൽ അവർ ഓടിനടന്ന് ശുശ്രൂഷ ചെയ്യുകയാണ്. മണിപ്പൂരിലെ കലാപബാധിതമേഖലകളിലൂടെ യാത്രചെയ്തവരുടെ അനുഭവങ്ങൾ ലൈഫ് ഡേ – യിലൂടെ. ഒന്നാം ഭാഗം വായിക്കുക.

“സിസ്റ്ററേ, എവിടെപ്പോയാലും ഞായറാഴ്ച കുർബാനയ്ക്കായി ഈ ദേവാലയത്തിൽ തന്നെയല്ലേ വരേണ്ടത്. അതുകൊണ്ട് ഞങ്ങൾ എങ്ങോട്ടുമില്ല. പറ്റുമെങ്കിൽ ഞങ്ങൾക്കൊരു ബൈബിൾ തരുമോ? ഞങ്ങളുടേത് കത്തിപ്പോയി” – കലാപഭൂമിയായി മാറിയ മണിപ്പൂരിലെ കാങ്‌പോക്പി എന്ന ജില്ലയിലെ ഒരു കുടുംബത്തിന്റെ വാക്കുകളാണിത്. ഇത് പറയുമ്പോൾ കൈക്കുഞ്ഞുങ്ങളടക്കമുള്ള ആ കുടുംബം ടിൻഷീറ്റു കൊണ്ട് മറച്ച താൽക്കാലിക വസതിയിൽ വെറും പച്ചമണ്ണിൽ കിടക്കുകയാണ്; പുറത്ത് കനത്തമഴയും. കുഞ്ഞുങ്ങൾക്ക് ന്യൂമോണിയയും മറ്റും പിടിക്കാൻ ഏറെ സാധ്യതയുള്ള അന്തരീക്ഷം. അതിലുമുപരി ഏതുസമയവും ആക്രമിക്കപ്പെടാമെന്ന ഭീതിയും.

കലാപങ്ങളും കൊലവിളികളും രക്തച്ചൊരിച്ചിലുകളും വാർത്തകളിൽ നിറഞ്ഞ മണിപ്പൂരിൽ താൻ കണ്ട കാഴ്ച. ഹൃദയം തകർത്ത, കണ്ണുകൾ നിറച്ച അനേകം സംഭവങ്ങളിലൊന്നിനെ ഓർത്തെടുക്കുകയാണ് സി. ഹൃദ്യ എസ്.ഡി. കത്തിക്കരിഞ്ഞ വാഹനങ്ങളും രാഷ്ട്രീയ പഴിചാരലുകളും നഷ്ടങ്ങളുടെ നിലവിളിയുമുയരുന്ന മണിപ്പൂരിൽ സി. ഹൃദ്യ കണ്ടത് നഷ്ടങ്ങൾക്കും ‘നാളെ എന്ത്’ എന്ന ചോദ്യങ്ങൾക്കുമപ്പുറം ദൈവം കൈപിടിക്കുമെന്ന തീക്ഷ്‌ണതയാൽ ജ്വലിക്കുന്ന ഒരു വിശ്വാസ സമൂഹത്തെയാണ്. വാർത്തകളിൽ മാത്രം കേട്ട മണിപ്പൂരിലെ കുക്കികളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്ന ഈ സന്യാസിനി, താൻ കണ്ട കാഴ്ചകളും തന്നെ അത്ഭുതപ്പെടുത്തിയ വിശ്വാസസാക്ഷ്യങ്ങളും കണ്ണുനിറച്ച അനുഭവങ്ങളും ലൈഫ്ഡേയുമായി പങ്കുവയ്ക്കുകയാണ്.

ഭീതിയോടെയുള്ള യാത്ര

കുക്കികൾ, മെയ്തെയ് വിഭാഗത്തെ സുരക്ഷയുടെ ഭാഗമായി പുറത്താക്കിയ പ്രദേശങ്ങളാണ് ചുർചന്ദ്പൂർ, കാങ്‌പോക്പി എന്നീ ജില്ലകൾ. ആദ്യം ഈ സന്യാസിനിമാർ എത്തിയത് ചുർചന്ദ്പൂർ ജില്ലയിലെ തോയ്‌പോം എന്ന സ്ഥലത്തായിരുന്നു. ഒരാഴ്ചയ്ക്കുശേഷം കാങ്‌പോക്പി ജില്ലയിലെ ഖോപിബുങ്-ടി ഗോയാങ് എന്ന സ്ഥലത്തേക്കു പോയി. ഇവിടെ ഇപ്പോൾ അധിവസിക്കുന്നത് കുക്കി വിഭാഗക്കാരാണ്. കലാപസാഹചര്യം നിലനിൽക്കുന്നതിനാൽ ഇവിടെ എത്തിപ്പെടുക എന്നതുപോലും വളരെ പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് ഷില്ലോങ്ങിൽ ശുശ്രൂഷ ചെയ്യുന്ന അഗതികളുടെ സഹോദരങ്ങളായ സി. ഹൃദ്യയും നഴ്സ് കൂടിയായ സി. ടീന തെരേസും കൂടെ വേദനിക്കുന്ന സഹോദരങ്ങളെ കാണാനുള്ള ആഗ്രഹം തങ്ങളുടെ പ്രൊവിന്ഷ്യ‍ലിനെ അറിയിക്കുന്നത്. തന്റെ സഹോദരങ്ങൾ വേദനിക്കുമ്പോൾ ഒരിറ്റ് ആശ്വാസമെങ്കിലും പകരാൻ കഴിയുമെന്ന പ്രതീക്ഷയായിരുന്നു ആ ആഗ്രഹത്തിനു പിന്നിൽ. അപകടസാധ്യതകൾ ഏറെയുണ്ടെങ്കിലും അവിടെയൊക്കെ തന്റെ മക്കൾക്ക് ദൈവം തുണയുണ്ടാകുമെന്ന് ഉറച്ചുവിശ്വസിച്ച പുഷ്പാദാം പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ മദർ സ്മിത, പൂർണ്ണമായ പിന്തുണയും പ്രോത്സാഹനവും സ്വാതന്ത്ര്യവും നൽകിയതോടെ ഈ സന്യാസിനിമാർ തങ്ങളുടെ യാത്രയ്ക്കുള്ള വഴി തേടുകയായിരുന്നു.

അങ്ങനെ രണ്ടു രാത്രികൾ സഞ്ചരിച്ച് ഈ സന്യാസിനിമാർ തങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തി. ഈ യാത്രയിൽ സഹായിയും വഴികാട്ടിയുമായി വിൻസെൻഷ്യൻ വൈദികനായ ഫാ. ബോബിയും ഇവർക്കൊപ്പമുണ്ടായിരുന്നു. കയ്യിൽ കുറെയധികം മരുന്നുകളും മറ്റുമായിട്ടായിരുന്നു ഈ സന്യാസിനിമാരുടെ യാത്ര. കുക്കി – മെയ്തെയ് വിഭാഗങ്ങൾ പരസ്പരം ആക്രമിക്കാനുള്ള സാധ്യതയുള്ളതിനാൽ വളരെയധികം ചെക്കിങ്ങുകളും മറ്റും കഴിഞ്ഞതിനുശേഷമേ ഓരോ ഗ്രാമത്തിലും പ്രവേശിക്കാൻ കഴിയുകയുള്ളൂ. തന്നെയുമല്ല, നിലവിലെ സാഹചര്യത്തിൽ മണിപ്പൂരിൽ പ്രവേശിക്കണമെങ്കിൽ ഇന്റർലൈൻ പാസ്സും ആവശ്യമാണ്.

സേനാപതി എന്ന സ്ഥലത്ത് ചെന്നിട്ട് ഇംഫാൽ വഴിയാണ് ഇവർ പോയത്. മുൻപ് പോയവർ കൊണ്ടുപോയ എല്ലാ സാധനങ്ങളും, ഇവരുടെ പ്രതിരോധവിഭാഗം പരിശോധിച്ചതിനുശേഷമാണ് കടത്തിവിട്ടിരുന്നത്. പലപ്പോഴും പല മരുന്നുകളും കലാപബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കാൻ വൈദികർക്കോ, സന്യാസിനിമാർക്കോ കഴിഞ്ഞിരുന്നില്ല. അതിനാൽ മരുന്നുകളും മറ്റും വസ്ത്രത്തിനിടയിൽ ഒളിപ്പിച്ചുവച്ചുകൊണ്ടായിരുന്നു ഈ യാത്ര. യാത്രയിലുടനീളം പ്രാർഥിച്ചുകൊണ്ട് പ്രസന്നവദനനായി ബോബിയച്ചൻ മുന്നിലിരുന്നതുകൊണ്ടും അനേകം ആളുകളുടെ പ്രാർഥനയുടെ ഫലമായും കൂടുതലൊന്നും പരിശോധിക്കാതെ വണ്ടി അകത്തേക്ക് കടത്തിവിട്ടു. എന്നാൽ ഓരോ രണ്ടു മിനിറ്റ് ഇടവിട്ടും കുക്കികളുടെ പ്രതിരോധസംഘമായ മെയ്റാ പൈബിസിലെ സ്ത്രീകൾ ചെക്കിങ്ങിനായി നിലകൊണ്ടിരുന്നു. ഒരുപക്ഷേ, പ്രാർഥനയോടെ പോയതിന്റെ  ഫലമായിട്ടാകാം കൂടുതൽ ചെക്കിങ്ങും കാര്യങ്ങളുമൊന്നുമില്ലാതെ ആ മരുന്നുകളും മറ്റുമായി അവിടെ എത്താൻ കഴിഞ്ഞു.

പേരു മാറ്റിയ ചുർചന്ദ്പൂറും വേദന സമ്മാനിച്ച മുഖങ്ങളും

ചുർചന്ദ്പൂർ എന്ന സ്ഥലം ഇപ്പോൾ, അതായത് കലാപശേഷം ലംഗ എന്നാണ് അറിയപ്പെടുന്നത്. ഇവിടെ സെന്റ് മേരീസ് സ്‌കൂളിലും ക്ലാരിസ്റ്റ് കോൺവെന്റിലുമായിട്ടാണ് ഈ സന്യാസിനിമാർ ആദ്യമെത്തിയത്. ഈ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിൽ ഏകദേശം നാല്പതോളം കുക്കി ഗോത്രവർഗക്കാരായ സന്യാസിനിമാരുണ്ട്. ഇവരിൽ ഭൂരിഭാഗം ആളുകളുടെയും വീടുകൾ കലാപത്തിൽ പൂർണ്ണമായും കത്തിനശിച്ചിരുന്നു. പല അച്ചന്മാരുടെയും സന്യാസിനിമാരുടെയും മാതാപിതാക്കളും കുടുംബവും ഇപ്പോൾ കഴിയുന്നത് അഭയാർഥിക്യാമ്പുകളിലാണ്. അവധിക്കാലത്ത്, തിരികെ ചെന്നുകയറാൻ തങ്ങൾക്കൊരു വീടില്ല എന്ന കാര്യം വേദനയോടെ തിരിച്ചറിയുന്നുണ്ടെങ്കിലും ആ വേദനകളൊക്കെ മറന്ന് കലാപം, ഒന്നുമില്ലാതാക്കിയവരുടെയിടയിൽ ഓടിനടക്കുന്ന, പുഞ്ചിരിയോടെ അവരെ ചേർത്തുപിടിക്കുന്ന സന്യാസിനിമാരെ കണ്ടപ്പോൾ ഹൃദയത്തിൽ വലിയൊരു വേദനയും ഒപ്പം ഒരു പ്രചോദനവും അനുഭവപ്പെട്ടുവെന്ന് സി. ഹൃദ്യ പറയുന്നു.

പ്രതീക്ഷകളുടെ ചിറകുകളരിയപ്പെട്ട ജനത 

ഏകദേശം പതിമൂന്നോളം ക്യാമ്പുകൾ സന്ദർശിക്കാനും അവർക്ക് ആശ്വാസം പകരാനും 12 ദിവസങ്ങളുടെ സന്ദർശനം കൊണ്ട് ഈ സന്യാസിനിമാർക്കു കഴിഞ്ഞു. പല ക്യാമ്പുകളിലായി ധാരാളം കുടുംബങ്ങൾ കഴിഞ്ഞിരുന്നു. ഒരു കൊതുകുവലയ്ക്കു കീഴിൽ കഴിയുന്ന രണ്ടും മൂന്നും കുടുംബങ്ങൾ, ഓരോ ക്ലാസ് മുറിയിലും കഴിയുന്ന കുടുംബങ്ങൾ; അതിൽ കൈക്കുഞ്ഞുങ്ങൾ മുതൽ പ്രായം ചെന്ന് രോഗികളായി കിടപ്പിലായവർവരെയുണ്ട്. അവരുടെയൊക്കെയും ജീവിതവും ജീവിതമാർഗങ്ങളും നഷ്ടപ്പെട്ടു.

ഒരു ആയുഷ്‌കാലം മുഴുവൻ അധ്വാനിച്ചുനേടിയ സ്വപ്‌നങ്ങൾ, കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ഡിഗ്രി സർട്ടിഫിക്കറ്റുകൾ, വീടുകൾ, ജീവിതമാർഗങ്ങൾ, പ്രിയപ്പെട്ടവർ.. എല്ലാം നിമിഷനേരങ്ങൾ കൊണ്ട് കത്തിച്ചാമ്പലാകുന്നത് നിർവികാരതയോടെ നോക്കിനിൽക്കേണ്ടിവന്ന ആളുകൾ. കഴിഞ്ഞ രണ്ടുമാസമായി ക്യാമ്പിൽ കഴിയുകയാണ് ഇവർ. ഇവർക്ക് തിരിച്ചുപോകാൻ ഒരിടമില്ല. നഷ്ടപ്പെടുന്ന ഭാവിയും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന വിദ്യാഭ്യാസവും മൂലം സങ്കടപ്പെടുന്ന വിദ്യാർഥിസമൂഹം. ഇനി എത്രനാൾ ഇവിടെ എന്ന ചോദ്യത്തിനു മുന്നിൽ സ്വയം നിസ്സഹായരാവുകയാണ് ഈ ജനത. എന്നാൽ ഈ നിസ്സഹായാവസ്ഥയിലും അത്ഭുതകരമായ വിധത്തിൽ അവർ വിശ്വാസം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുകയാണ് സി. ഹൃദ്യ.

ക്യാമ്പിലൂടെയുള്ള യാത്രയിൽ മറക്കാനാകാത്ത പല മുഖങ്ങളുമുണ്ട്. അതിലൊന്നാണ്, ഭർത്താവ് കലാപകാരികളുടെ കൈകളാൽ കൊല്ലപ്പെടുന്നത് കണ്ടേണ്ടിവന്ന നാലുമക്കളുടെ അമ്മയായ യുവതി. ഇവരുടെ ഇളയകുഞ്ഞിന് രണ്ടുമാസം മാത്രമാണ് പ്രായം. കുഞ്ഞുങ്ങളുമൊത്ത് നല്ലൊരു ഭാവി സ്വപ്നം കണ്ട് മറ്റൊരു ജോലിക്കായി പോകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നതാണ് ഈ കുടുംബം. എന്നാൽ കലാപകാരികളുടെ ആക്രമണത്തിൽ ആ കുടുംബനാഥൻ ഇല്ലാതായതോടെ അവരുടെ പ്രതീക്ഷകൾക്ക് ഇല്ലാതായി. അതുപോലെ തന്നെ മാനസികരോഗമുള്ള സ്ത്രീകളെയും മറ്റും സൂയിസൈഡൽ ബോംബ് എന്നപേരിൽ വെടിവച്ചുകൊല്ലുകയും അതും ഏറ്റവും ക്രൂരമായ രീതിയിൽ ഇത്തരം കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുമ്പോൾ, അത് കേൾക്കുകയും അതിന് സാക്ഷികളാകുകയും ചെയ്യേണ്ടിവരുന്നവരുടെ മനഃസാക്ഷിപോലും മരവിച്ചുപോകുകയാണ്. പലപ്പോഴും ക്രൂരതകൾക്കിരകളാകുന്ന അവരുടെ സങ്കടങ്ങൾ കേൾക്കുമ്പോൾ അവരെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നിന്ന നിമിഷങ്ങളുണ്ടായിട്ടുണ്ട്.

ക്യാമ്പുകളിലെ ജീവിതം ദുരിതമയമാണെങ്കിലും അവർ ഗവണ്മെന്റിന്റെ സഹായത്തിനായി കൈനീട്ടുന്നില്ല എന്ന പ്രത്യേകതയും ഈ സന്യാസിനി അവിടെ കണ്ടെത്തി. ആളുകൾക്കാവശ്യമായ ഭക്ഷണസാധനങ്ങൾ വിവിധ ട്രസ്റ്റുകളിൽ നിന്നുമെത്തിക്കും. മറ്റു സൗകര്യങ്ങളൊരുക്കുക എന്ന ഉത്തരവാദിത്വം ക്യാമ്പുകൾ നടത്തുന്നവരുടേതാണ്. സർക്കാരിൽ നിന്നും യാതൊരു സഹയവും സ്വീകരിക്കാൻ ഇവർ കൂട്ടാക്കുന്നില്ല. തങ്ങളെ അറിഞ്ഞുകൊണ്ട് കൊലയ്ക്കുകൊടുത്ത ഭരണകൂടത്തെ ഇനി ഇവർക്ക് ആവശ്യമില്ല എന്ന വാദമാണ് ഇവർക്കുള്ളത്. ഇതുകൂടാതെ, തങ്ങളെ സഹായിക്കാൻ തങ്ങൾ മാത്രമേയുള്ളൂ എന്ന തിരിച്ചറിവിൽ നിന്നും കുക്കി സമുദായത്തിലെ ആളുകൾക്ക് സംരക്ഷണം നൽകാൻ ഈ വിഭാഗത്തിലെ തന്നെ ആയിരക്കണക്കിന് യുവജനങ്ങളാണ് തയാറായിനിൽക്കുന്നത്. രാത്രികാലങ്ങളിൽ ടേൺ അനുസരിച്ച് ആയുധങ്ങളുമായി എല്ലാ ഇടങ്ങളിലും കാവൽനിൽക്കുന്ന ആളുകളെയും യുവാക്കളെയും ഇവിടെ കാണാം.

മരിയ ജോസ് 

(തുടരും…) 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.